Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏകാധിപതിയായിരുന്ന അമ്മയെ പോലും ചൊൽപ്പടിയിൽ നിർത്തിയ സമർത്ഥ; പ്രധാന തസ്തികകളിൽ ഇഷ്ടക്കാരെ നിയമിച്ചു ഭരണം നിയന്ത്രിച്ചു; മൊട്ടുസൂചി മുതൽ വിമാനം വരെ വാങ്ങാനുള്ള കമ്മീഷൻ വീട്ടിലെത്തിയപ്പോൾ അതിസമ്പന്നയായി; തമിഴ്‌നാട് ഭരിക്കാൻ പോകുന്ന മന്നാർഗുഡി മാഫിയ സങ്കൽപ്പങ്ങൾക്കും അപ്പുറം വളർന്ന യാഥാർത്ഥ്യം

ഏകാധിപതിയായിരുന്ന അമ്മയെ പോലും ചൊൽപ്പടിയിൽ നിർത്തിയ സമർത്ഥ; പ്രധാന തസ്തികകളിൽ ഇഷ്ടക്കാരെ നിയമിച്ചു ഭരണം നിയന്ത്രിച്ചു; മൊട്ടുസൂചി മുതൽ വിമാനം വരെ വാങ്ങാനുള്ള കമ്മീഷൻ വീട്ടിലെത്തിയപ്പോൾ അതിസമ്പന്നയായി; തമിഴ്‌നാട് ഭരിക്കാൻ പോകുന്ന മന്നാർഗുഡി മാഫിയ സങ്കൽപ്പങ്ങൾക്കും അപ്പുറം വളർന്ന യാഥാർത്ഥ്യം

ചെന്നൈ:ശശികലയ്ക്ക് മറ്റൊരു ജയലളിതയാകാൻ കഴിയുമോ എന്ന ചോദ്യം അവർ മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നുവെന്ന അഭ്യൂഹം പരന്നതുമുതൽ ഉയർന്ന ചോദ്യമാണ്. മറ്റന്നാൾ അവർ അധികാരമേറ്റ ശേഷം മാത്രമേ അതിനുള്ള ഉത്തരം ലഭ്യമായിതുടങ്ങുകയുമുള്ളു. മുഖ്യമന്ത്രി പദത്തിലേക്ക് ശശികല എത്തിപ്പെട്ടത് ഒരു ദിവസത്തെ തീരുമാനം അല്ല. ജയലളിത തമിഴകം ഭരിച്ച കാലഘട്ടത്തിന്റെ തന്നെ ആയുസുണ്ട് ശശികലയുടെയും മന്നാർഗുഡി മാഫിയയുടേയും വളർച്ചയ്ക്ക്. ആ സംഘം ഒടുവിൽ തമിഴകം ഭരിക്കാനെത്തുമ്പോൾ ദീർഘ വീക്ഷണത്തിന്റെ കാര്യം പരാമർശിക്കാതിരിക്കാനാകില്ല. ജയലളിതയ്ക്ക് ശേഷം ആര് എന്നതിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. തമിഴകത്തിന്റെ തല അജിത് മുഖ്യമന്ത്രിയാകുമെന്നത് വരെ എത്തി അഭ്യൂഹങ്ങൾ. പുരച്ചി തലൈവിക്ക് പകരം ശശികലയുടെ മന്നാർഗുഡി മാഫിയ അധികാരത്തിലെത്തുമ്പോൾ ജനവികാരമെപ്രകാരമാകുമെന്നതും തമിഴകം ഉറ്റ് നോക്കുന്നു.

ഒരേസമയം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പന്നീർ ശെൽവമുൾപ്പെടെയുള്ള നേതാക്കളെ വരച്ചവരയിൽ നിർത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിർണായക ബിസിനസ് ഇടപാടുകളിൽ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രമായിരുന്നു ശശികലയും അവരുൾപ്പെട്ട മന്നാർഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്‌ക്കൊപ്പം വിട്ട് ബാക്കി ചരടുവലികൾ നടത്തിയിരുന്ന ഭർത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാർഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണം.

ജയലളിതയെന്ന കാർക്കശ്യക്കാരിയുടെ നിഴൽപോലെ നിൽക്കുമ്പോഴും സ്വന്തം താൽപര്യങ്ങൾ ശശികല നേടിയെടുത്തിരുന്നു. ഇതിനുദാഹരണമാണ് ഇത്രയും കാലത്തിനിടയ്ക്ക് അവർക്കുണ്ടായ വളർച്ചയും. 2011നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാർത്ഥികളെ നിർത്തുന്നതിന് തീരുമാനമെടുക്കുന്നതിൽ ശശികലയ്ക്ക് നിർണായക പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ കോടികളുടെ പണപ്പിരിവും നടന്നിരുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശശികലയായിരുന്നപ്പോഴും അദൃശ്യസാന്നിധ്യമായി അതിന് പിന്നിൽ പ്രവർത്തിച്ചത് അവരുടെ ഭർത്താവ് നടരാജൻ ആയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 30 കൊല്ലക്കാലത്തിനിടയ്ക്ക് രാഷ്ട്രീയത്തിലെ ചരടുവലികളിലൂടെയും ഇടപെടലുകളിലൂടെയും നേടിയ വൻ സമ്പത്തിന് ഉടമകളാണ് മന്നാർഗുഡി ടീം.

ജയലളിതയുടെ വസതിയിലുൾപ്പെടെ ഒരു ഈച്ചപോലും അറിവില്ലാതെ പറക്കാൻ അനുവദിക്കാത്തവിധം നെറ്റ് വർക്ക് ഒരുക്കിയാണ് ശശികലയും നടരാജനും ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതേസമയം ജയലളിതയുടെ ആവശ്യങ്ങളെല്ലാം യഥാവിധി നിറവേറ്റുന്നതിൽ ഇവർ ഒരു വീഴ്ചയും വരുത്തിയില്ല. ഇടയ്ക്ക് ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും ഉറ്റതോഴിയെന്ന നിലയിൽ ശശികലയെ പിരിഞ്ഞിരിക്കാൻ വയ്യാതെ ജയതന്നെ അവരെ തിരിച്ചുവിളിച്ചു. പിന്നീട് ജയ മരണത്തിന് കീഴടങ്ങി യാത്രയാകുന്നതുവരെ വീണ്ടും കൂടെനിന്ന ശശികല ഇപ്പോൾ തമിഴ്‌നാടിന്റെ ചിന്നമ്മയായി മാറുകയാണ്. അതേ മന്നാർഗുഡി മാഫിയയുടെ അകമ്പടിയോടെ.

രാജാജിഹാളിൽ പ്രിയതോഴി ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ തൊട്ടടുത്ത് കറുത്ത സാരിചുറ്റി, ഇടയ്ക്കിടെ കണ്ണീരൊപ്പി നിന്നിരുന്ന ശശികലയ്ക്കു ചുറ്റും ഉണ്ടായിരുന്നത് പാർട്ടി നേതാക്കളായിരുന്നില്ല. ചാനൽ ദൃശ്യങ്ങളുടെ ഫ്രെയ്മിൽ ശശികലയ്‌ക്കൊപ്പം നിന്നിരുന്നത് അവരുടെ കുടുംബാംഗങ്ങളായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ മന്നാർഗുഡി മാഫിയയുടെ അംഗങ്ങൾ. ഈയൊരു സീൻകൊണ്ടുതന്നെ താനാണ് ഇനിയെല്ലാം എന്ന ശക്തമായ സന്ദേശം നൽകുകയായിരുന്നു ശശികല.

ആശുപത്രിയിൽ 73 ദിവസം കിടന്ന ജയലളിതയെ കാണാൻ ആരെയും അനുവദിക്കാതെ സംസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച് അദൃശ്യസാന്നിധ്യമായി നിന്ന ശശികല ഇക്കാലംകൊണ്ടുതന്നെ ഇനിയെല്ലാം ഞാനാണെന്ന സന്ദേശം പകർന്നിരുന്നുവെന്ന് ഇന്നലെ അവർക്ക് പിന്തുണ അറിയിക്കാനും പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്നു പറയാനും എത്തിയ പന്നീർ ശെൽവം ഉൾപ്പെടെയുള്ള നേതാക്കളുടെ വിധേയത്വത്തിൽനിന്നുതന്നെ വ്യക്തമായിരുന്നു.

ജയലളിതയുടെ ജീവിതചര്യകളും ഭരണവുമെല്ലാം തന്നെ അടുത്ത് നിന്ന് വീക്ഷിച്ചയാളാണ് ശശികല. അത്കൊണ്ട് തന്നെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന് അവർക്ക പറഞ്ഞ് നൽകേണ്ടതില്ല. ജയലളിതയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിനും അവരുടെ കാര്യങ്ങളിൽ പുറത്ത് നിന്നുള്ളവർ അമിത സ്വാതന്ത്ര്യമെടുക്കുന്നതും ഒഴിവാക്കാനുള്ള ശശികലയുടെ മിടുക്കാണ് പോയസ് ഗാർഡനിലേക്ക് നടന്ന മ്നനാർഗുഡി മാഫിയയുടെ വൻ റിക്രൂട്ട്.

പിന്നീട് നടരാജനെ ജയലളിത പുറത്താക്കിയെങ്കിലും ശശികല തലൈവിക്കൊപ്പം പോയ്‌സ് ഗാർഡനിൽ തന്നെ ഉറച്ചുനിന്നു. ഇക്കാലത്താണ് മന്നാർഗുഡിയിൽ നിന്ന് 40 ജോലിക്കാരെ പോയ്‌സ് ഗാർഡനിൽ നിയമിക്കുന്നത്. വീട്ടുവേലക്കാർ, അടുക്കളക്കാർ, സെക്യൂരിറ്റി, ഡ്രൈവർമാർ എന്നിങ്ങനെ എന്തിനും ഏതിനും മന്നാർഗുഡിക്കാർ ജയലളിതയ്ക്കു ചുറ്റും നിരന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയെല്ലാം തന്ത്രപരമായി പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. പിന്നീട് 1991ൽ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് നടരാജനും ശശികലയും ഉൾപ്പെട്ട മന്നാർഗുഡി മാഫിയ തമിഴകത്തിന്റെ അധികാരകേന്ദ്രത്തിലെ ഇത്തിൾക്കണ്ണിയായി മാറുന്നത്.

ഭരണ പരിചയമില്ലാതെ അധികാരത്തിലെത്തിയ ജയയ്ക്ക് എല്ലാ കാര്യത്തിലും വഴികാട്ടിയായി മാറിയിരുന്നു ഇതിനകം ഈ ദമ്പതിമാർ. അതിനാൽതന്നെ ആദ്യഭരണകാലത്ത് ജയയുടെ ഉത്തരവുകൾ എല്ലാം നൽകിയിരുന്നത് ഇവരുടെ പ്രത്യേകിച്ച് ശശികലയുടെ സാന്നിധ്യത്തിലായിരുന്നു. ഇത്തരത്തിൽ അന്നുമുതലേ അപ്രഖ്യാപിത ഇളവരശിയായി ശശികല മാറി. അവരുടെ വാക്കുകൾ ജയയുടേതുപോലെ തന്നെ ആഞ്ജകളായി. ഇതിനോടൊപ്പം ജയ അറിയാതെ തന്നെ പാർട്ടിയിലും നടരാജനും ശശികലയും പിടിമുറുക്കി തുടങ്ങിയിരുന്നു. പാർട്ടിയിൽ പല കേന്ദ്രങ്ങളിലും തങ്ങളുടെ ബന്ധുക്കളെയോ അടുപ്പക്കാരെയോ നിയമിച്ചുകൊണ്ടായിരുന്നു ഇത്. ഇത്തരത്തിലായിരുന്നു മന്നാർഗുഡി സംഘം പാർട്ടിയിലും വേരുകളാഴ്‌ത്തിയത്.

പിന്നീട് ജയയുടെ പേരിലും അല്ലാതെയും ഉയർന്ന ഓരോ അഴിമതിക്കഥകളിലും ഇരുവരുടേയും പങ്ക് വ്യക്തമാണ്. പക്ഷേ, ഇതുസംബന്ധിച്ച ഒരു വിവരവും പുറത്തുവന്നില്ല. 2011ൽ ഈ മന്നാർഗുഡി മാഫിയയിലെ 13 പേരെ ജയലളിത പോയ്‌സ് ഗാർഡനിൽ നിന്ന് പുറത്താക്കുന്നതുവരെ ഇക്കാര്യം ചർച്ചചെയ്യാൻ പോലും തമിഴകം ഭയപ്പെട്ടു. ജയലളിതയെ വിഷംകൊടുത്തുകൊല്ലാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ വരികയും മന്നാർഗുഡി മാഫിയയെ കരുതിയിരിക്കാൻ ഇന്റലിജൻസ് വൃത്തങ്ങൾ തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെയാണ് ഉറ്റതോഴിയെ ഉൾപ്പെടെ ജയ പുറത്താക്കുന്നത്. പക്ഷേ, അപ്പോഴേക്കും പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിൽ വരെ മന്നാർഗുഡി മാഫിയ ആഴത്തിൽ പടർന്നുകഴിഞ്ഞിരുന്നു. ശശികല, നടരാജൻ, ഇവരുടെ ബന്ധുക്കളായ രാവണൻ, വികെ സുധാകരൻ (വളർത്തുപുത്രനായി ജയ കണക്കാക്കിയിരുന്നു), ടിടികെ ദിനകരൻ, നടരാജന്റെ സഹോദരൻ എം രാമചന്ദ്രൻ, ബിസിനസ് പാർട്ണർ ആയിരുന്ന മിഡാസ് മോഹൻ തുടങ്ങിയവരായിരുന്നു പുറത്താക്കപ്പെട്ടത്.

ഇത്തരത്തിൽ വർഷങ്ങളുടെ സൗഹൃദകാലത്തിനിടയ്ക്ക് ജയ അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാത്തപ്പോഴുമെല്ലാം അവരുടെ സ്വത്തും അല്ലാതെ സ്വന്തമായി വെട്ടിപ്പിടിച്ചതുമെല്ലാം ചേർത്ത് വലിയൊരു ബിസിനസ് സാമ്രാജ്യംതന്നെ ശശികല പടുത്തുയർത്തിയിരുന്നു. സംസ്ഥാനത്ത് ഭരണം എങ്ങനെ നടക്കണമെന്നും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുവേണ്ടി ആരൊക്കെ ഭരിക്കണമെന്നും തീരുമാനിക്കുന്നത് ശശികലയെന്ന നിലയിലേക്ക് അവസാനകാലത്ത് കാര്യങ്ങൾ മാറിയിരുന്നു. പാർട്ടി സീറ്റ് നൽകാനും സ്ഥലംമാറ്റങ്ങൾക്കുമായി കോടികൾ വാങ്ങിക്കൂട്ടിയത് ശശികലയായിരുന്നു. പിടിച്ചടക്കുംതോറും കൂടുതൽ വേണമെന്ന നിലയിൽ അവർ പലതും സ്വന്തമാക്കി. ചെന്നൈയിലെ ഇഷ്ടകേന്ദ്രങ്ങളിലെ ബംഗൽവുകളും ഷോപ്പിങ് കോംപൽക്‌സുകളുമെല്ലാം ഭീഷണിപ്പെടുത്തിയും വില നൽകി ഒഴിപ്പിച്ചുമെല്ലാം കൈക്കലാക്കി. തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളിൽ തോട്ടങ്ങളും ഫാംഹൗസുകളും വാങ്ങിക്കൂട്ടി. ഇതിൽ ജയലളിതയുടെ അറിവോടെ നടന്നത് കുറച്ച് ഇടപാടുകൾ മാത്രമാണെന്നത് പാർട്ടിയിലെ പരസ്യമായ രഹസ്യമായിരുന്നു.

വിദേശത്തും സ്വദേശത്തുമായി സഹസ്രകോടികളുടെ നിക്ഷേപം മന്നാർഗുഡി മാഫിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2002ൽ കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൻ ഡിസ്റ്റിലറി തുടങ്ങി. ബിസിനസ് പാർട്ണറുടേതാണെന്നായിരുന്നു പ്രചരണമെങ്കിലും മന്നാർഗുഡി മാഫിയയുടേതാണ് ഡിസ്റ്റിലറിയെന്നത് താമസിയാതെ പരസ്യമായി. തുടർന്ന് ഈ മദ്യവ്യവസായം തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതിനുപുറമെ നിരവധി തിയേറ്റർ കോംപൽക്‌സുകൾ, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി പരസ്യമായും രഹസ്യമായും അവർ ഉണ്ടാക്കിയ ആസ്തികളെപ്പറ്റി ആർക്കും ശരിയായ തിട്ടമില്ല. 5000 കോടിയുടെ ആസ്തി ശശികല ഉണ്ടാക്കിയെന്ന് മാദ്ധ്യമ വാർത്തകൾ വന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് 300 കോടി സീറ്റുവിൽപനയിലൂടെ ശേഖരിച്ചുവെന്നും വാർത്തവന്നു. പക്ഷേ, മന്നാർഗുഡി മാഫിയയുടെ ആസ്തിയെത്രയെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു.

പോയ്‌സ് ഗാർഡനിൽ നിന്ന് പുറത്താക്കുകയും കേസുകളിൽപെടുകയും ചെയ്തതോടെ കാണാതായ നടരാജൻ ഇത്രയും കാലം അജ്ഞാതവാസത്തിലായിരുന്നു. കൂടെ തന്നെ അപായപ്പെടുത്താൻ കരുനീക്കിയെന്ന് ജയ കരുതിയ മാന്നാർഗുഡി മാഫിയയിലെ മറ്റ് അംഗങ്ങളിൽ പലരും. പക്ഷേ, 73 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തമിഴകത്തിന്റെ തലൈവി നാടുനീങ്ങിയപ്പോൾ അവരെല്ലാം ചിത്രത്തിലേക്ക് തിരിച്ചെത്തുന്നു. മാനസപുത്രനായി ജയ കരുതിയ സുധാകരൻ, പോയ്‌സ് ഗാർഡനിലെ സെക്യൂരിറ്റി എസ്‌പിയെന്ന് അറിയപ്പെട്ട ശശികലയുടെ സഹോദരൻ വി ദിവാകരൻ, ശശികലയുടെ ബന്ധുക്കളായ ആർ പി രാവണൻ, ടിവി മഹാദേവൻ, ടി ടി വി ഭാസ്‌കരനും ദിനകരനും, സിനിമാ വ്യവസായം നോക്കുന്ന വിവേദ്, ഡോ. വെങ്കിടേഷ് ഇങ്ങനെ നീളുന്നു മാന്നാർഗുഡി മാഫിയയിലെ അറിയപ്പെടുന്ന കണ്ണികളുടെ നിര.

ഇതിനപ്പുറത്ത് അദൃശ്യമായി കഴിഞ്ഞ മുപ്പതുവർഷക്കാലത്തിനിടെ ശശികലയും നടരാജനും ചേർന്ന് പാർട്ടിയിലും ബിസിനസ് മേഖലയിലും പ്രതിഷ്ഠിച്ച കണ്ണികൾ ഏതെല്ലാമെന്ന് ആർക്കുമറിയില്ല. ഇപ്പോൾ ജയലളിത യാത്രയായതിനു പിന്നാലെ തമിഴകം പിടിച്ചടക്കുന്ന യഥാർത്ഥ അശ്വമേധത്തിന് നടരാജനും ശശികലയും ഇറങ്ങിത്തിരിക്കുമ്പോൾ ചർച്ചയാകുന്നത് ഒരു കാര്യം മാത്രം. ഇവർ പാർട്ടിയെ എവിടെ കൊണ്ടുചെന്നെത്തിക്കും. ദേശീയ തലത്തിൽ, ഡൽഹിയിൽ ഉൾപ്പെട പ്രമുഖരുമായി പരിചയമുള്ള നടരാജനും ശശികലയും നടത്തുന്ന രാഷ്ട്രീയ നീക്കം എന്തായിരിക്കും എന്നത് ഇനി കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP