Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ പത്ത് കോടി അടിച്ചു മാറ്റിയത് ആര്? തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയ പത്തു കോടി മോഷണം പോയെന്ന് കോൺഗ്രസ്

ആ പത്ത് കോടി അടിച്ചു മാറ്റിയത് ആര്? തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയ പത്തു കോടി മോഷണം പോയെന്ന് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ മാസം നടന്ന തെരഞ്ഞടുപ്പു പ്രചാരണത്തിനായി സ്വരൂപിച്ച ഫണ്ടിൽ നിന്നും പത്തു കോടിയോളം രൂപ മോഷ്ടിക്കപ്പെട്ടെന്ന് കോൺഗ്രസ്. പ്രഭാദേവിയിലെ ഫ്‌ളാറ്റിൽ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഈ സംഭവം മുൻ കോൺഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്‌റാവു താക്കറെയേയും അറിയിച്ചിരുന്നെങ്കിലും പൊലീസിൽ പരാതി നൽകിയില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പാർട്ടിയിൽ നിന്ന് എല്ലാ വിധ പിന്തുണയും ലഭിച്ച സ്ഥാനാർത്ഥികളിൽ വലിയൊരു വിഭാഗം വാഗ്ദാനം ചെയ്യപ്പെട്ട ഫണ്ട് ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് ഈ സംഭവം പുറത്തായത്. 137 സ്ഥാനാർത്ഥികൾക്കു മാത്രമാണ് പാർട്ടി ഫണ്ട് നൽകിയത്. ബാക്കിയുള്ളവർക്ക് മറ്റു വഴികൾ തേടേണ്ടി വന്നു.

സംഭവത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ മാണിക്‌റാവു ഇതു തള്ളിയിട്ടുണ്ട്. പാർട്ടി ഫണ്ട് മോഷ്ടിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകളിൽ കഴമ്പില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം സ്ഥാനാർത്ഥികളുടെ അധിക്യത്താൽ ഫണ്ട് തികയാതെ വന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. 174 സ്ഥാനാർത്ഥികളെ നിർത്താനായിരുന്നു പാർട്ടി തീരുമാനം. പക്ഷേ അവസാന നിമിഷം ഇത് 288 ആയി. പ്രതിയോഗികളുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടി ഫണ്ട് തുഛമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് തികയാതെ വന്നിട്ടുണ്ടെന്ന് ഒരു പ്രമുഖ മുൻ കോൺഗ്രസ് മന്ത്രിയും സമ്മതിച്ചിട്ടുണ്ട്. 'എഐസിസി ആവശ്യമായി ഫണ്ട് സംസ്ഥാന പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം. പക്ഷേ സ്ഥാനാർത്ഥികൾക്ക് നൽകിയ യഥാർത്ഥ തുക തുച്ഛമായിരുന്നു. എഐസിസി നൽകിയ പണം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത് രണ്ട് മന്ത്രിമാർക്കായിരുന്നു,' അദ്ദേഹം പറഞ്ഞു.

ഫ്‌ളാറ്റിൽ നിന്നും കോടികൾ അപ്രത്യക്ഷമായതിന് ഉത്തരവാദികൾ സംസ്ഥാന പാർട്ടി ഘടകം തന്നെയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. മോഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ മുൻ മന്ത്രി പറഞ്ഞത് ഈ വാർത്ത കേട്ടെന്നും എന്നാൽ ഇതിനു തെളിവുകളൊന്നുമില്ലെന്നുമാണ്. പാർട്ടിയുടെ ദാദർ കാര്യാലയത്തിനു സമീപമുള്ള ഫ്‌ളാറ്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓഫീസായി വാടകക്കെടുത്തതായിരുന്നു ഈ ഫ്‌ളാറ്റ്. സ്ഥാനാർത്ഥികൾ ഇവിടെ എത്തിയാണ് പണം സ്വീകരിച്ചിരുന്നത്. ഇത്രയും വലിയ തുക അപ്രത്യക്ഷമായതിന് പാർട്ടി നൽകുന്ന മറുപടിയിൽ സ്ഥാനാർത്ഥികൾ തൃപ്തരല്ല. പണം നഷ്ടമായത് ഇവർ സംശത്തോടെയാണ് കാണുന്നത്. ഇതു സംബന്ധിച്ച് നേതൃത്വം പൊലീസിൽ പരാതി നൽകാൻ തയ്യാറാകാത്തതാണ് തങ്ങളുടെ സംശയം ബലപ്പെടുത്തുന്നതെന്ന് ഇവർ പറയുന്നു.

ഈ പണം മോഷ്ടിക്കപ്പെട്ടതാണെന്ന ആരോപണം പാർട്ടി വാക്താക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ വിശദീകരണം ഇല്ലാത്തത് കോൺഗ്രസ് അണികളെ സംശയത്തിലാക്കിയിട്ടുണ്ട്. എൻസിപിയുമായുള്ള സഖ്യം തകരാൻ ഇടവരുത്തിയ ചവാൻ നേരത്തെ സ്ഥാനാർത്ഥികളോട് ഫണ്ടിന്റെ കാര്യത്തിൽ ഒരു അസൗകര്യങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പു നൽകിയിരുന്നതാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP