Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടവുകൾ എല്ലാം പുറത്തെടുത്തിട്ടും രാജി തീരുമാനത്തിൽ ഉറച്ച് എംഎൽഎമാർ; ഇന്ന് രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചതോടെ വിമത എംഎൽഎമാരുടെ എണ്ണം 16; നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്ന് രാജിവെച്ചത് കെ.സുധാകറും എം ടി.ബി നാഗരാജും; മുംബൈയിൽ നിന്നും വിമത നേതാക്കളെ കാണാനാകാതെ ഡി കെ ശിവകുമാർ മടങ്ങുന്നത് നാണംകെട്ട്; കർണാടക കൈവിട്ടു പോയെന്നുറപ്പിച്ച് കോൺഗ്രസ്

അടവുകൾ എല്ലാം പുറത്തെടുത്തിട്ടും രാജി തീരുമാനത്തിൽ ഉറച്ച് എംഎൽഎമാർ; ഇന്ന് രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചതോടെ വിമത എംഎൽഎമാരുടെ എണ്ണം 16; നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്ന് രാജിവെച്ചത് കെ.സുധാകറും എം ടി.ബി നാഗരാജും; മുംബൈയിൽ നിന്നും വിമത നേതാക്കളെ കാണാനാകാതെ ഡി കെ ശിവകുമാർ മടങ്ങുന്നത് നാണംകെട്ട്; കർണാടക കൈവിട്ടു പോയെന്നുറപ്പിച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു: കർണാടകയിൽ രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചതോടെ വിമതരുടെ എണ്ണം 16 ആയി. കോൺഗ്രസ് എംഎൽഎമാരായ കെ.സുധാകറും എം ടി.ബി നാഗരാജുമാണ് ഇന്ന് സ്പീക്കറെ കണ്ടു രാജിവച്ചത്. ഇരുവരും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതുവരെ 13 കോൺഗ്രസ് എംഎ‍ൽഎമാരും മൂന്ന് ജെ.ഡി.എസ്. എംഎ‍ൽഎമാരുമാണ് രാജിവച്ചത്. എന്നാൽ ആരുടെയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കി. ഒരു രാത്രികൊണ്ട് ഇതിൽ തീരുമാനമെടുക്കാനാവില്ലെന്നും അവർക്ക് 17-ാം തീയതി വരെ സമയം നൽകിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. നടപടിക്രമങ്ങളനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സകല അടവും പുറത്തെടുത്തിട്ടും രാജിയിലുറച്ച് എംഎൽഎമാർ

കോൺഗ്രസ് എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും രാജിയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള സകല ശ്രമങ്ങളും പാളിയതോടെ നിയമസഭാ മന്ദിരമായ വിധാൻസഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ കിണഞ്ഞ് പരിശ്രമിച്ചു.

കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറിനെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിട്ടും ഫലം കണ്ടില്ല. കോൺഗ്രസ് നേതാക്കൾ സുധാകറിനെ ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. തുടർന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കി വിധാൻസഭയുടെ മുഴുവൻ വാതിലുകളും കോൺഗ്രസ് നേതാക്കൾ അടച്ചു. തുടർന്ന് അകത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ പരിശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. രണ്ടുപേരും രാജി തീരുമാനത്തിൽ ഉറച്ചുനിന്നു.

ഡി കെ ശിവകുമാർ മുംബെയിൽ നിന്നും മടങ്ങുന്നതും നാണംകെട്ട്‌

ഇതിനിടെ, വിമത എംഎൽഎമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡി.കെ.ശിവകുമാർ ബംഗളുരുവിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെ വിട്ടയച്ചു. എംഎൽഎമാരെ കാണുന്നതിനും ചർച്ച നടത്തുന്നതിനുമാണ് അദ്ദേഹം ഇവിടെ എത്തിയത്. മഴപോലും വകവയ്ക്കാതെ മണിക്കൂറോളമായി ഇവിടെ തുടരുകയായിരുന്നു ശിവകുമാർ.

ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടാണ് ഡി കെ ശിവകുമാർ എത്തിയതെങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതർ അത് റദ്ദാക്കിയിരുന്നു. കൂടാതെ ഹോട്ടലിനും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം വിമത എംഎൽഎമാർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിൽ താൻ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും തന്നെ തടയാൻ മുംബൈ പൊലീസിനാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. ജനതാദൾ നേതാവും എംഎൽഎയുമായ എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പം എത്തിയിരുന്നു. ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുകളെ കാണാനാണ് എത്തിയത്. ഞങ്ങൾ ഒരുമിച്ച് ജനിച്ചവരാണ്, ജീവിച്ചവരാണ്. രാഷ്ട്രീയത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് നാളെ ഞങ്ങൾ ഇതേ രാഷ്ട്രീയ വേദിയിൽ മരിക്കേണ്ടവരാണ്. അവർ ഞങ്ങളുടെ പാർട്ടി പ്രവർത്തകരാണ്. ഇതുവരെയും അവരാരും പാർട്ടി അംഗത്വം രാജിവച്ചിട്ടില്ല. ഞങ്ങളെല്ലാം സഹോദരങ്ങളാണ്. കുടുംബത്തിനകത്ത് ചില പ്രശ്നങ്ങളുണ്ടാവും അത് പരിഹരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത് - മുംബൈയിൽ ഹോട്ടലിന് മുന്നിൽ വച്ച് മാധ്യമങ്ങളെ കണ്ട ഡികെ ശിവകുമാർ പറഞ്ഞു.

ദീർഘദൂരം യാത്ര ചെയ്താണ് ഞാനിവിടെ എത്തിയത്. എനിക്ക് റൂമിൽ പോകണം. ഒന്നു കുളിക്കണം. ഒരു കപ്പ് ചായ കുടിക്കണം. എനിക്ക് മഹാരാഷ്ട്ര പൊലീസിനോട് തികഞ്ഞ ബഹുമാനമാണുള്ളത് പക്ഷേ ഇപ്പോൾ അവർ ചെയ്യുന്നത് ശരിയല്ല - ശിവകുമാർ പറഞ്ഞു. അതേസമയം എംഎൽഎമാരുടെ പരാതിയുള്ളതിനാൽ ശിവകുമാറിനെ അകത്തേക്ക് കടത്തി വിടാനാവില്ലെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമത എംഎൽഎമാർ താമസിക്കുന്ന റിനൈസൺസ് ഹോസ്റ്റലിലെ ഗസ്റ്റ് ഹൗസിലെത്തിച്ച് ശിവകുമാറിന് വിശ്രമിക്കാനും പ്രാതലിനുമുള്ള സൗകര്യമൊരുക്കാമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തന്നെ തടഞ്ഞ പൊലീസുകാരുമായി സംസാരിക്കുന്നതിനിടെ തന്നെ വിമത എംഎംഎൽമാരുമായി ടെലിഫോൺ വഴി സംസാരിക്കാൻ ശിവകുമാർ ശ്രമിച്ചിരുന്നു. ഇതും പരാജയപ്പെട്ടതോടെ അദ്ദേഹം ഹോട്ടലിൽ നടത്തിയിരുന്ന ബുക്കിങ് റദ്ദാക്കുകയും ചെയ്തു. ഇതേ തുടർന്നും അവിടെ തങ്ങിയ ശിവകുമാറിനെയും ഒപ്പമുള്ളവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അടിപതറി കോൺഗ്രസ്

കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാർ രാജി സമർപ്പിക്കാൻ ശ്രമിച്ചതോടെ അനുനയന നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പ് സജീവമാക്കിയിരുന്നു. ഏത് വിധേനയും നേതാക്കളെ ഒപ്പം നിർത്താം എന്നായിരുന്നു കോൺഗ്രസ് നേതൃത്വം കരുതിയിരുന്നത്. എന്നാൽ, രാജിവെച്ചവർ നിലപാടിൽ ഉറച്ചിനിൽക്കുകയും കൂടുതൽ പേർ മറുകണ്ടം ചാടുകയും ചെയ്തതോടെ കോൺഗ്രസിനും അടിപതറിയിരിക്കുകയാണ്. നിയമസഭയിൽ ന്യൂനപക്ഷമായതോടെ സംസ്ഥാന സർക്കാരിന് മുന്നിൽ രാജിയല്ലാതെ മറ്റ് മാർഗമില്ല.

കർണാടക നിയമസഭയിൽ ആകെ 222 സീറ്റുകളാണുള്ളത്. സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ വേണം. വിമതർ രാജിവെക്കുന്നതിന് മുമ്പ് കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്റെ കക്ഷിനില 120 ആയിരുന്നു. ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‌പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ - റാണെബന്നൂർ, എച്ച് നാഗേഷ് - മുൾബാഗൽ) എന്നിവരും സഖ്യസർക്കാരിനൊപ്പമുണ്ട്. എന്നാൽ, ഇപ്പോൾ 104 എംഎൽഎമാരുടെ മാത്രം പിന്തുണയാണ് സർക്കാരിനുള്ളത്. മന്ത്രിസഭ രാജിവെക്കാൻ വൈകും തോറും കൂടുതൽ പേർ മറുകണ്ടം ചാടുമോ എന്ന ആശങ്കയും കോൺഗ്രസ് ക്യാമ്പിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP