Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജസ്ഥാനിൽ നിന്നും സച്ചിൻ പൈലറ്റും ബിജെപിയിലേക്കോ? തന്നെ പിന്തുണയ്ക്കുന്ന 23 എംഎൽഎമാരുമായി ഡൽഹിയിൽ എത്തിയത് എല്ലാം തീരുമാനിച്ചുറച്ച്; ഇന്ന് സോണിയാ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ച നിർണായകം; ലക്ഷ്യം വെക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി അധികാരത്തിലേറാൻ; എല്ലാത്തിനും ചരടുവലിച്ച് രാഷ്ട്രീയ ചാണക്യൻ അമിത്ഷായും; പാർട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടും ഇതെല്ലാം കുട്ടിക്കളിയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാക്കളും

മധ്യപ്രദേശിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജസ്ഥാനിൽ നിന്നും സച്ചിൻ പൈലറ്റും ബിജെപിയിലേക്കോ? തന്നെ പിന്തുണയ്ക്കുന്ന 23 എംഎൽഎമാരുമായി ഡൽഹിയിൽ എത്തിയത് എല്ലാം തീരുമാനിച്ചുറച്ച്; ഇന്ന് സോണിയാ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ച നിർണായകം; ലക്ഷ്യം വെക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി അധികാരത്തിലേറാൻ; എല്ലാത്തിനും ചരടുവലിച്ച് രാഷ്ട്രീയ ചാണക്യൻ അമിത്ഷായും; പാർട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടും ഇതെല്ലാം കുട്ടിക്കളിയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയത് തന്റെ വിശ്വസ്തരായ എംഎൽഎമാരെയും കൂട്ടിയെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തുമായുള്ള അഭിപ്രായ ഭിന്നതകൾ ഇനിയും പരിഹരിക്കപ്പെടാത്തതോടെയാണ് സച്ചിൻ പൈലറ്റ് നേരിട്ട് ഡൽഹിയിൽ എത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ സച്ചിൻ പൈലറ്റ് ഡൽ​ഹിയിൽ എത്തിയതിനെ ആശങ്കയോടെയാണ് കോൺ​ഗ്രസ് നേതൃത്വം കാണുന്നത്. മധ്യപ്രദേശിൽ കമൽനാഥുമായി ജ്യോതിരാദിത്യ സിന്ധ്യയ്ക്കുണ്ടായിരുന്നതിന് സമാനമായ പോര് അശോക് ഗെഹ്‌ലോത്തും സച്ചിൻ പൈലറ്റും തമ്മിൽ പാർട്ടിക്കകത്തുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച സമയത്ത് തൽസ്ഥാനത്തേയ്ക്ക് സച്ചിൻ പൈലറ്റിന്റെ പേരും ഉയർന്നുകേട്ടിരുന്നു.

ഇന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്‌ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ സന്ദർശിച്ച് തന്റെ നിലപാടുകളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവുമെല്ലാം വിശദീകരിച്ചെങ്കിലും അനുകൂലമായ നിലപാടായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് സോണിയ ​ഗാന്ധിയെ നേരിൽ കണ്ട് തന്റെ ഭാ​ഗം പറയാൻ സച്ചിൻ തീരുമാനിച്ചത്. എന്നാൽ, സോണിയാ ​ഗാന്ധിക്കും പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല രാജസ്ഥാനിലെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം സച്ചിൻ പൈലറ്റ് ഒരുപക്ഷേ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കോൺ​ഗ്രസ് ഭയക്കുന്നു.

തനിക്കൊപ്പം 23 എംഎൽഎമാരുണ്ടെന്നാണ് സച്ചിൻ അവകാശപ്പെടുന്നത്. എന്നാൽ അശോക് ഗെഹ്‌ലോത്തും സച്ചിനും തമ്മിലുള്ളത് ചെറിയ തർക്കങ്ങൾ മാത്രമാണെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. സച്ചിനോട് ക്ഷമ കാണിക്കണമെന്നും ഭാവി നശിപ്പിക്കരുതെന്നും നേതൃത്വം ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്. കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നുള്ള ഉറപ്പും സച്ചിൻ പൈലറ്റിന് പാർട്ടി നേതൃത്വം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ള ഇരുപതിലധികം എംഎൽഎമാർ ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹവും ശക്തമാണ്. രാജസ്ഥാൻ നിയമസഭയിൽ 200-ൽ 107 സീറ്റുകൾ കോൺഗ്രസിനാണ്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദൾ, സിപിഎം, ഭാരതീയ ട്രൈബൽ പാർട്ടി എന്നീ പാർട്ടികളിൽ നിന്നുള്ള അഞ്ച് എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനാണ്.

മധ്യപ്രദേശിൽ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ആരോപിച്ചിരുന്നു. എംഎൽഎമാർക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഗെഹ്ലോത് ആരോപിച്ചത് . ചിലർക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയത്. തനിക്കൊപ്പം 23 എംഎൽഎമാരുണ്ടെന്നാണ് സച്ചിൻ അവകാശപ്പെടുന്നത്.

ലക്ഷ്യം അധികാരം തന്നെ

2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ഗെഹ്‌ലോതും പൈലറ്റും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ അസ്വാരസ്യങ്ങൾ രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി ഹൈക്കമാൻഡ് ഗെഗെഹ്‌ലോതിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തർക്കം തുടർന്നു. തുടർന്ന് അന്നത്തെ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകൾ ഗെഹ്‌ലോത് കൈക്കലാക്കിയതായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗെഹ്‌ലോത് ജെയ്പൂർ സീറ്റ് മകൻ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിൻ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവിൽ, രാജ്യസഭാ തെരഞ്ഞിടുപ്പിൽ ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഗെഹ്‌ലോത് ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിർത്താൻ ഗെഹ്‌ലോത്തിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്. സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാൽ രാജ്യസഭയിലേക്കെത്തുന്നതിൽ ഗെഹ്‌ലോത്തിന് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

ചരടുവലിച്ച് ചാണക്യൻ

സംസ്ഥാന നേതൃത്വത്തേക്കാൾ അമിത് ഷായാണ് സച്ചിൻ പൈലറ്റിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. രാഹുൽ ഗാന്ധിയെ ഇപ്പോഴും ബിജെപി ഭയക്കുന്നുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന് ബിജെപിക്ക് അറിയാം. മറ്റേത് പ്രതിപക്ഷ നേതാവിനേക്കാളും സ്വാധീനം അദ്ദേഹത്തിനുണ്ട്. രാഹുലിന് ഒപ്പമുള്ളവരെ ഓരോന്നായി ബിജെപിയിലെത്തിച്ചാൽ തിരിച്ചുവരവ് അടയ്ക്കാമെന്ന് അമിത് ഷായ്ക്ക് അറിയാം. അസമിലും ത്രിപുരയിലും ഇത്തരത്തിലുള്ളവർ ബിജെപിയിലെത്തിയിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ രാഹുൽ ഒന്ന് കൂടി ദുർബലനായി. പൈലറ്റ് കൂടി വന്നാൽ ബിജെപി പ്രതീക്ഷിച്ച കോൺ​ഗ്രസ് മുക്ത ഭാരതം സാധ്യമാകും എന്നാണ് വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP