Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തരൂരും ഗെലോട്ടും നേർക്കു നേർ മത്സരിച്ചാൽ തരൂർ ജയിക്കുമെന്ന ഭയം കോൺഗ്രസിലെ ചില ഹൈക്കമാണ്ട് നേതാക്കൾക്ക് സജീവം; ജി 23യിൽ നിന്ന് തരൂരിനെ പുറത്താക്കിയതും മനീഷ് തിവാരിയെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും നേതൃ വിരുദ്ധ വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രം; ഗലോട്ടിന്റെ മത്സരം ഉറപ്പായി; പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമോ? കോൺഗ്രസിൽ അണിയറക്കളികൾ സജീവം

തരൂരും ഗെലോട്ടും നേർക്കു നേർ മത്സരിച്ചാൽ തരൂർ ജയിക്കുമെന്ന ഭയം കോൺഗ്രസിലെ ചില ഹൈക്കമാണ്ട് നേതാക്കൾക്ക് സജീവം; ജി 23യിൽ നിന്ന് തരൂരിനെ പുറത്താക്കിയതും മനീഷ് തിവാരിയെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും നേതൃ വിരുദ്ധ വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രം; ഗലോട്ടിന്റെ മത്സരം ഉറപ്പായി; പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമോ? കോൺഗ്രസിൽ അണിയറക്കളികൾ സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്നു തുടങ്ങുമ്പോൾ അണിയറയിൽ കളികളും സജീവം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ശശി തരൂർ എംപി എന്നിവർക്കു പുറമേ തിരുത്തൽവാദി സംഘത്തിൽ (ജി 23) അംഗമായ മനീഷ് തിവാരിയും മത്സരരംഗത്തിറങ്ങിയേക്കുമെന്നും സൂചനയുണ്ട്. തരൂരിനെ ജി 23 ഗ്രൂപ്പിൽ നിന്നും പുറത്താക്കി. ഇതിന് പിന്നിൽ തരൂർ ജയിക്കുമെന്ന് ഭയക്കുന്ന ഹൈക്കമാണ്ട് കേന്ദ്രങ്ങളാണെന്നാണ് സൂചന.

തരൂരും ഗെലോട്ടും നേർക്കു നേർ മത്സരിച്ചാൽ തരൂർ ജയിക്കുമെന്ന ഭയം കോൺഗ്രസിലെ ചില ഹൈക്കമാണ്ട് നേതാക്കൾക്കുണ്ട്. ഇവർ ജി 23യെ സ്വാധീനിച്ചതായാണ് സൂചന. അങ്ങനെയാണ് തരൂരിനെ ആ ഗ്രൂപ്പ് തള്ളി പറഞ്ഞത്. ഫലത്തിൽ ഗെലോട്ട് മത്സരിച്ചാൽ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പിക്കാകയാണ് ഹൈക്കമാണ്ടിലെ ചിലർ. ഫലത്തിൽ ഗെലോട്ടിന്റെ ജയസാധ്യത കൂടുകയാണ്. ആരേയും ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു. തരൂരിനോട് മത്സരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇതോടെ ഗാന്ധി കുടുംബത്തെ അനുകൂലിക്കുന്നവരും തരൂരിന് വോട്ട് ചെയ്യുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് രാഹുൽ ഗാന്ധി വിരുദ്ധ ചേരിയുടെ വോട്് ഭിന്നിപ്പിക്കാൻ നീക്കം തുടങ്ങുന്നത്.

മനീഷ് തിവാരിയെ മത്സരിപ്പിക്കാൻ ജി 23 ഗ്രൂപ്പിൽ സമ്മർദ്ദം ശക്തമാക്കുന്നുണ്ട് ഇവർ. മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തിവാരിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഗെലോട്ടും തരൂരും ഗാന്ധി കുടുംബവുമായി ചർച്ച ചെയ്താണു സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെങ്കിൽ, നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മനീഷ് തിവാരി വിമതനായി കളത്തിലിറങ്ങും എന്നാണ് പ്രചരണം. ഇങ്ങനെയാണ് പറയുന്നതെങ്കിലും രാഹുൽ ഗാന്ധി നിർത്തുന്ന സ്ഥാനാർത്ഥിക്ക് സാധ്യത കൂട്ടുന്നതാകും മനീഷ് തിവാരിയുടെ മത്സരം.

അതിനിടെ സ്ഥാനാർത്ഥിയാകാൻ രാഹുൽ ഗാന്ധിയെ പരമാവധി നിർബന്ധിച്ചെങ്കിലും ഗാന്ധി കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞെന്നു ഗെലോട്ട് വ്യക്തമാക്കി. വരും ദിവസങ്ങളിൽ താൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും പറഞ്ഞു. ഗെലോട്ടും തരൂരും 26നു പത്രിക നൽകുമെന്നാണു വിവരം. ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം. പ്രസിഡന്റ് സ്ഥാനാർത്ഥി ആയാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദമൊഴിയാമെന്നു ഗെലോട്ട് സമ്മതിച്ചതോടെ പുതിയ മുഖ്യമന്ത്രിയെ ഉടൻ നിശ്ചയിക്കും.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണു സച്ചിൻ പൈലറ്റ്. എന്നാൽ, രാഷ്ട്രീയ എതിരാളിയായ സച്ചിനെ തടയാൻ തന്റെ വിശ്വസ്തരിലൊരാളെ മുഖ്യമന്ത്രിയാക്കാൻ ഗെലോട്ട് നീക്കം നടത്തുന്നുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്ന വാദമുന്നയിക്കാനാണ് നീക്കം. 2018 ൽ സച്ചിനെ പിന്തള്ളി ഗെലോട്ട് മുഖ്യമന്ത്രിയായത് അങ്ങനെയാണ്. അന്ന് സച്ചിൻ പൈലറ്റായിരുന്നു കോൺഗ്രസ് പ്രചരണം നയിച്ചതും പാർട്ടിയെ അധികാരത്തിലെത്തിച്ചതും.

എന്നാൽ എംഎൽഎമാരുടെ ഭൂരിപക്ഷം ഗെലോട്ടിന് തുണയായി. അതേ രീതി വീണ്ടും സ്വീകരിച്ചാൽ ഇഷ്ടക്കാരനെ മുഖ്യമന്ത്രിയാക്കാൻ ഗെലോട്ടിനു സാധിക്കും. രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് സോണിയ ഗാന്ധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനും ചേർന്നു തീരുമാനിക്കുമെന്നാണ് ഗെലോട്ട് പറയുന്നത്. അതിനിടെ കോൺഗ്രസിൽ സ്ഥാനപ്പോര് കനക്കുന്നതിനിടെ സമവായശ്രമങ്ങൾ വിജയിക്കുന്നതായി റിപ്പോർട്ട് വരുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടാലും ശശി തരൂർ പ്രവർത്തക സമിതിയിൽ അംഗമാവുമെന്നാണ് പുതിയ റിപ്പോർട്ട്. ജി 23 വിഭാഗത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ് തരൂർ പുലർത്തുന്നത്. ശക്തനായ നേതാവെന്നതിനാൽ ശശിതരൂരിനെ കൂടെ നിർത്താനാണ് ഇരു വിഭാഗങ്ങളിലേയും നേതാക്കളുടെ ശ്രമം എന്നും പ്രവചനമുണ്ട്. അതേ സമയം പാർട്ടി പ്രസിഡന്റ് പദവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോവാനുള്ള അശോക് ഗെലോട്ടിന്റെ നീക്കം നടക്കില്ലെന്നും സൂചനയുണ്ട്.

അശോക് ഗെലോട്ടിന് പകരം സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിപദം കൈമാറണമെന്ന നിർദ്ദേശം രാഹുൽഗാന്ധി മുന്നോട്ടുവച്ചതായും റിപ്പോർട്ടുണ്ട്. നേരത്തെ പ്രിയങ്കയും ഇരു പദവിയും ഒരുമിച്ചു കൊണ്ട്പോകാനുള്ള ഗെലോട്ടിന്റെ നിർദ്ദേശത്തെ എതിർത്തതായി ഉന്നത പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നു. അതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെക്കാൾ മികച്ച സ്ഥാനാർത്ഥി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ്ലോട്ട് തന്നെയെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പ്രതികരിച്ചതും ചർച്ചയാണ്. ഇരുവരെയും താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നും ഗൗരവ് പറയുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ ആദ്യ പരിഗണന ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ്. എന്നാൽ, 2018-ലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബിജെപിയെ ദയനീയമായി പരാജപ്പെടുത്തിയ കേന്ദ്രമന്ത്രിയാണ് ഗെ്ലോട്ട്. 45 വർഷത്തെ കറകളഞ്ഞ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേത്. അതിനാൽ കോൺഗ്രസിനെ നയിക്കാൻ നിലവിൽ ഏറ്റവും യോഗ്യനായ വ്യക്തി അശോക് ഗെലോട്ട് തന്നെയാണെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി കിടക്കയിലായിരിക്കെ അവർക്ക് തുടരെ കത്തുകൾ അയച്ചതാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ശശി തരൂർ പാർട്ടിക്ക് നൽകിയ ഏക സംഭാവന. തന്നെ പോലെ കോടിക്കണക്കിന് പാർട്ടി പ്രവർത്തകർക്കാണ് തരൂരിന്റെ പ്രവർത്തി വേദനയുണ്ടാക്കിയത്. അതിനാൽ തന്നെ അധ്യക്ഷ തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം വ്യക്തമാണെന്ന് ഗൗരവ് പറഞ്ഞു.

പാർട്ടിക്കുള്ളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടായിരുന്നു 2020ൽ സോണിയാ ഗാന്ധിക്ക് തരൂർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ കത്തയച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഗൗരവിന്റെ വിമർശനം. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് ഗെലോട്ട് സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. 71 കാരനായ ഗെ്ലോട്ട് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂരും കളമൊഴുക്കി കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഒക്ടോബർ 17നാണ് നിർണായക തെരഞ്ഞെടുപ്പ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP