Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓപ്പറേഷൻ ലോട്ടസ് ജയിച്ചു; മധ്യപ്രദേശിന് ഇനി ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി; ബിജെപിയുടെ അടുത്ത നോട്ടം ജാർഖണ്ഡ്‌; കോൺ​ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം ഇനി വെറും അഞ്ച് കൈപ്പാടകലെ

ഓപ്പറേഷൻ ലോട്ടസ് ജയിച്ചു; മധ്യപ്രദേശിന് ഇനി ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി; ബിജെപിയുടെ അടുത്ത നോട്ടം ജാർഖണ്ഡ്‌; കോൺ​ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം ഇനി വെറും അഞ്ച് കൈപ്പാടകലെ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: രാജ്യം കൊറോണ ഭീതിയിൽ വിറങ്ങലിച്ച നിൽക്കുമ്പോഴും ബിജെപിയുടെ കോൺ​ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനായുള്ള പരിശ്രമം മുന്നേറുന്നു. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കിയ ബിജെപി ഇന്നലെ രാത്രിയിൽ തന്നെ സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്തു. മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാൻ തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. കോൺ​ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യംപൂർണമാകാൻ ഇനി രാജ്യത്ത് അവശേഷിക്കുന്നത് കോൺ​ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും മാത്രമാണ് ഉള്ളത്. ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് കോൺ​ഗ്രസ് ഭരണപക്ഷത്തുള്ളത്.

രാജ്ഭവനിൽ ഗവർണർ ലാൽജി ടണ്ഠനുമുമ്പാകെയാണ് ശിവരാജ് സിങ് ചൗഹാൻ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മുഖ്യമന്ത്രി ഉടൻ ചുമതലയേൽക്കണമെന്ന ബിജെപി. തീരുമാനപ്രകാരമാണ് അടിയന്തരമായി സത്യപ്രതിജ്ഞ നടന്നത്. മറ്റുമന്ത്രിമാരാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ബിജെപി.യെ അധികാരത്തിലെത്തിക്കാനുള്ള ചരടുവലികൾക്കു ചുക്കാൻ പിടിച്ച മുന്മന്ത്രി നരോത്തം മിശ്ര, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരെ പിന്തള്ളിയാണ് ചൗഹാനെ പാർട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ചത്. നാലാംതവണയാണ് ശിവരാജ് സിങ് ചൗഹാൻ സംസ്ഥാനത്ത് സർക്കാറിന് നേതൃത്വം കൊടുത്തത്. രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എംഎൽഎ.മാർ കൂട്ടത്തോടെ പാർട്ടി വിട്ടതാണ് 15 മാസം പ്രായമുള്ള കോൺഗ്രസ് മന്ത്രിസഭ നിലംപതിക്കാൻ കാരണം.കൊറോണ ഭീതിക്കിടയിൽ തിങ്കളാഴ്ച വൈകീട്ടു ചേർന്ന ബിജെപി. നിയസഭാകക്ഷിയോഗം ചൗഹാനെ പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപതിച്ചതോടെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ കോൺഗ്രസ് മുക്ത ഭാരതത്തിന് ഇനി നാല് സംസ്ഥാനങ്ങളിലെ ഭരണം കൂടി മാത്രമാണ് നഷ്ടപ്പെടുത്തേണ്ടത്. നിലവിൽ അഞ്ച് ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ഭരണപക്ഷത്തുള്ളത്. മധ്യപ്രദേശിലെ സർക്കാരിന് ഇന്ന് ഇരുട്ടിവെളുക്കുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അതിന് ശേഷം രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള കരുക്കളാകും ബിജെപി നീക്കുക.

അടുത്ത ലക്ഷ്യം ജാർഖണ്ഡ്

ഝാർഖണ്ഡിൽ ആകെയുള്ള 81 സീറ്റുകളിൽ 47 ഇടത്തും കോൺ​ഗ്രസ് പങ്കാളികളായുള്ള മഹാസഖ്യമാണ് വിജയിച്ചത്. 30 സീറ്റുകളുമായി കോൺ​ഗ്രസ് സഖ്യകക്ഷിയായ ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്–16, ആർജെഡി–1 എന്നിങ്ങനെയാണ് ഝാർഖണ്ഡിലെ സീറ്റുനില. ബിജെപിക്ക് 25 സീറ്റ് മാത്രമാണു ലഭിച്ചത്. കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ സഹായിച്ച എജെഎസ്‌യു ഇത്തവണ രണ്ട് സീറ്റിലൊതുങ്ങി. ജെവി എം(പി)– 3, എൻസിപി 1, സിപിഐഎംഎൽ–1, സ്വതന്ത്രർ–2 എന്നിങ്ങനെയാണ് നിയമസഭയിലെ അം​ഗബലം.

ജെഎംഎം നേതാവ് ഹേമന്ത് സോറനാണ് മുഖ്യമന്ത്രി. ഇവിടെ ഭരണം പിടിക്കാൻ എളുപ്പമാണെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ജെഎംഎം പിളർത്തിയോ കോൺ​ഗ്രസ് എംഎൽഎമാരെ അപ്പാടെ തങ്ങളുടെ ചേരിയിൽ എത്തിച്ചോ ഉള്ള കരുനീക്കമാകും ബിജെപി ഇവിടെ പയറ്റുക. കോൺ​ഗ്രസിനെ സമ്പൂർണായും തകർക്കുക എന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകുക എന്നതുകൊണ്ട് തന്നെ കോൺ​ഗ്രസ് എംഎൽഎമാരെ പൂർണമായും തങ്ങളുടെ പാളയത്തിൽ എത്തിച്ച് അധികാരം പിടിക്കാനായാൽ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് എംഎൽഎമാർ അയോ​ഗയരാകില്ല എന്ന നേട്ടവും ഉണ്ട്.

ശിവരാജ് സിങ് ചൗഹാന് മുന്നിലുള്ളത് വലിയ വെല്ലുവിളി

കൊറോണ പടരുന്നത് നിയന്ത്രിക്കുക എന്നതാണ് പുതിയ മുഖ്യന്ത്രിയുടെ അടിയന്തരദൗത്യം. അതുകഴിഞ്ഞാൽ, സംസ്ഥാന നിയമസഭയിലെ ഒഴിഞ്ഞുകിടക്കുന്ന 25 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ പരമാവധി ജയംനേടി അധികാരത്തിൽ തുടരുക എന്ന ഉത്തരവാദിത്വമുണ്ട്. ജനകീയനെന്നു പേരുമയിള്ള ചൗഹാനെ അനുയായികൾ ’മാമാജി’യെന്നാണു വിളിക്കാറ്. 2005-ൽ ഉമാഭാരതി കലാപക്കേസിന്റെ പേരിൽ രാജിവെച്ചൊഴിഞ്ഞപ്പോഴാണ് ചൗഹാൻ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2008-ലും 2013-ലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചു.

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 കോൺഗ്രസ് എംഎൽഎ.മാർ പാർട്ടിവിട്ടതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ പുറത്താവുകയായിരുന്നു. സിന്ധ്യയും ഒപ്പംപോയ എംഎൽഎ.മാരും ബിജെപി.യിൽ ചേരുകയും ചെയ്തു. എംഎൽഎ.മാർ രാജിവെച്ചതോടെ നിയസഭയുടെ അംഗസംഖ്യ 230-ൽനിന്ന് 222 ആയിക്കുറഞ്ഞു. 107 അംഗങ്ങളുള്ള ബിജെപി. കേലവഭൂരിപക്ഷത്തിലും മൂന്നുസീറ്റു കൂടുതലുള്ളതിന്റെ പിൻബലത്തിൽ ഭരണത്തിലേറിയത്.

92 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ബി.എസ്‌പി.ക്ക് രണ്ടും എസ്‌പി.ക്ക് ഒന്നും സീറ്റുവീതമുണ്ട്. ഇവരും നാലു സ്വതന്ത്രരും കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. സ്വതന്ത്രരിൽ ഒരാളും കമൽനാഥ് മന്ത്രിസഭയിൽ അംഗവുമായിരുന്ന പ്രദീപ് ജയ്‌സ്വാൾ ബിജെപി.ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

കമൽനാഥ് സോണിയയെ കണ്ടു

മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കമൽനാഥ് തിങ്കളാഴ്ച പാർട്ടിയധ്യക്ഷ സോണിയാ ഗാന്ധിയെക്കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികളറിയിച്ചു. വ്യാഴാഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. എംഎൽഎമാരും നേതാവായ ജ്യോതിരാദിത്യ സിന്ധ്യയും ബിജെപി.യിൽ ചേർന്നതോടെ സംസ്ഥാനത്ത് ഒരു സീറ്റിലേ കോൺഗ്രസിനു ജയിക്കാനാവൂ. ദിഗ്‌വിജയ് സിങ്ങും ഫൂൽ സിങ് ഭരയ്യയുമാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP