Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മറാത്തയുടെ മണ്ണിൽ ത്രികക്ഷി സഖ്യം അധികാരമേറ്റു; ദാദറിലെ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയത് പതിനായിരങ്ങൾ; താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് അധികാരമേൽക്കുന്നത് കാണാൻ എത്തിയത് പവാറും അഹമ്മദ് പട്ടേലും ഫട്‌നാവിസും ഉൾപ്പെടെ നിരവധി പ്രമുഖർ

മറാത്തയുടെ മണ്ണിൽ ത്രികക്ഷി സഖ്യം അധികാരമേറ്റു; ദാദറിലെ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയത് പതിനായിരങ്ങൾ; താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് അധികാരമേൽക്കുന്നത് കാണാൻ എത്തിയത് പവാറും അഹമ്മദ് പട്ടേലും ഫട്‌നാവിസും ഉൾപ്പെടെ നിരവധി പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ സമാനതകൾ ഏതുമില്ലാത്ത സഖ്യസർക്കാരിന്റെ തലവനായി ദാദറിലെ ശിവജി പാർക്കിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ശിവസേന തലവൻ ഉദ്ധവ് താക്കറെ അധികാരമേറ്റു. ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.ഛഗൻ ഭുജ്പാൽ, ഏക്‌നാഥ് ഷിൻഡെ, ജയന്ത് പാട്ടീൽ, സുഭാഷ് ദേശായി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഇന്ന് രാത്രി എട്ട് മണിക്ക് മന്ത്രിസഭയുടെ ആദ്യ യോഗം ചേരും. ജനപ്രിയ പ്രഖ്യാപനങ്ങൾ ആദ്യ മന്ത്രിസഭയിൽ തന്നെ ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഡിസംബർ 3ന് മുൻപായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം. 166 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഖാഡിയിൽനിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോശ്യാരി ഉദ്ധവ് താക്കറെയെ ക്ഷണിച്ചിരുന്നു. ഉദ്ധവ് മഹാരാഷ്ട്ര അസംബ്ലിയിലോ കൗൺസിലിലോ അംഗമല്ലാത്തതിനാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനുള്ളിൽ ഇതിലേതെങ്കിലും ഒരു സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.

എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ, സഞ്ജയ് റാവത്ത്, നേതാക്കളായ അഹമ്മദ് പട്ടേൽ, അശോക് ചവാൻ, എംഎൻഎസ് നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ ആനന്ദ് അംബാനി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, ടി.ആർ.ബാലു തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.

ശിവസേനയും എൻസിപിയും കോൺഗ്രസും ഉൾപ്പെട്ട ത്രികക്ഷി സഖ്യത്തിന്റെ പ്രതിനിധിയായാണ് ഉദ്ധവ് താക്കറെ(59) മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. രാഷ്ട്രീയക്കാരൻ എന്നതിലുപരി മുംബെയെ ഒരു കാലത്ത് ഞെട്ടിച്ചിരുന്ന സാക്ഷാൽ ബാൽ താക്കറെയ്ക്ക് പോലും എത്തിപ്പിടിക്കാനാകാതിരുന്ന നേട്ടത്തിലേക്കാണ് മകൻ ഉദ്ധവ് താക്കറെ ഇന്ന് എത്തിച്ചേർന്നിരിക്കുന്നത്. 1966ൽ ബാൽതാക്കറെ ശിവസേന രൂപീകരണ പ്രഖ്യാപനം നടത്തിയ അതേ ശിവാജി പാർക്കിൽ വച്ച് ഇത്രയും കാലം ശത്രുമായി കണ്ട കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറുന്നു എന്നതും ശ്രദ്ധേയം.

1960 ജൂലൈ 27-ന് ബാൽ താക്കറെയുടെയും മീനയുടെ മൂന്നാമത്തെ മകനായാണ് ഉദ്ധവ് ജനിച്ചത്. ജെജെ സ്‌കൂൾ ഓഫ് ആട്‌സിൽ നിന്നും ബിരുദമെടുത്ത ഉദ്ധവിന് രാഷ്ട്രീയത്തേക്കാൾ താൽപര്യം ഏരിയൽ, വന്യ ജീവി ഫോട്ടോഗ്രഫിയിലായിരുന്നു താൽപര്യം. ബിജെപി- സേന സഖ്യ സർക്കാരിന്റെ കാലത്താണ് ഉദ്ധവ് പാതാവിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 2003ൽ സേനയുടെ വർക്കിം പ്രസിഡന്റായി ഉദ്ധവ് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ സാക്ഷാൽ താക്കറെ പാർട്ടി ചുമതലകളിൽ നിന്നും സ്വയം പിന്മാറി. ഇതിനിടെ ഉദ്ധവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന സഹോദരൻ രാജ് താക്കറെ പാർട്ടിയിലെ വിമതനായി. പിന്നീട് മഹാരാഷ്ട്ര നവ നിർമ്മാണ സേന രൂപീകരിച്ച് പുറത്തു പോകുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലി ശിവസേന മുന്നണി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ബിജെപി, എൻസിപി നേതാവ് അജിത് പവാറിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും എൻസിപി എംഎൽഎമാർ ഒപ്പമില്ലാത്തതിനാൽ പിന്നീട് രാജിവെക്കുകയായിരുന്നു. ഭൂരിപക്ഷമില്ലാത്ത സർക്കാരാണ് എന്ന് കാട്ടി ശിവസേനയും എൻസിപിയും കോൺഗ്രസും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസും രാജിവയ്ക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിലായിരുന്നു ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും ശിവസേന വിലപേശിയത് ഉറപ്പുനൽകാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്നാവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിജയിച്ചത് പവാറിന്റെ ഇച്ഛാശക്തി

23 ന് പുലർച്ചെ രാഷ്ട്രീയ രംഗത്തെയാകെ ഞെട്ടിച്ചു കൊണ്ടു എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയപ്പോൾ സംശയത്തിന്റെ മുന നീണ്ടതു മുഴുവൻ ശരദ് പവാറിനു നേരെയായിരുന്നു. ശരദ് പവാറിന്റെ അറിവോടെയാണ് സഹോദരപുത്രനായ അജിത് പവാർ ബിജെപിക്കു പിന്തുണ നൽകിയതെന്നു കോൺഗ്രസ് പോലും സംശയിച്ചു.

 പവാർ അറിയാതെ എൻസിപിയിൽ ഒന്നും നടക്കില്ലെന്നും മഹാരാഷ്ട്ര നേതാക്കൾ അടക്കം പറഞ്ഞു. സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന നാളുകളിൽ മഹാരാഷ്ട്രയിലെ കർഷക വിഷയങ്ങൾ ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാർ കൂടിക്കാഴ്ച നടത്തിയതും സംശയങ്ങൾ ബലപ്പെടുത്തി.

എന്നാൽ പിന്നീടു കണ്ട കാഴ്ചകൾ ശരദ് പവാർ എന്ന ഇരുത്തം വന്ന ജനനേതാവിന്റെ വിശ്വാസ്യതയുടെ നേർസാക്ഷ്യമായി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ഒരു കാരണവശാലും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും സംശയത്തിനിടയില്ലാതെ പവാർ തുറന്നടിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കൊപ്പം പത്രസമ്മേളനം നടത്തി ശരദ് പവാർ തന്റെ നിലപാട് തറപ്പിച്ച് പറഞ്ഞു.

അജിത് പവാറിനൊപ്പം പോയ എംഎൽഎമാരെ സ്വന്തം പാളയത്തിൽ തിരിച്ചെത്തിക്കാൻ പവാർ കാട്ടിയ രാഷ്ട്രീയതന്ത്രജ്ഞതയും ബിജെപിയുടെ നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായി. നേതാവ് ശരദ് പവാർ തന്നെയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അജിത് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചതെന്നും എംഎൽഎമാർ പറഞ്ഞു. ഒടുവിൽ ബിജെപിയെ പിന്തുണച്ച് ഡൽഹിക്കു പോയ നാല് എംഎൽഎമാരെ എൻസിപിയുടെ യുവജനവിഭാഗം നേതാക്കളെ വിട്ടു മുംബൈയിൽ തിരിച്ചെത്തിക്കാനും പവാറിനു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP