Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യം സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലുമില്ല; താഴെത്തട്ടുവരെ മത പ്രവർത്തന സ്വാതന്ത്ര്യം ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യത്തുമില്ല; മുസ്ലീങ്ങൾ വേട്ടയാടപ്പെടുന്നു എന്ന ആരോപണം തള്ളി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ; കാന്തപുരം വീണ്ടും വേദിയിൽ

ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യം സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലുമില്ല; താഴെത്തട്ടുവരെ മത പ്രവർത്തന സ്വാതന്ത്ര്യം ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യത്തുമില്ല; മുസ്ലീങ്ങൾ വേട്ടയാടപ്പെടുന്നു എന്ന ആരോപണം തള്ളി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ; കാന്തപുരം വീണ്ടും വേദിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യവുമില്ലെന്ന പ്രസ്താവനയുമായി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ. കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണ്. സൗദി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ല. ലോക രാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇവിടെ ദീനി പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ കഴിയുന്ന മറ്റൊരു രാജ്യവുമില്ല. നമ്മുടെ നാട്ടിൽ നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പോലും നടത്താനാകില്ല. സൗദി ആയാലും ഖത്തറായാലും കുവൈറ്റ് ആയാലും ബഹ്‌റൈൻ ആയാലും ഇത് തന്നെയാണ് അവസ്ഥ. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ പരിശോധിച്ചാലും ഇതേ സ്ഥിതിയാണെന്ന് കാണാൻ കഴിയും. നമ്മുടെ രാജ്യത്ത് എവിടെയും പരിപാടികൾ നടത്താൻ കഴിയും. താഴെത്തട്ടുവരെ മത പ്രവർത്തന സ്വാതന്ത്ര്യം ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യത്തുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയും മത പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാവുകയുമാണെന്ന് മറ്റ് മുസ്ലിം സംഘടനകൾ വ്യക്തമാക്കുമ്പോഴാണ് കാന്തപുരം എ പി വിഭാഗം നേതാവിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. സ്വപ്ന നഗരിയിൽ നടന്ന മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരൻ പിള്ള പങ്കെടുത്തതിനെ വരെ വിവിധ മുസ്ലിം സംഘടനകളും ഇടതുപക്ഷ സംഘടനകളും രൂക്ഷമായി വിമർശിച്ചിരുന്നു. മുസ്ലീങ്ങളെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന സംഘപരിവാർ സംഘടനയുടെ നേതാവാണ് ശ്രീധരൻ പിള്ളയെന്നും ഇത്തരമൊരാൾ പരിപാടിയിലേക്ക് വിളിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് എസ് എസ് എഫ് വേദിയിൽ ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യവുമില്ലെന്ന പൊന്മളയുടെ പ്രസ്താവന.

എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കണം. തീവ്രവാദവും, ഭീകരവാദവും ഒന്നിനും പരിഹാരമല്ല അത്തരം വിധ്വംസക പ്രവർത്തനങ്ങളല്ല വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാർത്ഥികളിൽ നിന്നുണ്ടാകേണ്ടത്. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുൻഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി കാന്തപുരം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ. വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന: സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ, ടി കെ അബ്ദുർറഹ്‌മാൻ ബാഖവി, ജാബിർ സഖാഫി പാലക്കാട് സംബന്ധിച്ചു. രിസാലയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ കർണാടക മുൻ മന്ത്രി യു. ടി ഖാദറിന് നൽകി നിർവ്വഹിച്ചു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ഹജജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് സംസ്ഥാന ജന: സെക്രട്ടറി സി. എൻ ജഅ്ഫർ സംസാരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറു മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ നടക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖരാണ് സംബന്ധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP