Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഖിലേഷിന്റെ ഭാര്യയുടെ ഫോണിൽ പാതിരാത്രി വിളിച്ച് പ്രശാന്ത് കിഷോറുമായി സംസാരിക്കണമെന്ന് അപേക്ഷിച്ച് പ്രിയങ്ക; തന്റെ വിലയറിയാതെ ശിങ്കിടികളെ അയച്ച് സഖ്യമുണ്ടാക്കാൻ ശ്രമിച്ച രാഹുലിനും പ്രിയങ്കയ്ക്കും വഴങ്ങാതെ യുപി മുഖ്യമന്ത്രി; ഒടുവിൽ സോണിയ നേരിട്ട് ഇടപെട്ട് യുപിയിൽ എസ്‌പി-കോൺഗ്രസ് സഖ്യമുണ്ടാക്കിയത് ഇങ്ങനെ

അഖിലേഷിന്റെ ഭാര്യയുടെ ഫോണിൽ പാതിരാത്രി വിളിച്ച് പ്രശാന്ത് കിഷോറുമായി സംസാരിക്കണമെന്ന് അപേക്ഷിച്ച് പ്രിയങ്ക; തന്റെ വിലയറിയാതെ ശിങ്കിടികളെ അയച്ച് സഖ്യമുണ്ടാക്കാൻ ശ്രമിച്ച രാഹുലിനും പ്രിയങ്കയ്ക്കും വഴങ്ങാതെ യുപി മുഖ്യമന്ത്രി; ഒടുവിൽ സോണിയ നേരിട്ട് ഇടപെട്ട് യുപിയിൽ എസ്‌പി-കോൺഗ്രസ് സഖ്യമുണ്ടാക്കിയത് ഇങ്ങനെ

ന്യൂഡൽഹി: ഒടുവിൽ യുപിയിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റുധാരണയിലെത്തി. പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ഇന്ന് പ്രഖ്യാപിക്കും. ഇതോടെ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉറപ്പായി.

സീറ്റു ധാരണപ്രകാരം കോൺഗ്രസ് 105 സീറ്റിൽ മത്സരിക്കും. ശേഷിക്കുന്ന 298 സീറ്റുകളിലും എസ്‌പി മത്സരിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട പ്രിയങ്കയും രാഹുലും ചേർന്ന് നടത്തിയ ഇടപെടലുകളിൽ തൃപ്തിയില്ലാതെ അഖിലേഷ് ചർച്ചയ്ക്കില്ലെന്ന ഘട്ടംവരെ എത്തിയതോടെ പുതിയ മുന്നണിയുണ്ടാകുമോ എന്ന കാര്യത്തിൽ കുറച്ചുദിവസമായി അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതോടെ ഏകപക്ഷീയമായി സമാജ് വാദി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന നിലയിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു. എന്നാൽ പ്രശ്‌നപരിഹാരത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് പ്രതിസന്ധിയിലായ സഖ്യചർച്ചകൾക്ക് വീണ്ടും ജീവൻവച്ചതും ധാരണയിലെത്തിയതും.

മുഖ്യമന്ത്രി അഖിലേഷുമായി ടെലിഫോണിൽ സംസാരിച്ച സോണിയ സീറ്റ് ചർച്ചകൾക്കായി അഹമ്മദ് പട്ടേലിനെ നിയോഗിക്കുകയും ചെയ്തു. 110 സീറ്റ് വേണമെന്ന നിലപാടിൽ കോൺഗ്രസും 99 ൽ കൂടുതൽ നൽകില്ല എന്ന നിലപാടിൽ അഖിലേഷും നിന്നതോടെയാണ് സഖ്യചർച്ച വഴിമുട്ടിയതെന്നാണ് കോൺഗ്രസ് പറയുന്നത്. ഇതിൽ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇരു സംഖ്യകൾക്കുമിടയ്ക്ക് 105 എന്ന സീറ്റിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മഞ്ഞുരുകിയത്.

എന്നാൽ ഇതായിരുന്നില്ല യഥാർത്ഥ പ്രശ്‌നമെന്നും രാഹുലും പ്രിയങ്കയും അഖിലേഷിനെ വിലകുറച്ചുകണ്ടതാണ് പ്രശ്‌നമായതെന്നും റിപ്പോർട്ടുകളുണ്ട്. അഖിലേഷുമായി സ്വയം ചർച്ചയ്ക്ക് ഇരുവരും മുന്നോട്ടുവന്നില്ല. മാത്രമല്ല, സംസ്ഥാനത്തെയോ കേന്ദ്രത്തിലേയോ സീനിയർ കോൺഗ്രസ് നേതാക്കളെ നിയോഗിച്ചതുമില്ല.

പകരം പാർട്ടിയിൽ ആരുമല്ലാത്ത തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിനേയും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ധീരജ് ശ്രീവാസ്തവയേയുമാണ് രാഹുലും പ്രിയങ്കയും ചേർന്ന് അഖിലേഷുമായി ചർച്ചയ്ക്ക് നിയോഗിച്ചത്. ഇരുവരും ചർച്ച നടത്തിയെങ്കിലും തങ്ങളെ വിലകുറച്ച് കാണുകയാണ് കോൺഗ്രസ് എന്ന മനസ്സിലാക്കിയതോടെ അഖിലേഷ് സഖ്യത്തിനില്ല എന്ന നിലപാടിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് പിന്നാമ്പുറ കഥകൾ.

ഇതോടെ അപകടം മണത്ത രാഹുലും പ്രിയങ്കയും അഖിലേഷനിനെ വെള്ളിയാഴ്ച രാത്രി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവിന്റെ ഫോണിലേക്ക് വിളിച്ച് പ്രിയങ്ക അഖിലേഷുമായി സംസാരിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. അങ്ങനെയാണ് പ്രശാന്ത് കിഷോറുമായി സംസാരിക്കാമെന്ന് അഖിലേഷ് സമ്മതിച്ചത്.

പക്ഷേ, അപ്പോഴും സീനിയർ നേതാക്കളെ ആരെയും കോൺഗ്രസ് ഇതിനായി നിയോഗിക്കാത്തതിൽ അഖിലേഷ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് സഖ്യം വേണ്ടെന്ന നിലയിലേക്ക് സമാജ് വാദി പാർട്ടി ചിന്തിച്ചുതുടങ്ങിയത്. യുപിയിലെ രാഷ്ട്രീയത്തിൽ അതിശക്തനാണ് അഖിലേഷ് എന്ന് മനസ്സിലാക്കാൻ പോലും പ്രിയങ്കയ്ക്കും രാഹുലിനും കഴിയാതെ പോയെന്നാണ് ഇതോടെ വിലയിരുത്തപ്പെട്ടത്. തുടർന്നാണ് പ്രശ്‌നപരിഹാരത്തിന് സാക്ഷാൽ കോൺഗ്രസ് അധ്യക്ഷ തന്നെ രംഗത്തിറങ്ങേണ്ടിവന്നതും മുന്നണിയുണ്ടാക്കാൻ അഖിലേഷ് സമ്മതം മൂളിയതുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തേ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിന്റെ ചില സിറ്റിങ് സീറ്റുകളിൽ എസ്‌പി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സഖ്യം ഉണ്ടായേക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. തുടർന്നാണ് രണ്ടാം നിരനേതാക്കൾക്ക് പകരം സോണിയ നേരിട്ട് ചർച്ചകൾക്ക് അഹമ്മദ് പട്ടേലിനെ നിയോഗിക്കുകയും സഖ്യം യാഥാർഥ്യമായതും. ധാരണ അനുസരിച്ച് പ്രഖ്യാപിച്ച ചില സ്ഥാനാർത്ഥികളെ മാറ്റി അവ കോൺഗ്രസിന് നൽകാൻ എസ്‌പി തയാറാകുമെന്നാണ് റിപ്പോർട്ട്. 403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ ഏഴു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 11 നാണ് തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP