Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സച്ചിൻ പൈലറ്റിന് താത്ക്കാലിക ആശ്വാസം; രാജസ്ഥാനിലെ കോൺ​ഗ്രസ് വിമത എംഎൽഎമാർക്കെതിരെ നാളെ വരെ നടപടി അരുതെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല; ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദം തടയാനാവില്ലെന്ന്‌ സുപ്രീംകോടതി; വിമതർ നൽകിയ ഹർജിയിൽ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും വിശദീകരണം

സച്ചിൻ പൈലറ്റിന് താത്ക്കാലിക ആശ്വാസം; രാജസ്ഥാനിലെ കോൺ​ഗ്രസ് വിമത എംഎൽഎമാർക്കെതിരെ നാളെ വരെ നടപടി അരുതെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല; ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദം തടയാനാവില്ലെന്ന്‌ സുപ്രീംകോടതി; വിമതർ നൽകിയ ഹർജിയിൽ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളിൽ സച്ചിൻ പൈലറ്റിന് താത്ക്കാലിക ആശ്വാസം. സച്ചിൻ പൈലറ്റിനും ഒപ്പമുള്ള 18 എംഎൽഎമാർക്കും എതിരെ നടപടി വെള്ളിയാഴ്‌ച്ച വരെ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. വെള്ളിയാഴ്‌ച്ച വരെ അയോ​ഗ്യരാക്കരുതെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സ്പീക്കർ സമർപ്പിച്ച ഹർജിയിലെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദം തടയാനാവില്ലെന്ന്‌ ജസ്റ്റിസ് അരുൺമിശ്ര വാദത്തിനിടെ പറഞ്ഞു. 'ഇത് വെറും ഒരു ദിവസത്തെ കാര്യമാണ്. എന്തുകൊണ്ടാണ് നിങ്ങൾക്ക് കാത്തിരിക്കാനാവാത്തത്,'' വിമതർക്ക് സംരക്ഷണ ഉത്തരവുകൾ നൽകാൻ ഹൈക്കോടതിക്ക് അവകാശമുണ്ടോ എന്നത് സംബന്ധിച്ച വാദത്തിനിടെ കോടതി ചോദിച്ചു. സ്പീക്കർ സിപി ജോഷിക്ക് വേണ്ടി കപിൽ സിബലാണ് ഹാജരായത്.

അതേസമയം, കോൺഗ്രസ് വിമതർ നൽകിയ ഹർജിയിൽ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വിശദമായ വാദം കേൾക്കൽ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Stories you may Like

സ്പീക്കറുടെ നടപടിക്രമങ്ങളിൽ കോടതികൾ ഇടപെടരുതെന്നായിരുന്നു ഹർജിയിലെ വാദം. സ്പീക്കർ തീരുമാനമെടുക്കുംമുൻപേ അതു പുനഃപരിശോധിക്കാനാവില്ല. സച്ചിൻ പൈലറ്റിനും കൂട്ടർക്കുമെതിരേ നോട്ടീസയക്കുക മാത്രമാണു ചെയ്തത്. അയോഗ്യതാ വിഷയത്തിൽ അവരുടെ അഭിപ്രായം തേടിയാണ് നോട്ടീസ്. അത് അവരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമില്ലെന്നും സ്പീക്കറുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കപിൽ സിബലാണ് സ്പീക്കർക്ക് വേണ്ടി ഹാജരായത്. പാർട്ടിനേതൃത്വത്തെ ചോദ്യംചെയ്തത് അയോഗ്യതാ നോട്ടീസയക്കാനുള്ള കാരണമല്ലെന്നാണ് സച്ചിൻ പൈലറ്റ് പക്ഷം ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. എതിർപാർട്ടിയിൽ ചേരുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരാണെന്ന് കപിൽ സിബൽ വാദിച്ചു.

സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് കോടതി അംഗീകരിച്ചാൽ രാഷ്ട്രീയം വിടുമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. നിയമസഭാംഗമെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞതായി എൻഡിടിവിയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. അതേസമയം ബിജെപിയിലേക്കില്ലെന്ന് നേരത്തേ സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. അടുത്തിടെ കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നായിരുന്നു സച്ചിൻ പൈലറ്റിനെയും മറ്റ് 18 നേതാക്കളെയും അയോഗ്യരാക്കിയത്. ഇതിനെതിരേ സച്ചിൻ പൈലറ്റ് രംഗത്ത് വന്നിരുന്നു. നിയമപോരാട്ടത്തിൽ താൻ വിജയിച്ചാൽ കോൺഗ്രസിലെ എന്റെ അവകാശങ്ങൾക്ക് വേണ്ടി ഇനിയും ഞാൻ പോരാടുമെന്നും സച്ചിൻ പറഞ്ഞു.

താൻ ബിജെപിയിൽ ചേരാനില്ലെന്നും കോൺഗ്രസ് സർക്കാരിനെ താൻ എന്തിന് താഴെയിറക്കാൻ പ്രയത്‌നിക്കണമെന്നും ചോദിച്ച സച്ചിൻ പൈലറ്റ് രാജസ്ഥാൻ കോൺഗ്രസിൽ നേതൃമാറ്റം വരണമെന്നാണ് തന്റെ ആവശ്യമെന്നും പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് തന്റെ കയ്യിൽ 30 എംഎൽഎ മാർ ഉണ്ടെന്നും താൻ വിചാരിച്ചാൽ ഗെലോട്ടിനെ താഴെയിറക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു. ഗെലോട്ടിനെ സർക്കാരിന്റെ തലപ്പത്ത് നിന്നും മാറ്റണമെന്നാണ് സച്ചിൻ ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ പക്കൽ 100 എംഎൽഎ മാർ ഉണ്ടെന്നാണ് ഇതിന് ഗെലോട്ടിന്റെ മറുപടി.

എംഎൽഎ മാരെ ഗെലോട്ട് വിഭാഗം ചാക്കിടാതിരിക്കാൻ ഡൽഹിക്ക് സമീപത്തെ ഒരു റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ് സച്ചിൻ പൈലറ്റ്. മറുവശത്ത് തന്റെ എംഎൽഎ മാരെ ഗെലോട്ട് ജെയ്പൂരിന് സമീപത്താണ് പാർപ്പിച്ചിരിക്കുന്നത്. യോഗയും, പാചക ക്ലാസ്സുകളും സിനിമയുമൊക്കെയായി ഇവരെ വിനോദിപ്പിക്കാനുള്ള പരിപാടികളും ഗെലോട്ട് വിഭാഗം ഒരുക്കിയിട്ടുണ്ട്. ഹർജി സുപ്രീംകോടതി പരിഗണിച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP