Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്ഡിപിഐയുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല; പോപ്പുലർ ഫ്രണ്ടുമായി ഈ രാഷ്ട്രീയ കക്ഷിക്കുള്ള ബന്ധവും കണ്ടെത്താനായിട്ടില്ല; അവർ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കേന്ദ്ര ആരോപണത്തിലും കൈകഴുകി എസ്ഡിപിഐ

എസ്ഡിപിഐയുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല; പോപ്പുലർ ഫ്രണ്ടുമായി ഈ രാഷ്ട്രീയ കക്ഷിക്കുള്ള ബന്ധവും കണ്ടെത്താനായിട്ടില്ല; അവർ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കേന്ദ്ര ആരോപണത്തിലും കൈകഴുകി എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും എതിരായി സർക്കാർ ഏജൻസികൾ നടപടികൾ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തമ്മിൽ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

'പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കുന്നത് ഞങ്ങൾക്കറിയാം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. ഇത് വരെ നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തമ്മിൽ കണ്ടെത്താനായിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല', രാജീവ് കുമാർ പറഞ്ഞു.

എല്ലാ സമുദായാംഗങ്ങളും ഉള്ള മതേതര രാഷ്ട്രീയ പാർട്ടി എന്നാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്. പോപ്പുലർ ഫ്രണ്ടിനെ അഞ്ചുവർഷത്തേക്ക് നിരോധിച്ചെങ്കിലും, എസ്ഡിപിഐ വിലക്കിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. എസ്ഡിപിഐ സ്വതന്ത്ര സംഘടനയാണെന്നും പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്. അംഗീകൃത രാഷ്ട്രീയ കക്ഷിയായതിനാൽ, എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് താനും.

2009 ജൂൺ 21നാണ് എസ്ഡിപിഐ സ്ഥാപിതമായത്. 2010 ഏപ്രിൽ 13നാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തത്. കേരളം, തമിഴ്‌നാട്, രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കോർപ്പറേഷനുകളിലും പഞ്ചായത്തുകളിലും എസ്ഡിപിഐക്ക് ജനപ്രതിനിധികളുണ്ട്.

ആറുവർഷമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് പുറത്താക്കുകയോ, നിർജ്ജീവമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 537 പാർട്ടികളെ മെയ് മാസത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കമ്മീഷന് അധികാരമില്ല. ഈ അധികാരം ആവശ്യപ്പെട്ട് നിയമമന്ത്രാലയത്തിന് പലവട്ടം കത്തെഴുതിയെങ്കിലും നടപ്പായിട്ടില്ല.

എസ്ഡിപിഐ പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടന ആയിരുന്നെങ്കിൽ നടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ, അതങ്ങനയല്ലാത്ത സാഹചര്യത്തിൽ നടപടി സാധ്യമല്ല. പോപ്പുലർ ഫ്രണ്ടിനോട് അകലം പാലിക്കാറുണ്ടെങ്കിലും, നിരോധനം വന്നപ്പോൾ, അതിനെ അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു. എസ്ഡിപിഐക്ക് കേരളത്തിലും, തമിഴ്‌നാട്ടിലും, രാജസ്ഥാനിലും, ആന്ധ്രയിലും, ബിഹാറിലും, മധ്യപ്രദേശിലും, കർണാടകയിലും, ബംഗാളിലും ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപറേഷനുകളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി എലിയാസ് തുമ്പേ ദി ഹിന്ദുവിനോട് പറഞ്ഞു.

എസ്ഡിപിഐ പ്രവർത്തകർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കേന്ദ്ര സർക്കാർ ആരോപിച്ച കാര്യം ചോദിച്ചപ്പോൾ, തീവ്രവാദ കേസിൽ പെട്ട പ്രഗ്യ സിങ് ഠാക്കൂർ ലോക്‌സഭാംഗമല്ലേ എന്നായിരുന്നു മറുചോദ്യം. ആയിരക്കണക്കിന് പാർട്ടി അംഗങ്ങളുണ്ടെന്നും, അവരിൽ ആരുടെയെങ്കിലും ക്രിമിനൽ പ്രവർത്തനത്തിന് പാർട്ടി ഉത്തരവാദിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 43 ശതമാനം ലോക്‌സഭാംഗങ്ങൾക്ക് ക്രിമിനൽ റെക്കോഡ് ഉണ്ടായിട്ടും, കോൺഗ്രസിനെയും ബിജെപിയെയും ആരും പഴിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP