Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആംആദ്മി എംഎൽഎയുടെ പേരിലുള്ള 130 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി; കർത്താർ സിംഗിനെതിരായ നടപടി പകപോക്കലെന്ന് ആപ് നേതൃത്വം; പൊലീസിനെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കൊപ്പം കെജ്രിവാളിനെ തകർക്കാൻ മോദി ഇൻകംടാക്‌സ് വകുപ്പിനെയും കൂട്ടുപിടിക്കുന്നതായും ആരോപണം

ആംആദ്മി എംഎൽഎയുടെ പേരിലുള്ള 130 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി; കർത്താർ സിംഗിനെതിരായ നടപടി പകപോക്കലെന്ന് ആപ് നേതൃത്വം; പൊലീസിനെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കൊപ്പം കെജ്രിവാളിനെ തകർക്കാൻ മോദി ഇൻകംടാക്‌സ് വകുപ്പിനെയും കൂട്ടുപിടിക്കുന്നതായും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ആംആദ്മി എംഎൽഎ കർത്താർ സിങ് തൻവാറിനെതിരെ ഇൻകംടാക്‌സ് ഡിപ്പാർട്ടുമെന്റ് നടപടിയെടുക്കുന്നതിനെ ശക്തമായി ചെറുത്ത് ആംആദ്മി. ഡൽഹിയിലെ ആംആദ്മിയുടെ സംസ്ഥാനഭരണത്തെ ഇല്ലാതാക്കാൻ മോദിയും കേന്ദ്രസർക്കാരും എന്തൊക്കെ നീക്കം നടത്തിയാലും എത്ര എംഎൽഎ മാരെ കള്ളക്കേസിൽ കുടുക്കി അകത്താക്കാൻ നോക്കിയാലും ഭരണം അട്ടിമറിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി ആംആദ്മി നേതാക്കൾ രംഗത്തെത്തി.

ഡൽഹിയിലെ ആം ആദ്മി പാർട്ടി (എ.എ.പി.) എംഎ‍ൽഎ. കർതാർ സിങ് തൻവറിന്റെ വീട്ടിൽ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 130 കോടി രൂപ കണ്ടെത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ആംആദ്മിയുടെ പ്രതികരണം.
ഇരുപതോളം പൊലീസുകാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം അവസാനമാണ് തൻവറിന്റെ ഛത്തർപുരിലെ വീട്ടിൽ റെയ്ഡ് നടന്നത്. എ.എ.പി. നേതാക്കളോട് രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്ന് അന്നുതന്നെ ആംആദ്മി ആരോപിച്ചിരുന്നു.

നേരത്തേ ബിജെപി.യിലായിരുന്ന തൻവർ പിന്നീട് എ.എ.പി.യിൽ ചേരുകയായിരുന്നു. ഓഫീസിലും ഫാംഹൗസിലുമെല്ലാം ഏറെ നേരം റെയ്ഡ് നടത്തിയ അധികൃതർ അതിനടുത്ത ദിവസങ്ങളിലൊന്നും എംഎൽഎയ്‌ക്കെതിരെ കള്ളപ്പണം സൂക്ഷിച്ചതായുള്ള വിവരം പുറത്തുവിട്ടിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞ് ഇപ്പോൾ എംഎൽഎയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് പറയുന്നത് ആംആദ്മിയെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ച് മോദിയും ബിജെപിയും നടത്തുന്ന നീക്കമാണെന്ന ആംആദ്മി ആരോപിക്കുന്നു.

സിബിഐയെയും ക്രൈംബ്രാഞ്ചിനേയും ഡൽഹി പൊലീസിനെയും എല്ലാം ഉപയോഗിച്ച് പത്തിലേറെ എംഎൽഎ മാർക്കെതിരെ കള്ളക്കേസുണ്ടാക്കിയ മോദി ഇപ്പോൾ ഇൻകംടാക്‌സ് വകുപ്പിനേയും അത്തരം നടപടികൾക്കായി ഉപയോഗിച്ചു തുടങ്ങിയെന്ന് ആപ് ഡൽഹി കൺവീനർ ദിലിപ് ആരോപിച്ചു.

ആപ് എംഎൽഎ മാർക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് മോദി. ആദ്യമെല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലാണ് എംഎൽഎമാർക്കെതിരെ നടപടി ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഒരുദിവസം ഒരു എംൽഎ എന്ന ടാർജറ്റുമായാണ് മോദി നീങ്ങുന്നതെന്നും ആപ് നേതാക്കൾ പറയുന്നു.

ഇലക്ഷൻ കമ്മിഷന് 2015ലെ അസംബഌ തിരഞ്ഞെടുപ്പുകാലത്ത് നൽകിയ സാക്ഷ്യപത്രത്തിൽ 17.65 കോടിയുടെ സ്വത്തുണ്ടെന്നും 9.24 കോടിയുടെ ബാധ്യതകളുണ്ടെന്നും കർത്താർ സിങ് വ്യക്തമാക്കിയിരുന്നു. മുൻ ബിജെപി അംഗമായ കർത്താറിന്റെ ആംആദ്മി പ്രവേശത്തെ സ്ഥാപക നേതാവായ പ്രശാന്ത് ഭൂഷൺ എതിർത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കർത്താർ സിംഗിനെതിരായ നടപടിയെച്ചൊല്ലി ആംആദ്മിയും ബിജെപിയും ഏറ്റുമുട്ടുന്നത്.

ബിജെപിയേയും കോൺഗ്രസിനേയും അമ്പേ പരാജയപ്പെടുത്തി ഡൽഹിയിൽ അധികാരത്തിലെത്തി ഒന്നരവർഷം പിന്നിടുന്ന ആംആദ്മിയുടെ 12 എംഎൽഎ മാർക്കെതിരെ ഇതിനകം പൊലീസ് നടപടി ഉണ്ടായിക്കഴിഞ്ഞു. 11 പേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ജനക്പുരി എംഎൽഎ രാജേഷ് ഋഷിക്കെതിരെ ഒരു സ്ത്രീയുടെ പരാതിപ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട. മറ്റൊരു സ്ത്രീ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഋഷിയുടെ പേരും കൂട്ടിച്ചേർത്ത് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ഓഖ്‌ല എംൽഎ അമാനത്തുള്ള ഖാനെയും സമാനമായൊരു പരാതിയിൽ അറസ്റ്റുചെയ്തിരുന്നു. സ്ത്രീയെ അപമാനിച്ചുവെന്നായിരുന്നു കേസ്. തൊട്ടടുത്ത ദിവസം ഈ കേസ് ബലപ്പെടുത്താനായി മറ്റൊരു കേസും അമാനത്തുള്ളയ്‌ക്കെതിരെ ചാർജുചെയ്തു. കുടിവെള്ളമില്ലായ്മയും വൈദ്യുതി പ്രശ്‌നങ്ങളുമെല്ലാം ഉന്നയിച്ച് പ്രതിഷേധിച്ച ജാമിയ നഗറിലെ ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു കേസ്.

ഇപ്പോൾ ഒരുകോടിരൂപ വിലമതിക്കുന്ന ആഭരണങ്ങളുംമറ്റും കർത്താർ സിംഗിന്റെ വീട്ടിലും ഫാംഹൗസിലും നിന്ന് കണ്ടെടുത്തതായാണ് ഐടി അധികൃതർ പറയുന്നത്. റെയ്ഡിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തിയിരുന്നു. സിബിഐ., ഡൽഹി പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതിവകുപ്പ് എന്നിവരെയെല്ലാം തങ്ങൾക്കെതിരെ മോദി ഉപയോഗിച്ചാലും ജോലി തുടർന്നുകൊണ്ടിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ആർക്കെതിരെയും രാഷ്ട്രീയവൈരാഗ്യത്തോടെ പ്രവർത്തിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. നിയമവിരുദ്ധപ്രവർത്തനം നടത്തിയാൽ നടപടി നേരിടേണ്ടിവരുെമന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തുവരുന്ന പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഡൽഹി മോഡലിൽ ഭരണം പിടിക്കാൻ കെജ്രിവാളും ആംആദ്മിയും ശ്രമങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ മോദിയും ബിജെപിയും ആംആദ്മിക്കെതിരെ നീങ്ങുകയാണെന്നും അവരുടെ അധികാരത്തിലുള്ള ഡൽഹി പൊലീസിനെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ ഇടപെടുകയും ആംആദ്മിയെ നിയന്ത്രിക്കുകയുമാണെന്നും ഏറെക്കാലമായി ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP