Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം; ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല; ജനങ്ങളുമായി ആശയ വിനിമയത്തിനുള്ള ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകം; എകെ ആന്റണി ഈ കുറിപ്പ് വായിക്കണം; ശബരിനാഥൻ നിലപാട് വിശദീകരിക്കുമ്പോൾ

ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം; ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല; ജനങ്ങളുമായി ആശയ വിനിമയത്തിനുള്ള ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകം; എകെ ആന്റണി ഈ കുറിപ്പ് വായിക്കണം; ശബരിനാഥൻ നിലപാട് വിശദീകരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മില്ലകാർജ്ജുന ഖാർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടവരിൽ മുതിർന്ന നേതാവ് എകെ ആന്റണിയുമുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ട്. ആന്റണിയാണ് ഖാർഗെയെ സ്ഥാനാർത്ഥിയാക്കാൻ ചുക്കാൻ പിടിച്ചത്. ശശി തരൂരിനെ തോൽപ്പിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ആന്റണി. ഇതിനിടെ തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടുവെന്ന് സമ്മതിക്കുകയാണ് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ശബരിനാഥൻ. എന്തുകൊണ്ട് തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിന് പ്രസക്തി കൂടുന്നുവെന്ന് വിശദീകരിച്ച് ശബരിനാഥൻ രംഗത്തു വരികയും ചെയ്തു. കാര്യകാരണ സഹിതമാണ് ശബരിനാഥൻ നിലപാട് വിശദീകരിക്കുന്നത്.

ശബരിനാഥന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാർഹമാണ്.പാർട്ടിയുടെ തലപ്പത്തേക്ക് നെഹ്റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും എന്നാണ് വിശ്വാസം. ഇനി ഇലക്ഷനിലേക്ക് വരുമ്പോൾ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ: ശശി തരൂരിനെ പിന്തുണക്കാൻ ഞാൻ തീരുമാനിക്കുന്നത് ചില കാരണങ്ങൾ കൊണ്ടാണ്

1. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം പകർന്നു നൽകാൻ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.

2. നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

3. ലോകത്തിൽ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈ മാറ്റങ്ങൾ പാർട്ടി കൂടുതൽ ഉൾകൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തിൽ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ:തരൂരിലൂടെ ഇത് സാധിക്കും.

4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്‌നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോൺഗ്രസ് കാരനാണ്.

5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അദേഹം കൂട്ടായ പരിശ്രമത്തിൽ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ മുഴുവൻ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവർത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളർത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവർക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.

ശ്രീ ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1906 ലാണ്. നൂറിൽ കൂടുതൽ വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന് അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവർത്തകന് ഒരു മലയാളിയുടെ നോമിനേഷൻ ഫോമിൽ പിന്തുണച്ചു ഒപ്പിടാൻ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാൻ കരുതുന്നു.

ഇലക്ഷന്റെ ജയപരാജയങ്ങൾക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം താഴെത്തട്ടിൽ വരെ കൊണ്ടുവരുവാൻ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നൽകും. 

ശ്രീ തരൂരിനും മറ്റു സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്ഷൻ നടക്കട്ടെ...
ശബരി 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP