Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ് ഡിഎംകെ നേതാക്കൾ; മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയോട് പോലും മോശമായി പെരുമാറിയെന്നും കോൺഗ്രസ് തമിഴ്‌നാട് അധ്യക്ഷൻ; സീറ്റ് വിഭജന ചർച്ചയിലെ തിക്താനുഭവങ്ങൾ പറഞ്ഞ് വികാരാധീനനായി കെ എസ് അഴഗിരി

കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ് ഡിഎംകെ നേതാക്കൾ; മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയോട് പോലും മോശമായി പെരുമാറിയെന്നും കോൺഗ്രസ് തമിഴ്‌നാട് അധ്യക്ഷൻ; സീറ്റ് വിഭജന ചർച്ചയിലെ തിക്താനുഭവങ്ങൾ പറഞ്ഞ് വികാരാധീനനായി കെ എസ് അഴഗിരി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയോട് ഡിഎംകെ നേതാക്കൾ മോശമായാണ് പെരുമാറിയതെന്ന് കോൺഗ്രസ് തമിഴ്‌നാട് അധ്യക്ഷൻ കെ എസ് അഴഗിരി. തമിഴ്‌നാട് പിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം പറഞ്ഞ് അഴ​ഗിരി വികാരാധീനനായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കോൺ​ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് ഡിഎംകെ സീറ്റ് വിഭജന ചർച്ചയിൽ നിലപാടെടുത്തത്.

'എത്ര സീറ്റ് തന്നു എന്നതിനേക്കാൾ, മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു'- അഴഗിരി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും 20ൽ അധികം സീറ്റ് നൽകാനാകില്ലെന്നുമാണ് ഡിഎംകെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കിയത്. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ചർച്ച നടത്തിയത്. കൂടുതൽ സീറ്റ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ നിരസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺ​ഗ്രസിന് പരമാവധി 20 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് സ്റ്റാലിൻ. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതാകട്ടെ, ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാ​ഗമായിരുന്ന കോൺ​ഗ്രസിന്റെ മോശം പ്രകടനവും പുതുച്ചേരിയിലെ കോൺ​ഗ്രസ് എംഎൽഎമാരുടെ കാലുമാറ്റവുമാണ്. മുന്നണിയായി മത്സരിച്ചാലും തനിച്ച് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ.

സീറ്റ് നിർണയ ചർച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതിയോടും സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡി.എം.കെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്മുഖ്യമന്ത്രി നാരായണസാമി, എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തമിഴ്‌നാട്ടിൽ 41 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ഡി.എം.കെ കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകില്ലെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ തവണ 41 സീറ്റുകൾ ലഭിച്ചെങ്കിലും കോൺഗ്രസ് എട്ടു സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകൾ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡി.എം.കെ വിലയിരുത്തുന്നത്.

കോൺഗ്രസിന് അധിക സീറ്റുകൾ നൽകിയാൽ അധികാരം നഷ്ടമാകുമെന്ന വിമർശനം ഡി.എം.കെ നേതൃത്വത്തിനുള്ളിൽ നിന്നും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഡി.എം.കെയുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ചയിൽ സമവായത്തിലെത്താൻ സാധിക്കാത്തതിനാൽ ഇനിയും യോഗം ചേരേണ്ടിവരുമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു. ഹൈക്കമാന്റിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവും സ്റ്റാലിനുണ്ട്. ഇതോടെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും ഡി.എം.കെയിലും ഭിന്നത

സിപിഐ, മുസ്ലിം ലീഗ്, വിസികെ, എംഎംകെ പാർട്ടികൾക്ക് 17 സീറ്റുകൾ നൽകും. സിപിഐക്ക് ആറ് സീറ്റുകളാണ് ഡിഎംകെ വാഗ്ദാനം ചെയ്തത്. കോൺഗ്രസ്, എംഡിഎംകെ, സിപിഎം എന്നിവരുമായുള്ള ചർച്ച പൂർത്തിയായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP