Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാരമായെന്ന് കരുതി കോൺഗ്രസിനെ എഴുതി തള്ളേണ്ടെ! ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് അഭിപ്രായ സർവേ; 70 അംഗ നിയമസഭയിൽ കോൺഗ്രസ് 35 ഇടത്തു വിജയിക്കുമെന്ന് സീ ന്യൂസ് സർവേ; ജനപ്രീതിയിൽ നിറഞ്ഞ് ഹരീഷ് റാവത്ത്

ചാരമായെന്ന് കരുതി കോൺഗ്രസിനെ എഴുതി തള്ളേണ്ടെ! ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് അഭിപ്രായ സർവേ; 70 അംഗ നിയമസഭയിൽ കോൺഗ്രസ് 35 ഇടത്തു വിജയിക്കുമെന്ന് സീ ന്യൂസ് സർവേ; ജനപ്രീതിയിൽ നിറഞ്ഞ് ഹരീഷ് റാവത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് ചാരമായെന്ന ചർച്ചകളാണ് കേരളത്തിൽ നടക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് വീണ്ടും ഉദിച്ചുയരുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം ലഭിക്കുമെന്ന് സീ ന്യൂസ് അഭിപ്രായ സർവേ ഫലവും പുറത്തുവരുന്നുണ്ട്.

70 അംഗ നിയമസഭയിൽ ബിജെപി 33 സീറ്റ് നേടുമ്പോൾ കോൺഗ്രസ് 35 ഇടത്തു വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തു കന്നി മത്സരത്തിനിറങ്ങിയ ആം ആദ്മി ഒരു സീറ്റിലും ഒരു സ്വതന്ത്രനും ജയിക്കുമെന്നാണു ഫലം. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് 31 % പേർ പറഞ്ഞപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയാകുമെന്നാണു ഭൂരിപക്ഷം പേരും (43%) കരുതുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും അദ്ദേഹമാണ്. അതേസമയം മുഖ്യമന്ത്രി പുഷ്‌കർ സിങ് ധമിക്ക് ജനപിന്തുണ കുറഞ്ഞത് ബിജെപി വലിയ തിരിച്ചടിയാണ്. അതേസമയം എഎപിയുടെ സാന്നിധ്യം സർവേയുള്ള അടിസ്ഥാനത്തിൽ വളരെ നിർണായകമായിരിക്കും. എഎപി കിങ് മേക്കറാവാനാണ് സാധ്യത.

ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണ് ഉത്തരാഖണ്ഡിൽ വരാൻ പോകുന്നതെന്നും സർവേ പറയുന്നു. അതേസമയം ജനപ്രീതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയേക്കാൾ മുന്നിലുള്ളത് ഹരീഷ് റാവത്താണ്. ബിജെപി കടുത്ത പരീക്ഷണം സംസ്ഥാനത്ത് നേരിടുന്നുണ്ടെന്നും സർവേ പറയുന്നു.

ഗാർവാൾ മേഖലയിൽ ബിജെപി 43 ശതമാനം വോട്ട് പിടിക്കുമെന്നാണ് സർവേയുടെ പ്രവചനം. 41 സീറ്റുകളുള്ള മേഖലയാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും വലിയ മേഖലയും ഇത് തന്നെയാണ്. കോൺഗ്രസ് തൊട്ടുപിന്നിൽ തന്നെയുണ്ട്. 38 ശതമാനവുമായി ഗാർവാളിൽ കോൺഗ്രസും മികച്ച് നിൽക്കും. അരവിന്ദ് കെജ്രിവാളിന്റെ എഎപി 14 ശതമാനം വോട്ട് നേടും. മറ്റുള്ളവർ അഞ്ച് ശതമാനം വോട്ടും നേടും. 22 മുതൽ 24 സീറ്റ് വരെയാണ് ബിജെപി ഇത്തവണ ഗാർവാളിൽ നിന്ന് നേടുക. കഴിഞ്ഞ തവണ 23 സീറ്റായിരുന്നു ബിജെപി ഗാർവാൾ മേഖലയിൽ നിന്ന് നേടിയത്. കോൺഗ്രസ് കഴിഞ്ഞ തവണ 16 സീറ്റാണ് നേടിയത്. ഇത്തവണ 15 മുതൽ 17 സീറ്റ് കോൺഗ്രസ് നേടുമെന്നാണ് പ്രവചനം.

ആംആദ്മി പാർട്ടിക്കും മറ്റ് പാർട്ടികൾക്കും ഓരോ സീറ്റ് ഗാർവാൾ മേഖലയിൽ നിന്ന് ലഭിച്ചേക്കും. എന്നാൽ ഗാർവാളിലെ മുൻതൂക്കം ബിജെപിക്ക് സംസ്ഥാനത്താകെ ഉണ്ടാക്കാനാവില്ലെന്ന് സർവേ പറയുന്നു. ബിജെപിക്ക് സംസ്ഥാനത്താകെ 31 മുതൽ 35 സീറ്റ് വരെയാണ് ലഭിക്കുക. കോൺഗ്രസിന് 33 മുതൽ 37 സീറ്റ് വരെയാണ് ലഭിക്കുക. എഎപിക്ക് പരമാവധി രണ്ട് സീറ്റും, മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചേക്കും. ഗാർവാളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയിൽ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്താണ്. 43 ശതമാനം പേർ റാവത്തിനെ മുഖ്യമന്ത്രിയായി കാണണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ 23 ശതമാനം പേർ മാത്രമാണ് പുഷ്‌കർ സിങ് ധമിയെ പിന്തുണച്ചത്.

അനിൽ ബാലുനിക്ക് 17 ശതമാനം പേരുടെ പിന്തുണയും കേണൽ അജയ് കോത്തിയാലിന് 8 ശതമാനം പേരുടെ പിന്തുണയും സീ ന്യൂസ് സർവേയിൽ ലഭിച്ചിട്ടുണ്ട്. കുമയൂണിലെ 29 നിയമസഭാ സീറ്റുകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. 42 ശതമാനം വോട്ട് ഇവിടെ കോൺഗ്രസിന് ലഭിക്കും. ഹരീഷ് റാവത്തിന്റെ കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കുമയൂൺ. ബിജെപിക്ക് ഇവിടെ 38 ശതമാനം വോട്ട് ലഭിക്കും. എഎപിക്ക് പത്ത് ശതമാനം വോട്ടും കിട്ടുമെന്ന് സർവേ പറയുന്നു. മറ്റുള്ളവർ എല്ലാവരും ചേർന്ന് പത്ത് ശതമാനം വോട്ടും നേടും. കുമയൂണിലെ സീറ്റുകളിലും കോൺഗ്രസ് വളരെ മുന്നിലാണ്. പതിനെട്ട് മുതൽ 20 സീറ്റ് വരെ കോൺഗ്രസ് കുമയൂണിൽ നേടും.

ബിജെപി ഒമ്പത് മുതൽ പതിനൊന്ന് സീറ്റ് വരെ കുമയൂണിൽ നേടും. ബിജെപിയുടേത് നിരാശപ്പെടുത്തുന്ന പ്രകടനം കൂടിയാണ്. മറ്റുള്ളവർ പരമാവധി ഒരു സീറ്റ് നേടിയേക്കാമെന്നും സർവേ പറയുന്നു. അതേസമയം ഉത്തരാഖണ്ഡിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആളുകളിൽ ബഹുഭൂരിപക്ഷവും കാണുന്നത് നരേന്ദ്ര മോദിയെയാണ്. 79 ശതമാനം പേരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വെറും 14 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നോക്കം പോയാലും ലോക്സഭയിൽ ബിജെപി തൂത്തുവാരുമെന്ന ലക്ഷണമാണ് സീ ന്യൂസ് സർവേ നൽകുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP