Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി മന്ത്രിസഭയിലെ ശക്തരായിരുന്ന സുഷമയും ജയ്റ്റ്‌ലിയും മുതൽ കേരളത്തിന്റെ കണ്ണന്താനം വരെ ഇക്കുറിയില്ല; മോദിയുടെ രണ്ടാം വരവിൽ മന്ത്രിസഭയിൽ നിന്നും പടിയിങ്ങുന്ന 14 പേരിൽ മനേകാ ഗാന്ധിയും സുരേഷ് പ്രഭുവും ഉമാഭാരതിയും അടക്കമുള്ള പ്രധാനികൾ; കായിക മന്ത്രിയായിരുന്ന രാജ്യവർദ്ധൻ സിങ് റാത്തോഡിന് സത്യപ്രതിജ്ഞയിൽ സീറ്റ് കാണികൾക്കിടയിൽ മാത്രം; ജെ.പി നദ്ദയെ ഒഴിവാക്കിയത് ദേശീയ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതിനാൽ

മോദി മന്ത്രിസഭയിലെ ശക്തരായിരുന്ന സുഷമയും ജയ്റ്റ്‌ലിയും മുതൽ കേരളത്തിന്റെ കണ്ണന്താനം വരെ ഇക്കുറിയില്ല; മോദിയുടെ രണ്ടാം വരവിൽ മന്ത്രിസഭയിൽ നിന്നും പടിയിങ്ങുന്ന 14 പേരിൽ മനേകാ ഗാന്ധിയും സുരേഷ് പ്രഭുവും ഉമാഭാരതിയും അടക്കമുള്ള പ്രധാനികൾ; കായിക മന്ത്രിയായിരുന്ന രാജ്യവർദ്ധൻ സിങ് റാത്തോഡിന് സത്യപ്രതിജ്ഞയിൽ സീറ്റ് കാണികൾക്കിടയിൽ മാത്രം; ജെ.പി നദ്ദയെ ഒഴിവാക്കിയത് ദേശീയ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതിനാൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മിന്നുന്ന വിജയത്തോടെ രണ്ടാം വരവറിയിച്ച് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മുൻ മന്ത്രിസഭയിലെ 14 പേരാണ് പടിയിറങ്ങുന്നത്. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ഇക്കുറിയില്ല. അനാരോഗ്യം മൂലമാണ് ഇരുവരുടേയും പിന്മാറ്റം. മന്ത്രിസഭയിൽ ഏറെ ശക്തരായിരുന്ന മന്ത്രിമാരായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളും വാർത്തകളിൽ ഏറെ ഇടം നേടിയ ഒന്നായിരുന്നു. സർക്കാരിന്റെ നയ രൂപീകരണത്തിൽ ഏറെ പങ്കുവഹിച്ച വ്യക്തിയായിരുന്നു അരുൺ ജയ്റ്റ്‌ലി. മോദി സർക്കാർ പല തരത്തിലുള്ള വിവാദശരങ്ങൾ നേരിട്ട വേളയിൽ അരുൺ ജയ്റ്റിലായണ് പ്രതിരോധം തീർക്കുന്നതിൽ മുന്നിൽ നിന്നിരുന്നത്.

66 കാരനായ അരുൺ ജയ്റ്റ്‌ലി കഴിഞ്ഞ കുറേ മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ വിട്ട് നിൽക്കുകയായിരുന്നു. മോദി സർക്കാർ ആദ്യം അധികാരത്തിൽ എത്തുമ്പോൾ ധനകാര്യവും പ്രതിരോധവും വാർത്താ വിതരണ മന്ത്രാലയവും ജയ്റ്റ്‌ലിയുടെ കരങ്ങളിലായിരുന്നു. അവസാന ധനകാര്യ ബജറ്റ് ജയ്റ്റ്‌ലിക്ക് പകരം അവതരിപ്പിച്ചത് പീയുഷ് ഗോയൽ ആയിരുന്നു. വിദേശകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തന റെക്കോർഡോടു കൂടിയാണ് സുഷമ സ്വരാജ് പടിയിറങ്ങുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കാണികളുടെ ഇടയിൽ മുൻ നിരയിൽ സുഷമ സ്വരാജ് ഉണ്ടായിരുന്നു.

ട്വിറ്ററിലൂടെയും മറ്റുമുള്ള സഹായമഭ്യർത്ഥനകളിൽ പെട്ടന്ന് നടപടികളെടുക്കുന്ന സുഷമ സ്വരാജ് മറ്റ് രാജ്യത്തെ ജനങ്ങൾക്ക് പോലും പ്രിയങ്കരിയാണ്. എന്നാൽ ഇത്തവണ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സുഷമ നിലപാടെടുക്കുകയായിരുന്നു. എന്തുകൊണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും രാജ്യവർദ്ദൻ റാത്തോർ പുതിയ മന്ത്രിസഭയിൽ ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. മന്ത്രിമാർക്കിടയിൽ ആയിരുന്നില്ല, ചടങ്ങിനെത്തിയ കാണികൾക്കിടയിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്യവർദ്ദൻ റാത്തോറിന്റെ സീറ്റ്. രാജസ്ഥാനിൽ നിന്നുള്ള എം പിയായ രാജ്യവർദ്ദൻ ഒരു ഒളിമ്പ്യൻ കൂടിയാണ്.

ഇത് രണ്ടാം തവണയാണ് അദ്ദേഹം പാർലമെന്റിലെത്തുന്നത്. തെരഞ്ഞെടുപ്പിലുടനീളം വിവാദ പ്രസ്താവനകളിൽ ഇടം നേടിയിരുന്നു മുൻ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും മന്ത്രിസഭയിലിൽ ഇല്ല. മുസ്ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മനേകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു. അമിത് ഷാ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് കേൾക്കുന്നത് ജെ പി നദ്ദയുടെ പേരാണ്. ഇതുകൊണ്ടാകാം നദ്ദയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉമാ ഭാരതിയും ഈ മന്ത്രിസഭയിൽ ഇല്ല. ജയന്ത് സിൻഹ, വ്യാമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭു, കൃഷിമന്ത്രിയായിരുന്ന രാധാമോഹൻസിങ്, ജുവൽ ഓറം, അൽഫോൻസ് കണ്ണന്താനം, തുടങ്ങിയവരും മന്ത്രിസഭയിൽ ഇല്ല. അതേസമയം കേന്ദ്രമന്ത്രിയായിരുന്ന ചൗധരി വിരേന്ദർ സിങ് ഇത്തവണ മത്സരിച്ചിരുന്നില്ല. ശിവസേനയിൽ നിന്ന് മന്ത്രിയായ ആനന്ദ് ഗീഥെ ഇത്തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇവർ രണ്ട് പേരും സ്വാഭാവികമായും മന്ത്രിസഭയിൽ ഉണ്ടാകില്ല.

മേനക പ്രോ ടൈം സ്പീക്കറായേക്കും

രണ്ടാം മോദി മന്ത്രിസഭയിൽ മേനകാഗാന്ധിക്ക് മന്ത്രിസ്ഥാനമില്ലെങ്കിലും പ്രോ ടേം സ്പീക്കറായേക്കുമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പുതിയ ലോക്‌സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക എന്നതാണ് പ്രോ ടേം സ്പീക്കറുടെ മുഖ്യചുമതല. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിന് മുമ്പ് സഭാ നടപടികൾ നിയന്ത്രിക്കേണ്ടതും പ്രോ ടേം സ്പീക്കറാണ്.

കേരളത്തിൽ നിന്നും ഇക്കുറി മുരളീധരൻ

മോദി മന്ത്രിസഭയിൽ മലയാളി സാന്നിധ്യവും ഉറപ്പായി. മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി. ഇത് സംബന്ധിച്ച് അൽപ്പം മുൻപാണ് അറിയിപ്പ് പുറത്ത് വന്നത്. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം ഉള്ളതാണ് മുരളീധരന് തുണയായത്. കുമ്മനം രാജ ശേഖരൻ മന്ത്രിസഭയിൽ ഉണ്ടാകും എന്നായിരുന്നു നേരത്തെ സൂചന ലഭിച്ചത് എങ്കിലും നിലവിൽ രാജ്യസഭ അംഗമെങ്കിലും അല്ലാത്ത ആരെയും പരിഗണിക്കേണ്ട എന്ന തീരുമാനമാണ് മുരളീധരന് നറുക്ക് വീണതിന് കാരണം.

വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വി. മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേരളത്തിൽനിന്നും കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യമായി.പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽനിന്നും വിളിച്ചെന്നും വി. മുരളീധരൻ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും മുരളീധരൻ പറഞ്ഞു.

തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ബിജെപി.യിലും ആർ.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബിജെപി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദീർഘകാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്ര മോദിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയർമാനായും വി. മുരളീധരൻ പ്രവർത്തിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP