Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സച്ചിൻ പൈലറ്റിനെ തട്ടിയെടുക്കാൻ രാജസ്ഥാനിൽ 'ഓപ്പറേഷൻ ലോട്ടസ്'? ഗെലോട്ടും ഹൈക്കമാണ്ടും തമ്മിലുള്ള ഭിന്നത പരിധിക്കപ്പുറം പോകില്ലെന്ന വിലയിരുത്തലിൽ ബിജെപി; ജയ്പൂർ പ്രതിസന്ധി പരിഹരിക്കാൻ രാഹുൽ അധ്യക്ഷനാകണമെന്ന സമ്മർദ്ദം കോൺഗ്രസിൽ അതിശക്തം; രാജസ്ഥാനിൽ എന്തും സംഭവിക്കാം; എഐസിസി തെരഞ്ഞെടുപ്പിൽ ആരും പത്രിക നൽകാതിരിക്കുമ്പോൾ

സച്ചിൻ പൈലറ്റിനെ തട്ടിയെടുക്കാൻ രാജസ്ഥാനിൽ 'ഓപ്പറേഷൻ ലോട്ടസ്'? ഗെലോട്ടും ഹൈക്കമാണ്ടും തമ്മിലുള്ള ഭിന്നത പരിധിക്കപ്പുറം പോകില്ലെന്ന വിലയിരുത്തലിൽ ബിജെപി; ജയ്പൂർ പ്രതിസന്ധി പരിഹരിക്കാൻ രാഹുൽ അധ്യക്ഷനാകണമെന്ന സമ്മർദ്ദം കോൺഗ്രസിൽ അതിശക്തം; രാജസ്ഥാനിൽ എന്തും സംഭവിക്കാം; എഐസിസി തെരഞ്ഞെടുപ്പിൽ ആരും പത്രിക നൽകാതിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് പിളരുമോ? സാധ്യതകൾ തേടുകയാണ് ബിജെപി. ഓപ്പറേഷൻ ലോട്ടസിന്റെ സാധ്യതയാണ് തേടുന്നത്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുകൂലികൾ എത്തിയ സാഹചര്യത്തിലാണ് ഇത്. കോൺഗ്രസ് ഹൈക്കമാണ്ടുമായി ഗെലോട്ട് അകന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഗെലോട്ടിനെ അടുപ്പിക്കാൻ വീട്ടു വീഴ്ച ചെയ്താൽ സച്ചിൻ പൈലറ്റ് തീർത്തും നിരാശനാകും. പൈലറ്റിനെ അടുപ്പിക്കാൻ കഴിയുമോ എന്നതാണ് ബിജെപി നോക്കുന്നത്.

അതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാന ചർച്ചകൾ രാജസ്ഥാൻ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ വർധിപ്പിച്ചിരിക്കെ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. കമൽനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തിൽ നിന്നല്ലാതെ ഒരു അധ്യക്ഷൻ തലപ്പത്തേക്ക് വന്നാൽ പാർട്ടിയുടെ ഐക്യത്തെ ബാധിക്കുമെന്നാണ് ഈ നേതാക്കളുടെ വിലയിരുത്തൽ. അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. രാജസ്ഥാൻ പ്രതിസന്ധി പരിഹരിക്കാനും രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്നാണ് ഇവരുടെ വിലയിരുത്തൽ.

ആരും ഇതുവരെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയിട്ടില്ല. ശശി തരൂർ മാത്രമാണ് പത്രിക വാങ്ങിയത്. 30ന് കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന നിരീക്ഷണം തരൂരിനുണ്ട്. അങ്ങനെ വന്നാൽ തരൂർ മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. എന്നാൽ മറ്റാരും പത്രിക നൽകിയിട്ടുമില്ല. കോൺഗ്രസിലെ ആശയക്കുഴപ്പത്തിന് തെളിവാണ് ഇത്. 28ന് പത്രിക നൽകുമെന്ന് ഗെലോട്ട് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതുണ്ടാകാനും ഇടയില്ല. അതിനിടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുമെന്ന പ്രചരണവും ശക്തമാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് എന്ന ഫോർമുലയാണ് ചർച്ചയാകുന്നത്.

അതേസമയം എഐസിസി നിരീക്ഷകൻ അജയ് മാക്കന് നേരെ വിമർശനവുമായി അശോക് ഗെലോട്ട് അനുകൂലികൾ രംഗത്തെത്തി. രാജസ്ഥാനിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ ആരോപണം. നിരീക്ഷകരെ എംഎൽഎമാർ കാണാത്തതിന് കാരണം അജയ് മാക്കന്റെ മുൻവിധിയോടെയുള്ള നിലപാടാണ്. ഹൈക്കമാൻഡിനെ അജയ് മാക്കൻ തെറ്റിധരിപ്പിച്ചെന്നും ഗെലോട്ട് പക്ഷം ആരോപിച്ചു. അതേ സമയം എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാനുള്ള ഗൂഢാലോചനയിൽ മാക്കനും പങ്കാളിയായെന്ന് രാജസ്ഥാൻ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. പൈലറ്റിനുവേണ്ടി വോട്ടുപിടിക്കുകയാണ് അദ്ദേഹം. എംഎൽഎമാർക്ക് അമർഷമുണ്ടെന്നും അവർ തന്നെ വിളിച്ചുവെന്നും ധരിവാൾ പറയുന്നു. അതിരൂക്ഷമായി രാജസ്ഥാനിലെ സംഭവങ്ങളോട് മാക്കൻ പ്രതികരിച്ചിരുന്നു. ഗെലോട്ടാണ് അട്ടിമറി നടത്തുന്നതെന്ന ആരോപണവും ഉന്നയിച്ചു. ഇതോടെയാണ് ഗെലോട്ട് പക്ഷം മാക്കനെതിരെ രംഗത്തു വന്നത്. ഗെലോട്ടിനെതിരെ മാക്കൻ സോണിയയ്ക്ക് റിപ്പോർട്ട് നൽകും. എന്നാൽ നിലവിലെ അവസ്ഥയിൽ ഗെലോട്ടിനെ മാറ്റാനുള്ള കരുത്ത് കോൺഗ്രസ് ഹൈക്കമാണ്ടിനില്ല. ഇതാണ് ഗെലോട്ടിന്റെ കരുത്തും ധൈര്യവും.

''പാർട്ടിയെ ഒറ്റിക്കൊടുത്തവർക്കു പാരിതോഷികം നൽകുന്നത് രാജസ്ഥാനിലെ എംഎൽഎമാർക്കു സഹിക്കാനാകില്ല. ഇത്തരക്കാരെ മുഖ്യമന്ത്രിയാക്കുന്നതിന് ഒരു ജനറൽ സെക്രട്ടറി സ്വയം പ്രചാരണം നടത്തുകയാണ്. കോൺഗ്രസ് എംഎൽഎമാർക്ക് ഇതു സഹിക്കാൻ കഴിയില്ല'' സച്ചിൻ പൈലറ്റിന്റെ പേരെടുത്തു പറയാതെ അദ്ദേഹം കൂട്ടിച്ചേർത്തു. 2020ൽ സച്ചിൻ വിമത നീക്കം നടത്തിയപ്പോൾ ആ 34 ദിവസം കോൺഗ്രസിനൊപ്പം നിന്ന 102 എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ പൈലറ്റിനെതിരെ അതിശക്തമായ വിമർശനമാണ് അവർ നടത്തുന്നത്.

''ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ ഗൂഢാലോചന നടന്നു. അതു 100% ഉറപ്പാണ്. മല്ലികാർജുൻ ഖർഗെയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തില്ല. ജനറൽ സെക്രട്ടറി ഇൻചാർജിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. 2020ൽ സംസ്ഥാന കോൺഗ്രസ് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ സർക്കാരിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ മുഖ്യമന്ത്രിയുള്ളപ്പോൾ സർക്കാർ താഴെ വീണുവെന്നാണ് ഒറ്റുകാർ അവകാശപ്പെട്ടത്. അവരെയാണ് ഇപ്പോൾ മുഖ്യമന്ത്രിയാക്കുന്നത്. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ ശിരസ്സാവഹിക്കുന്നയാളാണ് ഗെലോട്ട്. 2020ൽ ഒറ്റുകാരെയും ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അനുസരിച്ചു'' അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി ജയ്പുരിലേക്ക് അയച്ച ഖർഗെ, മാക്കൻ എന്നിവർ രാജസ്ഥാനിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഹൈക്കമാൻഡിനു നൽകിയിട്ടുണ്ട്. എന്നാൽ മാക്കനുമായി ചർച്ചയിൽ പങ്കെടുക്കാൻ ഗെലോട്ട് അനുകൂലികൾ തയാറായില്ല. ഇതു എംഎൽഎമാരുടെ ഭാഗത്തുനിന്നുള്ള കടുത്ത അച്ചടക്കലംഘനമായാണ് വിലയിരുത്തുന്നത്. ഇതിന്റെ പിന്നാലെയാണ് മാക്കനെതിരെ നേരിട്ടുള്ള ഗെലോട്ട് അനുകൂലികളുടെ നീക്കം വരുന്നതും. ഈ സാഹചര്യത്തിൽ ഗെലോട്ടിനെതിരെ പ്രത്യക്ഷ കുറ്റപ്പെടുത്തലുമായി മാക്കൻ റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP