Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖാർഗെയും ഞാനും പരസ്പ്പരം നേരിടുന്നവരല്ല, ബിജെപിയെ നേരിടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരാണ്; ആശയപരമായി യാതൊരു ഭിന്നതയും ഞങ്ങൾക്കിടയിൽ ഇല്ല; മാറ്റമെന്ന ആശയത്തിൽ മുറുകെ പിടിച്ച് തരൂരിന്റെ പ്രചരണം; നാഗ്പൂരിൽ ലഭിച്ചത് വമ്പൻ സ്വീകരണം; ഹൈദരാബാദ് വിമാത്താവളത്തിലും കണ്ടത് തരൂരിന് വർധിച്ചുവരുന്ന സ്വീകാര്യത

ഖാർഗെയും ഞാനും പരസ്പ്പരം നേരിടുന്നവരല്ല, ബിജെപിയെ നേരിടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരാണ്; ആശയപരമായി യാതൊരു ഭിന്നതയും ഞങ്ങൾക്കിടയിൽ ഇല്ല; മാറ്റമെന്ന ആശയത്തിൽ മുറുകെ പിടിച്ച് തരൂരിന്റെ പ്രചരണം; നാഗ്പൂരിൽ ലഭിച്ചത് വമ്പൻ സ്വീകരണം; ഹൈദരാബാദ് വിമാത്താവളത്തിലും കണ്ടത് തരൂരിന് വർധിച്ചുവരുന്ന സ്വീകാര്യത

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഊർജ്ജിതമാക്കി ശശി തരൂർ. പ്രസിഡന്റായാൽ മാറ്റം കൊണ്ടുവരുമെന്നാണ് തരൂർ വ്യക്തമാക്കുന്ന കാര്യം. ഈ മുദ്രാവാക്യവുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം. അതേസമം പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നാണ് ഖാർഗെയും മറുപടി. ഇതിതിനെ സംവാദത്തിന് തരൂർ ക്ഷണിച്ചെങ്കിലും അതും ഖാർഗെ നിരാകരിച്ചിരുന്നു.

ഇപ്പോൾ മത്സരവുമായി ബന്ധപ്പെട്ട് വിശദീകരണവുമായും തരൂർ രംഗത്തുവന്നു. മല്ലികാർജുൻ ഖാർഗെജിയോട് ഞാൻ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടിങ് സഹപ്രവർത്തകർക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്. ശശി തരൂർ ഫേസ് ബുക്കിൽ കുറിച്ചു.

അതേസമയം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ശനിയാഴ്ച നാഗ്പുരിലെത്തിയ ശശി തരൂർ പര്യടനം പൂർത്തിയാക്കി ഹൈദരാബാദിലേക്ക് പോയി. തിങ്കളാഴ്ച ഹൈദരാബാദിൽ പ്രചാരണം തുടങ്ങി. ഹൈദരാബാദിൽ വലിയ സ്വീകരണാണ് തരൂരിന് ലഭിച്ചത്. നാഗപൂരിൽ രാവിലെ വാർധയിലെ സേവാശ്രമമാണ് ആദ്യം സന്ദർശിച്ചത്. വലിയ സ്വീകരണമാണ് അവിടെ തരൂരിന് ലഭിച്ചത്. തുടർന്ന് പവനാറിലെ ആചാര്യ വിനോബ ഭാവെയുടെ ആശ്രമം സന്ദർശിച്ചു. പിന്നീട് നാഗ്പുരിൽ തിരിച്ചെത്തിയ ശശി തരൂർ, കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും യോഗത്തിൽ സംസാരിച്ചു.

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പാർട്ടിയിലെ സമുന്നത നേതാവാണ്. എന്നാൽ, പാർട്ടിക്കുള്ളിൽ മാറ്റംകൊണ്ടുവരാൻ അദ്ദേഹത്തിനാവില്ലെന്ന് ശശി തരൂർ യോഗത്തിൽ പറഞ്ഞു. ഞങ്ങൾ പരസ്പരം മത്സരിക്കുമെങ്കിലും ഒരിക്കലും ശത്രുക്കളല്ല. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കുവേണ്ടിയാണ്. ഗാന്ധികുടുംബത്തിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും ശശി തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് തനിക്കെതിരേ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയുമായി പൊതുസംവാദം നടത്തുന്നതിനെക്കുറിച്ച് തുറന്ന മനസ്സാണുള്ളതെന്ന് ശശി തരൂർ എംപി. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തെ തിരഞ്ഞെടുക്കാൻ അടുത്തിടെ നടത്തിയതുപോലുള്ള പൊതുസംവാദം ജനങ്ങൾക്ക് പാർട്ടിയിലുള്ള താത്പര്യം വർധിപ്പിക്കുമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി തരൂർ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പാർട്ടിപ്രവർത്തകരുടെ ഹൃദയത്തിൽ നെഹ്രു-ഗാന്ധി കുടുംബത്തിന് എന്നും സ്ഥാനമുണ്ടാകുമെന്നും തരൂർ പറഞ്ഞു. കാര്യക്ഷമമായ നേതൃത്വവും സംഘടനാതലത്തിലെ പരിഷ്‌കരണവുമാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. സംഘടനകളുടെ തലപ്പത്ത് പ്രവർത്തിച്ചുതെളിയിച്ച മികച്ച ട്രാക്ക് റെക്കോഡ് തനിക്കുണ്ട്. ഐക്യരാഷ്ട്രസഭയിലും അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസിലുമെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ചതായും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ പബ്ലിക് ഇൻഫർമേഷൻ വകുപ്പിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി ജനറലായിരിക്കേ ലോകവ്യാപകമായി 800 ജീവനക്കാരുള്ള 77 ഓഫീസുകളുടെ ആശയവിനിമയം കൈകാര്യംചെയ്തിരുന്നത് താനായിരുന്നെന്ന് തരൂർ ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് 2017-ൽ ആരംഭിച്ച് അഞ്ച് വർഷമായപ്പോഴേക്കും 20 സംസ്ഥാനങ്ങളിൽനിന്നായി പതിനായിരംപേർ അതിൽ അംഗങ്ങളായി. ഖാർഗെയും താനുമായി ആശയപരമായ ഭിന്നതയില്ല. ലക്ഷ്യത്തിനായി എങ്ങനെ നീങ്ങുമെന്ന ചോദ്യം മാത്രമേ ഇതിലുള്ളൂവെന്നും തരൂർ പറഞ്ഞു.

അതേസമയം മത്സരിക്കാൻ താൻ നൽകിയ നാമനിർദ്ദേശപത്രികയിൽ പിന്തുണനൽകി ഒപ്പുവെച്ച 60 നേതാക്കളുടെ പട്ടിക ശശി തരൂർ പുറത്തുവിട്ടിരുന്നു. കേരളത്തിൽനിന്ന് 13 പേരാണ് പത്രികയിൽ ഒപ്പുവെച്ചത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽനിന്നുള്ള പിന്തുണയാണ് തരൂരിന് ലഭിച്ചത്. അതിൽ ഏറ്റവും കൂടുതൽപ്പേർ പിന്തുണ നൽകിയതും കേരളത്തിൽ നിന്നാണ്. ജമ്മുകശ്മീർ, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്ന് പത്തും യു.പി.യിൽനിന്ന് എട്ടും തമിഴ്‌നാട്ടിൽനിന്ന് കാർത്തി ചിദംബരം ഉൾപ്പെടെ ഏഴുപേരുമാണ് പിന്തുണച്ചത്.

കേരളത്തിൽനിന്ന് എം.കെ. രാഘവൻ എംപി.ക്ക് പുറമേ കെ.എസ്. ശബരീനാഥൻ, തമ്പാനൂർ രവി, കെ.സി. അബു, എ. അരവിന്ദാക്ഷൻ, രത്‌നവല്ലി ടീച്ചർ, മഠത്തിൽ നാണുമാസ്റ്റർ, കെ.എം. ഉമ്മർ, എൻ.കെ. അബ്ദുൾറഹ്മാൻ, കെ. ബാലകൃഷ്ണൻ കിടാവ്, കൊലിയൂർ ദിവാകരൻ, പി. മോഹൻരാജ് എന്നിവരാണ് ഒപ്പിട്ടത്. ഖാർഗെ സമർപ്പിച്ച പത്രികയിൽ ജി-23 നേതാക്കളുൾപ്പെടെ 30 പേരാണ് ഒപ്പുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP