Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാനദണ്ഡങ്ങൾ പ്രഹസനം; തരൂരിനെ നേതാക്കൾ അവഗണിക്കുന്നത് ഹൈക്കമാൻഡ് മനസ്സറിഞ്ഞ്; ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് വോട്ടർ ലിസ്റ്റിലുള്ളവരെ അറിയിച്ച് നേതാക്കൾ; കെസിയെ പിണക്കിയാൽ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്ന ഭയത്തിൽ യുവ നേതാക്കളും; പ്രചരണത്തിൽ സ്റ്റാറെങ്കിലും തരൂർ കടുത്ത അതൃപ്തിയിൽ

മാനദണ്ഡങ്ങൾ പ്രഹസനം; തരൂരിനെ നേതാക്കൾ അവഗണിക്കുന്നത് ഹൈക്കമാൻഡ് മനസ്സറിഞ്ഞ്; ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് വോട്ടർ ലിസ്റ്റിലുള്ളവരെ അറിയിച്ച് നേതാക്കൾ; കെസിയെ പിണക്കിയാൽ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്ന ഭയത്തിൽ യുവ നേതാക്കളും; പ്രചരണത്തിൽ സ്റ്റാറെങ്കിലും തരൂർ കടുത്ത അതൃപ്തിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് ഇലക്ഷനെ ഇപ്പോൾ വേണമെങ്കിൽ സെലക്ഷൻ എന്നു വിളിക്കാവുന്ന അവസ്ഥയിലാണ്. ശശി തരൂർ മത്സര രംഗത്തേക്ക് വന്നതോടെ ഭയന്ന ഹൈക്കമാൻഡ് നേതാക്കൾ ഇപ്പോൾ അദ്ദേഹത്തെ തറപറ്റിക്കാൻ പലമാർഗ്ഗങ്ങളാണ് പയറ്റുന്നത്. തരൂർ കളം പിടിക്കുന്നത് അറിഞ്ഞ് വോട്ടർലിസ്റ്റിൽ പേരുള്ളവരെ നേരിൽ വിളിച്ചുള്ള മുന്നറിയിപ്പുകളിലേക്ക് നേതൃത്വം കടന്നിട്ടുണ്ട്. കെ സി വേണുഗോപാലിന്റെയും എ കെ ആന്റണിയുടെയും പേരു പറഞ്ഞാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂരിനെ കേരളാ നേതാക്കൾ അവഗണിക്കുന്നത് ഹൈക്കമാൻഡിന്റെ മനസറിഞ്ഞു കൊണ്ടു തന്നെയാണ്. ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയാണെന്ന കൃത്യമായ സന്ദേശം ലഭിച്ചതോടെയാണ് ആദ്യം മനസാക്ഷി വോട്ട് പ്രഖ്യാപിച്ച കെ സുധാകരനടക്കം മലക്കം മറിഞ്ഞത്. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി രണ്ടാമതും നാമനിർദ്ദേശം ചെയ്യേണ്ടത് ഹൈക്കമാൻഡാണ്. ഇതു കൂടി മുന്നിൽ കണ്ടാണ് സുധാകരൻ മലക്കം മറിഞ്ഞത്.

അതിനിടെയിൽ പ്രചാരണം ശക്തിപ്പെടുത്തുകയാണ് തരൂർ. ഹൈക്കമാൻഡ് താൽപര്യത്തെ അവഗണിച്ച് നോട്ടപ്പുള്ളിയാവാൻ ഇല്ലെന്നാണ് കേരള നേതാക്കളുടെ മനസിലിരിപ്പ് . അതിനാൽ തരൂരിനെ നേരിൽ കാണാൻ പോലും മുതിർന്ന നേതാക്കൾക്ക് താൽപ്പര്യമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും തരൂരിനെ കെപിസിസി അധ്യക്ഷൻ അവഗണിച്ചതിന് പിന്നിലും ഇത് തന്നെയാണ് കാരണം. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അത്യപ്തനാണ്.

കെ സുധാകരനും തെലുങ്കാന പി.സി.സി അധ്യക്ഷനുമടക്കമുള്ളവർ സ്വീകരിച്ച പരസ്യ നിലപാട് മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് തരൂർ പക്ഷത്തിന്റെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്. മാത്രമല്ല ഇതുവരേയും മുഴുവൻ വോട്ടർമാരുടേയും ഫോൺ നമ്പർ പോലും തിരഞ്ഞെടുപ്പ് സമിതി കൈമാറിയിട്ടില്ല. സ്വന്തം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അവഗണിക്കുമ്പോഴും തരൂർ പ്രചാരണം ശക്തമാക്കുകയാണ്.

തമ്പാനൂർ രവിയടക്കമുള്ള ചില നേതാക്കളെ നേരിൽ കണ്ട തരൂർ മറ്റുള്ളവരെ ഫോണിൽ വിളിച്ചും പിന്തുണ തേടി. ഇന്നും ചില വോട്ടർമാരെ നേരിൽ കാണാൻ തരൂർ ശ്രമിക്കും. ഇന്നും കേരളത്തിൽ വോട്ടഭ്യർഥിക്കാനാണ് തരൂരിന്റെ നീക്കം. കെപിസിസി അംഗങ്ങളുമായി തരൂർ ഫോണിലൂടെ വോട്ട് അഭ്യർത്ഥന തുടരുകയാണ്. തേസമയം കെ സുധാകരൻ, വീഡി സതീശൻ,ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ആരും ഇന്ന് തിരുവനന്തപുരത്തു ഇല്ല. ഖാർഗെക്ക് പരസ്യ പിന്തുണ നൽകിയ മുതിർന്ന നേതാക്കളെ നേരിട്ട് കണ്ട് ഇനി തരൂർ വോട്ട് അഭ്യർത്ഥിക്കില്ല.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി മാർഗ നിർദ്ദേശം ലംഘിച്ചു കെപിസിസി അധ്യക്ഷൻ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ തരൂരിന് അതൃപ്തി ഉണ്ട്. യുവാക്കളുടെ വോട്ടിൽ ആണ് തരൂരിന്റെ പ്രതീക്ഷ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പിസിസികൾ നിലപാട് പ്രഖ്യാപിക്കുന്നതിൽ കടുത്ത അതൃപ്തിയുമുണ്ട് ശശി തരൂരിന്. തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശങ്ങൾ അട്ടിമറിക്കപ്പെടുന്നത് തരൂർ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്തും. പ്രചാരണത്തിന് വേണ്ട സൗകര്യങ്ങൾ പിസിസികൾ ഒരുക്കി നൽകണമെന്ന നിർദ്ദേശം ലംഘിക്കുന്നതും, പ്രധാന നേതാക്കൾ അകന്ന് നിൽക്കുന്നതും തരൂരിന് ക്ഷീണമായിട്ടുണ്ട്.

ഇതിനിടെ പിസിസികളുടെ പിന്തുണ മല്ലികാർജ്ജുൻ ഖാർഗെ നേരിട്ട് ഉറപ്പിച്ചു തുടങ്ങി. സംസ്ഥാന നേതാക്കളെ ഫോണിൽ വിളിച്ച് പിന്തുണ തേടുന്ന ഖാർഗെ താനാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്നും താഴേ തട്ടിലേക്ക് അറിയിക്കുന്നുണ്ട്. ഇതിനിടെയിലും യുവാക്കൾക്കിടയിൽ താരമാണ് തരൂർ. അദ്ദേഹം എവിടെ ചെന്നാലും ആളു കൂടുന്ന അവസ്ഥയുണ്ട്. ഇതിനെയാണ് ഹൈക്കമാൻഡും ഭയക്കുന്ന്ത.

ഇന്നലെ കെ പി സി സി ആസ്ഥാനത്ത് പ്രവർത്തകർ തരൂരിന് ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു. തരൂർ കെ പി സി സിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകരുടെ വലിയ നിര തന്നെ സ്വീകരണം നൽകി. തരൂരിനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവർത്തകർ. താഴെ തട്ടിലെ പ്രവർത്തകർ ആണ് തരൂരിനെ ആവേശപൂർവ്വം സ്വീകരിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്.

സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്, അവരാണ് പാർട്ടിയുടെ ശക്തിയെന്നതും തരൂർ ഓർമ്മിപ്പിച്ചു. മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെ ആണ് പ്രവർത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂർ ചൂണ്ടികാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരുമെല്ലാം വർഷങ്ങളായി ഈ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്. വലിയ നേതാക്കളൊന്നും എന്റെയൊപ്പം കാണില്ല. എന്റെ 60 ഒപ്പും നോമിനേഷൻ പത്രികയ്‌ക്കൊപ്പം കൊടുത്തപ്പോൾ അതിലൊന്നും വലിയ ആളുകളുടെ പേരുണ്ടായിരുന്നില്ല,. പക്ഷേ പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ ഞാൻ മുന്നോട്ടുകൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് തരൂർ നേരത്തെ കൊല്ലത്ത് വ്യക്തമാക്കിയിരുന്നു.

സാധാരണക്കാരാണ് രാജ്യം മുഴുവനും എന്നെ പിന്തുണയ്ക്കുന്നത്. അവര് പറയുന്നത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറരുതെന്നും പാർട്ടിയിൽ മാറ്റം വേണമെന്നുമാണ്. ആ വിശ്വാസത്തെ ഞാൻ ഒരിക്കലും ചതിക്കില്ല'. ശശി തരൂർ പറഞ്ഞു. '22 വർഷമായി പാർട്ടിക്കകത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. കോൺഗ്രസിനുള്ളിൽ ജനാധിപത്യമുണ്ടാകണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ തന്നെയാണ് രാഹുൽ ഗാന്ധിയും. അദ്ദേഹത്തിന്റെ അഭിപ്രായവും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. പാർട്ടിക്കുള്ളിൽ ഞങ്ങളുടെ ഐഡിയോളജിയിൽ ആർക്കും ഭിന്നാഭിപ്രായങ്ങളില്ല. ബിജെപിയെ നേരിടാനാണ് എല്ലാ കോൺഗ്രസ് പ്രവർത്തകരും ശ്രമിക്കുന്നത്.

ഉള്ള ചെറിയ സമയം കൊണ്ട്് എത്രത്തോളം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും എന്നതിനാണ് ഇപ്പോൾ മുൻതൂക്കം. പിന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞത് ഞാനല്ലല്ലോ. അത് എഐസിസിയാണ് തീരുമാനിക്കുന്നത്. നിഷ്പക്ഷമായാണ് ഞങ്ങളെല്ലാം മത്സരിക്കുന്നത്. പാർട്ടി നന്നാകാൻ വേണ്ടി, പാർട്ടിക്ക് വേണ്ടിയാണ് ഞങ്ങൾ മത്സരിക്കുന്നത്. ചില മുതിർന്ന നേതാക്കൾക്ക് പക്ഷപാതമുണ്ടെന്നത് ശരിയാണ്. അവർ പറയുന്നത് ജനങ്ങൾ കേൾക്കണമെന്ന് നിർബന്ധമില്ലല്ലോ.മാത്രമല്ല, അത് ജനാധിപത്യ വിരുദ്ധവുമാണ്. മനസാക്ഷി നോക്കി എല്ലാവരും വോട്ട് ചെയ്യട്ടെ. പാർട്ടിക്കകത്ത് ശത്രുക്കളില്ല. ഓരോരുത്തർക്കും ഓരോ താതപര്യങ്ങളില്ലേ. മുതിർന്ന നേതാക്കളുടെ വോട്ട് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സാധാരണ പ്രവർത്തകരുടെ വോട്ടും'. തരൂർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP