Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തെലങ്കാന നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു; പ്രഖ്യാപനത്തിന് പൊതുയോഗം വിളിക്കുമെന്ന് സൂചന; നീക്കം ഡിസംബറിൽ നാല് സംസ്ഥാനങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി; പിരിച്ചുവിട്ടാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി

തെലങ്കാന നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു; പ്രഖ്യാപനത്തിന് പൊതുയോഗം വിളിക്കുമെന്ന് സൂചന; നീക്കം ഡിസംബറിൽ നാല് സംസ്ഥാനങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി; പിരിച്ചുവിട്ടാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി

ഹൈദരാബാദ്: തെലുങ്കാന നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഞായറാഴ്ച നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡിസംബറിൽ നാല് സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് ചന്ദ്രശേഖർ റാവു നടത്തുന്നത്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കയാണ്. ഈ വേളയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മറ്റ് രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരക്കി നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് റാവുവിന്റെ കണക്കുകൂട്ടൽ.

നാളെ ഉച്ചക്ക് ഒരു മണിക്ക് തെലങ്കാന മന്ത്രിസഭയുടെ യോഗം നടക്കുന്നുണ്ട്. അതിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മന്ത്രിസഭ പിരിച്ചു വിട്ടുകൊണ്ടുള്ള തീരുമാനം ചന്ദ്രശേഖർ റാവു പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. രംഗറെഡ്ഡി ജില്ലയിൽ നാളെ പൊതുയോഗം ടി.ആർ.എസ് നടത്തുന്നുണ്ട്. ഈ പൊതുയോഗത്തിലാവും പ്രഖ്യാപനം ഉണ്ടാവുക. സുപ്രധാനമായ രാഷ്ട്രീയ പ്രഖ്യാപനം നാളത്തെ യോഗത്തിലുണ്ടാവുമെന്ന് മന്ത്രിസഭയിലെ ഐ.ടി മന്ത്രിയായ കെ.ടി രാമറാവു എൻ.ഡി.ടി.വിയെ അറിയിച്ചു.

2019 വരെ തെലങ്കാന സർക്കാറിന് കാലാവധിയുണ്ട്. ലോക്‌സഭക്കൊപ്പമാണ് സംസ്ഥാനത്തും തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ നല്ലത് ഇപ്പോൾ അതിന് മുമ്പായി തെരഞ്ഞെടുപ്പിനെ നേരിടുന്നതാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കത്തിന് ഒരുങ്ങുന്നത്.

സെപ്റ്റംബർ രണ്ടിന് തെലങ്കാന രൂപീകരിച്ച് നാല് വർഷം തികയുകയാണ്. ഈയവസരത്തിൽ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനാണ് ചന്ദ്രശേഖർ റാവുവിന്റെ നീക്കം. അതേ സമയം, തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബിജെപി പ്രവർത്തകരോട് ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചു. മന്ത്രിസഭ പിരിച്ചുവിട്ടാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

നേരത്തെ സംസ്ഥാനത്ത് ഈ വർഷം അവസാനം തെരഞ്ഞെടുപ്പിന് സാധ്യത ഉണ്ടെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ആർ.എസ്.എസിന്റെ ചിന്തൻ ബൈഠകിൽ പങ്കെടുക്കാൻ പോകവെ ഷംഷാബാദ് വിമാനത്താവളത്തിൽ വച്ച് അമിത് ഷാ ബിജെപി എംപി ബന്ദാരു ദത്താത്രേയയും മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP