Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ബീഹാർ എൻഡിഎയിൽ തീരുമാനമായത് മുന്നണിയിലെ ഏറ്റവും വലിയ പാർട്ടി ആരെന്ന കാര്യത്തിൽ; മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലല്ല ഭരണം നിലനിർത്തുകയാണ് പ്രധാനം എന്ന നിലപാടിൽ ബിജെപി; ജെഡിയു മത്സരിക്കുക 122 സീറ്റുകളിൽ; മുന്നണിയുടെ ഭാ​ഗമായി മത്സരിക്കാൻ ലോക് ജനശക്തി പാർട്ടി തയ്യാറായാൽ സീറ്റുകൾ നൽകുക ബിജെപിയുടെ വിഹിതത്തിൽ നിന്നും; പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായതോടെ കളംപിടിക്കാനുറച്ച് ബിജെപി

ബീഹാർ എൻഡിഎയിൽ തീരുമാനമായത് മുന്നണിയിലെ ഏറ്റവും വലിയ പാർട്ടി ആരെന്ന കാര്യത്തിൽ; മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലല്ല ഭരണം നിലനിർത്തുകയാണ് പ്രധാനം എന്ന നിലപാടിൽ ബിജെപി; ജെഡിയു മത്സരിക്കുക 122 സീറ്റുകളിൽ; മുന്നണിയുടെ ഭാ​ഗമായി മത്സരിക്കാൻ ലോക് ജനശക്തി പാർട്ടി തയ്യാറായാൽ സീറ്റുകൾ നൽകുക ബിജെപിയുടെ വിഹിതത്തിൽ നിന്നും; പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായതോടെ കളംപിടിക്കാനുറച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

പാട്ന: ബീഹാറിൽ പ്രതിപക്ഷ സഖ്യം സീറ്റ് ധാരണയിൽ എത്തിയതോടെ തിരക്കിട്ട് സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തേക്കാൾ പ്രധാനം സംസ്ഥാനത്തെ ഭരണം നിലനിർത്തുകയാണെന്ന നേതാക്കളുടെ അഭിപ്രായത്തെ തുടർന്നാണ് ബിജെപി-ജെഡിയു സഖ്യം സീറ്റ് ധാരണയിൽ എത്തിയത്. നിലവിലെ ധാരണ അനുസരിച്ച് ജനതാ ദൾ യു 122 സീറ്റുകളിൽ മത്സരിക്കും എന്നുറപ്പായി. അതേസമയം, അവശേഷിക്കുന്ന 121 സീറ്റുകൾ ഇപ്പോൾ ബിജെപിയുടെ കയ്യിലുണ്ടെങ്കിലും അതിൽ എത്ര സീറ്റിൽ മത്സരിക്കാനാകും എന്ന കാര്യത്തിൽ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് ഇപ്പോളും ഉറപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനുമായി ചർച്ചകൾ നടക്കുകയാണ്. ലോക് ജനശക്തി പാർട്ടി എൻഡിഎയുടെ ഭാ​ഗമായി മത്സരിക്കാൻ തീരുമാനിച്ചാൽ അവർക്ക് മത്സരിക്കാനുള്ള സീറ്റുകൾ ബിജെപിയുടെ കയ്യിലുള്ള 121 സീറ്റുകളിൽ നിന്നും നൽകണം എന്നാണ് നിലവിലെ ധാരണ.

ബിജെപിക്കും ജെഡിയുവിനും ഇടയിലെ ചർച്ചകൾ പൂർത്തിയായെന്നാണ് സൂചന. 243ൽ 122 സീറ്റ് നല്കിയ ജെഡിയുവിനെ സഖ്യത്തിലെ വലിയ പാർട്ടിയായി ബിജെപി അംഗീകരിച്ചു. 121 സീറ്റ് ബിജെപിക്ക് കിട്ടി. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ജെഡിയു ക്വാട്ടയിൽ നിന്ന് സീറ്റു നല്കും. എന്നാൽ രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാർട്ടിയുടെ തീരുമാനം ഇതുവരെ വ്യക്തമല്ല. ബിജെപിയുടെ ക്വാട്ടയിൽ നിന്ന് ഇരുപത് സീറ്റുവരെ നല്കി എൽജെപിയെ കൂടെ നിറുത്താനാണ് നീക്കം. ഡൽഹിയിൽ ചികിത്സയിലുള്ള രാംവിലാസ് പസ്വാന് ഇന്നലെ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. ഈ സാഹചര്യത്തിൽ എൽജെപിയുടെ അന്തിമതീരുമാനം മാറ്റി വച്ചു. ചിരാഗ് പസ്വാനുമായി അമിത് ഷാ രണ്ടു തവണ ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയും തർക്കം തീർക്കാൻ ഇടപെട്ടെന്നാണ് സൂചന. പസ്വാൻ എൻഡിഎ വിടുന്നത് ദളിത് വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാക്കും. അതേസമയം, നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അം​ഗീതകരിക്കാനാതില്ലെന്ന നിലപാടിലാണ് എൽജെപി.

മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് എൽജെപി. 143 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എൽജെപി നീക്കം. സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചാലും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ചിരാഗ് ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വോട്ടെടുപ്പിന് ശേഷം സർക്കാരുണ്ടാക്കാൻ ബിജെപിക്ക് എൽ.ജെ.പി. പിന്തുണ നൽകും. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചിരാഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. എൽ.ജെ.പി. മത്സരിക്കുന്ന 143 സീറ്റുകളിൽ ബിജെപി. സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് ബിജെപി. ഉറപ്പ്‌ നൽകിയിട്ടുണ്ട്. ദേശീയ തലത്തിൽ ബിജെപി. സഖ്യം വിടുന്നു എന്ന് അർഥമില്ലെന്നും എൽ.ജെ.പി. വ്യക്തമാക്കിയിരുന്നു. 143 സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കി അതത് നിയോജകമണ്ഡലങ്ങളിൽ പ്രചരണം ആരംഭിക്കാൻ നേരത്തെ ചിരാഗ് പാസ്വാൻ പാർലമെന്ററി ബോർഡ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഭിന്നതയുള്ളതിനാൽ ജെ.ഡി. യുവിനെതിരെ എൽ.ജെ.പി സ്ഥാനാർത്ഥികളെ നിർത്താൻ മടിക്കില്ലെന്ന് ചിരാഗ് നേരത്തേ തന്നെ വ്യക്തമാക്കിയിയിരുന്നു. എന്നാൽ, എൽജെപിയെ അനുനയിപ്പിച്ച് കൂടെനിർത്താനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.

ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം സീറ്റുവിഭജനം പൂർത്തിയായതിന് പിന്നാലെ ഇന്നലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആർജെഡിക്കും കോൺഗ്രസിനും പുറമേ ഇടതുപക്ഷവും സഖ്യകക്ഷികളായ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം നീണ്ട തർക്കങ്ങൾക്കൊടുവിലാണ് പൂർത്തിയായത്. മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായി. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട് എടുത്തത്. ഈയാഴ്ച തീരുമാനം വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിക്കാൻ ആർജെഡി തയ്യാറായത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ നേരത്തേ തന്നെ ആകെ മാറി മറിഞ്ഞു പോയിരുന്നു. പഴയ നിതീഷ് കുമാറല്ല ഇന്നത്തെ മുഖ്യമന്ത്രി. ലാലു പ്രസാദ് യാദവുമായി ചേർന്നാണ് നിതീഷ് കുമാർ 2015ൽ മുഖ്യമന്ത്രിയായത്. 2017ൽ ആർ.ജെ.ഡിയും കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച്, രാജിനാടകം കളിച്ച് നിതീഷ്കുമാർ ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടർന്നു. ആർ.എൽ.എസ്‌പിയെ നയിച്ച് ഉപേന്ദ്ര കുശ്​വാഹയും ഹിന്ദുസ്ഥാനി അവാം മോർച്ചയെ നയിച്ച് ജിതൻറാം മാഞ്ചിയും എൻ.ഡി.എ സഖ്യത്തിൽനിന്ന് എതിർപാളയത്തിലേക്ക് ചാടി സാധ്യതകളുടെ പരീക്ഷണം നടത്തിയതാണ്.

നിതീഷിന്റെ ജനതാദൾ- യുവും ബിജെപിയും രാംവിലാസ് പാസ്വാെൻറ ലോക്ജൻശക്തി പാർട്ടിയും ചേർന്ന സഖ്യം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് തൂത്തുവാരി. സോഷ്യലിസ്​റ്റ്​ ഭൂമികയായ ബിഹാറിൻറ മണ്ണിന് ഇന്ന് കാവിനിറമാണ്. ആ സാഹചര്യങ്ങൾ വച്ചാണെങ്കിൽ എൻ.ഡി.എ സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിക്കും. അത്രത്തോളം ലളിതമല്ലെങ്കിലും തെരഞ്ഞെടുപ്പു ഗോദയിൽ എൻ.ഡി.എ സഖ്യത്തിനാണ് മേൽക്കൈ. അത് പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. അതു മുതലാക്കാൻ കഴിയാത്തവിധം ചിതറിയും ക്ഷീണിച്ചും നിൽക്കുകയാണ് പ്രതിപക്ഷം എന്നതായിരുന്നു അവസ്ഥ എങ്കിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒരുവിധം അവസാനിപ്പിച്ച് മഹാസഖ്യം സാധ്യമാക്കിയിരിക്കുകയാണ് ആർജെഡി.

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. 243 നിയമസഭാംഗങ്ങളുള്ള സംസ്ഥാനത്ത് 7.29 കോടി വോട്ടർമാർ. ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി നവംബർ 29നാണ് അവസാനിക്കുന്നത്. വോട്ടർമാർക്ക് കയ്യുറ, കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യാൻ അനുമതി എന്നിവയുൾപ്പെടെയുള്ള വ്യവസ്ഥകളുമായി കർശന കോവിഡ്കാല മാർഗരേഖ കമ്മിഷൻ പുറത്തിറക്കിയിരുന്നു. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും തപാൽ വോട്ടുമാകാം.ക്രമസമാധാന ഭീഷണിയുള്ള മേഖലകളിലൊഴികെ വോട്ടെടുപ്പു സമയം ഒരു മണിക്കൂർ നീട്ടി രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാക്കി. 2015 ൽ പോളിങ് കേന്ദ്രങ്ങൾ 62,37 ആയിരുന്നെങ്കിൽ ഇത്തവണ 1,06,526. ഒരു കേന്ദ്രത്തിൽ പരമാവധി 1000 വോട്ടർമാർ. മുൻപ് ഇത് 1500 ആയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP