Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശശി തരൂരിന് കെപിസിസി ഓഫീസിൽ സ്വീകരണം നൽകി പ്രവർത്തകർ; സ്വീകരിക്കാൻ നേതാക്കളാരും എത്തിയില്ല; ധൈര്യത്തോടെ മത്സരിക്കാൻ മൂന്ന് ഗാന്ധിമാരും പറഞ്ഞു, എന്നിട്ടും കേരളത്തിലെ മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നെന്ന് വിമർശനം; മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നയൊണ് സാധാരണ പ്രവർത്തകരുടെയും വോട്ടിനെന്നും തരൂർ

ശശി തരൂരിന് കെപിസിസി ഓഫീസിൽ സ്വീകരണം നൽകി പ്രവർത്തകർ; സ്വീകരിക്കാൻ നേതാക്കളാരും എത്തിയില്ല; ധൈര്യത്തോടെ മത്സരിക്കാൻ മൂന്ന് ഗാന്ധിമാരും പറഞ്ഞു, എന്നിട്ടും കേരളത്തിലെ മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നെന്ന് വിമർശനം; മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നയൊണ് സാധാരണ പ്രവർത്തകരുടെയും വോട്ടിനെന്നും തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/കൊല്ലം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് പ്രവർത്തകരുടെ ഉജ്ജ്വല സ്വീകരണം. തരൂർ കെ പി സി സിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകരുടെ വലിയ നിര തന്നെ സ്വീകരണം നൽകി. തരൂരിനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവർത്തകർ. താഴെ തട്ടിലെ പ്രവർത്തകർ ആണ് തരൂരിനെ ആവേശപൂർവ്വം സ്വീകരിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്.

സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്, അവരാണ് പാർട്ടിയുടെ ശക്തിയെന്നതും തരൂർ ഓർമ്മിപ്പിച്ചു. മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെ ആണ് പ്രവർത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂർ ചൂണ്ടികാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരുമെല്ലാം വർഷങ്ങളായി ഈ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്. വലിയ നേതാക്കളൊന്നും എന്റെയൊപ്പം കാണില്ല. എന്റെ 60 ഒപ്പും നോമിനേഷൻ പത്രികയ്ക്കൊപ്പം കൊടുത്തപ്പോൾ അതിലൊന്നും വലിയ ആളുകളുടെ പേരുണ്ടായിരുന്നില്ല,. പക്ഷേ പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ ഞാൻ മുന്നോട്ടുകൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് തരൂർ നേരത്തെ കൊല്ലത്ത് വ്യക്തമാക്കിയിരുന്നു.

സാധാരണക്കാരാണ് രാജ്യം മുഴുവനും എന്നെ പിന്തുണയ്ക്കുന്നത്. അവര് പറയുന്നത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറരുതെന്നും പാർട്ടിയിൽ മാറ്റം വേണമെന്നുമാണ്. ആ വിശ്വാസത്തെ ഞാൻ ഒരിക്കലും ചതിക്കില്ല'. ശശി തരൂർ പറഞ്ഞു. '22 വർഷമായി പാർട്ടിക്കകത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. കോൺഗ്രസിനുള്ളിൽ ജനാധിപത്യമുണ്ടാകണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ തന്നെയാണ് രാഹുൽ ഗാന്ധിയും. അദ്ദേഹത്തിന്റെ അഭിപ്രായവും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. പാർട്ടിക്കുള്ളിൽ ഞങ്ങളുടെ ഐഡിയോളജിയിൽ ആർക്കും ഭിന്നാഭിപ്രായങ്ങളില്ല. ബിജെപിയെ നേരിടാനാണ് എല്ലാ കോൺഗ്രസ് പ്രവർത്തകരും ശ്രമിക്കുന്നത്.

ഉള്ള ചെറിയ സമയം കൊണ്ട്് എത്രത്തോളം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും എന്നതിനാണ് ഇപ്പോൾ മുൻതൂക്കം. പിന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞത് ഞാനല്ലല്ലോ. അത് എഐസിസിയാണ് തീരുമാനിക്കുന്നത്. നിഷ്പക്ഷമായാണ് ഞങ്ങളെല്ലാം മത്സരിക്കുന്നത്. പാർട്ടി നന്നാകാൻ വേണ്ടി, പാർട്ടിക്ക് വേണ്ടിയാണ് ഞങ്ങൾ മത്സരിക്കുന്നത്. ചില മുതിർന്ന നേതാക്കൾക്ക് പക്ഷപാതമുണ്ടെന്നത് ശരിയാണ്. അവർ പറയുന്നത് ജനങ്ങൾ കേൾക്കണമെന്ന് നിർബന്ധമില്ലല്ലോ.മാത്രമല്ല, അത് ജനാധിപത്യ വിരുദ്ധവുമാണ്. മനസാക്ഷി നോക്കി എല്ലാവരും വോട്ട് ചെയ്യട്ടെ. പാർട്ടിക്കകത്ത് ശത്രുക്കളില്ല. ഓരോരുത്തർക്കും ഓരോ താതപര്യങ്ങളില്ലേ. മുതിർന്ന നേതാക്കളുടെ വോട്ട് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സാധാരണ പ്രവർത്തകരുടെ വോട്ടും'. തരൂർ കൂട്ടിച്ചേർത്തു.

അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാർത്ഥിയില്ലെന്നും താൻ മത്സരിക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങൾക്കില്ലെന്ന് നെഹ്റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകുന്നതിന് മുമ്പ് താൻ രാഹുലിനേയും പ്രിയങ്കയേയും സോണിയ ഗാന്ധിയേയും കണ്ടിരുന്നു. മത്സരിക്കുന്നതുകൊണ്ട് തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അറിയിച്ചു. ഒരു ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ല. അവർ നിഷ്പക്ഷമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ മത്സരിച്ചോളൂവെന്നും പറഞ്ഞു' തരൂർ പറഞ്ഞു.

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായതിന് ശേഷവും നെഹ്റു കുടുംബം ഇതേ നിലപാടിൽ തന്നെയാണ്. തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയോട് കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പ്രഖ്യാപിക്കാനും സോണി ഗാന്ധി ആവശ്യപ്പെട്ടത് ഈ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവർ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കർശന നിർദേശമുണ്ട്. അങ്ങനെ പ്രചാരണം നടത്തണമെങ്കിൽ ഭാരവാഹിത്വം രാജിവെക്കണമെന്നാണ് സർക്കുലറിൽ പറയുന്നതെന്നും ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തരൂർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP