Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫേസ്‌ബുക്കിലെയും വാട്ട്‌സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് കമ്മ്യൂണിറ്റി സ്റ്റാൻ‌ഡേർഡ് ലംഘനങ്ങളുടെ പേരിൽ; തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചെന്നും ആരോപണം; നീക്കം ചെയ്ത അക്കൗണ്ടുകളുടെ പട്ടിക സഹിതം സക്കർബർഗിന് കത്തെഴുതി ഡെറക് ഓ ബ്രയൻ എംപി; ഫേസ്‌ബുക്കിന് ബിജെപിയോടുള്ള അടുപ്പം ചർച്ചയാകുന്നത് പശ്ചിമ ബം​ഗാൾ രാഷ്ട്രീയത്തിലും

ഫേസ്‌ബുക്കിലെയും വാട്ട്‌സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് കമ്മ്യൂണിറ്റി സ്റ്റാൻ‌ഡേർഡ് ലംഘനങ്ങളുടെ പേരിൽ; തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചെന്നും ആരോപണം; നീക്കം ചെയ്ത അക്കൗണ്ടുകളുടെ പട്ടിക സഹിതം സക്കർബർഗിന് കത്തെഴുതി ഡെറക് ഓ ബ്രയൻ എംപി; ഫേസ്‌ബുക്കിന് ബിജെപിയോടുള്ള അടുപ്പം ചർച്ചയാകുന്നത് പശ്ചിമ ബം​ഗാൾ രാഷ്ട്രീയത്തിലും

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: തൃണമൂൽ പാർട്ടി അനുഭാവികളുടെ നൂറുകണക്കിന് ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു എന്ന ആരോപണവുമായി പാർട്ടി നേതൃത്വം. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർട്ടി ഫേസ്‌ബുക്ക് മേധാവി സക്കർബർഗിന് കത്തെഴുതി. അക്കൗണ്ടുകൾ നിരോധിക്കുന്നത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് എന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയ തൃണമൂൽ, “ഫേസ്‌ബുക്കും ബിജെപിയും” തമ്മിലുള്ള ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

“കമ്മ്യൂണിറ്റി സ്റ്റാൻ‌ഡേർഡ് ലംഘനങ്ങൾ‌” കാരണം ഫേസ്‌ബുക്കിലെയും വാട്ട്‌സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ (ടിഎംസിപി)സ്ഥാപകദിന പരിപാടിക്ക് മുന്നോടിയായി ഓഗസ്റ്റ് 28 ന് നിരവധി ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു, ” ടിഎംസിയുടെ രാജ്യസഭാ നേതാവ് ഡെറക് ഓ ബ്രയൻ ഓഗസ്റ്റ് 31 ന് ഫേസ്‌ബുക്കിന് അയച്ച കത്തിൽ പറയുന്നു. നീക്കം ചെയ്ത അക്കൗണ്ടുകളുടെയും നമ്പറുകളുടെയും പട്ടികയും കത്തിൽ അദ്ദേഹം ചേർത്തിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് വയലേഷൻ ആരോപിച്ചാണ് അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുന്നത്.

ബംഗാളിലെ ഫേസ്‌ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്നത് ഫേസ്‌ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധമാണ് വെളിവാക്കുന്നതെന്നും ഫെ്‌യ്‌സ്ബുക്കിനെഴുതിയ മറ്റൊരു കത്തിൽ ഒബ്രയാൻ പറയുന്നു. ഫേസ്‌ബുക്കിന്റെ ബിജെപി. അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാൾസ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചർച്ചയായതിന്റെ പശ്ചാത്തലത്തിൽ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഫേസ്‌ബുക്ക് മേധാവിക്ക് കത്തയച്ചിരുന്നു. ഫേസ്‌ബുക്ക് ഇന്ത്യ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ കത്ത്.

അതേസമയം, ഫേസ്‌ബുക്കിന് രാഷ്ട്രീയ ചായ് വ് ആരോപിച്ചുള്ള വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെ, ഇന്ത്യയിലെ ഫേസ്‌ബുക്ക് ടീമിന്റെ രാഷ്ട്രീയ പക്ഷപാതത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തെഴുതിയിരുന്നു. ഫേസ്‌ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവ് അങ്കിദാസ് 2014 ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ചത് ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്രത്തിന് എതിരെ രംഗത്ത് വന്നതോടെയാണ് കേന്ദ്രസർക്കാർ കത്ത് അയയ്ക്കാൻ മുതിർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രിമാരെയും മോശമായി ചിത്രീകരിക്കാൻ ഫേസ്‌ബുക്കിന്റെ ജീവനക്കാർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലെ ഫേസ്‌ബുക്ക് ഇടപടലിനെ മന്ത്രി അപലപിച്ചു. ഫേസ്‌ബുക്കിലെ ഒരുവിഭാഗം ജീവനക്കാർ അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് ജനാധിപത്യ രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ഇകഴ്‌ത്തി കാട്ടാൻ സ്ഥാപിത താൽപര്യങ്ങൾക്ക് ഇടംകൊടുക്കുകയാണ്. വൈവിധ്യത്തെ നിരാകരിക്കുകയും, സ്വതന്ത്രാഭിപ്രായത്തെ ഹനിക്കുകയും ചെയ്യുന്ന സ്ഥാപിത താൽപര്യക്കാർ ജനങ്ങളുടെ അഭിപ്രായ പ്രകടനത്തെ അട്ടിമറിക്കാൻ അനുവദിക്കരുത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ പേജുകൾഫേസ്‌ബുക്ക് ഇന്ത്യ മാനേജ്‌മെന്റ് ഇല്ലാതാക്കിയതായി സുക്കർബർഗിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. കൂടാതെ ചില പേജുകളുടെ റീച്ച് കുറയ്ക്കുകയും ചെയ്തു. ഫേസ്‌ബുക്ക് സന്തുലിതവും ന്യായയുക്തവുമായിരിക്കണെന്നും പല തവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും കത്തിൽ പറയുന്നു.ഫേസ്‌ബുക്ക് ഇന്ത്യാ ടീമിലെ പല മുതിർന്ന ഉദ്യോഗസ്ഥരിൽ ചിലർ ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണെന്ന് രവിശങ്കർ പ്രസാദ് കത്തിൽ പറയുന്നു. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥർ ഫേസ്‌ബുക്കിലുണ്ട്. ഇവരുടെ രാഷ്ട്രീയ നിലപാടുകൾ പ്രശ്‌നം വഷളാക്കുന്നു. ഈ ജീവനക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുതിർന്ന കേന്ദ്രമന്ത്രിമാരെയും അപമാനിക്കുന്നത്. ഫേസ്‌ബുക്ക് ഇന്ത്യയിൽ ഒരു അധികാര പോരാട്ടം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രാഹുൽ

നേരത്തെ ഫേസ്‌ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെതിയിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനം ഫേസ്‌ബുക്ക് ഇന്ത്യ നടത്തിയെന്ന് തെളിയിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ വാൾ സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണിത്. ഒരു വിദേശകമ്പനിയെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അനുവദിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ വാട്സ് ആപ്പും ഫേസ്‌ബുക്കും ബിജെപി പക്ഷത്താണ് എന്നതാണ് രാഹുൽ ഉയർത്തിയ ആക്ഷേപം. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അടക്കം ഈ വിഷയത്തിൽ ഫേസ്‌ബുക്കിനോട് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

അങ്കിദാസ് വിവാദകുരുക്കിൽ

ഇതോടെ ഈ വിഷയത്തില് വിവാദ സ്ഥാനത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അങ്കി ദാസ് എന്ന വനിതയാണ്. ഇന്ത്യയിലെ ഫേസ്‌ബുക്കിന്റെ പോളിസി എക്സിക്യൂട്ടീവാണ് അങ്കി ദാസ്. ഇവർ ബിജെപി അനുഭാവി ആണെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സംഘ്പരിവാർ പക്ഷക്കാരിയായ അങ്കി ദാസ് ഇന്ത്യയിൽ ഫേസ്‌ബുക്കിന്റെ പോളിസി ഹെഡ്ഡായി പ്രവർത്തിക്കുന്നതു വഴി തീവ്ര ഹിന്ദുത്വത്തിന് വഴങ്ങുന്ന തരത്തിലാണ് രാജ്യത്ത് ഫേസ്‌ബുക്ക് നയങ്ങൾ സ്വീകരിക്കുന്നത് എന്ന ആരോപണമാണ് ശക്തമാകുന്നത്.

ജെഎൻയുവിലെ മുൻ എബിവിപി പ്രസിഡന്റുമായി രശ്മി ദാസിന്റെ സഹോദരി കൂടിയായ അങ്കി ദാസ്. ഇവർ ആർഎസ്എസ് അനുകൂല നിലപാടുള്ള സംഘടനകളുമായി കൈകോർത്തു പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപവും സജീവമാണ്. സംഘ്പരിവാർ വിമർശകരായ ആക്ടിവിസ്റ്റുകളുടെ എഫ്ബി പേജ് ഫേസ്‌ബുക്ക് അധികൃതർ ബ്ലോക്ക് ചെയ്യുന്നതായി മുൻപു തന്നെ വിമർശനം ഉയർന്നിരുന്നു. ശ്രദ്ധിക്കപ്പെടുന്നവരും സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വിമർശകരുമായ ഒട്ടേറെപ്പേരുടെ എഫ്ബി ഇത്തരത്തിൽ ബ്ലോക്ക് ചെയ്തിരുന്നു. എൻആർസി വിരുദ്ധ സമര കാലത്തായിരുന്നു ഇത് അധികമായി സംഭവിച്ചത്. അന്നൊക്കെ ഫേസ്‌ബുക്കിലെ മാസ് റിപോർട്ടിങ് കാരണമാകും പേജ് ബ്ലോക്ക് ചെയ്യുന്നതെന്നായിരുന്നു പൊതുവിലുണ്ടായിരുന്ന ധാരണ.

അതേസമയം വാൾസട്രീറ്റ് ജേണലിൽ അടുത്തിടെ വന്ന ഒരു വാർത്തയോടെ ഫേസ്‌ബുക്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾക്കെതിരെയാണഅ ചോദ്യം ഉയരുന്നത്. ബിജെപി നേതാവിന്റെയും ഹിന്ദു രാഷ്ട്രവാദമുയർത്തുന്ന സംഘങ്ങളുടേയും വിദ്വേഷ പോസ്റ്റിന് വിലക്കേർപ്പെടുത്തുന്നതിനെ ഇന്ത്യയിലെ ഒരു ഉന്നത ഫേസ്‌ബുക്ക് ഉദ്യോഗസ്ഥ എതിർത്തു എന്നായിരുന്നു വാൾസട്രീറ്റ് ജേണൽ റിപോർട്ട് ചെയ്തത്. ഫേസ്‌ബുക്കിന്റെ പബ്ലിക് പോളിസി എക്്‌സിക്യൂട്ടീവ് അങ്കി ദാസ് ആണ് സംഘപരിവാരത്തിന്റെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും ഫേസ്‌ബുക്കിനെ തടയുന്നത് എന്നും വാൾസ്ട്രീറ്റ് റിപോർട്ട് ചെയ്തു.

ഫേസ്‌ബുക്കിന്റെ പോളിസി ഹെഡ്ഡ് അങ്കി ദാസിന്റെ സംഘ്പരിവാർ ബന്ധം വ്യക്തമാക്കുന്ന പല കാര്യങ്ങളിലൊന്ന് അവർ വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്‌സ് ആൻ് യൂത്ത് (വോസി) എന്ന ആർഎസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ട് എന്നതാണ്. ആർഎസ്എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി യോജിക്കുന്നവർ മാത്രമാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കാറുള്ളത്. ആർഎസ്എസിന്റെ രാഷ്ട്രീയ കലാ മഞ്ചിന്റെ ഡൽഹിയിലെ ഓഫിസാണ് വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്‌സ് ആൻ് യൂത്തിന്റെയും ആസ്ഥാനം. ജെഎൻയുവിൽ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ പൊലീസ് നടത്തിയ അക്രമങ്ങളെ അനുകൂലിക്കുന്ന സംഘടനയാണ് വോസി.

തീവ്ര ഹിന്ദുത്വ പ്രവർത്തകയും ജെഎൻയുവിൽ സംഘ്പരിവാർ വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ പ്രസിഡന്റുമായിരുന്ന രശ്മി ദാസിന്റെ സഹോദരി കൂടിയാണ് ഇന്ത്യയിൽ ഫേസ്‌ബുക്കിന്റെ പോളിസി ഹെഡ്ഡ് എന്നതും എഫ്ബിയിലെ സംഘ്പരിവാർ ചായ്വിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. 2017 ൽ നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ പ്രശംസിച്ചുകൊണ്ട് അങ്കി ദാസ് ലേഖനമെഴുതിയിരുന്നു. ഇത് മോദിയുടെ സ്വകാര്യ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം അങ്കി ദാസിനെതിരെ ഉയരുമ്പോൾ ഫേസ്‌ബുക്ക് കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.

ഇന്ത്യയിലെ മുസ്ലിംകൾക്കെതിരേ സംഘ്പരിവാർ വ്യാപകമായി പ്രയോഗിച്ചിരുന്ന ലൗ ജിഹാദ് കുപ്രചരണത്തിനെതിരെ ധാരാളം പരാതികൾ ഫേസ്‌ബുക്കിന് ലഭിച്ചിരുന്നു. എന്നാൽ അതിൽ നടപടിയെടുക്കുന്നത് അങ്കി ദാസ് തടഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയത് ഫേസ്‌ബുക്കിലെ മുൻ ജീവനക്കാരനാണ്. കോവിഡ് വൈറസ് വ്യാപിപ്പിക്കുന്നത് മുസ്ലിംകളാണ് എന്ന തരത്തിൽ എഫ്ബിയിലൂടെ വ്യാപക പ്രചരണം നടന്നപ്പോൾ അത്തരം അകൗണ്ടുകൾ ക്ലോസ് ചെയ്യുന്നതും അങ്കി ദാസ് തടഞ്ഞിരുന്നു എന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു.

മ്യാന്മറിൽ റോഹിൻഗ്യൻ മുസ്ലിംകൾക്കെതിരെ നടന്ന വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഐക്യരാഷ്ട്ര ഏജൻസിക്ക് തെളിവ് നൽകാൻ ഫേസ്‌ബുക്ക് അധികൃതർ തയ്യാറാകാത്ത കാര്യം പുറത്തുവന്നിരുന്നു. 2017ൽ നടന്ന വംശഹത്യയെ കുറിച്ച് രണ്ടു വർഷമായി അന്വേഷണം നടക്കുകയാണ്. തീവ്ര ബുദ്ധിസ്റ്റുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചത് എഫ് ബി വഴിയാണ്. അതിന്റെ തെളിവുകളാണ് ഫേസ്‌ബുക്ക് അധികൃതർ കൈമാറാൻ തയ്യാറാകാത്തത്.

വാൾ സ്ട്രീറ്റ് ജേണൽ ഉയർത്തിയ വിവാദം

ഫേസ്‌ബുക്കിൽ വിദ്വേഷക പോസ്റ്റിട്ട ബിജെപിയുമായി ബന്ധപ്പെട്ട നാലു പേർക്കോ സംഘടനയ്‌ക്കോ എതിരായി കമ്പനി നടപടി എടുത്തില്ലെന്ന, ദി വാൾ സ്ട്രീറ്റ് ജേണൽ ഉയർത്തിയ ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് വിവര സാങ്കേതികവിദ്യയുടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാൻ ശശി തരൂർ അറിയിച്ചു. ഫേസ്‌ബുക്കിന്റെ പ്രധാന പോളിസി എക്‌സിക്യൂട്ടീവാണ് ഇതിനു വിലങ്ങുതടിയായത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം താൻ നിശ്ചയമായും പരിശോധിക്കുമെന്നും ഫേസ്‌ബുക്കിനോട് വിശദീകരണം ചോദിക്കുമെന്നും തരൂർ പറഞ്ഞു.

വരുമാനത്തിൽ ഒന്നാമതല്ലെങ്കിലും, ലോകത്ത് ഫേസ്‌ബുക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ തെലങ്കാന എംഎൽഎ ടി. രാജാ സിങ് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അങ്കി ദാസ് അതിനെ എതിർത്തുവെന്നാണ് ഫേസ്‌ബുക്കിന്റെ ഇപ്പോഴുള്ള ജോലിക്കാരും കമ്പനിയിൽ നിന്നു പുറത്തുപോയ ചിലരും അമേരിക്കൻ പ്രസിദ്ധീകരണത്തോടു പറഞ്ഞിരിക്കുന്നത്.

അധികാരത്തിലിരിക്കുന്ന പാർട്ടിയോട് വൻതോതിൽ പക്ഷപാതിത്വം കാണിക്കാൻ അങ്കിയുടെ ഇടപെടൽ കാരണമായിട്ടുണ്ട് എന്നാണ് പ്രസിദ്ധീകരണം ഉയർത്തുന്ന ആരോപണം. ഇക്കാര്യത്തിൽ സംയുക്ത പാർലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ, എന്തിനാണ് ഇതിലേക്ക് ജെപിസിയെ കൊണ്ടുവരുന്നതെന്നും അങ്ങനെ കൊണ്ടുവന്നാൽ അതിന്റെ തലപ്പത്ത് ബിജെപി തങ്ങളുടെ ഒരാളെ വയ്ക്കുകയല്ലേ ഉള്ളുവെന്നും, തരൂരല്ലെ ഐടി കമ്മറ്റിയുടെ തലവൻ. കമ്മറ്റി അന്വേഷിച്ചാൽ മതിയെന്നും കോൺഗ്രസിൽ തന്നെ അഭിപ്രായമുണ്ട്.

അതേസമയം ബിജെപി പക്ഷപാതമെന്ന ആരോപണം ഉയരുമ്പോഴും ഫേസ്‌ബുക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തങ്ങൾ വിദ്വേഷ പ്രചരണത്തിനും ആക്രമണങ്ങൾക്ക് കാരണമാകുന്ന കണ്ടെന്റുകൾക്കും എതിരാണെന്ന് ഫേസ്‌ബുക്ക് വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP