Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ എത്തിയത് അഴിമതി കേസിൽ സാക്ഷി പറയാൻ; സോണിയയെ കണ്ടപ്പോൾ പറഞ്ഞത് തരൂരിന് എതിരായ നിലപാടും; എകെ ആന്റണിക്കും പ്രശ്‌ന പരിഹാരം നിർദ്ദേശിക്കാനായില്ല; നെഹ്‌റു കുടുംബത്തിന്റെ പ്രതിനിധിയെ കണ്ടെത്താൻ ഡൽഹിയിൽ കൂടിയാലോചന സജീവം; കോൺഗ്രസ് അധ്യക്ഷനായി തരൂർ എത്താതിരിക്കാൻ ചർച്ച ദിഗ് വിജയ് സിംഗിലേക്ക്

ഡൽഹിയിൽ എത്തിയത് അഴിമതി കേസിൽ സാക്ഷി പറയാൻ; സോണിയയെ കണ്ടപ്പോൾ പറഞ്ഞത് തരൂരിന് എതിരായ നിലപാടും; എകെ ആന്റണിക്കും പ്രശ്‌ന പരിഹാരം നിർദ്ദേശിക്കാനായില്ല; നെഹ്‌റു കുടുംബത്തിന്റെ പ്രതിനിധിയെ കണ്ടെത്താൻ ഡൽഹിയിൽ കൂടിയാലോചന സജീവം; കോൺഗ്രസ് അധ്യക്ഷനായി തരൂർ എത്താതിരിക്കാൻ ചർച്ച ദിഗ് വിജയ് സിംഗിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും പിന്തുണ തേടിയ ശശി തരൂർ ആന്റണിയെ കണ്ടില്ലെന്നതും ചർച്ചകളിൽ. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂർ എംപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി പറയുമ്പോൾ അതിൽ ചില സൂചനകൾ ഉണ്ട്.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇനി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ ഒരു ദിവസം മാത്രമാണുള്ളത്. ആരും ഇനിയും പത്രിക നൽകിയിട്ടില്ല. അതിനിടെയാണ് ആന്റണി ഡൽഹിയിൽ എത്തിയത്. സോണിയ വിളിപ്പിച്ചിട്ടാണ് പോക്കെന്ന് ആന്റണി സൂചനകൾ നൽകിയിരുന്നു. എന്നാൽ ഡൽഹി യാത്രയ്ക്ക് പിന്നിൽ സിബിഐ ഇടപെടലായിരുന്നു. സോണിയയുമായുള്ള ചർച്ചയിൽ തരൂരിനെ ആന്റണി അനുകൂലിച്ചില്ലെന്നാണ് സൂചന. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തൻ മതിയെന്നായിരുന്നു ആന്റണിയുടെ നിലപാട്.

''രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. സംഘടനാകാര്യങ്ങൾ അടക്കം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്തു. പാർട്ടിക്ക് ഈ കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകും. സമാന മനസ്‌ക്കരായ പാർട്ടികളുമായി ചേർന്ന് ബിജെപിയെ നേരിടും'' അദ്ദേഹം പറഞ്ഞു. സൈന്യത്തിന് ട്രക്കു വാങ്ങിയ കേസിൽ ആൻണിക്ക് കോടതിക്ക് മുമ്പിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് ആന്റണി ഡൽഹിയിൽ എത്തിയത്. തരൂരിനെ അധ്യക്ഷനാക്കുന്നത് ഗുണമാകില്ലെന്ന നിലപാട് ആന്റണിക്കുണ്ടെന്നാണ് സൂചന. ഇത് സോണിയയെ അറിയിച്ചിട്ടുണ്ട്. താൻ മത്സരിക്കാൻ ഇല്ലെന്നും ആന്റണി നിലപാട് എടുത്തു. ഇതു വരെ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ നെഹ്‌റു കുടുംബത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

ഗെലോട്ടിനു പകരം മറ്റൊരാളെ പ്രസിഡന്റാക്കുന്ന ചർച്ചയും എങ്ങുമെത്തിയിട്ടില്ല. സോണിയ കുടുംബത്തിനു കീഴിൽ ഡമ്മി പ്രസിഡന്റാകാൻ പല നേതാക്കളും തയ്യാറല്ല. എ കെ ആന്റണിയടക്കം പല മുതിർന്ന നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളോട് രണ്ടു ദിവസം ഡൽഹിയിൽ തങ്ങാൻ സോണിയ നിർദ്ദേശിച്ചു. ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം സോണിയ എടുക്കുമെന്നാണ് സൂചന. തരൂരിനെ ജയിപ്പിക്കാതിരിക്കാൻ കേരള നേതാക്കളിൽ ചിലർ എല്ലാ തന്ത്രവും പയറ്റുന്നുണ്ടെന്നതാണ് വസ്തുത.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ ദിഗ്‌വിജയ് സിങ് അടുത്ത മാസം നടക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ നാളെയാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. നാളെ തരൂർ പത്രിക നൽകും. മറ്റാരും കൊടുത്തില്ലെങ്കിൽ തരൂർ എതിരില്ലാതെ ജയിക്കും. ഇതൊഴിവാക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന ദിഗ്‌വിജയ് സിങ് ഡൽഹിയിലേക്ക് തിരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കാൻ തയാറായെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചത് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഇതോടെ ഗെലോട്ടിനെ മത്സരത്തിൽ നിന്നു മാറ്റിനിർത്തണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ദിഗ്‌വിജയ് സിങ്ങിനെ കളത്തിലിറക്കുമെന്ന് മുതിർന്ന നേതാക്കൾ വെളിപ്പെടുത്തിയത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. കെസി വേണുഗോപാലിനും മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചശേഷം മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം അശോക് ഗലോട്ട് രാജിവയ്ക്കില്ലെന്ന് ഇന്നലെയും അദ്ദേഹത്തിന്റെ അനുയായികൾ ആവർത്തിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം അഞ്ചുവർഷം പൂർത്തിയാക്കുമെന്നു മന്ത്രി വിശ്വവേന്ദ്ര സിങ് അറിയിച്ചു.

ഇന്നലെ സോണിയാ ഗാന്ധിയുമായി അദ്ദേഹം നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നത്തേക്കു മാറ്റി. രാജസ്ഥാനിലെ കലാപം അവസാനിപ്പിച്ചിട്ടു ചർച്ചമതിയെന്നു മുതിർന്ന നേതാക്കളായ ആനന്ദ് ശർമയും അംബികാ സോണിയും അറിയിച്ചതിനെ തുടർന്നാണു തീരുമാനം. എംഎ‍ൽഎമാരുടെ രോഷത്തിൽ തനിക്ക് പങ്കില്ലെന്ന് മുതിർന്ന നേതാക്കളോട് ഗലോട്ട് ആവർത്തിക്കുന്നുണ്ടെങ്കിലും ആരും അംഗീകരിച്ചിട്ടില്ല. ഗലോട്ടിന്റെ എതിരാളി സച്ചിൻ പൈലറ്റും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്.

ഇന്ത്യൻ സേനയ്ക്ക് ടെട്ര ട്രക്ക് വാങ്ങിയതിലെ അഴിമതി കേസിൽ ആന്റണി ഡൽഹി കോടതിയിൽ ഹാജരായിരുന്നു, സാക്ഷി വിസ്താരത്തിനായാണ് റോസ് അവന്യൂവിലെ പ്രത്യേക കോടതിയിലെത്തിയത്. പ്രതിരോധ മന്ത്രിയായിരിക്കെ ടെട്ര ട്രക്ക് വാങ്ങിയതിൽ 750 കോടിയുടെ അഴിമിതി നടന്നതായി സിബിഐ പറയുന്നു.രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കരസേനാ തലവനായിരുന്ന നിലവിലെ കേന്ദ്രമന്ത്രി വി കെ സിങ് ഇടപാടിൽ 14 കോടിയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു.

വിവരം വി കെ സിങ് പറഞ്ഞെന്ന് വെളിപ്പെടുത്തിയ ആന്റണിയെ സിബിഐ സാക്ഷിയാക്കി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് സിബിഐ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP