Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന രാഹുലിനെ താഴ്‌ത്തിക്കെട്ടി ഷീല ദീക്ഷിത്; കോൺഗ്രസ് ഉപാധ്യക്ഷന്റെ നേതൃപാടവത്തിൽ സംശയമുണ്ടെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന രാഹുലിനെ താഴ്‌ത്തിക്കെട്ടി ഷീല ദീക്ഷിത്; കോൺഗ്രസ് ഉപാധ്യക്ഷന്റെ നേതൃപാടവത്തിൽ സംശയമുണ്ടെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി

ന്യൂഡൽഹി: അജ്ഞാതവാസം കഴിഞ്ഞു കോൺഗ്രസ് ഉപാധ്യക്ഷൻ തിരിച്ചെത്താനിരിക്കെ മുതിർന്ന നേതാവ് ഷീല ദീക്ഷിത്തിന്റെ കൊട്ട്. രാഹുലിന്റെ നേതൃപാടവം ഇപ്പോഴും ഒരു ചോദ്യചിഹ്നമാണെന്നാണ് ഷീല ദീക്ഷിത് പറഞ്ഞത്. സോണിയാ ഗാന്ധി തന്നെ കോൺഗ്രസ് നേതൃസ്ഥാനത്ത് തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഷീലാ ദീക്ഷിത് രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അവർ കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ നേതൃപാടവത്തിൽ സംശയം പ്രകടിപ്പിച്ച് ഷീലയുടെ പ്രതികരണം. പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും സോണിയ ഓടിക്കളയരുത്. പാർട്ടിയുടെ തിരിച്ചുവരവിനായി സോണിയയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്- ഷീലാ ദീക്ഷിത് പറഞ്ഞു.

രാഹുൽ ഗാന്ധി ഇനിയും നേതൃപാടവം തെളിയിച്ചിട്ടില്ല. പാർട്ടിയെ ഏറെ ശക്തിപ്പെടുത്തേണ്ട ഈ സമയത്ത് അദേഹം നേതൃത്വം ഏറ്റെടുക്കുന്നതിനേക്കാൾ നല്ലത് സോണിയ ഗാന്ധി തന്നെ തുടരുന്നതാണ്. സോണിയ ഉത്തരവാിദത്തങ്ങളിൽ നിന്നും ഒളിച്ചോടാറില്ല.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന രാഹുലിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഷീലാ ദീക്ഷിതിന്റെ പ്രതികരണം. രാഹുലിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏൽപിക്കുന്നതിനെ വിമർശിച്ച് ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതും നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് ഗുണം ചെയ്യുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.

രണ്ട് മാസത്തെ നീണ്ട അവധിക്ക് ശേഷം നാളെയാണ് രാഹുൽ തിരിച്ചെത്തുന്നത്. 16ന് ഡൽഹിയിൽ ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ നടക്കുന്ന റാലിയിൽ രാഹുൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എൻഡിഎ സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് അവധിയിൽ പ്രവേശിച്ച രാഹുലിന്റെ നടപടി വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റുകളിൽ ഒതുങ്ങിയതും അതിന് ശേഷം നടന്ന ഡൽഹിയടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പികളിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനവും രാഹുലിന്റെ നേതൃപാടവത്തെ കുറിച്ച് കോൺഗ്രസിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരാൻ ഇടയാക്കിയിരുന്നു. സഹോദരി പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുള്ള ആവശ്യവും കോൺഗ്രസിൽ ശക്തമായിരുന്നു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ മുതിർന്ന നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽ കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചു എന്നഭിപ്രായപ്പെടുന്നവരും പാർട്ടിയിലുണ്ട്. മുതിർന്ന നേതാവും കോൺഗ്രസ് വക്താവുമായ ദിഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ളവർ ഈ അഭിപ്രായക്കാരാണ്. രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ലെന്ന് മനസ്സിലാക്കി രാഹുൽ ഗാന്ധി കൂടുതൽ നന്നായി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ദിഗ്‌വിജയ് സിങ് പറഞ്ഞു. രാഹുലിന് സ്വന്തം കുടുംബ കാര്യങ്ങൾ നോക്കാം. പക്ഷേ, ഇപ്പോൾ രാഷ്ട്രീയം മുഴുസമയ ജോലിയാണ്. അതുകൊണ്ടു തന്നെ രാഹുൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP