Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ; ഗാംഗുലിക്ക് ഇപ്പോൾ സ്ഥാനമാനങ്ങളില്ല; ഷായുടെ മകൻ ഇപ്പോഴും ബിസിസിഐയിൽ'; ഐസിസിയിലേക്ക് ഗാംഗുലിയെ അയക്കണമെന്ന് മോദിയോട് മമതാ ബാനർജി

'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ; ഗാംഗുലിക്ക് ഇപ്പോൾ സ്ഥാനമാനങ്ങളില്ല; ഷായുടെ മകൻ ഇപ്പോഴും ബിസിസിഐയിൽ'; ഐസിസിയിലേക്ക് ഗാംഗുലിയെ അയക്കണമെന്ന് മോദിയോട് മമതാ ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ സൗരവ് ഗാംഗുലിക്ക് അവസരം നൽകാത്തതിൽ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോശമായ രീതിയിലാണ് ഗാംഗുലി ഒഴിവാക്കപ്പെട്ടത്. ഗാംഗുലിക്ക് രണ്ടാമതൊരു അവസരം നൽകാതെ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് വീണ്ടും അവസരം നൽകിയതിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് മമതാ ബാനർജി വിമർശിച്ചു.

ഗാംഗുലിക്ക് സ്ഥാനമാനങ്ങൾ നഷ്ടമായെന്നും, ഗാംഗുലിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലേക്ക് (ഐസിസി) അയയ്ക്കണമെന്നും മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഗാംഗുലിയെ അകാരണമായി പുറത്താക്കിയതാണെന്നു മുഖ്യമന്ത്രി ആരോപിച്ചു.

''ഗാംഗുലിക്ക് ഇപ്പോൾ സ്ഥാനമാനങ്ങളില്ല. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? എനിക്ക് വിഷമം തോന്നുന്നു. സത്യത്തിൽ ഈ സംഭവങ്ങളെല്ലാം എന്നെ ഞെട്ടിച്ചു. ഗാംഗുലി വളരെ പ്രശസ്തനായ വ്യക്തിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. രാജ്യത്തിനായി അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബംഗാളിന്റെ മാത്രമല്ല, ഇന്ത്യയുടെതന്നെ അഭിമാനമാണ്. ഇത്തരത്തിൽ തീർത്തും മോശമായ രീതിയിൽ ഗാംഗുലിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?'' കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

''എനിക്ക് പ്രധാനമന്ത്രിയോട് ഒരു അഭ്യർത്ഥനയുണ്ട്. ഗാംഗുലിയുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തണം. അദ്ദേഹത്തെ ഐസിസിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണം'' മമത പറഞ്ഞു.

ഗാംഗുലിക്ക് രണ്ടാം ടേം നിഷേധിക്കുന്നതിന് പിന്നിൽ ബിജെപിയാണെന്ന് നേരത്തെ തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷും ആരോപിച്ചിരുന്നു. ഗാംഗുലി ബിജെപിയിൽ അംഗത്വമെടുക്കാത്തതിനാൽ അദ്ദേഹത്തെ വീണ്ടും ബി.സി.സിഐ പ്രസിഡന്റായി പരിഗണിക്കുകയില്ലെന്നും അമിത്ഷായുടെ മകൻ ജയ് ഷായ്ക്ക് വീണ്ടും ബി.സി.സിഐ സെക്രട്ടറിയായി സ്ഥാനം ലഭിക്കുമ്പോൾ ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നത് ബിജെപിയുടെ കളിയാണെന്നും ഘോഷ് ആരോപിച്ചിരുന്നു.

ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ താരമായ റോജർ ബിന്നി ബി.സി.സിഐ പ്രസിഡന്റാകുമെന്നാണ് സൂചന. അതേസമയം, ഒക്ടോബർ 20-നാണ് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. ബിസിസിഐ പിന്തുണയുണ്ടെങ്കിൽ ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

3 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഗാംഗുലിക്ക്, ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധിക്കാതെ പോയത് ബിജെപി നേതൃത്വത്തിന്റെ അപ്രീതി മൂലമാണെന്ന അഭ്യൂഹം ശക്തമാണ്. ഇടക്കാലത്ത് ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിലായിരുന്ന ഗാംഗുലി, പിന്നീട് മമതാ ബാനർജിയുമായി അടുത്തത് ബിജെപിക്ക് രസിച്ചില്ല. ഇതിനിടെയാണ് ഗാംഗുലിയെ പിന്തുണച്ച് മമത രംഗത്തെത്തിയത്. ഗാംഗുലിക്കു പകരം മുൻ ഇന്ത്യൻ താരം റോജർ ബിന്നി ബിസിസിഐ പ്രസിഡന്റാകുമെന്നാണ് റിപ്പോർട്ട്.

ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് സ്ഥാനം നഷ്ടമായെങ്കിലും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തു തുടരും. ''ഗാംഗുലിക്കും ജയ് ഷായ്ക്കും ബിസിസിഐ നേതൃത്വത്തിൽ തുടരുന്നതിന് കോടതി പോലും അനുമതി നൽകിയിരുന്നു. എന്നിട്ട് സംഭവിച്ചതോ? ഗാംഗുലി പുറത്തായിട്ടും അമിത് ഷായുടെ മകൻ തുടരുന്നു. എനിക്ക് ജയ് ഷായുമായി യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, എന്തുകൊണ്ടാണ് ഗാംഗുലിയെ ഒഴിവാക്കിയത് എന്നാണ് സംശയം. തീർത്തും മോശമായ രീതിയിലാണ് അവർ ഗാംഗുലിയെ തഴഞ്ഞത്. ഇനി പരിഹാരമാർഗമായി ഐസിസി മാത്രമേയുള്ളൂ. മറ്റുള്ളവർ ബിസിസിഐയിൽനിന്ന് ഐസിസിയിലേക്ക് പോയിട്ടുണ്ട്' മമത ചൂണ്ടിക്കാട്ടി.

''ഗാംഗുലിയുടെ കാര്യത്തിൽ പ്രതികാരമോ രാഷ്ട്രീയമോ കലർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ദയവു ചെയ്ത് ക്രിക്കറ്റും സ്‌പോർട്‌സും മുൻനിർത്തി മാത്രം തീരുമാനങ്ങളെടുക്കുക.'' മമത പറഞ്ഞു. അതേസമയം, ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞ സ്ഥിതിക്ക് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗാംഗുലി. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കണമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പിന്തുണ അനിവാര്യമാണ്. ബിസിസിഐയ്ക്കുള്ളിൽ ഗാംഗുലിക്കുള്ള പിന്തുണ എത്രത്തോളമുണ്ട് എന്നതനുസരിച്ചാകും ഇക്കാര്യത്തിലെ നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP