Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

281 പേരിൽ നൂറു പേർ പോലും തരൂരിന് വോട്ടു ചെയ്യില്ലെന്ന് ഉറപ്പിക്കാൻ 'എകെ' ഫാക്ടർ സജീവം; വിഡിയേയും ഒസിയേയും ആർസിയേയും അട്ടിമറിക്കാരാക്കാതിരിക്കാൻ 'കെസി'യുടെ കരുതൽ; 'കെഎസിന്' എന്തു പറ്റിയെന്ന് അറിയാതെ യൂത്ത് ബ്രിഗേഡ്; ഇൻഡിഗോ വിമാനത്തിൽ കൈയടി ആവേശത്തിൽ കേരളത്തിൽ തരൂരും പ്രചരണത്തിന്; എഐസിസി അധ്യക്ഷ പ്രചരണത്തിൽ തരൂർ പിന്തുണയിൽ കുതിക്കുമ്പോൾ

281 പേരിൽ നൂറു പേർ പോലും തരൂരിന് വോട്ടു ചെയ്യില്ലെന്ന് ഉറപ്പിക്കാൻ 'എകെ' ഫാക്ടർ സജീവം; വിഡിയേയും ഒസിയേയും ആർസിയേയും അട്ടിമറിക്കാരാക്കാതിരിക്കാൻ 'കെസി'യുടെ കരുതൽ; 'കെഎസിന്' എന്തു പറ്റിയെന്ന് അറിയാതെ യൂത്ത് ബ്രിഗേഡ്; ഇൻഡിഗോ വിമാനത്തിൽ കൈയടി ആവേശത്തിൽ കേരളത്തിൽ തരൂരും പ്രചരണത്തിന്; എഐസിസി അധ്യക്ഷ പ്രചരണത്തിൽ തരൂർ പിന്തുണയിൽ കുതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂർ ഇന്ന് മുതൽ കേരളത്തിൽ വോട്ടഭ്യർത്ഥന നടത്തും. കേരളത്തിലെ പാർട്ടി വോട്ടർമാരുടെ പരസ്യ പിന്തുണ എത്രയുണ്ടെന്ന് വ്യക്തമല്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹൈക്കമാണ്ട് സ്ഥാനാർത്ഥിയായ മില്ലികാർജ്ജുനൻ ഖാർഖെയെ പിന്തുണച്ചു കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലും തരൂരിനുള്ള പൊതുജന പിന്തുണ തെളിഞ്ഞു. പക്ഷേ അതൊന്നും കേരളത്തിൽ പരസ്യമായി കാണില്ല. വോട്ട് അഭ്യർത്ഥിച്ചു വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച തരൂർ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. കെപിസിസി ആസ്ഥാനം സന്ദർശിക്കും. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

അധ്യക്ഷസ്ഥാനത്തേക്ക് വീറുറ്റ മത്സരം വന്നത് തരൂരിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണെന്ന് ഉറപ്പിക്കുകയാണ് അനുകൂലികൾ. അദ്ദേഹത്തിന്റെ അറിവ്, ഭാഷാജ്ഞാനം, ലോകനേതാക്കൾക്കിടയിലുള്ള സ്വീകാര്യത എന്നിവ പാർട്ടിക്ക് ഗുണംചെയ്യും. ഗ്രൂപ്പുകൾക്ക് അതീതനായതിനാൽ പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും അദ്ദേഹത്തിനാകും. മോദിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള പാടവം തരൂരിനുണ്ടെന്നും അനുകൂലികൾ പറയുന്നു. ഇതെല്ലാം എതിരാളികളും അംഗീകരിക്കുന്നു. എന്നാൽ ഖാർഖെ മതിയെന്നാണ് അവരുടെ വാദം. ഖാർഖെയെ ദളിത് മുഖമായി ഉയർത്താൻ ചില കോണുകൾ ശ്രമിച്ചു. അതിനിടെയാണ് തരൂരിന്റെ അംബേദ്കർ എന്ന പുസത്കം ചർച്ചയായത്. ഇതോടെ ആ പ്രചരണത്തിന് തടയായി.

മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാൽ ഫോണിൽ വിളിച്ച് വോട്ട് ഉറപ്പാക്കാനാണു ശ്രമം. കേരളത്തിലെ വോട്ടർമാരിൽ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാംപിലുള്ളവർ അവകാശപ്പെട്ടു. സംസ്ഥാനത്തെ ജനപ്രതിനിധികളിൽ എംപിമാരായ എം.കെ.രാഘവനും ഹൈബി ഈഡനും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. മുൻ എംഎൽഎമാരിൽ തമ്പാനൂർ രവിയും കെ.എസ്.ശബരീനാഥനും അനുകൂലിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കു പുറമേ അൻപതോളം വോട്ടർമാർ തരൂരിനൊപ്പമുണ്ട്. മുതിർന്ന നേതാക്കളെല്ലാം ഔദ്യോഗിക സ്ഥാനാർത്ഥിയായ മല്ലികാർജുൻ ഖർഗെയ്‌ക്കൊപ്പമാണ്. തരൂരും ഖർഗെയും യോഗ്യരാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്നു 2 ദിവസം മുൻപു പറഞ്ഞിരുന്നു. പിന്നീട് അത് മാറ്റി.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ മലയാളികൾക്കിടയിൽ തരൂരിനു പിന്തുണ ഏറി. നാട്ടുകാരനെന്ന പരിഗണനയ്‌ക്കൊപ്പം കോൺഗ്രസിനു പുതിയ മുഖം നൽകാൻ അദ്ദേഹത്തിനു സാധിക്കുമെന്ന പ്രതീക്ഷയാണു പലരും പങ്കുവയ്ക്കുന്നത്. ഇതു തന്നെയാണ് വിമാനയാത്രയിലും കണ്ടത്. ഇൻഡിഗോയുടെ 6ഇ 6369 എന്ന വിമാനത്തിലായിരുന്നു യാത്ര. പൈലറ്റ് തരൂരിന്റെ സീറ്റിന് അടുത്ത എത്തി അഭിനന്ദനം അറിയിച്ചു. അതിന് ശേഷം എഐസിസി അധ്യക്ഷനായി മത്സരിക്കുന്ന തരൂർ ഈ വിമാനത്തിലുണ്ടെന്ന് മൈക്കിലൂടെ യാത്രക്കാരെ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ് നിന്നാണ് തരൂരിന് ആദരവ് അറിയിച്ചത്. കൈയടിക്കുകയും ചെയ്തു. ഈ ആദരവ് ഏറ്റുവാങ്ങിയാണ് രാത്രിയിൽ തിരുവനന്തപുരത്ത് എത്തിയത്.

കേരളത്തിൽ ഒട്ടേറെ കോൺഗ്രസുകാർ ഖർഗെയെ പിന്തുണയ്ക്കുന്നുണ്ട്. അതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതിനൊപ്പം തരൂരിന്റെ സ്വീകാര്യതയെ ഇവർ തള്ളിക്കളയുന്നില്ല. ഖർഗെ അധ്യക്ഷനാകുന്നതിനൊപ്പം തരൂരിനു മികച്ച സംഘടനാപദവി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ അട്ടിമറിയില്ലാതെ വോട്ടെടുപ്പ് നടന്നാൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് തരൂർ. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടർ പട്ടികയിൽ കേരളത്തിൽ നിന്ന് 283 വോട്ടർമാരുണ്ട്. ഇതിൽ ആര്യാടൻ മുഹമ്മദും പ്രതാപവർമ തമ്പാനും അന്തരിച്ചതിനാൽ വോട്ടർമാർ 281 ആയി. കേരളത്തിൽ മൂന്നക്കത്തിൽ കൂടിയ വോട്ട് തരൂരിന് കിട്ടരുതെന്ന നിർബന്ധ ബുദ്ധിയിലാണ് ചില കേന്ദ്രങ്ങൾ.

അതിനിടെ ശശി തരൂർ കോൺഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസിൽ ഒരുവിഭാഗം രംഗത്ത്. മല്ലികാർജുൻ ഖാർഗെ നേതൃത്വത്തിലെത്തണമെന്ന കെപിസിസി.പ്രസിഡന്റ് കെ.സുധാകരന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും വാദത്തെ നിരാകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളടക്കം പരസ്യപ്രതികരണവുമായി രംഗത്തുണ്ട്. എന്നാൽ ഇവരിൽ മിക്കവർക്കും വോട്ടവകാശമില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വോട്ടായി മാറില്ലെന്നാണ് ഹൈക്കമാണ്ടിലെ ഉന്നതരുടെ നിലപാട്. എകെ ആന്റണി നേരിട്ട് തരൂരിന്റെ വോട്ടു കുറയ്ക്കാൻ സജീവ ഇടപെടൽ നടത്തുന്നുണ്ട്. മുതിർന്ന നേതാക്കളുടെ മലക്കം മറിച്ചിലിന് കാരണവും ഇതാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വിവിധ ഗ്രൂപ്പുകളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ്. എകെയും കെസിയുമായി തരൂരിനെതിരെ പ്രധാനമായും ചരടു വലികൾ നടത്തുന്നത്.

ഖാർഗെയുടെ അനുഭവസമ്പത്തും പരിചയവും പാർട്ടിക്ക് ശക്തിപകരുമെന്നാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതേസമയം തരൂർ വരുന്നതിനെ നേതൃത്വത്തിൽ അധികമാരും പിന്തുണയ്ക്കുന്നുമില്ല. പാർട്ടിയിൽ അദ്ദേഹത്തിന് പ്രവർത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കൾ ഉയർത്തുന്നത്. തരൂർ പ്രസിഡന്റായാൽ പാർട്ടി സമവാക്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുമെന്ന ഭയമാണ് കേരള നേതാക്കളുടെ എതിർപ്പിനു പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തിരിച്ചടിക്കുന്നു.

വർഗീയ അജൻഡ നടപ്പാക്കാനുള്ള ബിജെപി.യുടെ ശ്രമങ്ങളെ ചെറുക്കാൻ തരൂരിന് കഴിയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ വ്യക്തമാക്കുന്നു. അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മി പാർട്ടിയുടേതടക്കമുള്ള മുന്നേറ്റങ്ങളെ ചെറുക്കാനും കോൺഗ്രസിന്റെ ചരിത്രത്തിനും പ്രത്യയശാസ്ത്രത്തിനും ഇന്നത്തെ കാലത്തുള്ള പ്രസക്തി തുറന്നുകാട്ടാനും തരൂരിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. അധ്യക്ഷ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങുന്ന പാർട്ടി ഭാരവാഹികൾ പദവിയൊഴിയണമെന്ന് കോൺഗ്രസ് മാർഗരേഖയിറക്കിയത് തരൂരിന്റെ ആവശ്യം അംഗീകരിച്ചാണ്.

സംസ്ഥാന, ദേശീയ തലത്തിലുള്ള ഭാരവാഹികൾ മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടിയോ ശശി തരൂരിനു വേണ്ടിയോ പ്രചാരണം നടത്തരുത്. അങ്ങനെ ചെയ്യണമെങ്കിൽ അവർ ഭാരവാഹിത്വം ഒഴിയണം. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ തിരഞ്ഞെടുപ്പ് അധികാരസമിതിയാണ് ഒക്ടോബർ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനായി മാർഗരേഖയിറക്കിയത്.

സംസ്ഥാനങ്ങളിൽ പ്രചാരണത്തിനെത്തുന്ന സ്ഥാനാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ അവിടുത്തെ കോൺഗ്രസ് അധ്യക്ഷന് ചെയ്തുനൽകാം. എന്നാൽ, സ്ഥാനാർത്ഥികൾക്കായി പി.സി.സി. അധ്യക്ഷൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. സ്ഥാനാർത്ഥിയെ നിർദേശിച്ചവരും പിന്തുണച്ചവരുമാണ് അത് ചെയ്യേണ്ടത്. ഏതെങ്കിലും സ്ഥാനാർത്ഥിക്കെതിരേ മോശമായ പ്രചാരണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP