Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാനിലെ 'എംഎൽഎ കലാപം' ഗെലോട്ടിനെ വിമതനാക്കി; സച്ചിൻ പൈലറ്റിനെ വെട്ടാൻ ഏതറ്റം വരേയും പോകുന്ന മുഖ്യമന്ത്രിയുമായി നെഹ്റു കുടുംബം ഇനി ഒത്തുതീർപ്പിനില്ല; കമൽനാഥിന് മത്സരിക്കാൻ താൽപ്പര്യക്കുറവ്; ഖാർഗെയും മുകൾ വാസ്നികും പരിഗണനയിൽ; കെസി വേണുഗോപാലിനും സാധ്യത; തരൂരിന് എതിരാളി ആര്? കോൺഗ്രസിൽ ചർച്ച തുടരുമ്പോൾ

രാജസ്ഥാനിലെ 'എംഎൽഎ കലാപം' ഗെലോട്ടിനെ വിമതനാക്കി; സച്ചിൻ പൈലറ്റിനെ വെട്ടാൻ ഏതറ്റം വരേയും പോകുന്ന മുഖ്യമന്ത്രിയുമായി നെഹ്റു കുടുംബം ഇനി ഒത്തുതീർപ്പിനില്ല; കമൽനാഥിന് മത്സരിക്കാൻ താൽപ്പര്യക്കുറവ്; ഖാർഗെയും മുകൾ വാസ്നികും പരിഗണനയിൽ; കെസി വേണുഗോപാലിനും സാധ്യത; തരൂരിന് എതിരാളി ആര്? കോൺഗ്രസിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗൈലോട്ടുമായി കോൺഗ്രസ് ഹൈക്കമാണ്ട് അകലുന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദ്ദേശം ഗൈലോട്ട് തള്ളുകയും എംഎൽഎമാരി അണിനിരത്തി പ്രക്ഷോഭം ഉണ്ടാക്കുകയും ചെയ്ത സാഹര്യത്തിലാണ് ഇത്. ഇതോടെ പാർട്ടിയിലെ വിമതനായി ഗെലോട്ട് മാറി. ഇതോടെ രാജസ്ഥാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് തൽസ്ഥിതി തുടരാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഗെലോട്ടിനെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുയുമില്ല.

സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തെ ഗെലോട്ട് പക്ഷക്കാരായ 92 എംഎൽഎ.മാർ രാജിക്കത്തുമായി പ്രതിരോധിച്ചത് കോൺഗ്രസ് ഹൈക്കമാൻഡിനെ കടുത്ത സമ്മർദത്തിലാക്കി. വിശ്വസ്തനായിരുന്ന ഗെലോട്ടിനെ അധ്യക്ഷസ്ഥാനത്തേക്കു പിന്തുണയ്ക്കുന്നത് പുനരാലോചിച്ചുവരികയാണ്. വിശ്വസ്തരായ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ എന്നിവരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ശശി തരൂർ മത്സരത്തിൽ ഉറച്ചു നിൽക്കുകയാണ്. തരൂരിനോട് സോണിയാ ഗാന്ധിക്കോ രാഹുലിനോ പ്രിയങ്കയ്ക്കോ എതിർപ്പില്ല. എന്നാൽ തരൂരിനെ തോൽപ്പിക്കണമെന്നതാണ് രാഹുൽ ക്യാമ്പിലെ മറ്റ് നേതാക്കളുടെ നിലപാട്. അതുകൊണ്ടാണ് ബദൽ സ്ഥാനാർത്ഥി അനിവാര്യതയാകുന്നത്.

രാജസ്ഥാനിൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണ്. ഗെലോട്ടിന്റെ വിശ്വസ്തരായ സ്പീക്കർ സി.പി. ജോഷി, മന്ത്രി ശാന്തി ധരിവാൾ എന്നിവർക്കെതിരേ അച്ചടക്കലംഘനത്തിന് നോട്ടീസും നൽകിയതായി അറിയുന്നു. ഞായറാഴ്ച നടന്ന സംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് രേഖാമൂലം സമർപ്പിക്കാൻ ജയ്പുരിൽനിന്ന് മടങ്ങിയെത്തിയ നിരീക്ഷകരായ ഖാർഗെയോടും അജയ് മാക്കനോടും അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. വൈകാതെ റിപ്പോർട്ട് കൈമാറും. പ്രശ്നപരിഹാര ചർച്ചയ്ക്കായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെ സോണിയ വിളിച്ചുവരുത്തി. പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും സോണിയയെ കണ്ടു. കമൽനാഥിനേയും അധ്യക്ഷ സ്ഥാനാർത്ഥിയാക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ കമൽനാഥ് മത്സരത്തിന് വിസമ്മതിച്ചു.

ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാത്ത ഗെലോട്ട് അനുകൂലികളായ എംഎൽഎ.മാരുടെ നിലപാടിനെ തികഞ്ഞ അച്ചടക്കലംഘനമായാണ് സോണിയ വിലയിരുത്തിയത്. ഗെലോട്ടിന്റെ അനുയായികളായ മന്ത്രിമാരും എംഎൽഎ.മാരും കാണിച്ചത് അച്ചടക്കലംഘനമാണെന്ന് അജയ് മാക്കനും പറഞ്ഞു. 'ഇവരുടെ പ്രതിനിധികൾ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. പാർട്ടിയധ്യക്ഷനെ തിരഞ്ഞെടുത്തതിനുശേഷം മതി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കൽ, 2020-ലെ പ്രതിസന്ധി സമയത്ത് കൂടെനിന്ന 102 എംഎൽഎ.മാരിൽ നിന്നൊരാളാവണം മുഖ്യമന്ത്രി, എംഎൽഎ.മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നതിനുപകരം കൂട്ടമായി കാണണം എന്നിവ. ഇത് സ്ഥാപിത താത്പര്യമാണ്. കോൺഗ്രസ് നിയമസഭാകക്ഷി യോഗസമയം സമാന്തരയോഗം ചേർന്നത് അച്ചടക്ക ലംഘനമാണ്' -മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയോഗത്തിൽ പാസാക്കാമെന്ന പ്രതീക്ഷയോടെ ജയ്പുരിലെത്തിയ ഖാർഗെയും മാക്കനും അട്ടിമറിയാണ് കണ്ടത്. യോഗത്തിനായി ഇരുവരും ഗെലോട്ടിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹത്തിന്റെ അനുകൂലികളായ എംഎൽഎ.മാർ മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടിൽ യോഗം ചേർന്ന് എതിർ പ്രമേയം പാസാക്കി. മുഖ്യമന്ത്രിയെ സോണിയ തിരഞ്ഞെടുക്കണമെന്നുള്ള പ്രമേയത്തിൽ, അത് അധ്യക്ഷ തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന നിബന്ധനയും ചേർത്തു.

ഗെലോട്ട് അധ്യക്ഷനായാൽ തങ്ങൾക്കിഷ്ടമുള്ളയാളെ മുഖ്യമന്ത്രിയാക്കും എന്ന നിലപാടാണ് അവർ ചർച്ചയാക്കിയത്. തങ്ങളുടെ സമ്മതമില്ലാതെ മുഖ്യമന്ത്രിയെ നിശ്ചയിച്ചാൽ സർക്കാർ താഴെവീഴുമെന്ന സൂചന നൽകി സ്പീക്കർ സി.പി. ജോഷിയുടെ വീട്ടിലെത്തി രാജിക്കത്തും എംഎൽഎ.മാർ നൽകിയിരുന്നു. പൈലറ്റിനെ ഒഴിവാക്കി സി.പി. ജോഷി, ഗോവിന്ദ് സിങ് ദൊതാസറ, ബി.ഡി. കല്ല എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. മന്ത്രി ശാന്തി ധരിവാളിനും കസേരയിൽ നോട്ടമുണ്ട്. ഇവരെല്ലാം ഗെലോട്ടിന്റെ വിശ്വസ്തരാണ്.

അതിനിടെ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്നു ശശി തരൂർ പറഞ്ഞു. 'ഗാന്ധി കുടുംബത്തിലെ മൂന്നു പേരും എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നത്, ഒരു പ്രശ്നവുമില്ല, ഔദ്യോഗിക സ്ഥാനാർത്ഥിയായി ആരുമില്ല എന്നാണ്' തരൂർ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ടെന്നും വെള്ളിയാഴ്ച പത്രിക നൽകുമെന്നും അദ്ദേഹം അറിയിച്ചു.

'രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിലെ ജനങ്ങളും കൂടെയുണ്ട്. പത്രിക നൽകുന്നതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടും. ആര് എതിരാളിയായാലും ആത്മവിശ്വാസത്തോടെ മത്സരത്തെ നേരിടും. പാർട്ടിയുടെ ജനാധിപത്യ സ്വഭാവമാണു സ്ഥാനാർത്ഥികൾ കൂടുന്നതിന്റെ കാരണം. മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ ഈ ജനാധിപത്യബോധം കാണാൻ സാധിക്കില്ല. ചിലർക്കു വിയോജിപ്പുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യമാണ്. ജനാധിപത്യ രീതിയിൽ നടക്കുന്ന മത്സരത്തിൽ പങ്കാളിയാകും' തരൂർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP