Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികസന വാഗ്ദാനം നിറവേറ്റി മുന്നോട്ടു പോകണോ, അതോ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണോ? എന്തായിരിക്കും മോദിയുടെ ചോയ്‌സ്? രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ രംഗത്ത്

വികസന വാഗ്ദാനം നിറവേറ്റി മുന്നോട്ടു പോകണോ, അതോ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണോ? എന്തായിരിക്കും മോദിയുടെ ചോയ്‌സ്? രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ രംഗത്ത്

ലഖ്‌നൗ: തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ അൽപ്പസ്വൽപ്പം ഹിന്ദുത്വവാദമൊക്കെ പറഞ്ഞിട്ടിട്ടുണ്ടെങ്കിലും കേന്ദ്ര ഭരിക്കുന്ന ബിജെപി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വികസനമെന്ന വാക്കിൽ ഊന്നിയാണ് മുന്നോട്ടു പോകുന്നത്. ഏറെ വികസന തൽപ്പരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം തന്നെയായിരുന്നു ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ ബിജെപിയെ പ്രേരിപ്പിച്ച ഘടകവും. രാജ്യത്ത് വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയും മറ്റുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുമ്പാൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടകൾ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തമാക്കി.

രാമജന്മഭൂമിയിൽ ക്ഷേത്രംപണിത്, ഹിന്ദുസമൂഹത്തിന് ബിജെപി. നൽകിയ തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കണമെന്ന് അയോധ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ ഹൈന്ദവസംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് വി.എച്ച്.പി.യുടെ നേതൃത്വത്തിൽ നിവേദനവും സമർപ്പിക്കും. ഇതിനായി ജൂൺ അവസാനം മോദിയെ കാണാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ പ്രകടനപത്രികയിൽ രാമക്ഷേത്രമെന്ന വാദം ഉൾപ്പെടുത്തിയില്ലെങ്കിലും ഉത്തർപ്രദേശിൽ അടക്കം ഇത് പ്രചരണ വിഷയമായി ബിജെപി ഉന്നയിച്ചിരുന്നു.

രാമക്ഷേത്രത്തിനായി മോദിയെ സമ്മർദത്തിലാക്കുകയും അല്ലാത്തപക്ഷം വിഷയം ആളിക്കത്തിക്കുകയുമാണ് വി.എച്ച്.പി.യുൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളുടെ ലക്ഷ്യം. മോദിയെ നേരിട്ടുകണ്ട് ക്ഷേത്രനിർമ്മാണത്തിനായുള്ള നടപടികളാരംഭിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഹൈന്ദവസംഘടനകളുടെ പ്രതിനിധികൾ ഒപ്പിട്ട കത്ത് മോദിക്കു കൈമാറുമെന്നും വി.എച്ച്.പി. വക്താവ് ശരത് ശർമ പറഞ്ഞു. നിലവിൽ സംഘപരിവാർ നേതൃത്വമുമായി നല്ലബന്ധം പുലർത്തുന്ന മോദി എന്നാൽ, ഇതിന് എളുപ്പത്തിൽ സമ്മതിക്കാൻ സാധ്യത വിരളമാണ്. കാരണം വികസനമെന്ന വാക്കിലൂന്നിയാണ് മോദിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കൂടാതെ ആഗോള തലത്തിൽ മോദിയുടെ ഇമേജ് വർദ്ധിച്ച സമയം കൂടിയായാണ് ഇപ്പോഴത്തേത്. ന്യൂനപക്ഷ വിരുദ്ധനെന്ന ഇമേജ് മാറ്റാനുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഈ സാഹചര്യത്തിൽ ഉടനടി രാമക്ഷേത്രത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ മോദി താൽപ്പര്യപ്പെടില്ലെന്നത് വ്യക്തമാണ്.

അതേസമയം വിഷയത്തിൽ നിന്നു പിന്നോട്ടുപോകില്ലെന്ന നിലപാലിടാണ് പരിവാർ സംഘടനകൾ. ഹരിദ്വാറിൽ നടന്ന സന്ന്യാസിമാരുടെയും ഹൈന്ദവസംഘടനാനേതാക്കളുടെയും യോഗമാണ് രാമക്ഷേത്രനിർമ്മാണമാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും നിവേദനം തയ്യാറാക്കുകയുംചെയ്തത്. വിശ്വഹിന്ദുപരിഷത്തിന്റെയും രാമജന്മഭൂമി ന്യാസിന്റെയും നേതൃത്വത്തിലായിരുന്നു യോഗം.

തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കുന്നതിന് തുടക്കംകുറിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇങ്ങനെപോയാൽ വിശ്വാസികളുടെ കോപം അഗ്‌നിപർവതമായി പൊട്ടിത്തെറിക്കുമെന്നും ബിജെപി. എംപി.കൂടിയായ വിനയ് കത്യാർ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ലക്ഷക്കണക്കിനുപേരുടെ സ്വപ്‌നമാണ് രാമക്ഷേത്രമെന്നും അത് ഉടൻ സാക്ഷാത്കരിക്കുമെന്നും ബിജെപി. ദേശീയനേതാവ് അനുരാഗ് ഠാക്കൂർ കുറച്ചുദിവസംമുമ്പ് യു.പി.യിലെ ഒരു ചടങ്ങിൽ പ്രസംഗിച്ചിരുന്നു. ക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും തീരുമാനം വൈകിയാൽ സ്വന്തമായി കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്നുമാണ് സംഘപരിവാറുമായി അടുത്ത ബന്ധമുള്ള ഹിന്ദുസംഘടനകളുടെയെല്ലാം നിലപാട്.

വികസനമാണ് ക്ഷേത്രനിർമ്മാണമല്ല സർക്കാറിന്റെ മുഖ്യലക്ഷ്യമെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ഹിന്ദുസംഘടനാ നേതാക്കളെയും സന്ന്യാസിവിഭാഗങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നാണ് സന്ന്യാസികൾ യോഗംവിളിച്ചത്. അഖാഡ പരിഷത് അധ്യക്ഷൻ നരേന്ദ്രഗിരിയും രാജന്മഭൂമി ന്യാസ് അധ്യക്ഷൻ നൃത്യഗോപാൽദാസും രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്തു.

രാമക്ഷേത്രവിഷയത്തിൽ പ്രധാനമന്ത്രിയും അമിത് ഷായും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും രംഗത്തുവന്നിട്ടുണ്ട്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് അവർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. വി.എച്ച്.പി. നേതാക്കളായ സാധ്വി പ്രാചി, സാക്ഷി മഹാരാജ് എന്നിവരും ക്ഷേത്രനിർമ്മാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ടിരുന്നു. ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ സ്വരൂപാനന്ദസരസ്വതി രാമക്ഷേത്രവിഷയത്തിൽ ബിജെപി. നേതൃത്വത്തിനെതിരെ കടുത്തഭാഷയിൽ പ്രതികരിച്ചതും ശ്രദ്ധേയമാണ്. മെയ്മാസത്തിൽ നടന്ന ഹിന്ദുധർമസൻസദിലാണ് ക്ഷേത്രം നിർമ്മിക്കാൻ രാഷ്ട്രീയക്കാരുടെ സഹായമാവശ്യമില്ലെന്നും രാജ്‌നാഥ് സിങ് ദയവായി ഇനി രാമജന്മഭൂമിയെക്കുറിച്ചു സംസാരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചത്. ഹിന്ദുധർമസൻസദ് ഈവിഷയത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.

അടുത്തിടെ മുസ്ലിംങ്ങളെ ആക്രമിക്കുന്ന വിധത്തിൽ വിവാദ പ്രസ്താവന നടത്തിയവരെ മോദി തന്നെ ശാസിച്ചിരുന്നു. തീവ്രഹിന്ദുത്വ നിലപാടുള്ളവരെ മോദി തന്നെ ശാസിക്കുന്നത് ന്യൂനപക്ഷത്തിന്റെ മനസിൽ ഇടംതേടാൻ വേണ്ടിയാണ്. അടുത്തിടെ മോദിയെ മുസ്ലിംനേതാക്കൾ സന്ദർശിച്ചപ്പോൾ തന്റെ നിലപാട് അദ്ദേഹം ഇവരെ അറിയിക്കുകയും ചെയത്ിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP