Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വോട്ടുബാങ്ക് പിണങ്ങിയാൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകും; കർഷകസമരച്ചൂടിൽ കൈപൊള്ളിയ ശിരോമണി അകാലിദൾ എൻഡിഎ വിട്ടു; തങ്ങൾ എൻഡിഎയിലെ ഏറ്റവും പഴയ കക്ഷിയെങ്കിലും സർക്കാർ കർഷകരുടെ വികാരങ്ങളെ മാനിക്കുന്നില്ലെന്ന് സുഖ് ബീർ സിങ് ബാദൽ; രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മണ്ണിൽ പണിയെടുക്കുന്നവരെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് കാർഷിക ബില്ലുകളെന്നും ബാദൽ; മോദി സർക്കാറിനെതിരെ വീണുകിട്ടിയ രാഷ്ട്രീയ ആയുധം ശക്തമായി പ്രയോഗിക്കാൻ പ്രതിപക്ഷവും

വോട്ടുബാങ്ക് പിണങ്ങിയാൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകും; കർഷകസമരച്ചൂടിൽ കൈപൊള്ളിയ ശിരോമണി അകാലിദൾ എൻഡിഎ വിട്ടു; തങ്ങൾ എൻഡിഎയിലെ ഏറ്റവും പഴയ കക്ഷിയെങ്കിലും സർക്കാർ കർഷകരുടെ വികാരങ്ങളെ മാനിക്കുന്നില്ലെന്ന് സുഖ് ബീർ സിങ് ബാദൽ; രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മണ്ണിൽ പണിയെടുക്കുന്നവരെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് കാർഷിക ബില്ലുകളെന്നും ബാദൽ; മോദി സർക്കാറിനെതിരെ വീണുകിട്ടിയ രാഷ്ട്രീയ ആയുധം ശക്തമായി പ്രയോഗിക്കാൻ പ്രതിപക്ഷവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകൾക്കെതിരെയുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ഹർസിമ്രത് കൗറിന്റെ രാജിയിൽ ഒതുങ്ങിയില്ല. പഞ്ചാബിലും, ഹരിയാനയിലും കൊടുമ്പിരി കൊള്ളുന്ന കർഷകപ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാൽചോട്ടിലെ മണ്ണൊലിച്ച് പോകാതിരിക്കാൻ ശിരോമണി അകാലിദൾ കടുത്ത തീരുമാനമെടുത്തു. എൻഡിഎ വിട്ടും. ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിങ് ബാദലാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചബിൽ കർഷകർ ട്രെയിൻ തടയൽ സമരങ്ങൾ തുടരുകയാണ്. ഹരിയാനയിൽ കോൺഗ്രസ് ഒരുമാസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്.

തങ്ങൾ ബിജെപിയുടെ ഏറ്റവും പഴക്കം ചെന്ന സഖ്യകക്ഷിയാണെങ്കിലും സർക്കാർ കർഷകരുടെ വികാരങ്ങളെ മാനിച്ചില്ലെന്ന് ബാദൽ പറഞ്ഞു. ഇതിനകം പ്രതിസന്ധിയിലായ കർഷകരെ കൂടുതൽ വിഷമവൃത്തത്തിലേക്ക് വലിച്ചിടുന്നതാണ് കാർഷിക ബില്ലുകളെന്ന് ബാദൽ പറഞ്ഞു. പഞ്ചാബിന്റെ താൽപര്യങ്ങൾ കാക്കാനും, സാമുദായിക സൗഹാർദ്ദവും സമാധാനവും കാക്കാനുമുള്ള തത്വങ്ങളിൽ എസ്എഡി ഉറച്ച് നിൽക്കും. മൂന്നുമണിക്കൂർ മാരത്തൺ ചർച്ചയ്ക്ക് ശേഷമാണ് ശിരോമണി അകാലിദൾ തീരുമാനമെടുത്തത്. അതേസമയം, ഇതിൽ ധാർമികതയുടെ പ്രശ്‌നമില്ലെന്നും രാഷ്ട്രീയസമ്മർദ്ദം മൂലമാണെന്നും അമരീന്ദർ സിങ് പ്രതികരിച്ചു.

തുടക്കം ഹർസിമ്രത്തിന്റെ രാജിയിൽ

നേരത്തെ മോദി മന്ത്രിസഭയിൽനിന്ന് അകാലിദളിന്റെ ഏക മന്ത്രി രാജിവച്ചിരുന്നു. സുഖ്ബീർ സിങ് ബാദലിന്റെ ഭാര്യ കൂടിയായ ഹർസിമ്രത് കൗർ ആണ് മന്ത്രിസഭയിൽനിന്നും രാജിവച്ചത്. ബില്ലിന്റെ ചർച്ചയ്ക്കിടെ ലോക്സഭയിൽ സുഖ്ബീർ സിങ് മന്ത്രിയുടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

വൻ കോർപറേറ്റുകളുടെ കരാർ കൃഷിക്ക് അനുകൂലമാവുന്ന ബിൽ ഇടത്തരം കൃഷിക്കാർക്ക് തിരിച്ചടിയാവുമെന്നും കർഷകരുടെ ഉത്പന്നങ്ങൾ കോർപറേറ്റ് താത്പര്യം നോക്കി വിൽക്കേണ്ടി വരുമെന്നുമാണ് അകാലദിൾ ആരോപിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമടക്കം ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്.

കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരുസഭകളും ബഹിഷ്‌കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയ ളവ് കഴിയുന്നതു വരെ ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ പ്രധാനപ്പെട്ട മൂന്ന് തൊഴിൽ ബില്ലുകൾ അടക്കം പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

കർഷക പ്രതിഷേധം കടുക്കുന്നു

മോദി സർക്കാറിനെതിരെ കിട്ടിയ രാഷ്ട്രീയ ആയുധമായി സമരത്തെ പ്രതിപക്ഷവും ഏറ്റെടുത്തിരിക്കയാണ്.ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ബില്ല് 2020, ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ബില്ല്, എസൻഷ്യൽ കമ്മോദിറ്റീസ് ബില്ല് എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഇന്നലെയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചത്. റെയിൽവെ ട്രാക്കുകളിൽ കുത്തിയിരുന്ന് പഞ്ചാബിലെ കർഷകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. 28ന് രാജ്ഭവനിലേക്ക് കർഷക മാർച്ചുകൾ നടത്തി ഗവർണർമാർക്ക് നിവേദനം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയിരുന്നു. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ തന്നെ നൽകി. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണം തുടരുമ്പോൾ കാർഷിക ബില്ലിനോടുള്ള ജെഡിയു നിലപാട് പ്രതിപക്ഷത്തിന് ആയുധമാകും. അകാലിദളിന്റെ രാജിയും വിട്ടുപോക്കും ജെജെപി നിലപാടും സർക്കാരിന് തലവേദനയാണ്.

.അതേസമയം കർഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എൻഡിഎയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ രാജ്യത്തെകർഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാർട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 28 -ന് കോൺഗ്രസിന്റെ രാജ്ഭവനുകളിലേക്ക് മാർച്ച് നടക്കും. കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. കർഷകരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയാൽ അത് രണ്ടാം മോദി സർക്കാറിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP