Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾ ഒന്നാണ്..ഒറ്റക്കെട്ടാണ്..മഹാരാഷ്ട്ര ഗവർണർ വന്നാലും കണ്ടാലും; 162 എംഎൽഎമാരെ അണിനിരത്തി കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിന്റെ ശക്തിപ്രകടനം; എണ്ണത്തിൽ വമ്പർ തങ്ങൾ തന്നെയെന്ന് തെളിയിക്കാൻ ഒത്തുകൂടിയപ്പോഴും ആരെയും ബിജെപി റാഞ്ചാതിരിക്കാൻ ജാഗ്രത; ഇത് മഹാരാഷ്ട്രയാണ്..ഗോവയല്ല..തീ കൊണ്ട് കളിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഞങ്ങൾക്കറിയാമെന്ന് ശരദ് പവാർ

ഞങ്ങൾ ഒന്നാണ്..ഒറ്റക്കെട്ടാണ്..മഹാരാഷ്ട്ര ഗവർണർ വന്നാലും കണ്ടാലും; 162 എംഎൽഎമാരെ അണിനിരത്തി കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിന്റെ ശക്തിപ്രകടനം; എണ്ണത്തിൽ വമ്പർ തങ്ങൾ തന്നെയെന്ന് തെളിയിക്കാൻ ഒത്തുകൂടിയപ്പോഴും ആരെയും ബിജെപി റാഞ്ചാതിരിക്കാൻ ജാഗ്രത; ഇത് മഹാരാഷ്ട്രയാണ്..ഗോവയല്ല..തീ കൊണ്ട് കളിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഞങ്ങൾക്കറിയാമെന്ന് ശരദ് പവാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇല്ല, ഇല്ല വിട്ടുകൊടുക്കില്ല. പോരിൽ ഞങ്ങൾ തന്നെ മുന്നിൽ എന്ന് ബോധ്യപ്പെടുത്താനുള്ള തീവ്രയത്‌നത്തിലാണ് കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം. തങ്ങൾ ഭൂരിപക്ഷം തെളിയിക്കുമെന്ന വാശിയിൽ ബിജെപിയും. ആരാണ് ജയിക്കുക എന്നറിയാൻ വിശ്വാസ വോട്ടെടുപ്പ് കഴിയണമെങ്കിലും അതിന് മുന്നേ കരുത്ത് കാട്ടാനുള്ള തത്രപ്പാടിലാണ് കക്ഷികൾ. ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ 162 എംഎൽഎമാരെ അണിനിരത്തി ശിവസേനയും കോൺഗ്രസും എൻസിപിയും ആദ്യഗോളടിച്ചു. എംഎൽഎമാരെ ബസുകളിലാണ് ഗ്രാന്റ് ഹയാത്തിലേക്ക് കൊണ്ടുവന്നത്.

ശരദ് പവാറും സുപ്രിയ സുലെയും നേരത്തെ തന്നെ അവിടെ എത്തി. ശിവസേന നേതാവ് സഞജയ് റാവുത്ത് നേരത്തെ ട്വീറ്റ് ചെയ്തത് ഇങ്ങനെ:' ഞങ്ങളുടെ 162 എംഎൽഎമാർ ആദ്യമായി ഒന്നിച്ച് കൂടുകയാണ്. മഹാരാഷ്ട്ര ഗവർണർ വന്നാലും കണ്ടാലും'. . തങ്ങൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണ് കോൺഗ്രസ്-എൻസിപി-ശിവസേന കക്ഷികളുടെ ശ്രമം. ഹാളിൽ മുഴുവൻ 'ഞങ്ങൾ 162 പേർ' എന്നെഴുതിയ ഡിജിറ്റൽ സ്‌ക്രീനുകൾ ഉണ്ടായിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാർ 'ഐക്യത്തിന്റെ സത്യപ്രതിജ്ഞ' ചൊല്ലിയപ്പോൾ എംഎൽഎമാർ അത് ഏറ്റുചൊല്ലി. 'ഒരു വാഗ്ദാനത്തിലും ഞാൻ വീണ് പോകില്ല. ബിജെപിയെ ഒരു തരത്തിലും ഞാൻ സഹായിക്കില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരിക്കലും ഭാഗഭാക്കാകില്ല'', എന്നായിരുന്നു പ്രതിജ്ഞ. ഇത് മഹാരാഷ്ട്രയാണ്. ഗോവയല്ല. തീ കൊണ്ട് കളിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഞങ്ങൾക്കറിയാം. ശിവസേന ഞങ്ങൾക്കൊപ്പമുള്ളപ്പോൾ പ്രത്യേകിച്ച്. ഇവിടെ ഇത്തരം കളികൾ നടപ്പില്ല. അതുകൊണ്ട് അധികാരവും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല''-പവാർ പറഞ്ഞു.

എണ്ണം പ്രധാനമായ പടയിൽ തോൽക്കാതിരിക്കാൻ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ഫട്‌നാവിസും, അജിത് പവാറും ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇവിടെ ഓപ്പറേഷൻ ലോട്ടസിന്റെ ആവശ്യമില്ല. ഞങ്ങൾക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യത്തിന് എംഎൽഎമാരുണ്ട്. ഞങ്ങൾ ആരെയും ഭീഷണിപ്പെടുത്തുന്നില്ല. സഞ്ജയ് റാവുത്തിന്റെ ആരോപണങ്ങളെല്ലാം തെറ്റാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കകം, അദ്ദേഹത്തെ മാനസികരോഗ ചികിത്സാശുപത്രിയിലേക്ക് കൊണ്ടുപോകും- ബിജെപിയുടെ പ്രതികരണം ഇങ്ങനെ. സർ്ക്കാർ രൂപീകരണത്തിനായി ഗവർണർ ഒപ്പുവച്ചത് എൻസിപി എംഎൽഎമാരുടെ ഒപ്പുകൾ കണ്ട ശേഷം മാത്രമാണെന്ന് ബിജെപി നേതാവ് റാവുസാഹേബ് ഡാൻവെ പറഞ്ഞു. അതേസമയം, അജിത് പവാറുമായി തങ്ങൾ ഒരുവട്ടം ചർച്ച നടത്തിയെന്നും ഒരുതവണ കൂടി അദ്ദേഹത്തെ കാണുമെന്നും എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു.

അതിനിടെ താനാണ് അജിത് പവാറിന്റെ കലാപത്തിന് പിന്നിലെന്ന് പറയുന്നത് ശരിയല്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. ബിജെപിക്കൊപ്പം ചേരേനുള്ള അജിത്തിന്റെ തീരുമാനത്തിന് പിന്നിൽ താനല്ല. അതയാളുടെ സ്വന്തം തീരുമാനമാണ്. കോൺഗ്രസും, എൻസിപിയും, ശിവസേനയും ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്നും പവാർ, തറപ്പിച്ചുപറഞ്ഞു.

ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സേന, എൻസിപി, കോൺഗ്രസ് നിയമസഭാകക്ഷി നേതാക്കൾ രാജ്ഭവനിലെത്തിയാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 160 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സഖ്യം അവകാശപ്പെട്ടു.മൂന്നുപാർട്ടികളുടേയും എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിനെതിരെ നൽകിയ കേസ് സുപ്രീം കോടതി രാവിലെ പരിഗണിക്കുന്നതിനു മുൻപാണ് ത്രികക്ഷി സഖ്യം ഗവർണറെ കണ്ടത്.

മഹാസഖ്യത്തിന് ആശ്വാസമായി എൻസിപിയിലെ നാല് വിമത എംഎൽഎമാർ കൂടി ഡൽഹിയിൽ നിന്ന് മുംബൈയിൽ മടങ്ങിയെത്തിയിരുന്നു. എൻസിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. നർഹരി സിർവാൾ, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനിൽ പാട്ടീൽ എന്നീ എംഎൽഎമാരാണ് എൻസിപി ക്യാമ്പിൽ മടങ്ങിയെത്തിയത്.

അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നുണ പറയുകയാണെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ ആരോപിച്ചു. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി അജിത് പവാർ ഗവർണർക്ക് നൽകിയ കത്ത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി എംഎൽഎമാർ ബിജെപിയെ പിന്തുണയ്ക്കില്ല. ശിവസേന-കോൺഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്ന കത്തിലാണ് എൻസിപി എംഎൽഎമാർ ഒപ്പുവച്ചതെന്നും ചവാൻ പറഞ്ഞു. എൻസിപിയുടെ 54 എംഎൽഎമാരും ഒപ്പുവച്ച കത്ത് അജിത് പവാർ ഗവർണർക്കു കൈമാറിയാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത്.

നേരത്തെ, മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്, ശിവസേന, എൻസിപി പാർട്ടികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. വിധി പ്രഖ്യാപിക്കുന്നതിന് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിശ്വാസവോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഉത്തരവിടണമെന്ന ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്. ചൊവ്വാഴ്ച പത്തരയ്ക്ക് വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേവേന്ദ്ര ഫഡ്‌നാവിസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ ഔദ്യോഗിക കത്ത് ഹാജരാക്കാൻ സുപ്രീം കോടതി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ കത്ത് കേന്ദ്ര സർക്കാരിനും ഗവർണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഹാജരാക്കി.

മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ തന്നെ ഗവർണറുടെ കത്ത് കൈയിലുണ്ടെന്നും, തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങൾ വിശദീകരിക്കാൻ സമയം വേണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. 54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാർ നൽകിയ കത്ത് തുഷാർ മേത്ത സുപ്രീംകോടതിയിൽ വായിച്ചു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ടും കത്തിലുണ്ട്.

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകൾ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകുൾ റോഹ്തഗി വാദിച്ചു. പവാർ കുടുംബത്തിലെ തർക്കങ്ങളാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് റോഹ്തഗി കൂട്ടിച്ചേർത്തു. അജിത് പവാർ നൽകിയ കത്തിന് വിലയില്ലെന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. 154 പേർ ഒപ്പിട്ട് സത്യവാങ്മൂലം കപിൽ സിബൽ കോടതിയിൽ നൽകി.അതിനിടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദേവേന്ദ്ര ഫട്‌നാവിസ് ജനപ്രിയ പരിപാടികളുടെ പ്രഖ്യാപനം തുടങ്ങി. കാലം തെറ്റി പെയ്ത മഴയിൽ കർഷകർക്ക് ആശ്വാസമെത്തിക്കാൻ 5380 കോടി അനുവദിച്ചു. നേരത്തെ രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ഗവർണർ ഭഗത് സിങ് കോഷ്യാരി രണ്ടുഹെക്ടർ വരെയുള്ള കർഷകർക്ക് 8000 രൂപ വച്ച് പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP