Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തിങ്ക് ടുമാറോ, തിങ്ക് തരൂർ'... കാർത്തി ചിദംബരവും മൊഹ്‌സീനാ കിദ്വായിയും മലയാളി നേതാവിനൊപ്പം; ശബരിനാഥും അബിനും ആന്റണിയുടെ മകനും പ്രചരണത്തിന് ഇറങ്ങിയത് യുവാക്കളെ സ്വാധീനിക്കുമന്ന് പ്രതീക്ഷ; രഹസ്യ ബാലറ്റിലെ വോട്ടെടുപ്പ് അട്ടിമറിയാകും; ആന്റണിയുടെ രാജശാസനം ഇനിയും വരും; രൂർ എഐസിസി അധ്യക്ഷനാകുമോ?

'തിങ്ക് ടുമാറോ, തിങ്ക് തരൂർ'... കാർത്തി ചിദംബരവും മൊഹ്‌സീനാ കിദ്വായിയും മലയാളി നേതാവിനൊപ്പം; ശബരിനാഥും അബിനും ആന്റണിയുടെ മകനും പ്രചരണത്തിന് ഇറങ്ങിയത് യുവാക്കളെ സ്വാധീനിക്കുമന്ന് പ്രതീക്ഷ; രഹസ്യ ബാലറ്റിലെ വോട്ടെടുപ്പ് അട്ടിമറിയാകും; ആന്റണിയുടെ രാജശാസനം ഇനിയും വരും; രൂർ എഐസിസി അധ്യക്ഷനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശശി തരൂരിന് പിന്തുണ നൽകിയവരിൽ മൊഹ്ദീനാ കിദ്വായിയും കാർത്തി ചിദംബരവും അടക്കമുള്ള നേതാക്കളുണ്ട്. അറുപതു പോരിൽ അധികം നാമനിർദ്ദേശ പത്രികയിൽ വോട്ടിടാൻ താൽപ്പര്യപ്പെട്ട് മുന്നോട്ടു വന്നു. പാരമ്പരാഗത കോൺഗ്രസ് നേതാവോ ഗ്രൂപ്പ് പിൻബലമോ ഇല്ലാത്ത നേതാവാണ് ശശി തരൂർ. പാർട്ടിയിലെ ഒറ്റയാൻ. നിലപാടുകൾക്കൊപ്പം മാത്രമാണ് തന്റെ യാത്രയെന്ന് ജി 23 കൂട്ടായ്മയുടെ പിന്തുണ പോലും കിട്ടാതെ വന്നതോടെ തരൂർ തെളിയിക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് 15 പേർ ഒപ്പിട്ടു. എകെ ആന്റണിയുടെ രാജശാസന തള്ളിയാണ് ഈ ഒപ്പിടൽ. പരസ്യമായി കേരളത്തിലെ യുവ നേതാക്കൾ തരൂരിന് വേണ്ടി വോട്ട് ചോദിക്കുന്നു. നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർത്ഥിയാണ് തരൂർ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇതെല്ലാം എന്നതാണ് നിർണ്ണായകം.

ഇതു തന്നെയാണ് തരൂരിന്റെ പ്രതീക്ഷ. കോൺഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി നാമനിർദ്ദേശം ചെയ്തവരാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടർമാർ. അതുകൊണ്ട് ജയിക്കുക തരൂരിന് പ്രയാസമുള്ള ജോലിയാണ്. അപ്പോഴും കോൺഗ്രസിനു പുതിയ മുഖം നൽകുമെന്ന വാഗ്ദാനവുമായി അട്ടിമറി വിജയം ലക്ഷ്യമിട്ട് ശശി തരൂർ. 'തരൂർ ഫോർ പ്രസിഡന്റ്' എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രചാരണത്തിന് അദ്ദേഹം തുടക്കമിട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അപേക്ഷിച്ച് മല്ലികാർജുൻ ഖർഗെ താരതമ്യേന കരുത്തു കുറഞ്ഞ എതിരാളിയാണെന്നാണു തരൂരിന്റെ കണക്കുകൂട്ടൽ. 80 വയസ്സുള്ള ഖർഗെയെ പാർട്ടിയിലെ യുവനിര അംഗീകരിക്കില്ലെന്നും വിലയിരുത്തുന്നു. യുവാക്കളെ ഒപ്പം നിർത്തിയും മുതിർന്നവരുടെ വിശ്വാസമാർജിച്ചും വിജയവഴി ഉറപ്പാക്കുകയാണു ലക്ഷ്യം.

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന പരിവേഷം ഖർഗെയ്ക്കുണ്ടെങ്കിലും കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങളിൽനിന്നു തനിക്കു വൻ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണു തരൂർ. ഹൈക്കമാൻഡിന്റെ നീരസം നേരിട്ടേക്കാമെന്ന ആശങ്കയിൽ പരസ്യമായി പിന്തുണ വാഗ്ദാനം ചെയ്യാൻ മടിക്കുന്ന പലരും രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ ഒപ്പം നിൽക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. പിന്തുണയുറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ സന്ദർശിക്കും. തമിഴ്‌നാട്ടിലെ കാർത്തി ചിദംബരത്തിന്റെ പിന്തുണയും നിർണ്ണായകമാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ചിദംബരം എന്ന നേതാവിന് രാജ്യത്തുടനീളം സ്വാധീനമുണ്ട്. ചിദംബരത്തിന്റെ മകൻ തരൂരിനൊപ്പം നിൽക്കുമ്പോൾ അത് തമിഴ്‌നാട്ടിലെ വോട്ടുകളിൽ അടക്കം പ്രതിഫലിക്കും. കേരളത്തിൽ നിന്ന് തരൂരിന് വോട്ടു കുറയ്ക്കാൻ എകെ ആന്റണി നേരിട്ട് ഇടപെടൽ നടത്തും. ആന്റണിയുടെ മകനും തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

ഒൻപതിനായിരത്തിലധികം പിസിസി പ്രതിനിധികൾക്കാണു തിരഞ്ഞെടുപ്പിൽ വോട്ടവകാശം. കേരളമടക്കം സംഘടനാപരമായി പാർട്ടിക്കു കരുത്തുള്ള സംസ്ഥാനങ്ങളിൽ പ്രതിനിധികൾ പരിചിതരാണ്. എന്നാൽ, യുപി പോലെ പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ ഇടംപിടിച്ചവരിൽ പലരെയും തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയമുറപ്പാക്കാൻ ഹൈക്കമാൻഡ് തിരുകിക്കയറ്റിയതാണെന്ന ആക്ഷേപം ശക്തമാണ്.പ്രതിനിധികളുടെ ഫോൺ നമ്പറുകൾ വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ ഇവരെ ബന്ധപ്പെടുക എളുപ്പമല്ല. ഇവരെ കണ്ടെത്തി വോട്ടഭ്യർഥന നടത്താൻ തരൂരിന്റെ ടീമംഗങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിക്കും. എന്നാൽ കണ്ടെത്താനാകുമോ എന്നതാണ് നിർണ്ണായകം. ഈ വോട്ടുകളെല്ലാം അനുകൂലമാക്കി ജയിക്കാനാണ് ഖാർഖെയുടെ ശ്രമം.

തരൂരിന് തുടക്കത്തിലേ കല്ലുകടി ഉണ്ടായി എന്നതും കോൺഗ്രസിലെ ഹൈക്കമാണ്ട് ഗ്രൂപ്പിന് ആശ്വാസമാണ്. മത്സരത്തിന്റെ ഭാഗമായി തരൂർ ഇറക്കിയ പ്രകടനപത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗങ്ങൾ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂർ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. വിവാദത്തിന് പിന്നാലെ ഇതിൽ തിരുത്തൽ വരുത്തി. തരൂർ തന്നെയാണ് ഇതിന് വിദശീകരണം നൽകേണ്ടതെന്നും ഗുരതമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് വിവാദത്തിൽ നിന്ന് അകലംപാലിച്ചു. വിവാദ ഭൂപടത്തിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയതോടെ കോൺഗ്രസ് വാക്താവ് ജയ്റാം രമേശാണ് ഉത്തരവാദിത്തം തരൂരിനാണെന്ന് വ്യക്തമാക്കിയത്.

'കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ തന്റെ പ്രകടനപത്രികയിൽ ഇന്ത്യയുടെ വികൃതമായ ഭൂപടം ഇടുന്നു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോൾ, കോൺഗ്രസ് അധ്യക്ഷൻ ആകാൻ നോക്കുന്ന ആൾ ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെന്ന് കരുതിയിരിക്കാം...' അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായുള്ള ജയ്റാം രമേശിന്റെ മറുപടി ഇങ്ങനെയായിരുന്നു..'ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടന്നതോടെ ബിജെപിയുടെ പരിഭ്രാന്തി പ്രകടമാണ്. ബിജെപിയുടെ 'ഐ ട്രോൾ സെൽ' (ഐടി സെൽ) ഭാരത് ജോഡോ യാത്രയേയും രാഹുൽ ഗാന്ധിയേയും ലക്ഷ്യംവെക്കുന്നതിനും കളങ്കപ്പെടുത്തുന്നതിനും ഏത് ദുർബ്ബലമായ ഒഴികഴിവുകളും തേടും. ഈ ഗുരുതരമായ തെറ്റ് വിശദീകരിക്കാൻ ഡോ.തരൂരിനും അദ്ദേഹത്തിന്റെ സംഘത്തിനും കഴിയും.

'ആരും മനഃപൂർവം ഇത്തരം കാര്യങ്ങൾ ചെയ്യുന്നില്ല. വോളണ്ടിയർമാരുടെ ഒരു ചെറിയ സംഘം ഒരു തെറ്റ് ചെയ്തു. ഞങ്ങൾ അത് ഉടനടി തിരുത്തി, പിശകിന് നിരുപാധികം ഞാൻ ക്ഷമ ചോദിക്കുന്നു' തരൂർ ട്വിറ്ററിലൂടെ വിവാദത്തിൽ വിശദീകരിച്ചു. മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ഭൂപടത്തെ ചൊല്ലി ശശി തരൂർ വിവാദത്തിലകപ്പെടുന്നത്. 2019 പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ഇറക്കിയ ലഘുലേഖയിലാണ് സമാനമായ ഭൂപടം പ്രത്യക്ഷപ്പെട്ടത്. വിവാദത്തെ തുടർന്ന് അന്നും തിരുത്തൽ വരുത്തുകയുണ്ടായി. ഒരു പ്രദേശത്തെയല്ല.ഇന്ത്യയിലെ ജനങ്ങളെയാണ് ചിത്രീകരിച്ചതെന്നായിരുന്നു അന്ന് അദ്ദേഹം നൽകിയ വിശദീകരണം.

ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം പുറത്തിറക്കിയ 'തിങ്ക് ടുമാറോ, തിങ്ക് തരൂർ' എന്ന പ്രകടന പത്രികയിൽ കോൺഗ്രസ് യൂണിറ്റുകൾ പ്രതിനിധീകരിച്ച് പോയിന്റുകളിൽ ചിത്രീകരിച്ച ഭൂപടമാണ് ഇപ്പോൾ വിവാദത്തിലായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP