Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ബിജെപി കെണിയിൽ അജിത് പവാർ എന്ന വന്മരം വീണപ്പോൾ എൻസിപിയുടെ രക്ഷകയായി അവതരിച്ചു; പവർ ഹിറ്ററായ അച്ഛൻ പവാറിനൊപ്പം നിന്നു എംഎൽഎമാരെ തഞ്ചത്തിലാക്കി; നാല് ദിവസത്തെ പരിശ്രമത്തിൽ ബിജെപിയുടെ സ്വപ്‌നങ്ങളെല്ലാം തകർത്ത് അച്ഛന്റെ പിൻഗാമി താൻ തന്നെയെന്ന് തെളിയിച്ചു; തിരികെ എത്തിയ അജിത്തിനെ ദാദാ.. എന്നു വിളിച്ച് സ്‌നേഹാലിംഗനം ചെയ്തു വരവേൽപ്പു നൽകി; മഹാരാഷ്ട്ര പിടിക്കാനുള്ള പവർ ഗെയിമിൽ സുപ്രിയ സുലെ എൻസിപിയെയും കൈപ്പിടിയിൽ ഒതുക്കി; വഴിയൊരുങ്ങുന്നത് സ്ഥാനാരോഹണത്തിന്

ബിജെപി കെണിയിൽ അജിത് പവാർ എന്ന വന്മരം വീണപ്പോൾ എൻസിപിയുടെ രക്ഷകയായി അവതരിച്ചു; പവർ ഹിറ്ററായ അച്ഛൻ പവാറിനൊപ്പം നിന്നു എംഎൽഎമാരെ തഞ്ചത്തിലാക്കി; നാല് ദിവസത്തെ പരിശ്രമത്തിൽ ബിജെപിയുടെ സ്വപ്‌നങ്ങളെല്ലാം തകർത്ത് അച്ഛന്റെ പിൻഗാമി താൻ തന്നെയെന്ന് തെളിയിച്ചു; തിരികെ എത്തിയ അജിത്തിനെ ദാദാ.. എന്നു വിളിച്ച് സ്‌നേഹാലിംഗനം ചെയ്തു വരവേൽപ്പു നൽകി; മഹാരാഷ്ട്ര പിടിക്കാനുള്ള പവർ ഗെയിമിൽ സുപ്രിയ സുലെ എൻസിപിയെയും കൈപ്പിടിയിൽ ഒതുക്കി; വഴിയൊരുങ്ങുന്നത് സ്ഥാനാരോഹണത്തിന്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സുപ്രിയ സുലെ - മറാത്താ രാഷ്ട്രീയത്തെ ഭാവിയിൽ നയിക്കാൻ പോകുന്ന ഒരു പവർഫുൾ പേരു തന്നെയാകും അതെന്ന് ഉറപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയിൽ നടന്നു വന്നത്. പിളർന്നു എന്നു കരുതിയിടത്തു നിന്നും പവർഹിറ്ററായ പിതാവിനൊപ്പം നിന്നും എൻസിപിയെ ഒറ്റക്കെട്ടാക്കി നിർത്തിയവൾ. അജിത് പവാർ ക്യാമ്പിൽ നിന്നും ഓരോ എംഎൽഎമാരെയും തഞ്ചത്തിലാക്കി സ്വന്തം പാളയത്തിൽ എത്തിച്ച സുപ്രിയ എൻസിപിയുടെ യഥാർത്ഥ പിൻഗാമി താൻ തന്നെയാണെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ഒരിക്കൽ കൂടി ചെയ്തത്. ഇന്നലെ മഹാരാഷ്ട്രയിലെ പുതിയ സാമാജികർ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ സ്വന്തം വീട്ടിലേക്കെന്നപോലെ അവരെ കൈപിടിച്ച് വിധാൻസഭയിലേക്ക് ആനയിച്ചത് സുപ്രിയ ആയിരുന്നു. വളരെ പ്രസരിപ്പോടെ എല്ലാ കാര്യങ്ങളിലും അവർ മുന്നിൽ നിന്നു. സുപ്രിയ ഇനി ഉപമുഖ്യമന്ത്രി ആകുമോ എന്ന ആകാംക്ഷയാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്.

അച്ഛൻ ശരദ് പവാറിന്റെ തന്ത്രങ്ങൾ വിജയംകൊയ്ത, നാലുദിവസംനീണ്ട രാഷ്ട്രീയനാടകങ്ങളിൽ നിറഞ്ഞുനിന്നു തിളങ്ങിയതും സുപ്രിയതന്നെ. മഹാരാഷ്ട്രയിൽ വ്യാഴാഴ്ച ത്രികക്ഷിസർക്കാർ അധികാരത്തിൽവരുമ്പോൾ യാഥാർഥ്യത്തോടടുക്കുന്നത് മകൾ സുപ്രിയയെ എൻ.സി.പി.യിൽ പിൻഗാമിയായി വാഴിക്കുകയെന്ന ശരദ് പവാറിന്റെ പദ്ധതികൂടിയാണ്. എൻ.സി.പി.യിലെ രണ്ടാമനായ സഹോദരപുത്രൻ അജിത് പവാറിനെ ഒതുക്കി മകളെ നേതൃത്വത്തിലേക്കു കൊണ്ടുവരുകയെന്നത് പവാറിന്റെ ദീർഘകാലലക്ഷ്യമാണ്. ആ നാടകം കൂടിയാണ് ബിജെപിയുടെ കെണിയിൽ അജിത് വീണപ്പോൾ സംഭവിച്ചത്.

തെറ്റുതിരുത്തി, പാർട്ടിയിൽ തിരിച്ചെത്തി പദവികൾ പ്രതീക്ഷിച്ച് ഇരിക്കുകയാണെങ്കിലും വിശ്വാസ്യത നഷ്ടമായ അജിത് പവാറിനെ മറികടന്ന് നേതൃത്വം കൈപ്പിടിയിലൊതുക്കാനുള്ള അവസരമാണ് സുപ്രിയ സുലെയ്ക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ, ഇന്നലെ പാർട്ടിയെ പാടേ നാണം കെടുത്തി മറുകണ്ടം ചാടിയ ശേഷം മടങ്ങിയെത്തിയ അജിത് പവാറിനെ, ചെറിയച്ഛന്റെ മകൾ സുപ്രിയ സുളെ ആലിംഗനം ചെയ്തു സ്വീകരിച്ച കാഴ്‌ച്ചയും അവരുടെ രാഷ്ട്രീയ നയതന്ത്രം വ്യക്തമാക്കുന്നതായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് നിറചിരിയോടെ സുപ്രിയ അജിത്തിനെ വരവേറ്റത്. എത്രയോ രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട പവാർ കുടുംബത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമം. ദാദാ.. എന്നു വിളിച്ചു കൊണ്ടാണ് അജിത്തിനെ സുപ്രിയ സ്വീകരിച്ചത്.

സഹോദരന്മാരുടെ മക്കളായ അജിത്തും സുപ്രിയയും തമ്മിലുള്ള അധികാര വടംവലിയാണ് എൻസിപിയിലെ പ്രശ്‌നങ്ങൾക്കു കാരണമെന്ന വാദത്തിന് നിറംപകരുന്നതായിരുന്നു സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങൾ. അജിത് ബിജെപിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ഞെട്ടൽ രേഖപ്പെടുത്തിയ സുപ്രിയ ഇത് വാട്‌സാപ് സ്റ്റേറ്റസുകളിലൂടെ വ്യക്തമാക്കിയിരുന്നു.

പാർട്ടിയിലെ പ്രമുഖർ മാത്രമല്ല, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ വരെ അജിത്തിന്റെ തിരിച്ചുവരവിനായി ശ്രമിച്ചു. അജിത്തിന്റെ സഹോദരൻ ശ്രീനിവാസയെയും ശരദ് പവാർ ദൗത്യത്തിനായി നിയോഗിച്ചു. കുടുംബത്തിന്റെ വികാര നിർഭരമായ ഇടപെടൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉറപ്പിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല, കൃഷി മുതൽ ദിനപത്രം വരെ നീളുന്ന പവാർ കുടുംബത്തിന്റെ വൻ പ്രവർത്തന മേഖലയ്ക്കു നിർണായകമാണു കുടുംബത്തിന്റെ കെട്ടുറപ്പ്. അജിത് തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നെന്നും പവാർ കുടുംബം ഒറ്റക്കെട്ടാണെന്നുമാണു ശരദ് പവാറിന്റെ സഹോദരന്റെ പേരക്കുട്ടി കൂടിയായ രോഹിത് പവാർ എംഎൽഎയുടെ പ്രതികരണം.

ബിജെപി.ക്കെതിരേ രൂപപ്പെട്ട ത്രികക്ഷിസഖ്യത്തെ ഞെട്ടിച്ച് അജിത് പവാറിനൊപ്പം പോയ എൻ.സി.പി. നേതാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള ശരദ് പവാറിന്റെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് സുപ്രിയയാണ്. ഓരോ എംഎ‍ൽഎ.യെയും നേരിട്ടുകണ്ട് വിശദമായി സംസാരിച്ച്, കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കുന്നതിന് കഴിഞ്ഞ നാലുദിവസവും ഓടിനടക്കുകയായിരുന്നൂ സുപ്രിയ. അതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞാവേളയിൽ അവർ ആതിഥേയയുടെ വേഷമണിഞ്ഞത്.

മഹാരാഷ്ട്രയിൽ എൻ.സി.പി.യെന്നാൽ പവാർ കുടുംബത്തിന്റെ പാർട്ടിയാണ്. ഇന്നത്തെ നിലയ്ക്ക് പവാർകുടുംബത്തിൽനിന്നൊരാൾക്കേ പാർട്ടിയുടെ തലപ്പത്ത് എത്താനാവൂ. പാർലമെന്റേറിയൻ എന്ന നിലയിൽ കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും പാർട്ടിയിൽ സ്വന്തമായൊരു തട്ടകം സൃഷ്ടിച്ചെടുക്കാൻ ഇതുവരെ സുപ്രിയയ്ക്കു കഴിഞ്ഞിട്ടില്ല. അജിത് പവാറാകട്ടെ പാർട്ടിക്കുള്ളിലും പുറത്തും സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ചെടുക്കുകയുംചെയ്തു. എന്നാൽ, കഴിഞ്ഞദിവസത്തെ പരാജിതനീക്കങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിരായുധനാക്കി. അതിന്റെ ആസൂത്രണവും ശരദ് പവാറിന്റേതുതന്നെയായിരുന്നൂ എന്നുകരുതുന്നവരുണ്ട്. എങ്കിലും ഒറ്റയടിക്ക് അജിത് പവാറിനെ തള്ളിപ്പറയാതെ, മാപ്പുനൽകി അദ്ദേഹത്തെ പാർട്ടിയിൽത്തന്നെ നിർത്താനാണ് ശരദ് പവാറിന്റെ തീരുമാനം. മന്ത്രിസഭയിലും പാർട്ടിയിലും അദ്ദേഹത്തിന് അർഹമായ സ്ഥാനങ്ങൾ നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടയിൽ സ്വന്തമായൊരു അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനായാൽ പാർട്ടിനേതൃസ്ഥാനത്തേക്കുള്ള വഴി സുപ്രിയയ്ക്കുമുന്നിൽ എളുപ്പത്തിൽ തുറന്നുകിട്ടും.

സോണിയയോട് കലഹിച്ച് കോൺഗ്രസ് വിട്ടു പോയിട്ടും ശരദ് പവാറിന് പവറിൽ കുറവു വന്നിട്ടില്ല. കാര്യങ്ങൾ തന്റെ വഴിക്ക് എന്നും എപ്പോഴും തെളിക്കാൻ അറിയുന്ന പവാർ എന്ന ഒറ്റവിഗ്രഹത്തിലാണ് എൻ.സി.പി. എന്ന സംഘടന ചലിക്കുന്നത്. ശത്രുക്കളില്ലാത്ത രാഷ്ട്രീയക്കാരനാണ് പവാർ. പാർട്ടിയേതായാലും നേതാക്കളെല്ലാം മിത്രങ്ങൾ. പ്രായം 79 ആയിട്ടും മൂർച്ചയേറിയ രാഷ്ട്രീയ ആയുധങ്ങൾ ഉന്നം തെറ്റാതെ തൊടുക്കാനറിയുന്ന പവാറിനെ പ്രായം വച്ച് അളക്കാൻ നോക്കിയതാണോ യഥാർഥത്തിൽ അജിത് പവാറിനു പിഴച്ചത്? ത്രികക്ഷി സർക്കാരിനു ചുക്കാൻ പിടിക്കുന്നതിനിടെ എന്തിനായിരുന്നു പവാർ-മോദിയെ കണ്ടത്? ഏറെ നിഗൂഢമായ ആ കൂടിക്കാഴ്ച എന്തിനായിരുന്നു? നോട്ടുനിരോധനം മുൻകൂട്ടി ബിജെപിക്ക് പുറത്ത് അറിഞ്ഞ ഒരേയൊരാൾ പവാറാണെന്നാണ് അണിയറ സംസാരം. അജിത് പവാർ രാഷ്ട്രീയ അട്ടിമറി നടത്തിയപ്പോൾ കോൺഗ്രസും ശിവസേനയും സംശയിച്ചത് പവാറിനെയായിരുന്നു. പക്ഷേ അജിത്തിനെ ഉപയോഗിച്ച് പാർട്ടി പിളർത്തരുതെന്ന് അറിയിക്കാനായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകൾ വന്നു.

അതു സംഭവിച്ചിട്ടും ഒട്ടും പകയ്ക്കാതെയായിരുന്നു പവാറിന്റെ നീക്കങ്ങൾ. ഏവരും ആദ്യം പ്രതീക്ഷിച്ചത് അജിത്തിനെ പുറത്താക്കുമെന്നായിരുന്നു. അതുണ്ടായില്ല. മറിച്ചു ദുർബലനാക്കി എംഎ‍ൽഎമാരെ തനിക്കൊപ്പം നിർത്താനാണ് പവാർ തയ്യാറായത്. ഒടുവിൽ കൂറുമാറ്റത്തിന്റെ കുടുക്കിൽ പെടുമെന്നു കണ്ടാണു രാജിവച്ച് അജിത്ത് തടി രക്ഷിച്ചത്. ഒപ്പമുള്ളയാൾ പെട്ടെന്നു ശത്രുപാളയത്തിൽ എത്തിയാൽ പകരംവീട്ടുന്ന രാഷ്ട്രീയ പിതാമഹന്മാരെ ഏറെ ഇന്ത്യ കണ്ടിട്ടുണ്ട്. പക്ഷേ അവിടെയും പവാർ വ്യത്യസ്തനായി. പുറത്തുകളയാതെ ക്ഷീണിതാസ്ഥയിൽ ദുർബലനാക്കി തിരിച്ചെടുക്കാനുള്ള വഴിയാണ് പവാർ തേടിയത്. അതാണു വിജയിച്ചതും.

വ്യാഴാഴ്ച ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഓർക്കുക 2006-ൽ രാജ് താക്കറെ ശിവസേനയുടെ പടിയിറങ്ങി പോയത് അന്ന് ബാൽ താക്കറെ പിൻഗാമിയായി ഉദ്ധവിനെ 'വാഴിച്ച'തോടെയായിരുന്നു. അന്നു പുറത്ത് പോയ രാജും നവനിർമ്മാൺ സേനയും ഇപ്പോഴും രാഷ്ട്രീയ പുനർജന്മം കാത്തുകഴിയുന്നു. താക്കറെയുടെ സഹോദരന്റെ മകനായിരുന്നു രാജ്. 2009-ലെത്തുമ്പോൾ കഥയ്ക്ക് മാറ്റമില്ല. മാറ്റം കഥാപാത്രങ്ങൾക്ക് മാത്രം. ശരദ് പവാറിന്റെ പിൻഗാമിയാകാൻ മോഹിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ അജിത് പവാറാണ്. പിൻഗാമിയാകാൻ അജിത് കരുക്കൾ നീക്കുമ്പോൾ പവാറിന്റെ ലക്ഷ്യം മകൾ സുപ്രിയ സുലേയുടെ കിരീടധാരണമായിരുന്നു.

സുപ്രിയക്കു പക്ഷേ എൻ.സി.പിയിൽ തന്റേതായ ഒരു ടീമിനെ വളർത്തിയെടുക്കാൻ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങലോടെ അതിന സാധിച്ചു. ഗുജറാത്തിൽനിന്നു വന്ന് ഡൽഹി പിടിക്കാമെങ്കിൽ പിന്നെ എന്തുമാകാമെന്ന ആത്മവിശ്വാസത്തിന്റെയും ചാക്കിട്ടുപിടിത്തത്തിന്റെയും മുഖത്തേറ്റ അടിയാണ് മഹാരാഷ്ട്ര. അധികാരം കൈയിലില്ലെങ്കിലും കളിക്കാനറിയായുവന്ന കളിക്കാർ പുറത്തുണ്ടെന്ന തിരിച്ചറിവു കൂടിയാണ് മഹാരാഷ്ട്രയും ശരദ് പവാറും നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP