Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെ ശ്വാസം മുട്ടിച്ചും കഴുത്തുഞെരിച്ചും കൊല്ലുന്നു': ശക്തമായ പ്രതിഷേധം ഉയർത്തി പിണറായി സർക്കാർ; പ്രതികാര മനോഭാവമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള നീക്കമെന്നും ആരോപണം; കെ വി തോമസിന് ഓണറേറിയം നൽകാനാണോ വായ്പ എന്ന് പരിഹസിച്ച് വി മുരളീധരൻ; കേന്ദ്രവും സംസ്ഥാനവും വീണ്ടും ഇടയുന്നു

'സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെ ശ്വാസം മുട്ടിച്ചും കഴുത്തുഞെരിച്ചും കൊല്ലുന്നു': ശക്തമായ പ്രതിഷേധം ഉയർത്തി പിണറായി സർക്കാർ; പ്രതികാര മനോഭാവമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള നീക്കമെന്നും ആരോപണം; കെ വി തോമസിന് ഓണറേറിയം നൽകാനാണോ വായ്പ എന്ന് പരിഹസിച്ച് വി മുരളീധരൻ; കേന്ദ്രവും സംസ്ഥാനവും വീണ്ടും ഇടയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ചതിന് എതിരെ ശക്തമായ പ്രതിഷേധവുമായി എൽഡിഎഫ് സർക്കാർ. അതേസമയം, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അർഹമായത് തരുന്നുണ്ടെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും ശരിവച്ചു. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. 32,440 കോടിരൂപയുടെ കടമെടുപ്പ് പരിധി നേരത്തെ കേന്ദ്രം നിശ്ചയിച്ചെങ്കിലും, 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി. 17,110 കോടിയുടെ കുറവ് ഇതോടെ വരും. കഴിഞ്ഞ വർഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാൽ 7610 കോടിയുടെ കുറവ്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി.

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി

ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനമെന്ന് ബാലഗോപാൽ പറഞ്ഞു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും ധനമന്ത്രി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം.കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്.

ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിത്.

ജനങ്ങളെ കഴുത്ത് ഞെരിച്ചുകൊല്ലുന്നു: മുഹമ്മദ് റിയാസ്

കാസർകോട്ന്മ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ശരിയല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കേന്ദ്ര സർക്കാരിന്റേത് പ്രതികാര മനോഭാവമാണ്. കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അപ്രഖ്യാപിത സാമ്പത്തിക ഉപരോധമെന്ന് ഡിവൈഎഫ്‌ഐ

വയ്‌പ്പ പരിധി വെട്ടിക്കുറയ്ക്കുന്നത് വഴി കേരളത്തെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നീങ്ങുകയാണെന്ന് ഡിവൈഎഫ്‌ഐ. വായ്പാ പരിധി വെട്ടിക്കുറച്ചത് അപ്രഖ്യാപിത സാമ്പത്തിക ഉപരോധമാണെന്നും വർഗീയ രാഷ്ട്രീയത്തിനെതിരെ കേരളം നീങ്ങുന്നതാണ് ഈ വിരോധത്തിന് കാരണമെന്നും വി കെ സനോജ് പറഞ്ഞു

കെ വി തോമസിന് ഓണറേറിയം നൽകാനോ വായ്പ: വി മുരളീധരൻ

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ് കെ വി തോമസിന് ഓണറേറിയം നൽകാനാണോ എന്ന് മുരളീധരൻ പരിഹസിച്ചു. മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗം ബഹിഷ്‌കരിച്ചു. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP