Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് ഹൈക്കമാൻഡിന് ഇപ്പോൾ പുല്ലുവിലയാണോ? രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് നേതാക്കൾക്ക് ഭിന്നാഭിപ്രായം; പാർട്ടി അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ എതിർപ്പ് ശക്തം

കോൺഗ്രസ് ഹൈക്കമാൻഡിന് ഇപ്പോൾ പുല്ലുവിലയാണോ? രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് നേതാക്കൾക്ക് ഭിന്നാഭിപ്രായം; പാർട്ടി അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ എതിർപ്പ് ശക്തം

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയും അഭിപ്രായഭിന്നതയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും നേരിട്ട കനത്ത പരാജയത്തെ തുടർന്ന് തകർന്നുപോയ പാർട്ടി ഇപ്പോൾ മറ്റൊരു പിളർപ്പിനെക്കൂടി നേരിടാനൊരുങ്ങുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിൽ നിന്നുള്ള വാർത്ത. മികച്ച ഒരു നേതൃത്വത്തിന്റെ അഭാവത്തിൽ നട്ടം തിരിയുന്ന ഈ പാർട്ടി മുത്തശ്ശിയിൽ ഒരിക്കൽ കൂടി വിമതർ തലപൊക്കാനാണ് ഈ പരാജയങ്ങൾ സഹായിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ജവഹർലാൽ നെഹ്രുവിൽ നിന്നും ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ കോൺഗ്രസ് ഭരണം നെഹ്രു കുടുംബത്തിന്റെ കുത്തകയായി തീരുന്നുവെന്ന് ആരോപിച്ച് 1969ൽ പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞത് തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ കാമരാജ് ആണ്. അന്ന് സിൻഡിക്കേറ്റ് അന്നറിയപ്പെട്ട അനൗദ്യോഗിക സംഘത്തെ ഒപ്പം ചേർത്ത് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്(ഓർഗനൈസേഷൻ) രൂപീകരിച്ചപ്പോൾ കോൺഗ്രസ്(റിക്യുസിഷൻ) എന്ന സ്വന്തം ഗ്രൂപ്പുമായി മുന്നോട്ട് പോകുകയാണ് ഇന്ദിര ചെയ്തത്. ഭൂരിപക്ഷം പാർട്ടി എംപിമാരുടെയും പിന്തുണ ലഭിച്ച ഇന്ദിരയ്ക്ക് 71ലെ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടാനുമായി. അതായത് ജനങ്ങളും അന്ന് അവർക്കൊപ്പം നിന്നു.

ഇന്ദിരയുടെ വ്യക്തിപ്രഭാവവും അവരുടെ നേതൃത്വ പാടവവുമാണ് അന്ന് കോൺഗ്രസിനെ ഗാന്ധി കുടുംബത്തിന്റെ കീഴിൽ തന്നെ നിർത്തിയത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. അത്രയും ശക്തമായ ഒരു നേതൃത്വം ഇപ്പോൾ കോൺഗ്രസിനില്ലെന്ന് ആരും സമ്മതിക്കും. സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടതോടെ പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതോടെ പാർട്ടിക്കുള്ളിൽ രൂപംകൊണ്ടിരിക്കുന്ന വിമത സംഘത്തിന്റെ ശബ്ദവു ഏറെക്കുറെ വ്യക്തമായി.

പാർട്ടി പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുന്ന ഈ ഘട്ടത്തിൽ രാഹുൽ നേതൃത്വം ഏറ്റെടുക്കണമെന്നാണ് ദ്വിഗ്‌വിജയ് അഭിപ്രായപ്പെട്ടത്. വിവാദങ്ങളിൽ നിന്ന് ഏറെയൊന്നും അകലം പാലിക്കാത്ത സിങ് ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. രാജ്യം കൂടുതൽ ചെറുപ്പമായിരിക്കുകയാണെന്നും 35നും 50നും ഇടയിൽ പ്രായമുള്ള നേതാക്കളുടെ പാർട്ടിയായി കോൺഗ്രസ് മാറിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനിടെ ഏതാനും മുതിർന്ന കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസങ്ങളിൽ ഈ ആവശ്യം ഉന്നയിച്ച് രാഹുലിനെ സന്ദർശിച്ചിരുന്നു. എന്നാൽ രാഹുൽ പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നുവെന്ന വാർത്ത കോൺഗ്രസിലെ പ്രായംകൂടിയ പല നേതാക്കളും നിഷേധിക്കുകയാണ്.

മുൻ കേന്ദ്രമന്ത്രിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമായ മഘൻലാൽ ഫൊട്ദാർ പാർട്ടി നേതൃത്വത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇപ്പോൾ തന്നെ പ്രസിഡന്റിനെക്കാൾ വലിയ പങ്കാണ് പാർട്ടിക്കുള്ളിൽ വഹിക്കുന്നതെന്നും വരും തെരഞ്ഞെടുപ്പുകൾ പാർട്ടിയുടെ പുനർജന്മമായിരിക്കുമെന്നും വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യക്തിപരമായ താൽപര്യങ്ങളാണ് രാഹുലിനെ പാർട്ടി അദ്ധ്യക്ഷനാക്കണമെന്ന് സിംഗിനെക്കൊണ്ട് പറയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങൾ പൊതുവേദികളിൽ പറയരുത്. സോണിയ പാർട്ടിയുടെ അദ്ധ്യക്ഷനാണ് ഇനിയും തുടരും.

ചരിത്രത്തിന്റെ ആവർത്തനം പോലെ തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസിൽ നിന്ന് തന്നെയാണ് പാർട്ടിയിൽ ഇത്തവണയും പിളർപ്പിനുള്ള ഭീഷണി ഉയർന്നിരിക്കുന്നത്. 2002ൽ കോൺ്രസുമായി ലയിച്ച തമിഴ് മാനിലം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ആലോചിക്കുന്നതായി ഇന്നലെ മുൻ കേന്ദ്രമന്ത്രി ജി കെ വാസൻ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 1996ൽ ഹൈക്കമാൻഡ് ഇടപെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്ന് ബി എസ് ജ്ഞാനദേശികനെ നീക്കം ചെയ്ത് ഇ വി കെ എസ് ഇളങ്കോവനെ പ്രസിഡന്റായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് വാസന്റെ പിതാവ് ജി കെ മൂപ്പനാരുടെ നേതൃത്വത്തിൽ തമിഴ് മാനിലം കോൺഗ്രസ് രൂപീകരിച്ചത്. രാഹുൽ ഗാന്ധിയുടെ പാർട്ടിയിലെ ചുമതലയെക്കുറിച്ചുള്ള തർക്കം ഉയരുമ്പോൾ തന്നെ ടിഎംസിക്കായുള്ള ചർച്ചയും ആരംഭിച്ചത് സംശയാസ്പദമാണ്. ഇതോടൊപ്പം ടിഎംസിക്ക് വേണ്ടി മൂപ്പനാർ ഉയർത്തിയ ഐശ്വര്യസമൃദ്ധമായ തമിഴ്‌നാട്, ആകർഷകമായ ഇന്ത്യ എന്ന മുദ്രാവാക്യം ഇന്നലെ ഉപയോഗിച്ചത് ഈ സംശയത്തിന് ബലം വർദ്ധിപ്പിക്കുന്നു. അതേസമയം തന്റെ അടുത്ത നീക്കം നാളെ വെളിപ്പെടുത്തുമെന്നാണ് വാസൻ അറിയിച്ചിരിക്കുന്നത്.

ഇന്ദിരാഗാന്ധിയും കെ കാമരാജുംമുമ്പ് മൂപ്പനാരുടെയും കാമരാജിന്റെയും ചിത്രങ്ങൾ ഉപയോഗിച്ച് തമിഴ്‌നാട് കോൺഗ്രസ് അംഗത്വ കാർഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തെ എഐസിസി ചോദ്യം ചെയ്തിരുന്നു. അന്ന് ഇരുവരുടെയും പാരമ്പര്യം പിന്തുടർന്ന് മാത്രമേ തമിഴ്‌നാട്ടിൽ കോൺഗ്രസിന് വളരാൻ സാധിക്കൂവെന്നാണ് വാസൻ മറുപടി പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം എഐസിസി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയെ അവഗണിക്കുകയാണെന്ന ആരോപണവും വാസൻ ഉന്നയിച്ചിരുന്നു. 235 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങൾ മാത്രമാണ് ഉള്ളത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിച്ച ഒരു പാർട്ടി സ്ഥാനാർത്ഥി പോലും വിജയിച്ചതുമില്ല.

ഇതിനിടെ ദ്വിഗ്‌വിജയ് സിംഗിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ അറിയിച്ചു. സിംഗിന്റെ അഭിപ്രായം എന്തുതന്നെയായാലും രാജ്യ താൽപര്യവും സംഘടനയെ ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്താണ് പാർട്ടി സംഘടിതമായ ഒരു തീരുമാനമായിരിക്കും എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ സംബന്ധിച്ച് ഉപാധ്യക്ഷൻ ഭാവി പ്രതീക്ഷയും പ്രചോദനവുമാണ് അദ്ദേഹം വ്യക്തമാക്കി.

ഏതായാലും രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇപ്പോൾ കോൺഗ്രസിൽ സംഭവിക്കുന്നതെല്ലാം പാർട്ടിയിലെ ജീർണതയുടെ തെളിവുകളാണ്. പാർട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിക്കാത്ത വിമതർ നടത്തുന്ന ചരടുവലികളുടെ ഫലമാണ് ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും അതിൽ നിന്നുണ്ടാകുന്ന പൊട്ടിത്തെറികളും. പാർട്ടിയുടെ നേതൃത്വം ഗാന്ധി കുടുംബത്തിൽ മാത്രം നിലനിൽക്കുന്നത് പാർട്ടിയുടെ പരമാവധി തകർച്ചയ്ക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടിയുമായി കരാറിലേർപ്പെട്ടിരിക്കുന്നവരാണ് അവരെന്നും നിരീക്ഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP