Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

രാഷ്ടീയം വരട്ട് ചൊറി പോലെയാണെന്ന് വിശേഷിപ്പിച്ച 'ഹിന്ദുഹൃദയ സമ്രാട്ടി'ന്റെ പിന്മുറക്കാർ ഇന്ന് മഹാരാഷ്ട്രയുടെ അധികാരക്കസേരയ്ക്കായി മല്ലിടുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ; ബിജെപിയോട് പിണങ്ങി മാറുമ്പോഴും ഗുജറാത്ത് കലാപ കാലത്ത് ഒറ്റപ്പെട്ട തന്നെ പിന്തുണയ്ക്കാൻ രണ്ട് എംപിമാരെ അയച്ച ബാൽ താക്കറെയെ മോദി എങ്ങനെ മറക്കും? 'യണ്ടുഗണ്ടു' എന്ന് ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുകയും വാലന്റീൻസ് ഡേ ആഘോഷം തടയുകയും ചെയ്യുന്ന ശിവസേന പഴയകാലം മറക്കുന്നോ?

രാഷ്ടീയം വരട്ട് ചൊറി പോലെയാണെന്ന് വിശേഷിപ്പിച്ച 'ഹിന്ദുഹൃദയ സമ്രാട്ടി'ന്റെ പിന്മുറക്കാർ ഇന്ന് മഹാരാഷ്ട്രയുടെ അധികാരക്കസേരയ്ക്കായി മല്ലിടുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ; ബിജെപിയോട് പിണങ്ങി മാറുമ്പോഴും ഗുജറാത്ത് കലാപ കാലത്ത് ഒറ്റപ്പെട്ട തന്നെ പിന്തുണയ്ക്കാൻ രണ്ട് എംപിമാരെ അയച്ച ബാൽ താക്കറെയെ മോദി എങ്ങനെ മറക്കും? 'യണ്ടുഗണ്ടു' എന്ന് ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുകയും വാലന്റീൻസ് ഡേ ആഘോഷം തടയുകയും ചെയ്യുന്ന ശിവസേന പഴയകാലം മറക്കുന്നോ?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നവാസുദ്ദീൻ സിദ്ദിഖി നായകനായി അഭിനയിക്കുന്ന 'താക്കറെ' ചലച്ചിത്രത്തിന്റെ 'ട്രെയിലർ' ലോഞ്ചിൽ പ്രത്യേക അതിഥി അമിതാഭ് ബച്ചനായിരുന്നു. 1983 ൽ വമ്പൻ ഹിറ്റായിരുന്ന 'കൂലി'യുടെ ഷൂട്ടിങ്ങിനിടെ ബിഗ് ബിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ തടസ്സമായത് മോശം കാലാവസ്ഥയും. ഒരുആമ്പുലൻസ് പോലും സെറ്റിന് അടുത്തെങ്ങുമില്ല. ആ സമയത്ത് ബാൽ താക്കറെയാണ് ശിവസേനയുടെ ആംബുലൻസ് അയച്ചുകൊടുത്ത് ബച്ചനെ ആശുപത്രിയിലാക്കിയത്. 'ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ബാൽ താക്കറെയുടെ നല്ല മനസ് കൊണ്ടാണ്. അദ്ദേഹത്തെ ഞാൻ വളരെയധികം ആദരിക്കുന്നു', ബച്ചൻ പറഞ്ഞു. ഒരുസിനിമയുടെ ട്രെയിലർ ഇറക്കുന്നതിനിടെ, ചൊരിഞ്ഞ പ്രശംസയല്ല അത്. ബിഗ്‌ബി ഹൃദയത്തിൽ നിന്ന് പറഞ്ഞതാണ്. അങ്ങനെയായിരുന്നു ബാൽ താക്കറെ പലർക്കും. ബാൽ താക്കറെയ്ക്ക് മുമ്പും പിമ്പും എന്നായി മാറിയിരിക്കുന്നു ശിവസേനയുടെ ശക്തിക്ഷയങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപിയോട് പിണങ്ങി സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറി നിൽക്കുമ്പോൾ, ഉദ്ധവ് താക്കറെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും മാതോശ്രീയിലെ ആ പഴയ പടനായകന്റെ വീര്യം.

നിർണായക ഘട്ടത്തിൽ മോദിയെ തുണച്ച താക്കറെ

Stories you may Like

2002 ലെ ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ മോദിക്ക് എല്ലാ ഭാഗത്ത് നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉന്നയിച്ചവർ രാജിക്കായി മുറവിളി കൂട്ടി. പ്രധാനമന്ത്രി വാജ്‌പേയി രാജധർമം പാലിക്കാൻ മോദിയെ ഉപദേശിച്ചു. ആ വർഷം ഏപ്രലിൽ ഗോവയിൽ ചേരാനിരുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ മോദിക്ക് നിർണായകമാവുകയും ചെയ്തു. വലിയ പതനത്തിലേക്ക് താൻ പോകുമെന്ന് മോദി ഭയന്ന കാലം. ഈ നിർണായക ഘട്ടത്തിൽ ബാൽ താക്കറെ ശിവസേനയുടെ രണ്ട് മുതിർന്ന എംപിമാരായ ചന്ദ്രകാന്ത് ഖൈരെ, മോഹൻ രവാലെ എന്നിവരെ ഗുജറാത്തിലേക്ക് അയച്ച് മോദിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുഹൃദയ സമ്രാട്ട് അഥവാ ഹിന്ദു ഹൃദയങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന താക്കറെ മോദിയോടുള്ള കൂറ് സംശയമില്ലാതെ വ്യക്തമാക്കി. വാജ്‌പേയ് സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ പിന്തുണ മോദിക്ക് എത്ര മാത്രം വിലപ്പെട്ടതായിരുന്നുവെന്ന് പിൽക്കാലം തെളിയിച്ചു. ഇപ്പോൾ ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ശിവസേന, ബിജെപിയോട് പിണങ്ങി മാറുമ്പോൾ മോദി ഓർത്തെടുക്കുന്നതും ബാൽ താക്കറെയുടെ ആ കൈത്താങ്ങാവണം.

കാർട്ടൂണുകളുടെ ലോകത്ത് നിന്ന് ശിവസേനയിലേക്ക്

രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ തന്റെ കരിയർ തുടങ്ങിയത് ഫ്രീ പ്രസ് ജേണലിലായിരുന്നു. അവിടെ ശാന്തനായിരുന്നു വരയ്ക്കുന്ന താക്കറെയെ ഒ.വി.വിജയൻ പണ്ട് ഓർത്തെടുത്തിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഇങ്ങനെയൊരു പാതയിലേക്ക് വഴിതിരിയുമെന്ന് ആർക്കാണ് അന്ന് സങ്കൽപിക്കാനാവുക? അധികമാരോടും സംസാരിക്കാതെ, തന്റെ കാബിനിൽ വന്നിരുന്ന് ജോലി ചെയ്ത് മടങ്ങിയിരുന്ന ബാൽ താക്കറെ ബോംബെ നഗരത്തെ ഭീതിയിലാഴ്‌ത്തിയ, വെറുപ്പും വിദ്വേഷവും കലാപങ്ങളും പടർത്തിയ നേതാവായി മാറിയത് അദ്ഭുതമെന്നാണ് മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ് ഓർമ്മക്കുറിപ്പുകളായ 'ഘോഷയാത്ര'യിൽ കുറിച്ചത്.

1960 ൽ ഫ്രീ പ്രസ് ജേണലിൽ നിന്ന് പിരിഞ്ഞ് സ്വന്തം രാഷ്ട്രീയവാരിക മാർമിക് തുറന്നു. ഇടതുചേരിയിലുള്ള രാഷ്ട്രീയക്കാരെ തന്റെ കോളങ്ങളിൽ രൂക്ഷമായി വിമർശിച്ചു. പുറം നാട്ടുകാരോടുള്ള വിദ്വേഷം തന്റെ എഴുത്തിൽ ചാലിപ്പിച്ചെടുത്തു. മറാത്തി വികാരം ജ്വലിപ്പിക്കാനായിരുന്നു താക്കറെയുടെ ശ്രമം. പുറംനാട്ടുകാരുടെ മുന്നിൽ കൂനി നിൽക്കുന്ന മറാത്തികളെ ഉയിർത്തെഴുന്നേൽപ്പിക്കാൻ മണ്ണിൻ മക്കൾ വാദം. ആദ്യം ദക്ഷിണേന്ത്യക്കാരായി ഇരകൾ. പിന്നീട് അത് മുസ്ലീങ്ങളിലേക്കും വടക്കേന്ത്യക്കാരിലേക്കും തിരിഞ്ഞു. മറാത്തി സാധാരണക്കാരനെ പ്രതിനിധീകരിക്കാവൻ കാക്കാജി എന്ന കഥാപാത്രം തന്നെ സൃഷ്ടിച്ചു. 60 കളുടെ മധ്യത്തിൽ മഹാരാഷ്ട്രക്കാരുടെ ഒറ്റപ്പെടലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയം. അന്നത്തെ ബോംബെയിലെ കോർപറേറ്റ് ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പുറം നാട്ടുകാരുടെ വിശേഷിച്ച് ദക്ഷിണേന്ത്യക്കാരുടെ തള്ളിക്കയറ്റത്തെ ഹൈലൈറ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതാണ് പിന്നീട ഹിന്ദു അനുകൂല, മുസ്ലിം വിരുദ്ധ ശബ്ദമായി മാറിയത്. ഒരുപക്ഷേ മോദിയെ പിന്തുണയ്ക്കാൻ താക്കറെയെ പ്രേരിപ്പിച്ചതും ഈ വികാരം തന്നെയാവാം. 1966-ലാണ് കാർട്ടൂൺ വര അവസാനിപ്പിച്ച് താക്കറെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

പ്രാദേശിക വാദത്തിന്റെ ഉസ്താദുമാർ

പ്രാദേശിക വാദമാണ് ശിവസേനയുടെ മുഖമുദ്ര. സേന രൂപീകരിക്കുമ്പോൾ, രാഷ്ട്രീയത്തെ വരട്ടുചൊറിയോട് ഉപമിച്ച ബാൽ താക്കറെ അന്ന് പറഞ്ഞത്, സേന രാഷ്ട്രീയത്തിന് 20 ശതമാനം ഊന്നൽ മാത്രമാണ് നൽകുന്നതെന്നായിരുന്നു. മറാത്തികളുടെ ഉന്നമനമാണ് മുഖ്യലക്ഷ്യമെന്നും.1969-ൽ കർണാടകയുമായി അതിർത്തിത്തർക്കത്തെ തുടർന്നുള്ള കലാപങ്ങളിൽ 69 പേരാണ് മരിച്ചുവീണത്. 1970-ലും 1984-ലും ഭിവണ്ടിയിൽ നടന്ന ലഹളകളിലും, 1992-93 കാലയളവിൽ നടന്ന ബോംബേ കലാപത്തിലും നിരവധി അക്രമങ്ങളിലും പങ്കാളികൾ. യണ്ടുഗണ്ടു എന്ന പരിഹാസനാമത്തിൽ തമിഴരെയും മലയാളികളെയും വിളിച്ചുപോന്ന താക്കറെയുടെ 'ഉഠാവോ ലുങ്കി, ബജാവോ പുങ്കി' ( ലുങ്കി പൊക്കി, വടിയെടുത്ത് അടി കൊടുക്ക്..) എന്ന ആഹ്വാനം ആരുമറന്നാലും ദക്ഷിണേന്ത്യക്കാർ മറക്കില്ല. ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെ പിന്തുണച്ച ഒരേയൊരു പാർട്ടിയാണ് ശിവസേന. 2012-ൽ ബാൽ താക്കറെ മരിക്കുന്നതോടെയാണ് മകൻ ഉദ്ധവ് താക്കറെ ലൈംലൈറ്റിൽ വരുന്നത്. പഴയപ്രതാപം തിരിച്ചുപിടിക്കാൻ കിണഞ്ഞുശ്രമിക്കുന്നത്.

ഉദ്ധവിൽ നിന്ന് ആദിത്യ താക്കറെയിലേക്ക്

ബാൽ താക്കറെയുടെ കൊച്ചുമകനും ഉദ്ധവ് താക്കറെയുടെ മകനും യുവസേന അദ്ധ്യക്ഷനുമായ 29 വയസ്സുകാരൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി വാഴിക്കാനാണ് ശിവസേനയുടെ പ്രയത്‌നം. ഒരുശിവസേന മുഖ്യമന്ത്രി എന്ന സ്വപ്‌നം പൂവണിയക്കാൻ ബിജെപിയുമായുള്ള ബന്ധവും അവർ അറുത്തുമാറ്റി. ഇതാദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്ന് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വർളി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദിത്യ ജയിച്ചുകയറിയത്. ഉപമുഖ്യമന്ത്രി പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തതെങ്കിലും ശിവസേന വോട്ടെണ്ണൽ കഴിഞ്ഞതോടെ നിലപാട് മാറ്റി.

യുവാക്കളുടെ ഇടയിൽ തങ്ങളുടെ ചോരുന്ന സ്വാധീനം തിരിച്ചുപിടിക്കാനുള്ള തുറുപ്പ് ചീട്ടാണ് ആദിത്യ. വെസ്റ്റേൺ സ്റ്റൈൽ ആഘോഷങ്ങളോട് സേന എന്നും മുഖം തിരിച്ചിരുന്നു. ന്യൂ ഇയർ ആഘോഷം, വാലന്റൈൻസ് ഡേ എന്നിവയിലൊക്കെയുള്ള സേനയുടെ എതിർപ്പ് യുവാക്കളെ അകറ്റിയിരുന്നു. ഇവരെ തിരിച്ചുപിടിക്കാനാണ് ആദിത്യയെ ഇറക്കിയത്. മുംബൈ, താനെ, നവി മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിൽ ന്യൂഇയർ ആഘോഷങ്ങൾക്ക് അനുവാദം ചോദിച്ചുകൊണ്ട് ആദ്യത്യ മുഖ്യമന്ത്രിക്ക് കത്തയച്ചത് പ്രതിച്ഛായ മാറ്റാനുള്ള മന: പൂർവമായ ശ്രമത്തിന്റെ ഭാഗമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ആദിത്യ. ഏതായാലും ഈ 29 കാരനിലാണ് സേന തങ്ങളുടെ ഭാവി കാണുന്നത്. അതിന് വേണ്ടി ബിജെപിയെ അകറ്റാൻ പോലും അവർ ധൈര്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP