Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി വെടിനിർത്തൽ കരാർ ചർച്ച നടത്തി? 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്‌പേയിയും ഒപ്പുവച്ചിരുന്നു; അന്ന് വിശ്വസ്തനായ സമാധാന പങ്കാളിയായിരുന്നില്ലേ മുഷറഫ്? രാജീവ് ചന്ദ്രശേഖറിനെ ചരിത്രം ഓർമ്മിപ്പിച്ച് തരൂരിന്റെ മറുപടി

'വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി വെടിനിർത്തൽ കരാർ ചർച്ച നടത്തി? 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്‌പേയിയും ഒപ്പുവച്ചിരുന്നു; അന്ന് വിശ്വസ്തനായ സമാധാന പങ്കാളിയായിരുന്നില്ലേ മുഷറഫ്? രാജീവ് ചന്ദ്രശേഖറിനെ ചരിത്രം ഓർമ്മിപ്പിച്ച് തരൂരിന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ നിര്യാണത്തിൽ ശശി തരൂർ അനുശോചനം അറിയിച്ചിട്ട ട്വീറ്റിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കം രംഗത്തുവന്നിരുന്നു. മുഷറഫ് 'തന്ത്രപരമായ ചിന്ത'യുള്ള നേതാവെന്നാണ് തരൂർ വിശേഷിപ്പിച്ചത്. ഇതാണ് കേന്ദ്രമന്ത്രിയെ അടക്കം ചൊടിപ്പിച്ചത്. അതേസമയം തന്നെ എതിർത്ത് പോസ്റ്റിട്ട മന്ത്രിക്ക് ചരിത്രം ഓർമ്മപ്പെടുത്തി കൊണ്ടുള്ള മറുപടിയാണ് തരൂർ നൽകിയത്. മുഷാറഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ബിജെപി സർക്കാറാണെന്നത് അടക്കം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു തരൂരിന്റെ മറുപടി ട്വീറ്റ്.

'വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി 2003ൽ വെടിനിർത്തൽ കരാർ ചർച്ച നടത്തി? 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്‌പേയിയും ഒപ്പുവച്ചിരുന്നു. അന്ന് വിശ്വസ്തനായ സമാധാന പങ്കാളിയായിരുന്നില്ലേ മുഷറഫ്?'' തരൂർ ചോദിക്കുന്നു. മുഷറഫിന്റെ മരണ വാർത്ത പുറത്തുവന്നതിനുപിന്നാലെ ശശി തരൂർ ട്വീറ്റിലൂടെ അനുശോചനം അറിയിച്ചതാണ് വിവാദങ്ങൾക്കു കാരണം. ''ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നിൽവച്ച് ഓരോ വർഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊർജസ്വലനും തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികൾ...' എന്നാണ് ശശി തരൂർ കുറിച്ചത്.

രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ 'കടമെടുത്താണ്' രാജീവ് ചന്ദ്രശേഖർ വിമർശനം ഉയർത്തിയത്. 'കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറൽമാർക്ക് 'സമാധാനത്തിനുള്ള ശക്തി'യാകാനും 'സുവ്യക്തമായ തന്ത്രപ്രധാന ചിന്ത' രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമർത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്' രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

അനുശോചനം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ഞാൻ ഇന്ത്യയിലാണ് വളർന്നതെന്നും ഇതു മരിച്ചവരെക്കുറിച്ചു നല്ലതു പറയണമെന്നു കരുതുന്ന നാടാണിതെന്നും തരൂർ കുറിച്ചിരുന്നു. ഇന്നലെ രാവിലെയാണ് പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു മുഷറഫിന്റെ അന്ത്യം സംഭവിച്ചതെന്ന് പാക്ക് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് പാക്കിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്റ് ആയിരുന്നു മുഷറഫ്.

മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ മുഷറവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാക്കിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം. കാർഗിൽ യുദ്ധ കാലത്ത് പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്, പിന്നീട് പട്ടാള അട്ടിമറിയിലൂടെയാണ് പാക്കിസ്ഥാനിൽ അധികാരത്തിലേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP