Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മഹാ' സസ്‌പെൻസ് ത്രില്ലർ ഏതുവഴിയേ നീങ്ങുമെന്നറിയാൻ മണിക്കൂറുകൾ മാത്രം; ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിവസേന-കോൺഗ്രസ്-എൻസിപി കക്ഷികളുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുക ഞായറാഴ്ച രാവിലെ 11.30ന്; സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന് റിട്ട് ഹർജിയിലെ വാദം; നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫട്‌നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വരുമെന്നും കോൺഗ്രസ്; എംഎൽഎമാരെ തിരിച്ച് പിടിച്ച് ശരദ് പവാർ കളി തുടങ്ങിയതോടെ അജിത് പവാറിന് തിരിച്ചടി

'മഹാ' സസ്‌പെൻസ് ത്രില്ലർ ഏതുവഴിയേ നീങ്ങുമെന്നറിയാൻ മണിക്കൂറുകൾ മാത്രം; ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിവസേന-കോൺഗ്രസ്-എൻസിപി കക്ഷികളുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുക ഞായറാഴ്ച രാവിലെ 11.30ന്; സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന് റിട്ട് ഹർജിയിലെ വാദം; നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫട്‌നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വരുമെന്നും കോൺഗ്രസ്; എംഎൽഎമാരെ തിരിച്ച് പിടിച്ച് ശരദ് പവാർ കളി തുടങ്ങിയതോടെ അജിത് പവാറിന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം സസ്‌പെൻസ് ത്രില്ലറായി മാറിയതോടെ, എംഎൽഎമാരെ ചാക്കിട്ടുപിടുത്തവും, ഒളിച്ചുകളിയും, മുങ്ങലുകളും എല്ലാം മുടക്കമില്ലാതെ അരങ്ങേറുകയാണ്. ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് മുഖ്യം. ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ശിവസേനയും, കോൺഗ്രസും എൻസിപിയും ചേർന്നാണ് ഹർജി നൽകിയത്. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. റിട്ട് ഹർജിയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്നും ആവശ്യമുന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സ്ഥലത്തില്ലായിരുന്നു. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. 288 അംഗസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ഉടൻ സഭവിളിച്ച് വോട്ടിനിടണമെന്നാണ് ആവശ്യം. സുപ്രീം കോടതി തീരുമാനത്തിൽ നന്ദിയുണ്ടെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ഫട്‌നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞത്. ദേവേന്ദ്ര ഫട്‌നാവിസിന് തിരിച്ചടി നൽകിക്കൊണ്ട് എൻസിപി കളികൾ തുടരുകയാണ്. ഒപ്പം വാശിയോടെ ശിവസേനയും. വിമത പക്ഷത്ത് അജിത് പവാറും മൂന്നു എംഎൽഎമാരും മാത്രമാണുള്ളതെന്നാണ് സൂചന.

.അജിത് പവാറിന്റെയൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം എംഎ‍ൽഎമാരെയും എൻ.സി.പി ക്യാംപിൽ തിരിച്ചെത്തിച്ചു. മുംബൈയിൽ വൈബി ചവാൻ സെന്ററിൽ എൻസിപിയുടെ 54 എംഎൽഎമാരിൽ 50 പേരും എത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ എൻ.സി.പി നേതൃത്വം നീക്കം ചെയ്തു. ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. 54 പേരിൽ 35 എംഎ‍ൽഎമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം. തുടർച്ചയായ ചർച്ചകളിൽ മനം മടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അജിത് പറഞ്ഞു.

അതിനിടെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് പാർട്ടികളും സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികളാണ് സുപ്രീം കോടതിയിൽ സംയുക്ത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഹർജി ഇന്ന് പരിഗണിക്കാൻ സാദ്ധ്യതയില്ല എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഡൽഹിയിലില്ല. അദ്ദേഹം തിരുപ്പതി ക്ഷേത്ര ദർശനത്തിനായി പോയിരിക്കുകയാണ്.

ബിജെപി സർക്കാരിനെ സ്പീക്കർ തിരഞ്ഞെടുപ്പിൽ തോൽപിക്കുമെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. സ്പീക്കർ തിരഞ്ഞെടുപ്പിൽ അവരെ ഞങ്ങൾ തോൽപ്പിക്കും. ശിവസേന-കോൺ്ഗ്രസ്-എൻസിപി സർക്കാർ വരുമെന്നും ഉറപ്പാണ് മാലിക് പറഞ്ഞു.

എൻസിപി എംഎൽഎമാരെ മുംബൈയിലെ റെനയിസൻസ് ഹോട്ടലിലേക്ക് മാറ്റി. അതിനിടെ ഷാഹാപൂരിൽ നിന്നുള്ള എൻസിപി എംഎൽഎ ദൗലത് ദരോദയെ കാണാതായെന്ന് പൊലീസിന് പരാതി കിട്ടി. ശിവസേന എംഎൽഎമാർ അന്ധേരിയിലെ ലളിത് ഹോട്ടലിലാണ് കഴിയുന്നത്. ഉദ്ദവ് താക്കറെ ഇവിടെയെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. തങ്ങളുടെ 44 കോൺഗ്രസ് എംഎൽഎമാരും ഉറച്ചുനിൽക്കുകയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ബിജെപി സർക്കാരിന് പിന്തുണയുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ വിളിച്ചത്. സുപ്രീം കോടതിയിലും പാർലമെന്റിലും ഈ വിഷയം ഉന്നയിക്കും, വേണുഗോപാൽ പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമം ഓർമിപ്പിച്ച് ശരദ് പവാർ

അജിത് പവാറിന് എൻസിപി പിന്തുണയില്ലെന്നും ഫഡ്‌നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയ്‌ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയ പവാർ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. അജിത്തിന്റെ നടപടി പാർട്ടിവിരുദ്ധമാണ്. കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ടെന്ന് അജിത് പവാറിനൊപ്പം നിൽക്കുന്ന എംഎൽഎമാർ ഓർക്കുന്നതു നല്ലതാണെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ. 10-11 എംഎൽഎമാർ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളതെന്നും ശരദ് പവാർ പറഞ്ഞു. എൻസിപിക്ക് ആകെ 54 എംഎൽഎമാരാണുള്ളത്. അതേസമയം 35 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്നു നിയമസഭാംഗങ്ങൾ മറ്റു പാർട്ടിയിൽ ലയിക്കുകയോ പ്രത്യേക രാഷ്ട്രീയ പാർട്ടി സംവിധാനമായി മാറുന്നതിനോ ആ പാർട്ടിയുടെ നിയമസഭ അംഗബലത്തിന്റെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിൻബലം വേണമെന്നാണു കൂറുമാറ്റ നിരോധന നിയമത്തിൽ പറയുന്നത്. ഈ മാസം 30-ന് ഫഡ്നാവിസ് സർക്കാർ വിശ്വാസവോട്ടു നേരിടുമ്പോൾ പാർട്ടി വിപ്പ് ലംഘിച്ച് എത്ര എംഎൽഎമാർ സർക്കാരിനെ അനുകൂലിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും കൂറുമാറ്റ നിരോധന നിയമം ബാധകമാകുക.

തങ്ങൾക്ക് ഇപ്പോവും 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അത് തെളിയിക്കുമെന്നും പവാർ പറഞ്ഞു. അജിത് പാർട്ടി അച്ചടക്കം ലംഘിച്ചെന്നും പറഞ്ഞ ശരത് പവാർ അജിതിനൊപ്പം പോയവരെ കൂറുമാറിയതായി കണക്കാക്കുമെന്നും വ്യക്തമാക്കി. എൻസിപിയിൽ നിന്ന് ആരും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞ പവാർ അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മൂന്ന് എംഎൽഎമാരെയും വാർത്താ സമ്മേളനത്തിൽ ഹാജരാക്കി.

അതേസമയം, സർക്കാർ രൂപീകരണത്തിനുള്ള എല്ലാ ഭരണഘടനാ മര്യാദകളും പാലിച്ചുകൊണ്ടാണ് സർക്കാർ രൂപീകരിച്ചതെന്ന് ബിജെപി നേതാവ് രവിശങ്കർ രപ്രസാദ് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കും. പിൻവാതിലിലൂടെ മുംബൈയെ നിയന്ത്രിക്കാൻ എൻസിപിയും കോൺഗ്രസും ശിവസേനയും ഗൂഢാലോചന നടത്തി. ജനവിധി അവർക്ക് അനുകൂലമായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ സർക്കാർ രൂപീകരിച്ചില്ല. അധികാരത്തിന് വേണ്ടി പ്രത്യയശാസ്ത്രം വിൽക്കുന്നവർക്ക് ശിവാജിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതിനിടെ, ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന് താൻ നേരത്തെ പറഞ്ഞത് ഇപ്പോൾ അന്വർഥമായെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിന് കളമൊരുക്കാൻ കീഴ്‌വഴക്കങ്ങൾ മറികടന്ന് പ്രധാനമന്ത്രി സവിശേഷാധികാരം പ്രയോഗിച്ചു. പുലർച്ചെ രാഷ്ട്രപതിഭരണം പിൻവലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശുപാർശനൽകുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നൽകിയാൽ മതിയാകും.

കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. പുലർച്ചെ 5.47നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. തുടർന്ന് രാജ്ഭവനിൽ ഒരുക്കങ്ങൾ തിരക്കിട്ട് പൂർത്തിയാക്കി. എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോളാണ് കോൺഗ്രസ്എൻസിപിശിവസേന നേതാക്കൾ വിവരം അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP