Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അലോക് വർമയെയും രാകേഷ് അസ്താനയെയും പറഞ്ഞുവിട്ടില്ലെന്നും ചുമതലയിൽ നിന്ന് നീക്കിയതേയുള്ളുവെന്നും വിശദീകരിച്ച് സിബിഐ; തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് രാഹുൽ ഗാന്ധി; ബഹളങ്ങൾക്കിടെ എല്ലാം കണ്ടുചിരിച്ചുകൊണ്ട് കോടീശ്വരനായ മാംസ കയറ്റുമതി വ്യാപാരി; എൻഫോഴ്‌മെന്റിന്റെ പിടിയിലായെങ്കിലും കേസുകൾക്ക് കുറവില്ലെങ്കിലും കുലുക്കമില്ലാതെ മൊയിൻ അഖ്തർ ഖുറേഷി; ഖുറേഷി ബന്ധത്തിൽ പണി പോയത് മൂന്ന് സിബിഐ ഡയറക്ടർമാർക്ക്

അലോക് വർമയെയും രാകേഷ് അസ്താനയെയും പറഞ്ഞുവിട്ടില്ലെന്നും ചുമതലയിൽ നിന്ന് നീക്കിയതേയുള്ളുവെന്നും വിശദീകരിച്ച് സിബിഐ; തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് രാഹുൽ ഗാന്ധി; ബഹളങ്ങൾക്കിടെ എല്ലാം കണ്ടുചിരിച്ചുകൊണ്ട് കോടീശ്വരനായ മാംസ കയറ്റുമതി വ്യാപാരി; എൻഫോഴ്‌മെന്റിന്റെ പിടിയിലായെങ്കിലും കേസുകൾക്ക് കുറവില്ലെങ്കിലും കുലുക്കമില്ലാതെ മൊയിൻ അഖ്തർ ഖുറേഷി; ഖുറേഷി ബന്ധത്തിൽ പണി പോയത് മൂന്ന് സിബിഐ ഡയറക്ടർമാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിബിഐയിലെ രണ്ടുതലതോട്ടപ്പന്മാരുടെ തമ്മിലടിയും, നിർബന്ധിത അവധിയിൽ പറഞ്ഞുവിട്ടതുമെല്ലാം വാർത്തകളിൽ നിറയുകയാണ്. കോൺഗ്രസ് അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആയുധമാക്കുന്നു. അലോക് വർമയെയും രാകേഷ് അസ്താനയെയും മാറ്റിയിട്ടില്ലെന്നും ചുമതലകളിൽ നിന്ന് നീക്കിയതുമാത്രമേയുള്ളുവെന്നും സിബിഐ വിശദീകരണകുറിപ്പ് ഇറക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകും വരെ നാഗേശ്വര റാവു തുടരുമെന്നും സിബിഐ അറിയിച്ചു. അതേസമയം, സിബിഐ തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിക്കുന്നത്. പ്രധാനമന്ത്രി അഴിമതി നടത്തി. അഴിമതി പിടിക്കപ്പെടുമെന്നായപ്പോൾ ഡയറക്ടറെ മാറ്റി എന്നും രാഹുൽ ആരോപിച്ചു.

ഏതായാലും ഈ ആരോപണങ്ങൾക്കിടെ, മിന്നി മറയുന്ന ഒരുപേരുണ്ട്. മൊയിൻ അഖ്തർ ഖുറേഷി. കോടീശ്വരനായ മാംസ കയറ്റുമതി വ്യവസായി. കാൺപൂർ സ്വദേശി. കേസുകൾക്ക് ഒരുകുറവുമില്ല. സിബിഐ ഡയറക്ടർ അലോക് വർമയുടെ പണി കളയാൻ കാരണക്കാരനായിരിക്കുകയാണ് ഖുറൈഷി. അലോക് മാത്രമല്ല, മറ്റുരണ്ടു പഴയ സിബിഐ മേധാവിമാരും ഖുറൈഷി എന്ന പേരുകേട്ടാൽ ദേഷ്യം കൊണ്ടുവിറയ്ക്കും. എ.പി.സിങ്, രഞ്ജിത് സിൻഹ എന്നിവർക്കാണ് ഖുറൈഷി മൂലം ഇതിന് മുമ്പ് ജോലി പോയത്.

നികുതി വെട്ടിപ്പ് മുതൽ പണം തട്ടിപ്പും അഴിമതിയും വരെ പല കേസുകളിൽ അന്വേഷണം നേരിടുന്ന കയറ്റുമതി വ്യവസായിയാണ് ഖുറൈഷി. സിബിഐ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരടക്കമുള്ളവരെ വീഴ്‌ത്താൻ ഹവാല ഇടപാട് വഴി വൻതോതിൽ പണമൊഴുക്കുന്നയാളാണ് ഇയാളെന്നും ആരോപണമുണ്ട്.വിദേശയാത്ര, ഫൈവ് സ്റ്റാർ ഹോട്ടൽ താമസം എന്നീ പ്രലോഭനങ്ങളിലൂടെയാണ് ഖുറേഷി പല സിബിഐ ഉദ്യോഗസ്ഥരെയും വീഴ്‌ത്തിയത്.

2014 ലാണ് ഖുറേഷിയുടെ പേര് ആദ്യമായി ഉയർന്ന് കേട്ടത്. സിബിഐയുടെ അന്നത്തെ തലവനായിരുന്ന രഞ്ജിത്ത് സിൻഹയുടെ വസതിയിൽ 15 മാസങ്ങൾക്കിടെ 70 തവണ ഖുറേഷി സന്ദർശനം നടത്തിയെന്നാണ് ആദ്യം പുറത്തു വന്നത്. അലോക് വർമയും അസ്താനയും തമ്മിലുള്ള പോരിലെ കഥാപാത്രമായ ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായി സതീഷ് ബാബു എൻഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയെ പാട്ടിലാക്കി തന്റെ ഒരുസുഹൃത്തിന് ജാമ്യം കിട്ടാൻ വേണ്ടി ഖുറേഷിക്ക് നൽകിയത് ഒരുകോടി രൂപയാണ്. സിബിഐയുടെ നോട്ടപ്പുള്ളികളായവരുമായി അടിക്കടി കൂടിക്കാഴ്ച നടത്തിയതിന് സുപ്രീംകോടതി സിൻഹയെ ഇത്തിരിയൊന്നുമല്ല നിർത്തിപ്പൊരിച്ചത്.

സിബിഐ ഇങ്ങനെ മതിയോ?

സിബിഐ ഇങ്ങനെ പോയാൽ പോരെന്നും പരിഷ്‌കാരം വേണമെന്നും മുറവിളി ഉയർന്നത് സിൻഹ ഡയറക്ടറായിരുന്ന കാലത്താണ്. നിരവധി ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ 2017 ഓഗസ്റ്റിൽ ഖുറേഷി അറസ്റ്റിലാവുകയായിരുന്നു. 2012 മുതൽ 2014 വരെ സിബിഐ തലപ്പത്തിരുന്ന സിൻഹ തനിക്കെതിരെയുള്ള ആരോപണങ്ങൾ തുടർച്ചയായി നിഷേധിക്കുകയായിരുന്നു. അവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല. 2010 മുതൽ 2012 വരെ സിബിഐ തലപ്പത്തിരുന്ന എ.പി.സിങ്ങുമായി ഖുറൈഷി സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്ന് 2014 ൽ തെളിഞ്ഞു. ആദായ നികുതി വകുപ്പും, എൻഫോഴ്‌മെന്റും ഇതന്വേഷിക്കുകയും, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, സിങ്ങും ഖുറൈഷിയുമായുള്ള ബന്ധം തിരയാൻ കേസെടുക്കുകയും ചെയ്തു. ആരോപണം വന്നതോടെ, കേന്ദ്ര പിഎസ് സിയിലെ അംഗത്വം സിംഗിന് നഷ്ടമായി. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച സിങ് സിബിഐ ഇതുവരെ തന്നെ സമീപിച്ചിട്ട് പോലുമില്ലെന്നും പറയുന്നു.

ഇപ്പോഴത്തെ കേസിലേക്ക് വന്നാൽ, അലോക് വർമ ഖുറേഷിയിൽ നിന്ന് രണ്ടു കോടി രൂപ കൈക്കൂലിയായി സ്വീകരിച്ചതായാണ് അസ്താനയുടെ ആരോപണം. സനായുടെ പക്കൽ നിന്ന് അസ്താന മൂന്നു കോടി രൂപ വാങ്ങിയെന്ന് വർമ കഴിഞ്ഞയാഴ്ച കേസ് ഫയൽ ചെയ്യുകയും ചെയ്തു.
1993 ൽ ഉത്തർപ്രദേശിലെ രാംപുരിൽ അറവുശാല ആരംഭിച്ചാണ് ഖുറൈഷി കച്ചവടം തുടങ്ങിയത്. 25 വർഷത്തിനിടെ, വിവിധ മേഖലകളിലായി 25 ഓളം കമ്പനികൾ. കൺസ്ട്രഷക്ഷൻ, ഫാഷൻ എന്നിങ്ങനെ പോകുന്നു കമ്പനികൾ.

അലോക് വർമ അന്വേഷിച്ചിരുന്നത് റാഫേലും കൽക്കരിപ്പാടവും അടക്കം ഏഴുകേസുകൾ

അലോക് വർമയെയും രാകേഷ് അസ്താനയെയും മാറ്റിയിട്ടില്ലെന്നും ചുമതലകളിൽ നിന്ന് നീക്കിയതുമാത്രമേയുള്ളുവെന്നും സിബിഐ വിശദീകരണകുറിപ്പ് ഇറക്കിയിട്ടുണ്ട്. അലോക് വർമ്മ അന്വേഷിച്ചിരുന്നത് അതീവ ഗൗരവമേറിയ 7 കേസുകളാണ്. റാഫേൽ ഇടപാട്, കൽക്കരി പാടം വിതരണത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ബന്ധം, മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണവിധേയനായ മെഡിക്കൽ കോഴ തുടങ്ങിയവയാണ് പ്രാഥമിക പരിശോധനയിലേക്ക് കടന്ന കേസുകൾ.

ഉന്നർക്കെതിരായ അന്വേഷണം സർക്കാരിലുണ്ടാക്കിയ അതൃപ്തിയാണ് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അലോക് വർമ്മ വ്യക്തമാക്കിയിരുന്നു. ഗൗരവമുള്ള കേസുകൾ അതിലുണ്ടെന്ന് മാത്രമായിരുന്നു അലോക് പറഞ്ഞിരുന്നത്. എന്നാൽ അവ ഏതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

റാഫേൽ ഇടപാടിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അലോക് വർമ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറായതാണ് കേന്ദ്രത്തിന്റെ പ്രതികാരത്തിന് കാരണമാക്കിയ പ്രഥമ കേസ്. ഒപ്പം കൽക്കരി പാട വിതരണത്തിൽ നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടലും കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ഭാസ്‌ക്കർ ഖുൽബേയെ പ്രതിസ്ഥാനത്ത് നിർത്തി അന്വേഷണം തുടർന്നതും സർക്കാരിൽ അതൃപ്തിയുണ്ടാക്കി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, വിവിധ ഹൈക്കോടതികളിൽ ജസ്റ്റിസുമാരായിരുന്ന ഐ.എം ഖുദൂസി, എസ്.എൻ.ശുക്ല എന്നിവർക്കെതിരെയുള്ള മെഡിക്കൽ കോഴ കേസ് അന്വേഷണ ഫയലും അലോകിന് മുന്നിലെത്തിയിരുന്നു.

ബാങ്ക് വായ്പയുമായി രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേശരയുടെ സ്റ്റെർലിങ്ങ് ബൈയോടെക് കമ്പനിയുടെ രാഷ്ട്രിയ ബന്ധങ്ങളിലും അന്വേഷണം പുരോഗമിക്കുകയായിരുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കേസുകളിൽ മുന്നോട്ട് പോകരുതെന്ന സന്ദേശം പല തവണ അലോകിന് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായ സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ നീങ്ങിയതും സർക്കാരിനെ ചൊടിപ്പിച്ചു. തുടർന്നുണ്ടായ സർക്കാർ നീക്കം പല സുപ്രധാന കേസുകളുടെയും അന്വേഷണത്തെയാണ് ദുർബലപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP