Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഒന്നുങ്കിൽ കോവിഡ് സാഹചര്യം മെച്ചപ്പെടണം; അതല്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ മനസ്സ് മാറണം; രണ്ടും സംഭവിച്ചില്ലെങ്കിൽ കോൺഗ്രസിന് പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവില്ല; ഓഗസ്റ്റ് 10 ന് കാലാവധി തീരുന്ന ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി തന്നെ തൽക്കാലം തുടരും; മടങ്ങിവരണമെന്ന മുറവിളികൾക്ക് കാതുകൊടുക്കാതെ രാഹുലും; സോണിയയുടെ മേൽ അനിശ്ചിതകാലത്തേക്ക് അദ്ധ്യക്ഷപദവിയുടെ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ശശി തരൂർ; പ്രതിസന്ധിയിൽ വഴി കാണാതെ ഹൈക്കമാൻഡും

ഒന്നുങ്കിൽ കോവിഡ് സാഹചര്യം മെച്ചപ്പെടണം; അതല്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ മനസ്സ് മാറണം; രണ്ടും സംഭവിച്ചില്ലെങ്കിൽ കോൺഗ്രസിന് പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവില്ല; ഓഗസ്റ്റ് 10 ന് കാലാവധി തീരുന്ന ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി തന്നെ തൽക്കാലം തുടരും; മടങ്ങിവരണമെന്ന മുറവിളികൾക്ക് കാതുകൊടുക്കാതെ രാഹുലും; സോണിയയുടെ മേൽ അനിശ്ചിതകാലത്തേക്ക് അദ്ധ്യക്ഷപദവിയുടെ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ശശി തരൂർ; പ്രതിസന്ധിയിൽ വഴി കാണാതെ ഹൈക്കമാൻഡും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോൺഗ്രസിന് പുതിയ പ്രസിഡന്റിനെ കണ്ടെത്താനാവാതെ പാർട്ടി നേതൃത്വം ഉഴറുന്നു. ഇടക്കാല അദ്ധ്യക്ഷ പദവിയിൽ സോണിയ തുടരുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചതോടെ ഇക്കാര്യത്തിൽ നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു. സോണിയ അദ്ധ്യക്ഷ പദവിയിൽ തുടരുമെന്ന് പാർട്ടി വക്താവ് അഭിഷേക് സിങ്വിയാണ് ഓൺലൈൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഓഗസ്റ്റ് 10 തിങ്കളാഴ്ച സോണിയ ഇടക്കാല അദ്ധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കുമെങ്കിലും, ആ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് അർത്ഥമില്ല. സോണിയയാണ് അദ്ധ്യക്ഷ. ശരിയായ നടപടിക്രമത്തിലൂടെ അധികം വൈകാതെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന വരെ അവർ തുടരും. കോൺഗ്രസ് പ്രവർത്തക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

അദ്ധ്യക്ഷനെയോ അദ്ധ്യക്ഷയയോ തിരഞ്ഞെടുക്കേണ്ട പ്രക്രിയ എങ്ങനെ വേണമെന്ന് കോൺഗ്രസ് ഭരണഘടനയിൽ വ്യക്തമായി എഴുതി വച്ചിട്ടുണ്ടെന്നും അത് കൃത്യമായി പിന്തുടരുമെന്നും സിങ്വി പറഞ്ഞു. ഇക്കാര്യത്തിൽ ഉടൻ അറിയിപ്പുണ്ടാകും. സോണിയയുടെ കാലാവധി നാളെ അവസാനിക്കുമോ, അതോ ഇടക്കാല അദ്ധ്യക്ഷ തുടരുനനതിന് കാലാവധിയില്ലേ തുടങ്ങിയ ചോദ്യങ്ങൾക്ക് ഒരുരാഷ്ട്രീയ പാർട്ടിയും അത്തരമൊരു ശൂന്യത അനുവദിക്കില്ലെന്ന് സിങ് വി പറഞ്ഞു. ഓഗസ്റ്റ് 10 അർദ്ധരാത്രി കോൺഗ്രസ് നാഥനില്ലാതെയാകുമെന്ന് ആരെങ്കിലും പറഞ്ഞാൽ, അതൊരു ഉചിതമായ വ്യാഖ്യാനം ആയിരിക്കില്ലെന്നും സിങ്വി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതിനെ തുടർന്ന് അനിശ്ചിതത്വം രൂപപ്പെട്ടപ്പോഴാണ് സോണിയ ഗാന്ധി ആ ചുമതല താൽക്കാലികമായി ഏറ്റെടുത്തത്.

അതേസമയം, സോണിയ ഇടക്കാല അദ്ധ്യക്ഷയായതോടെ, പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തിരക്ക് കൂട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. രാഹുൽ ഗാന്ധി തന്നെ വീണ്ടും ഈ ജോലി ഏറ്റെടുക്കാൻ മനസ്സ് കാട്ടുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും. എന്നാൽ, കോൺഗ്രസ് എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തിൽ രാഹുൽ തന്റെ ആശയങ്ങൾ ഇതുവരെ മാറ്റിയിട്ടുമില്ല. കോൺഗ്രസ് സംവിദാനത്തിലും തിരഞ്ഞെടുപ്പിലും കാര്യമായ അഴിച്ചുപണി വരാതെ ഇക്കാര്യം ആലോചിക്കാനാവില്ലെന്നാണ് രാഹുലിന്റെ വാദം.

ഒരുപാർട്ടി തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ, കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. അത് ഇതുവരെ ഉണ്ടായിട്ടില്ല.എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും ഈ പ്രക്രിയയിൽ പങ്കാളികളാകണം. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ കാര്യങ്ങളും മുടങ്ങിക്കിടക്കുകയാണ്.

കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെടുകയോ രാഹുൽ മനസ് മാറ്റുകയോ ചെയ്തില്ലെങ്കിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉടൻ തിരഞ്ഞെടുപ്പുണ്ടാവില്ല. ഏതായാലും തൽക്കാലം സോണിയ തന്നെ തുടരട്ടെ എന്നാണ് നേതാക്കളെല്ലാം ചിന്തിക്കുന്നത്.

സോണിയയെ ഇനി ബുദ്ധിമുട്ടിക്കരുത്: ശശി തരൂർ

കോൺഗ്രസിന് ഒരു പുതിയ മുഴുവൻസമയ അധ്യക്ഷനെ കണ്ടത്തേണ്ടതുണ്ടെന്ന് ശശി തരൂർ എംപി. പാർട്ടിക്ക് നായകനില്ല എന്ന വിമർശത്തിന് മറുപടി നൽകാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയിൽ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവർഷം പൂർത്തിയാക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം.

ഇടക്കാല അധ്യക്ഷ പദവിയുടെ ഭാരം സോണിയയെ അനിശ്ചിതകാലത്തേക്ക് ഏൽപ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താൻ കരുതുന്നത്. എന്നാൽ പാർട്ടി അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല. അതിനാൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വർഷം താൻ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അവർ അനിശ്ചിത കാലത്തേക്ക് ഭാരം ചുമക്കണമെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുത്തതിനിടെയാണ് തരൂർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP