Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധത്തിന് മുമ്പിൽ മുട്ടുമടക്കി മോദി സർക്കാർ; യോഗാ ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ സൂര്യ നമസ്‌കാരം ചെയ്യേണ്ട; യോഗയെ എതിർക്കുന്നവർ ഇന്ത്യയിൽ ജീവിക്കേണ്ടതില്ലെന്ന് എംപി ആദിത്യനാഥും

മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധത്തിന് മുമ്പിൽ മുട്ടുമടക്കി മോദി സർക്കാർ; യോഗാ ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ സൂര്യ നമസ്‌കാരം ചെയ്യേണ്ട; യോഗയെ എതിർക്കുന്നവർ ഇന്ത്യയിൽ ജീവിക്കേണ്ടതില്ലെന്ന് എംപി ആദിത്യനാഥും

ന്യൂഡൽഹി: സ്വതവേ കർക്കശക്കാരനും എടുത്ത തീരുമാനത്തിൽ നിന്നും പുറകോട്ട് പോകാത്ത ആളുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യോഗദിനത്തിൽ നിന്നും സൂര്യനമസ്‌കാരത്തെ ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. ജൂൺ 21ന് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി അന്നത്തെ ഡ്രില്ലുകളിൽ പ്രത്യേകിച്ചും സ്‌കൂൾ വിദ്യാർത്ഥികൾ സൂര്യനമസ്‌കാരം ചെയ്യാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ മുസ്ലിം ഗ്രൂപ്പുകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് ഒഴിവാക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

സൂര്യനമസ്‌കാരം തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്ന നിലപാടുമായി മുസ്‌ലിം പഴ്‌സനേൽ ബോർഡ് രംഗത്തുവന്നതിനെ തുടർന്നാണു നടപടി. അതിനിടെ, യോഗയെ എതിർക്കുന്നവർ ഇന്ത്യയിൽ ജീവിക്കേണ്ടതില്ലെന്ന പരാമർശം നടത്തി ബിജെപി എംപി യോഗി ആദിത്യനാഥ് പുതിയ വിവാദത്തിനും തുടക്കമിട്ടു. സർക്കാർ സ്‌കൂളുകളിൽ യോഗാഭ്യാസം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ മുസ്‌ലിം പഴ്‌സനേൽ ബോർഡ് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ, ഇതിനായി നിയമത്തിന്റെ വഴി തേടാനും ധാരണയായിരുന്നു. യോഗ പോലുള്ള 'ഹിന്ദു മതാചാരങ്ങൾ' സ്‌കൂളുകളിൽ എല്ലാ കുട്ടികളും പിന്തുടരണമെന്ന തരത്തിലുള്ള നിർദ്ദേശം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരാണെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായതോടെയാണ് യോഗ ദിനാചരണത്തിൽനിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദുമതാനുഷ്ഠാനങ്ങൾ നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രചാരണവുമായി ആൾ ഇന്ത്യ മുസ്ലിം പഴ്‌സണൽ ബോർഡ് (എഐഎംപിഎൽബി) രംഗത്തെത്തിയിരുന്നു. സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന് സഹായിക്കുന്ന ഒരു യോഗമുറയാണ് സൂര്യനമസ്‌കാരം. ഹോളിസ്റ്റിക് ഹെൽത്തിന് നിർണായകമായ ഒരു ഘടകമായും ഇതിനെ പരിഗണിച്ച് വരുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജൂൺ 21ലെ അന്താരാഷ്ട്രയോഗദിനം ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ രാജ്യവ്യാപകമായി നടന്നു വരികയാണ്. ഡൽഹി രാജ്പഥിൽ ഇതോടനുബന്ധിച്ച് നടക്കുന്ന മെഗാ ഇവന്റിൽ രാജ്യവ്യാപകമായുള്ള 40,000 പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇവിടെ വച്ച് നിരവധി യോഗസ്സനങ്ങൾ അരങ്ങേറുകയും ചെയ്യും. പ്രസ്തുത പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി ആയുഷ് ശ്രീപ്രസാദ് നായിക്ക് പറഞ്ഞു. രാജ്യവ്യാപകമായി രാവിലെ 7 മണിക്കും 7.35നും ഇടയിലായിരിക്കും യോഗാദിന പരിപാടികൾ അരങ്ങേറുക. പ്രസ്തുത പരിപാടിയിൽ അമിതാഭ് ബച്ചൻ, ശിൽപഷെട്ടി, ഇന്ത്യൻ ടെസ്റ്റ് സ്‌കിപ്പറായ വിരാട് കോഹ്ലി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കുന്നുമുണ്ട്.

ഈ പരിപാടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി ആയുഷ് ശ്രീപാദ് നായിക്ക് പറയുന്നത്. രാജ്യവ്യാപകമായി 651 ജില്ലകളിലായി അന്നേ ദിവസം യോഗ ക്യാമ്പുകൾസംഘടിപ്പിക്കുന്നുണ്ട്. ഇതിൽ 100 എണ്ണം ഡൽഹിയിലാണെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തുന്നു. ഈ പരിപാടിയോടനുബന്ധിച്ച് ആയുഷ് ശ്രീപ്രസാദ് നായിക്കും കേന്ദ്ര അഭ്യന്തരമന്ത്രി സുഷമാ സ്വരാജും ചേർന്ന് ഒരു പ്രത്യേക പോർട്ടൽ ഇന്ന് ലോഞ്ച് ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഈ പുരാതന അഭ്യാസമുറയെ ആഗോളതലത്തിൽ ആഘോഷിക്കാനുള്ള നരേന്ദ്ര മോദിയുടെ അഭ്യർത്ഥനെയെത്തുടർന്നായിരുന്നു ഈ നടപടിയുണ്ടായത്. 175 രാജ്യങ്ങൾ മോദിയുടെ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യ സമീപകാലത്ത് നേടിയെടുത്ത വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്പഥിലെ മെഗാഇവന്റിന് പുറമെ യോഗദിനത്തിൽ മറ്റ് പലവിധ പരിപാടികളും തലസ്ഥാനത്ത് അരങ്ങേറുന്നുണ്ട്. ആർട്ട് എക്‌സിബിഷനുകൾ, നൃത്തനൃത്യങ്ങൾ, സംഗീതപരിപാടികൾ തുടങ്ങിയ ഇതിനോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്. ഇതിന് പുറമെ തിയേറ്റർ ഷോകൾ, യോഗയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, ധ്യാനപരിപാടികൾ, യോഗ വർക്ക് ഷോപ്പുകൾ തുടങ്ങിയവയും നടക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 21നും 27നും ഇടയിലാണ് ഇവ വിവിധ ഇടങ്ങളിലായി നടക്കുന്നത്.ലളിത് കലാ അക്കാദമി, സാഹിത്യ അക്കാദമി, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ് ആൻഡ് നാഷണൽ മ്യൂസിയം തുടങ്ങിയവ ഇവയുമായി കൈകോർത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യവ്യാപകമായുള്ള വിവിധ കലാകാരന്മാർ യോഗയുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തും. ഇഷ ഫൗണ്ടേഷൻ, പതഞ്ജലി , മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ തുടങ്ങിയ വിവിധ യോഗ സ്‌കൂളുകൾ യോഗ വർക്ക് ഷോപ്പുകളും യോഗ സെഷനുകളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ഇതിന് പുറമെ യോഗയുമായി ബന്ധപ്പെട്ട ഔഷധങ്ങളുടെ വിൽപനയും പ്രദർശവും അരങ്ങേറും. യോഗദിനത്തോടനുബന്ധിച്ച് ഒരു ഇന്റർനാഷണൽ കോൺഫറൻസ് ഓൺ യോഗയും നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP