Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

ഉദ്ധവിനൊപ്പമുള്ളത് വെറും 12 എംഎൽഎമാർ; ഷിൻഡെയ്‌ക്കൊപ്പം 42 പേരും; ഡെപ്യൂട്ടി സ്പീക്കറുടെ കരുത്തിൽ വിമതരെ തളയ്ക്കാനാകുമോ എന്നതും പരിശോധനയിൽ; മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസ് വിജയത്തിലേക്ക് തന്നെ; പാർട്ടി ചിഹ്നം കിട്ടാൻ വിമതർക്ക് വേണ്ടത് ഒരു എംഎൽഎ കൂടി മാത്രം; ശിവസേനയിലെ 'കലാപം' ക്ലൈമാക്‌സിലേക്ക്

ഉദ്ധവിനൊപ്പമുള്ളത് വെറും 12 എംഎൽഎമാർ; ഷിൻഡെയ്‌ക്കൊപ്പം 42 പേരും; ഡെപ്യൂട്ടി സ്പീക്കറുടെ കരുത്തിൽ വിമതരെ തളയ്ക്കാനാകുമോ എന്നതും പരിശോധനയിൽ; മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസ് വിജയത്തിലേക്ക് തന്നെ; പാർട്ടി ചിഹ്നം കിട്ടാൻ വിമതർക്ക് വേണ്ടത് ഒരു എംഎൽഎ കൂടി മാത്രം; ശിവസേനയിലെ 'കലാപം' ക്ലൈമാക്‌സിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മഹാവികാസ് അഘാഡി (ശിവസേനഎൻസിപികോൺഗ്രസ്) സർക്കാരിനെതിരെ ഉയർന്ന വിമത നീക്കം ലക്ഷ്യം കാണുമെന്ന് സൂചന. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ശിവസേനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തത് മകൻ ആദിത്യ താക്കറെ അടക്കം 12 പേർ മാത്രമാണെന്നാണ് റിപ്പോർട്ട്.

ഷിൻഡെയ്ക്ക് 42 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ ചേരാൻ അസമിലെ ഗുവാഹത്തിയിലെത്തിയിരുന്നു. ഈ 42 പേരുടേയും വീഡിയോ ഷിൻഡേ പുറത്തു വിട്ടു. സാവന്ത്വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽഎമാരും ഒരു സ്വതന്ത്രനും വിമത ക്യാംപിൽ ചേർന്നിരുന്നു. ഇതോടെ ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം 42 ആയി.

പാർട്ടി പിടിക്കാൻ ഇനി വിമത പക്ഷത്ത് ഒരു എംഎൽഎയുടെ കുറവുമാത്രമാണുള്ളത്. തന്റെ ഒപ്പമുള്ളവരുടെ പട്ടിക ഷിൻഡെ പുറത്തു വിട്ടു. പാർട്ടി ചിഹ്നത്തിനായി ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം നാളെ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടേക്കും. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ഗവർണർ നാളെ രാജ്ഭവനിലെത്തുമെന്നാണ് വിവരം. അതിനിടെ ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന കത്ത് ഡെപ്യൂട്ടി സ്പീക്കർ തള്ളി.

അഘാഡി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കോൺഗ്രസിനായിരുന്നു സ്പീക്കർ പദവി. നാനാ പട്ടോൾ സ്പീക്കറായി. എന്നാൽ നാനയെ പിന്നീട് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. ഇതോടെ സ്പീക്കർ പദം രാജിവച്ചു. ഇതോടെയാണ് ഡെപ്യൂട്ടി സ്പീക്കറിന് പ്രധാന റോൾ വന്നത്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ നർഹാരി സിർവാളാണ് ഡെപ്യൂട്ടി സ്പീക്കർ. അതുകൊണ്ട് തന്നെ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനമെല്ലാം ഉദ്ധവിന് അനുകൂലമാകും. ഇതിനെ ഗവർണ്ണറുടെ പിന്തുണയിൽ മറികടക്കാനാണ് ശിവസേന വിമതരുടെ നീക്കം.

അതിനിടെ എൻസിപി മേധാവി ശരദ് പവാറിന്റെ അധ്യക്ഷതയിൽ എൻസിപി നേതാക്കളും യോഗം ചേർന്നു. സർക്കാർ വീഴാനുള്ള സാഹചര്യം എൻസിപി നേതാക്കളോട് വിശദീകരിച്ച ശരദ് പവാർ, രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങിയിരിക്കാനും നിർദ്ദേശം നൽകി. അതിനിടെ, വിമത ക്യാംപിലെ 20 എംഎൽഎമാർ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടിയുടെ കരുത്ത് ചോർന്നിട്ടില്ലെന്നും റാവുത്ത് അറിയിച്ചു.

അതിനിടെ, വിമത ശിവസേന എംഎൽഎമാരുടെ വീടുകളുടെ സുരക്ഷ കൂട്ടി. ശിവസേന പ്രവർത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. മുംബൈയിൽ കൂടുതൽ സിആർപിഎഫ് സേനയെ വിന്യസിക്കും. സഖ്യം നിലനിർത്താൻ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ധവ് താക്കറെയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഷിൻഡെ മുഖ്യമന്ത്രിപദം നിരസിച്ചു. ബിജെപി സഖ്യം പുനഃസ്ഥാപിക്കുകയാണു ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിൻഡെ.

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ കഴിഞ്ഞ രണ്ടര വർഷത്തെ ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് സാധാരണ ശിവസേന പ്രവർത്തകരാണെന്നും സഖ്യകക്ഷികൾക്ക് മാത്രമാണ് ഗുണം ചെയ്തതെന്നും ഏക്‌നാഥ് ഷിൻഡെ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യത്തിനനുസരിച്ച് തീരുമാനമെടുക്കേണ്ടത് പ്രധാനമാണെന്നും ട്വീറ്റിൽ പറയുന്നു.

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ പാർട്ടി അവകാശവാദം ഉന്നയിക്കുന്നില്ലെന്നുമാണ് ബിജെപിയുടെ പരസ്യ അവകാശവാദം. എന്നാൽ ദേവേന്ദ്ര ഫട്‌നാവീസ് മുഖ്യമന്ത്രിയാകുമെന്ന തരത്തിലെ പ്രചരണവും സജീവമാണ്.

ഉദ്ധവ് താക്കറെ ഇന്നലെ ഒദ്യോഗിക വസതിയായ 'വർഷ' ഒഴിഞ്ഞ് സ്വന്തം വീടായ 'മാതോശ്രീ'യിലെത്തി. മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉൾപ്പെടെ ഉദ്ധവിനെ അനുഗമിച്ചു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പുഷ്പവൃഷ്ടി നടത്തി. കോവിഡ് ബാധിതനായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP