Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസ വോട്ടെടുപ്പിന് ഒരു രാത്രി മാത്രം ശേഷിക്കവെ കർണാടക രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്; പതനം ഉറപ്പാക്കിയ സർക്കാരിന് പിന്തുണയുമായി വിമത കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡി; നിർണായകമാകുക ഒപ്പമുള്ള നാലുപേരുടെ നിലപാട്; സഭാ നടപടികളിൽ പങ്കെടുക്കില്ലെന്ന് മുംബൈയിലുള്ള വിമത എംഎൽഎമാർ; കർണാടക രാഷ്ട്രീയ നാടകം കടക്കുന്നത് ക്ലൈമാക്‌സിലേക്ക്

വിശ്വാസ വോട്ടെടുപ്പിന് ഒരു രാത്രി മാത്രം ശേഷിക്കവെ കർണാടക രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്; പതനം ഉറപ്പാക്കിയ സർക്കാരിന് പിന്തുണയുമായി വിമത കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡി; നിർണായകമാകുക ഒപ്പമുള്ള നാലുപേരുടെ നിലപാട്; സഭാ നടപടികളിൽ പങ്കെടുക്കില്ലെന്ന് മുംബൈയിലുള്ള വിമത എംഎൽഎമാർ; കർണാടക രാഷ്ട്രീയ നാടകം കടക്കുന്നത് ക്ലൈമാക്‌സിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു: കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും എന്ന് വിമത എംഎൽഎ രാമലിംഗ റെഡ്ഡി.  കർണാടകയിൽ നാളെ കുമാരസാമി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ഭരണകക്ഷിക്ക് ആശ്വാസമായി രാമലിംഗ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. കോൺഗ്രസ് ഹൈക്കമാൻഡുമായും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായും നടത്തിയ ചർച്ചകളിൽ സംതൃപ്തനാണെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി. വ്യാഴാഴ്ച നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സഖ്യസർക്കാരിന് വോട്ട് ചെയ്യുമെന്നും രാമലിംഗ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 6 നാണ് രാമലിംഗ റെഡ്ഡി മറ്റ് 11 എംഎൽഎമാർക്കൊപ്പം രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാമലിംഗ റെഡ്ഡിയുടെ രാജി പ്രഖ്യാപനം. രാജിക്കത്ത് കൈമാറിയ ശേഷം മറ്റ് എംഎൽഎമാർ മുംബൈയിലേക്ക് പോയെങ്കിലും രാമലിംഗ റെഡ്ഡി ബെംഗളൂരുവിൽ തുടരുകയായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെന്നായിരുന്നു. എന്നാൽ തന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കാൻ രാമലിംഗ റെഡ്ഡി തയ്യാറായിരുന്നില്ല. രാമലിംഗ രാജി പിൻവലിച്ചാൽ അദ്ദേഹത്തിന് ഒപ്പമുള്ള നാല് പേരും രാജി പിൻവലിക്കുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.

വിശ്വാസവോട്ട് സംബന്ധിച്ച് സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും അതേസമയം എംഎൽഎമാരെ വോട്ട് ചെയ്യാൻ നിർബന്ധിക്കരുത് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ന് വിധി പറഞ്ഞിരുന്നു. രാജിക്കാര്യത്തിൽ സ്പീക്കർക്ക് നിലപാടെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെ നിലപാടിൽ നിന്ന് ഒരു മാറ്റവുമില്ലെന്ന് മുംബൈയിൽ ക്യാമ്പ് ചെയ്യുന്ന കർണാടകയിലെ വിമത എംഎ‍ൽഎമാർ വ്യക്തമാക്കിയിരുന്നു. രാജി തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നും സഭാനടപടികളിൽ പങ്കെടുക്കുന്ന പ്രശ്നമില്ലെന്നും കോൺഗ്രസിലേയും ജെഡി എസിലേയും വിമത എംഎ‍ൽഎമാർ വ്യക്തമാക്കി. സുപ്രീംകോടതി വിധിയിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതിനെ ബഹുമാനിക്കുന്നു- വിമത കോൺഗ്രസ് നേതാവ് ബി.സി പാട്ടീൽ ഇക്കാര്യം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് എംഎ‍ൽഎമാരുടെ രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നുമാവശ്യപ്പെട്ട് വിമതർ സമർപ്പിച്ച പരാതിയിൽ സുപ്രീംകോടതി വിധി പറഞ്ഞത്. ഇക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച വിമത എംഎ‍ൽഎമാർ സഭയിലെത്തിയേക്കില്ല. എല്ലാ തീരുമാനങ്ങളും തങ്ങൾ കൂട്ടായിട്ടായിരിക്കും എടുക്കകയെന്നും നിയമസഭയിലെത്തുന്ന പ്രശ്നമില്ലെന്നുമാണ് വിമതർ പറഞ്ഞത്. 15 വിമത എംഎ‍ൽഎമാരും സഭാനടപടികളിൽ പങ്കെടുക്കണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് വിപ്പ് കർശനമാക്കാനാകില്ല.

അതേസമയം, സർക്കാർ വിശ്വാസ വോട്ട് തേടുമ്പോൾ വിമത എംഎ‍ൽഎമാർ പങ്കെടുക്കണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത് കൂട്ടക്കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സുപ്രീംകോടതിക്ക് എങ്ങിനെയാണ് നിയമസഭയുടേയും സ്പീക്കറുടേയും അധികാരത്തിൽ ഇടപെടാൻ കഴിയുക.

ഒരു അംഗം കൂറുമാറി വോട്ടു ചെയ്താൽ അയോഗ്യനാക്കുന്നതുൾപ്പെടെ നടപടി എടുക്കാനുള്ള അധികാരം സ്പീക്കർക്കുണ്ട്. അത് ചോദ്യം ചെയ്യുകയാണ് സുപ്രീം കോടതി. എംഎ‍ൽഎമാരെ നിർബന്ധിച്ച് സഭയിൽ എത്തിക്കരുതെന്ന നിർദ്ദേശം ഇതിന് തെളിവാണ്. നിയമപരമായി ഇതിനെ നേരിടുമെന്നും വേണുഗോപാൽ പറഞ്ഞു. വിപ്പു കൊടുക്കുക നിയമസഭയിൽ പങ്കു ചേരുക എന്നതൊക്കെ രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തിൽ പെട്ടതാണ്. ഇതിൽ സുപ്രീംകോടതിക്ക് എങ്ങനെയാണ് ഇടപെടാനാകുക. ഇത് കർണാടകയിൽ മാത്രമല്ല മറ്റ് പലസ്ഥലങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

നിലവിലെ കക്ഷിനില

രാജിവച്ച വിമതർ- 16 ( കോൺഗ്രസ്-13, ദൾ-3)

ബിജെപി സഖ്യം-107 ( ബിജെപി -105, സ്വതന്ത്രൻ-1 കെപിജെപി-1 )

കോൺ-ദൾ സഖ്യം - 101 (കോൺഗ്രസ്- 66, ദൾ- 34, ബിഎസ്‌പി-1)

രാജികൾ അംഗീകരിച്ചാൽ നിയമസഭയിലെ അംഗബലം -208

കേവല ഭൂരിപക്ഷത്തിനു വേണ്ടത്-105

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP