Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകയിൽ ബിജെപിയെ തറപറ്റിച്ച തന്ത്രങ്ങൾ മെനഞ്ഞ 'സൈലന്റ് കില്ലറെ' കൈവിടാതെ കോൺഗ്രസ്; സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്; ക്യാബിനറ്റ് റാങ്കിൽ നിയമനം നൽകിയത് സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിട്ട്

കർണാടകയിൽ ബിജെപിയെ തറപറ്റിച്ച തന്ത്രങ്ങൾ മെനഞ്ഞ 'സൈലന്റ് കില്ലറെ' കൈവിടാതെ കോൺഗ്രസ്; സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്; ക്യാബിനറ്റ് റാങ്കിൽ നിയമനം നൽകിയത് സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിട്ട്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ അധികാരം പിടിക്കാൻ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ കൈവിടാതെ കോൺഗ്രസ് സർക്കാർ. സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി തുടരും. കാബിനെറ്റ് റാങ്കോടെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വളരെ മുൻപു തന്നെ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽനിന്നു ലഭിച്ച വിവരങ്ങൾ വച്ച് കനഗോലുവും കോൺഗ്രസ് പാർട്ടിയും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ വിജയം കൈപ്പിടിയിൽ ഒതുക്കാനായി.

ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോൺഗ്രസ് തന്ത്രങ്ങൾ രൂപപ്പെടുത്താനും പ്രധാന പങ്കുവഹിച്ചു. തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയർത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാംപെയ്‌ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു.

കർണാടകയിലെ ബെല്ലാരി ജില്ലയിൽ ജനിച്ച കനഗോലു നിലവിൽ ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനഗോലു ബിജെപിക്കൊപ്പമായിരുന്നു പ്രവർത്തിച്ചത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൗത്യ സംഘത്തിൽ കനഗോലുവിനെയും ഉൾപ്പെടുത്താൻ കഴിഞ്ഞ മേയിൽ സോണിയ ഗാന്ധി നിർദ്ദേശം നൽകിയിയിരുന്നു. പി.ചിദംബരം, മുകുൾ വാസ്‌നിക്, ജയ്‌റാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരാണ് ദൗത്യസംഘത്തിലുള്ളത്.

സംസ്ഥാനത്ത് കോൺഗ്രസിന്റെ അട്ടിമറി ജയം ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ച മുഖ്യ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ. എന്നും തിരശ്ശീലയുടെ പിന്നിൽ നിൽക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അധികം സംസാരിക്കാത്ത, കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, പബ്ലിസിറ്റിയോ, ബഹുമതികളോ ആഗ്രഹിക്കാത്ത അന്തർമുഖനായ വ്യക്തി. പലരും ആദ്യമായിട്ടായിരിക്കും ഇദ്ദേഹത്തെ കേൾക്കുന്നതും അറിയുന്നതും. തെരഞ്ഞെടുപ്പു കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് സുനിൽ കനുഗോലു. കർണാടകയിൽ കോൺഗ്രസ് നേടിയ വൻവിജയത്തിനു പിന്നിൽ, കർണാടക പി.സി.സി അധ്യക്ഷനോടൊപ്പം കനുഗോലുവിനോടും പാർട്ടി കടപ്പെട്ടിരിക്കുന്നു.

പ്രശാന്ത് കിഷോറിനൊപ്പമാണ് ഈ പ്രഫഷനിൽ സുനിൽ പയറ്റിത്തെളിഞ്ഞത്. അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിൽ കനുഗൊലുവിന്റെ തുടക്കം. 2012 മുതൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം രംഗത്തിറങ്ങി. നിരവധി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പം പ്രശാന്ത് കിഷോറിന്റെ വലംകൈയായി സുനിൽ കനുഗൊലു പ്രവർത്തിച്ചു. പിന്നീട് തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിനെയും സഹായിച്ചു. എന്നാൽ ഈ ബന്ധം ഏറെ നീണ്ടില്ലെന്ന് മാത്രമല്ല, തെറ്റിപ്പിരിയുകയും ചെയ്തു.

ബിജെപി വിട്ട പ്രശാന്ത് കിഷോർ ഈയടുത്ത് കോൺഗ്രസിൽ ചേരാനുള്ള ശ്രമം നടത്തിയപ്പോൾ സുനിൽ കനഗോലുവും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് ഹൈക്കമാന്റിന് പ്രശാന്ത് കിഷോറിനെ ഒപ്പം ചേർക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തിൽ പലർക്കും അതിനോട് താത്പര്യമില്ലായിരുന്നു. പ്രശാന്ത് മുന്നോട്ട് വെച്ച ഡിമാന്റുകൾ അംഗീകരിക്കാനാവില്ലെന്ന വാദം ശക്തമായതോടെ, രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കോൺഗ്രസ് പ്രവേശനം അസ്ഥാനത്തായി. ഈ ഘട്ടത്തിലൊന്നും സുനിൽ കനഗോലുവിന്റെ പേര് കോൺഗ്രസ് ക്യാംപിൽ പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാൽ പ്രശാന്ത് കിഷോർ പിന്മാറിയതോടെ സുനിൽ കനഗോലുവിനെ കോൺഗ്രസിന്റെ ഭാഗമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞു.

കഴിഞ്ഞവർഷമാണ് ന്യൂഡൽഹിയിലെ ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് അദ്ദേഹം കോൺഗ്രസിനൊപ്പം ചേരുന്നത്. സ്ട്രാറ്റജി വകുപ്പിന്റെ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കർണാടകയിൽ 2023 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും തുടങ്ങി. കനുഗോലു കോൺഗ്രസിനൊപ്പം ചേരുമ്പോൾ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, പക്ഷേ, അതിനൊരു ദിശയില്ലായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൂർണ പിന്തുണയോടെ എത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കുകയും ബിജെപി സർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഉൾപ്പെടുത്തി ഒരു ടീം ഉണ്ടാക്കുകയും ചെയ്തു.

അപകടം മണത്തറിഞ്ഞ, കനുഗോലുവുമായി മുൻ പരിചയമുണ്ടായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അദ്ദേഹത്തെ ബിജെപി പാളയത്തിലെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. അഭ്യർത്ഥന നിരസിച്ച കനുഗോലു, കോൺഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്ക് വിശ്വാസമെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങൾ മെനയുന്നതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു. കർണാടകയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ ഒരുമിച്ച് നിർത്താൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു. ഇദ്ദേഹത്തിന് ആദ്യം നൽകിയ ചുമതല തന്നെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടുകയെന്നതായിരുന്നു. അതാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്. ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിക്കാനായത് കോൺഗ്രസിന് കരുത്ത് പകർന്നു.

ദിവസം 20 മണിക്കൂറാണ് കോൺഗ്രസിന്റെ വിജയത്തിനായി കനുഗോലു പണിയെടുത്തത്. ഒരുദിവസം പോലും അവധിയെടുത്തില്ല. പലപ്പോഴും അന്തർമുഖനായി ഇരിക്കാനായിരുന്നു കനുഗോലുവിന് ഇഷ്ടം. പൊതുസ്ഥലത്തെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. 'അത് എപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ ശൈലി ലളിതമാണ്. നമുക്ക് ജയിക്കണം. എനിക്ക് പബ്ലിസിറ്റിയോ, ബഹുമതികളോ ആവശ്യമില്ല. ഞാൻ ആരാണെന്ന് കാര്യമുള്ളവർക്ക് അറിയാം. മറ്റുള്ളവരെക്കുറിച്ച് എനിക്ക് ആശങ്കയില്ല' -കനഗോലു പറയുന്നു.

സംസ്ഥാനത്ത് കോൺഗ്രസ് നേടിയ അട്ടിമറി ജയത്തോടെ കനഗോലു, പാർട്ടിയിൽ തന്റെ സ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുകയാണ്. ഈ വർഷം തെലങ്കാന, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും പാർട്ടി ഇദ്ദേഹത്തിന്റെ തന്ത്രങ്ങളെ തന്നെ ആശ്രയിക്കാനാണ് സാധ്യത കൂടുതൽ. കർണാടകയിലെ ബെള്ളാരി സ്വദേശിയാണ് കനുഗോലു. വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. യു.എസിലാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ഗുജറാത്തിൽ രാഷ്ട്രീയ തന്ത്രങ്ങളിൽ ഏർപ്പെടുകയും അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്സിന്റെ (എ.ബി.എം) നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു. 2017ന്റെ തുടക്കത്തിൽ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളിൽ 38 എണ്ണവും നേടി. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

അടുത്ത ഘട്ടത്തിൽ കേരളത്തിലേക്ക് സുനിൽ കനഗോലുവിനെ അയക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിന് മുന്നിലുണ്ട്. കേരളത്തിലെ ഓരോ മണ്ഡലത്തിലും സർവേ നടത്തി ആരെ നിർത്തിയാൽ ജയിക്കാമെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. എന്നാൽ ഈ കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം തീരുമാനത്തിലെത്തിയിട്ടില്ല. അതേസമയം സുനിൽ കനഗോലുവിനെ വരാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ചുമതല നൽകിയിരിക്കുകയാണ് പാർട്ടി നേതൃത്വം. കർണാടകത്തിലേത് പോലെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് വെന്നിക്കൊടി പാറിക്കുകയെന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിന് മുന്നിലുള്ളത്. വൈകാതെ സുനിൽ കനഗോലു കേരളത്തിലുമെത്തുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്.

സിപിഎമ്മിന്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കിൽ പ്രഫഷനൽ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തൽ ബത്തേരിയിൽ ചേർന്ന കെപിസിസി നേതൃയോഗത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രശാന്ത് കിഷോറിനൊപ്പമായിരുന്ന സുനിൽ കനഗോലുവിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രത്യേക താൽപര്യമെടുത്ത് കേരളത്തിലെത്തിക്കുന്നത്. തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല കഴിഞ്ഞാലുടൻ കേരളത്തിലും സുനിൽ കനഗോലുവിന്റെ ടീം പ്രവർത്തനനിരതമാകും.

ഓരോ മണ്ഡലത്തിലും പ്രത്യേകം സർവേ നടത്തിയാകും സ്ഥാനാർത്ഥി നിർണയമുൾപെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുക. നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ സജീവമാക്കുന്നതിനു ടൂൾ കിറ്റ് തയാറാക്കും. പ്രചാരണവിഷയങ്ങൾ പാർട്ടിയുടെ ഉന്നതാധികാരസമിതികൾക്കൊപ്പം കൂടിയാലോചിച്ചു നിശ്ചയിക്കും. കർണാടകയിൽ വിജയകരമായി നടപ്പിലാക്കിയ പേ സിഎം ക്യാംപെയ്ൻ മാതൃകയിലുള്ള നൂതന പ്രചാരണ തന്ത്രങ്ങളും കേരളത്തിൽ ആവിഷ്‌കരിക്കും. സുനിൽ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP