Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

തങ്ങളെ നിസ്സാരമായി കാണുന്നതിനോട് വോട്ടർമാർ ഒരിക്കലും പൊറുക്കില്ല; ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ ശക്തരായ നേതാക്കൾ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ശരത് പവാർ; ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരിയെന്നും എൻസിപി നേതാവ്

തങ്ങളെ നിസ്സാരമായി കാണുന്നതിനോട് വോട്ടർമാർ ഒരിക്കലും പൊറുക്കില്ല; ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ ശക്തരായ നേതാക്കൾ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ശരത് പവാർ; ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരിയെന്നും എൻസിപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജനാധിപത്യത്തിന്റെ ശക്തിയെ സംബന്ധിച്ച് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങളിലൂടെ മനസ്സിലാക്കണമെന്ന് എൻസിപി നേതാവ് ശരത് പവാർ. ജനാധിപത്യത്തിൽ ജനങ്ങളുടെ പരമാധികാരശക്തിയെ കാണാതെ പോകരുതെന്നും ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരദ് പവാർപറയുന്നു. ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ ശക്തരായ നേതാക്കൾ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും പവാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 'ഞാൻ തിരച്ചുവരും' എന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമർശം ബിജെപിക്കെതിരായ ജനരോഷത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിൽ ആർക്കും എക്കാലത്തും അധികാരത്തിൽ തുടരാനാകില്ല. തങ്ങളെ നിസ്സാരമായി കാണുന്നതിനോട് വോട്ടർമാർ ഒരിക്കലും പൊറുക്കില്ല. ഞാൻ ഇനിയും അധികാരത്തിൽ വരും എന്നതുപോലുള്ള പരാമർശങ്ങൾ അവർ അംഗീകരിക്കില്ല. ജനങ്ങളെ നിസ്സാരമായി കാണരുത്. അധികാരത്തിൽ വീണ്ടുമെത്തുമെന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്താനും പാടില്ല. അതിനെയൊക്കെ അഹങ്കാരമായി കാണുന്ന ജനങ്ങൾ അത് വളരാൻ അനുവദിക്കാതെ കടുത്ത പാഠങ്ങളാകും നമ്മളെ പഠിപ്പിക്കുക. ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ ശക്തരും ബഹുജനാടിത്തറയുമുള്ള നേതാക്കൾ പോലും പരാജയപ്പെട്ടിട്ടുണ്ട്.- പവാർ ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരി. ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ ഈ പരിധി ലംഘിക്കാൻ ശ്രമിച്ചാൽ അവർ നമ്മെ ശിക്ഷിക്കും. മഹാരാഷ്ട്രയിലെ ഭരണമാറ്റം ആകസ്മികമായിരുന്നില്ലെന്നും പവാർ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി. മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നു. അവർ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഭാഗങ്ങളുള്ള അഭിമുഖത്തിന്റെ ആദ്യത്തെ ഭാഗം ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതാദ്യമായാണ് ശിവസേന അംഗമല്ലാത്ത ഒരാളുടെ ദൈർഘ്യമേറിയ അഭിമുഖം പരമ്പരയായി സാമ്‌നയിൽ വരുന്നത്. ഇതിന് മുമ്പ് പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെയും നിലവിലെ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെയും അഭിമുഖങ്ങൾ മാത്രമാണ് ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ബാൽ താക്കറെ ഒരിക്കലും അധികാരത്തിലിരുന്നിട്ടില്ലന്നും പവാർ അഭിമുഖത്തിൽ ഓർമ്മിപ്പിക്കുന്നു. എന്നാൽ, അദ്ദേഹം അധികാരത്തെ നിയന്ത്രിച്ചിരുന്ന ശക്തിയായിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തിന്റെ കരുത്തിലാണ് താക്കറെ മഹാരാഷ്ട്രയുടെ അധികാരം കൈപ്പിടിയിലൊതുക്കിയിരുന്നത്. അതേസമയം, ഇപ്പോഴത്തെ സർക്കാർ പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പക്ഷെ ആ അധികാരം നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഉദ്ധവ് താക്കറെയിൽ നിക്ഷിപ്തമാണെന്നും പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന റിപ്പോർട്ടുകളും പവാർ തള്ളിക്കളഞ്ഞു. അത്തരം റിപ്പോർട്ടുകളിൽ സത്യത്തിന്റെ അംശം അൽപം പോലുമില്ലെന്നാണ് പവാർ പറയുന്നത്. അത്തരം റിപ്പോർട്ടുകൾ താനും വായിച്ചി്‌രുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പവാർ പറഞ്ഞു: “തീർച്ചയായും അല്ല. എന്ത് വ്യത്യാസങ്ങൾ? എന്തിനുവേണ്ടിയാണ്? ലോക്ക്ഡൗണിന്റെ മുഴുവൻ കാലഘട്ടത്തിലും ഞാൻ മുഖ്യമന്ത്രിയുമായി  ആശയവിനിമയം നടത്തിയിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നു. " ലോക്ക്ഡൗൺ വാർത്താ ശേഖരണ പ്രവർത്തനത്തെ ബാധിച്ചുവെന്നും പത്രങ്ങളുടെ പേജുകൾ നിറയ്ക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP