Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലക്കം മറിഞ്ഞെത്തിയ കിരൺ ബേദിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടുന്നതിൽ ആർഎസ്എസിന് അതൃപ്തി; മോഹൻ ഭഗവത് അമിത് ഷായെയും മോദിയെയും വിയോജിപ്പ് അറിയിച്ചു; ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി കസേര ബേദിക്ക് അന്യമായേക്കും

മലക്കം മറിഞ്ഞെത്തിയ കിരൺ ബേദിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടുന്നതിൽ ആർഎസ്എസിന് അതൃപ്തി; മോഹൻ ഭഗവത് അമിത് ഷായെയും മോദിയെയും വിയോജിപ്പ് അറിയിച്ചു; ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി കസേര ബേദിക്ക് അന്യമായേക്കും

ന്യൂഡൽഹി: ഒരു കാലത്ത് ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരൺ ബേദിയെ ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടി. പലതവണ മലക്കം മറിഞ്ഞിട്ടുള്ള കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടേണ്ടെന്ന നിലപാടിലാൽ ആർഎസ്എസ് എത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ആർഎസ്എസിന്റെ നിശിത വിമർശകയായിരുന്ന ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിലുള്ള വിയോജിപ്പ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ബിജെപി അധ്യക്ഷൻ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറിയിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ സാഗറിൽ നടക്കുന്ന ആർ.എസ്.എസിന്റെ വാർഷിക നേതൃത്വ യോഗത്തിൽ ഈ നിലപാട് വ്യക്തമാക്കിയ ശേഷമാണ് ഭഗവത് ഇക്കാര്യം അമിത്ഷായെയും നരേന്ദ്ര മോദിയേയും അറിയിച്ചത്. കിരൺബേദിയേ പോലുള്ളവർ ബിജെപിയിലേക്ക് വരുന്നത് നല്ലതാണെങ്കിലും പാർട്ടിയിൽ ചേരുന്ന ദിവസം തന്നെ അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാണിക്കുന്നത് ഗതികേടാണ് എന്നാണ് ആർ.എസ്.എസിന്റെ അഭിപ്രായം.

മുൻ ഉദ്യോഗസ്ഥയും ക്ലീൻ ഇമേജുള്ള വ്യക്തിയുമായ കിരൺ ബേദിയാണ് അരവിന്ദ് കെജ്രിവാളിനെ നേരിടാൻ നല്ലതെന്ന തീരുമാനത്തിലാണ് ബിജെപി അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. എന്നാൽ അനൗപചാരികമായി ഈ ഉറപ്പു നൽകിയതു കൊണ്ടാണ് കിരൺ ബേദി ബിജെപിയിൽ ചേരാൻ സമ്മതിച്ചതെന്നാണ് അറിയുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ എത്തിയ കിരൺ ബേദിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.

ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നും ഡോ. ഹർഷവർദ്ധനെ ഒഴിവാക്കിയപ്പോൾ അദ്ദേഹം ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, പകരം കിരൺ ബേദിയെ കൊണ്ടുവരികയാണ് ചെയ്തത്. ഇതിൽ ഡോ. ഹർഷവർദ്ധനും എതിർപ്പുണ്ടെന്നാണ് സൂചന. എന്നാൽ കിരൺ ബേദിയെ മുൻനിർത്തി വോട്ട് പിടിക്കാനുള്ള തന്ത്രം തന്നെയാണ് മോദിയും അമിത്ഷായും മുന്നോട്ടുവെക്കുന്നത്. സുബ്രഹ്മണ്യം സ്വാമിയെ ബിജെപിയിൽ എത്തിച്ച് മന്ത്രിസ്ഥാനം നൽകാത്തതു പോലെ കിരൺ ബേദിക്കും ബിജെപി ഭൂരിപക്ഷം കിട്ടിയാൽ തന്നെ മുഖ്യമന്ത്രി പദവി നൽകിയേക്കില്ലെന്ന് തന്നെയാണ് സൂചന. കിരൺ ബേദിയെ മുഖ്യമന്ത്രിയാക്കരുതെന്ന പരോക്ഷ സൂചന തന്നെയാണ് മോഹൻ ഭാഗവത് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ വനിത ഐ പി എസ് ഓഫീസറെന്ന താരപരിവേഷവും ഡൽഹിയിലെ സാമൂഹ്യ സംഘടകളിൽ ഇടപെട്ടതിലൂടെയുള്ള ഇമേജും പരിഗണിച്ചാണ് അവരെ ബിജെപി ക്ഷണിച്ചത്. എന്നാൽ എക്കാലത്തും മലക്കം മറിച്ചിലിലൂടെയാണ് കിരൺ ബേദി ശ്രദ്ധ നേടിയതും. ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥയായിരുന്നപ്പോൾ അഭിഭാഷകർക്കെതിരായ എടുത്ത നടപടിയാണ് കിരൺ ബേദിയെ വിവാദത്തിലാക്കിയത്. പൊലീസ് നടപടി വിവാദമായതിനെതുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു.

ജസ്റ്റിസ് ഡി പി വാദ്വയുടെ അന്വേഷണ റിപ്പോർട്ടിൽ കിരൺബേദിയ്‌ക്കെതിരെ പരമാർശങ്ങളുണ്ടായിരുന്നു. ഡൽഹിയിൽ കിരൺബേദിയെ ഉന്നതപദവിയിൽ നിയമിക്കില്ലെന്ന് പറഞ്ഞാണ് സർക്കാർ അന്ന് അഭിഭാഷകരെ അനുനയിപ്പിച്ചത്. അതുകൊണ്ടായിരിക്കണം കിരൺബേദിയുടെ സീനിയോറിറ്റി മറികടന്നാണ് ഡൽഹി കമ്മീഷണർ പിന്നീട് നിയമിക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് മൂന്ന് മാസം അവർ ലീവെടുത്തെങ്കിലും അവധിക്കാലം പൂർത്തിയാകുന്നതിന് മുമ്പ് ജോലിയിൽ തിരിച്ച് പ്രവേശിക്കുകയായിരുന്നു.

തിഹാർ ജയിലിലെ ഇൻസ്പകെടർ ജനറലായിരുന്ന കാലത്തെ പ്രവർത്തനങ്ങളാണ് കിരൺബേദിയുടെ പ്രശസ്തി ഉയരാൻ ഇടയാക്കിയകത്. നിരവധി പദ്ധതികൾ ഇക്കാലത്ത് ഇവർ നടപ്പിലാക്കി. ഇതിനിടയിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി നവജ്യോതി ഇന്ത്യ ഫൗണ്ടേഷനും കിരൺബേദി തുടക്കം കുറിച്ചു. ഇതിനുള്ള പ്രതിഫലമായിരുന്നു മാഗ്‌സാസെ അവാർഡ്. അന്ന ഹസാരെയുടെ കൂടെ ചേർന്ന് അഴിമതിവിരുദ്ധ സമരം തുടങ്ങിയപ്പോഴും, ബിജെപിയുടെ വിമർശകയായിരുന്നു കിരൺ ബേദി. അന്ന് ട്വിറ്ററിലൂടെ കിരൺ ബേദി നടത്തിയ വിമർശനങ്ങൽ ഇപ്പോൾ രഷ്ട്രീയ എതിരാളികൾ ആയുധമാക്കി കഴിഞ്ഞു.

ഗുജറാത്ത് കലാപ കേസിൽ മോദിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ, കോടതി വിധി എന്തായാലും, കലാപത്തെക്കുറിച്ച് ഒരുനാൾ സത്യസന്ധമായി പറയാൻ മോദി തയ്യാറാകേണ്ടിവരുമെന്നായിരുന്നു കിരൺ ബേദിയുടെ ട്വീറ്റ്. പിന്നീട് നരേന്ദ്ര മോദി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് തോന്നിയപ്പോഴാണ് കെജ്‌റിവാളിനെതിരായ വിമർശനം ശക്തമാക്കിയതും ബിജെപിയുമായി അടുപ്പം കൂടി തുടങ്ങിയതും.

കിരൺ ബേദിയുടെ ഈ ട്വീറ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അവരുടെ അവസരവാദത്തെ തുറന്നുകാണിക്കാനാണ് കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ശ്രമം. കിരൺ ബേദി അവസരവാദിയാണെന്ന് കോൺഗ്രസ് കോൺഗ്രസ് നേതാവ് പി സി ചാക്കോ ആരോപിക്കുകയും ചെയ്തു. കിരൺ ബേദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണോ അല്ലയോ എന്നത് ഡൽഹിയിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. അവർ അവസരവാദിയാണെന്ന് ജനങ്ങൾക്കറിയാമെന്നും ചാക്കോ പറഞ്ഞു. ആം ആദ്മിയും കിരൺ ബേദിയിലെ അവസരവാദിയെ തുറന്നുകാണിക്കാനുള്ള ശ്രമത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP