Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂപ്പർ പവർ വേണ്ടെന്ന് ആർഎസ്എസ്; അമിത് ഷായെ പോലെ രാജ്‌നാഥിനേയും നിതിൻ ഗഡ്ഗരിയേയും പരിഗണിക്കണമെന്നും നാഗ്പൂരിൽ നിന്ന് മോദിക്ക് നിർദ്ദേശം; രാജി വയ്ക്കുമെന്ന രാജ്‌നാഥിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രിയേയും വെട്ടിലാക്കി; പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനെന്ന പരിഗണന കിട്ടുമെന്ന് പ്രതിരോധ മന്ത്രി ഉറപ്പിക്കുന്നത് പരിവാറിന്റെ ഇടപെടലോടെ; ഗഡ്ഗരിയെ വെട്ടിയൊതുക്കിയതിന് സമാനമായതൊന്നും ഇനി അനുവദിക്കില്ലെന്നും മുന്നറിയിപ്പ്; രാജ്‌നാഥ് സിംഗിലേക്ക് കൂടുതൽ അധികാരമെത്തുന്നത് ഇങ്ങനെ

സൂപ്പർ പവർ വേണ്ടെന്ന് ആർഎസ്എസ്; അമിത് ഷായെ പോലെ രാജ്‌നാഥിനേയും നിതിൻ ഗഡ്ഗരിയേയും പരിഗണിക്കണമെന്നും നാഗ്പൂരിൽ നിന്ന് മോദിക്ക് നിർദ്ദേശം; രാജി വയ്ക്കുമെന്ന രാജ്‌നാഥിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രിയേയും വെട്ടിലാക്കി; പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനെന്ന പരിഗണന കിട്ടുമെന്ന് പ്രതിരോധ മന്ത്രി ഉറപ്പിക്കുന്നത് പരിവാറിന്റെ ഇടപെടലോടെ; ഗഡ്ഗരിയെ വെട്ടിയൊതുക്കിയതിന് സമാനമായതൊന്നും ഇനി അനുവദിക്കില്ലെന്നും മുന്നറിയിപ്പ്; രാജ്‌നാഥ് സിംഗിലേക്ക് കൂടുതൽ അധികാരമെത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന നേതാക്കളെ തഴയുന്ന നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നടപടിയിൽ ആർഎസ്എസ് അതൃപ്തിയിലെന്ന് റിപ്പോർട്ട്. മന്ത്രിസഭാ സമിതികളിൽ നിന്ന് തഴഞ്ഞതിലുള്ള രാജ്‌നാഥ് സിംഗിന്റെ പ്രതിഷേധത്തിന് മുന്നിൽ മോദി വഴങ്ങിയത് ആർഎസ്എസ് ഇടപെടൽ കാരണമാണ്. രാജ്‌നാഥ് സിംഗിനേയും നിതിൻ ഗഡ്ഗരിയേയും തഴയുന്നതിലാണ് ആർ എസ് എസിന് അമർഷമുള്ളത്. നിതിൻ ഗഡ്ഗരിക്ക് മികച്ച വകുപ്പ് കൊടുക്കാത്തതിലും ആർഎസ്എസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിനെ കൂടുതൽ മന്ത്രിസഭാ സമിതികളിൽ എടുത്തത്.

കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിംഗിന് ഇത്തവണ നൽകിയത് പ്രതിരോധവകുപ്പാണ്. പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാർലമെന്ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്‌നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. മന്ത്രിസഭയിൽ രണ്ടാമനായ ആൾ പൊതുവേ പ്രധാനമന്ത്രിയില്ലെങ്കിൽ കാബിനറ്റ്, രാഷ്ട്രീയ ഉപസമിതികളുടെ അധ്യക്ഷനാകുന്നതാണ് കീഴ്‌വഴക്കം. ഇതൊന്നും അംഗീകരിക്കാതെയാണ് അമിത് ഷായിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇതിനെതിരെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതിഷേധം. നിതിൻ ഗഡ്ഗരിയും ബിജെപിയിലെ ഒറ്റപ്പെടുത്തലിൽ അതൃപ്തനാണ്. എന്നാൽ കരുതലോടെ ഇരിക്കാനാണ് ആർഎസ്എസ് നൽകിയ നിർദ്ദേശം.

കഴിഞ്ഞ തവണ അധികാരത്തിൽ എത്തിയപ്പോൾ വകുപ്പ് വിഭജനം ഉൾപ്പെടെ ആർ എസ് എസുമായി മോദി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങളെല്ലാം അമിത് ഷായാണ് നിയന്ത്രിച്ചത്. നിതിൻ ഗഡ്ഗരിയെ പ്രതിരോധ മന്ത്രിയാക്കാനായിരുന്നു ആർ എസ് എസിന് താൽപ്പര്യം. എന്നാൽ അമിത് ഷായെ ആഭ്യന്തരം ഏൽപ്പിച്ച് രാജ്‌നാഥ് സിംഗിന് പ്രതിരോധം നൽകി. ധനകാര്യം നിർമ്മലാ സീതാരമാന് നൽകിയതിനൊപ്പം പ്രധാന വകുപ്പായ വിദേശകാര്യ വകുപ്പിലേക്ക് ആർ ജയശങ്കറിനെ കൊണ്ടു വരുകയും ചെയ്തു. ഇതെല്ലാം ആർഎസ്എസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. നിതിൻ ഗഗ്ഡരിയെ സുരക്ഷാകാര്യങ്ങൾക്കുള്ള കാബിനറ്റ് ഉപസമിതിയിൽ നിന്ന് മാറ്റാനുള്ള തന്ത്രമായിരുന്നു ഇത്. ഇതിനിടെയാണ് രാജ് നാഥ് സിങ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അമിത് ഷാ സൂപ്പർ പവറാകുന്നതിൽ രാജ്‌നാഥ് സിംഗും നിതിൻ ഗഡ്ഗരിയും കടുത്ത നിരാശയിലാണ്.

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ രാജ്‌നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്. എന്നാൽ മന്ത്രിസഭയിലെ പുതുമുഖമായ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തിയിരുന്നു. അവഗണനയിൽ പ്രതിഷേധിച്ച് രാജ്‌നാഥ് സിങ് ആർ എസ് എസിനെ രാജി അറിയിച്ചു. ഇതോടെയാണ് നാഗ്പൂരിൽ നിന്ന് ഇടപെടൽ എത്തിയത്. മുൻ ബിജെപി അധ്യക്ഷനായ തനിക്ക് കൂടുതൽ പരിഗണന വേണമെന്നും രാജ്‌നാഥ് അറിയിച്ചു. 2014ൽ മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ താനായിരുന്നു പാർട്ടി പ്രസിഡന്റ്. അന്നും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നു. ഇതെല്ലാം മറന്നാണ് ഇപ്പോൾ എല്ലാവരും അമിത് ഷായെ അമാനുഷികനാക്കുന്നതെന്നാണ് രാജ്‌നാഥിന്റെ പരാതി. ബിജെപിയുടെ മുൻ അധ്യക്ഷനാണ് നിതിൻ ഗഡ്ഗരിയും. ഗഡ്ഗരിയേയും നോക്കു കുത്തിയാക്കുകയാണ് അമിത് ഷാ.

വിവാദം ആളിക്കത്തിയാൽ ബിജെപിയിലെ പടലപിണക്കങ്ങൾ വലിയ തോതിൽ ചർച്ചയാകും. ഇത് പരിഹരിക്കാൻ ഇടഞ്ഞ രാജ്‌നാഥ് സിംഗിനെ തണുപ്പിക്കാൻ ഒടുവിൽ നാല് മന്ത്രിസഭാ ഉപസമിതികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയിൽ രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തി. അമിത് ഷായെ നീക്കി പാർലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്‌നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നീ രണ്ട് ഉപസമിതികളിൽക്കൂടി രാജ്‌നാഥ് സിങ് ഇപ്പോൾ അംഗമാണ്. എട്ടിൽ ആറ് സമിതികളിലും രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്‌നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തുകയായിരുന്നു. നേരത്തേ രാജ്‌നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, സർക്കാരിലുള്ള അധികാരമുറപ്പിച്ച് അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനായി. എട്ടെണ്ണത്തിലും അദ്ദേഹത്തിന് അംഗത്വവും നൽകി. അമിത് ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

പാർലമെന്ററി കാര്യസമിതിയുടെ അധ്യക്ഷപദമായിരുന്നു ആദ്യം അമിത് ഷായ്ക്ക് നൽകിയ പ്രധാനചുമതല. പാർലമെന്റ് സമ്മേളനം എപ്പോൾ ചേരണമെന്നതുൾപ്പടെ സുപ്രധാനമായ നിരവധി തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണ് പാർലമെന്ററി കാര്യ ഉപസമിതി. ഈ പദവിയിലാണ് രാജ്‌നാഥ് സിംഗിനെ ഇപ്പോൾ മാറ്റി നിയമിച്ചത്. ഡൽഹിയിൽ ആർക്കൊക്കെ സർക്കാർ വീടുകൾ നൽകണമെന്ന തീരുമാനമെടുക്കുന്ന സമിതിയാണ് ഷാ അധ്യക്ഷനായ മറ്റൊരു മന്ത്രിസഭാ സമിതി. രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ ആകെ രണ്ട് പേരാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

പുതിയ തീരുമാനം അനുസരിച്ച് മന്ത്രിസഭാ ഉപസമിതികളിലെ അംഗങ്ങൾ ഇവരാണ്:

സാമ്പത്തിക കാര്യ ഉപസമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ, സദാനന്ദ ഗൗഡ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ, സുബ്രഹ്മണ്യം ജയശങ്കർ, ധർമേന്ദ്രപ്രധാൻ എന്നിവർ അംഗങ്ങൾ.

പാർലമെന്ററി കാര്യസമിതിയിൽ അധ്യക്ഷൻ രാജ്‌നാഥ് സിംഗാകും. പ്രധാനമന്ത്രി, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, രാംവിലാസ് പസ്വാൻ, തവർ ചന്ദ് ഗെലോട്ട്, പ്രകാശ് ജാവദേക്കർ, പ്രഹ്‌ളാദ് ജോഷി എന്നിവർ അംഗങ്ങൾ.

സുരക്ഷാ കാര്യ ഉപസമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷൻ. രാജ്‌നാഥ് സിങ്, അമിത് ഷാ, നിർമലാ സീതാരാമൻ, എസ് ജയശങ്കർ എന്നിവർ അംഗങ്ങൾ.

നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന ഉപസമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷൻ. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ.

തൊഴിൽ, മാനവവിഭവശേഷി വികസനം എന്ന മന്ത്രിസഭാ ഉപസമിതി പുതുതായി രൂപീകരിച്ചതാണ്. ഇതിന്റെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. അംഗങ്ങൾ: രാജ്‌നാഥ് സിങ്, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, പിയൂഷ് ഗോയൽ, രമേശ് പൊഖ്‌റിയൽ നിശാങ്ക്, ധർമേന്ദ്രപ്രധാൻ, മഹേന്ദ്രസിങ് പാണ്ഡേ, സന്തോഷ് ഗ്യാങ്‌വർ, ഹർദീപ് സിങ് പുരി എന്നിവർ അംഗങ്ങൾ. ഈ സമിതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രത്യേക ക്ഷണിതാക്കളിലൊരാളാണ്.

നിയമനകാര്യസമിതി: രണ്ട് പേർ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

രാഷ്ട്രീയകാര്യസമിതി: ഒരു സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് സഖ്യകക്ഷികളടങ്ങിയ രാഷ്ട്രീയകാര്യസമിതിയാണ്. ഇതിലെ അംഗങ്ങൾ: നരേന്ദ്ര മോദി (അധ്യക്ഷൻ), അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, രാംവിലാസ് പസ്വാൻ (എൽജെപി), നരേന്ദ്രസിങ് തോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ (അകാലിദൾ), ഹർഷവർധൻ, അരവിന്ദ് ഗൺപത് സാവന്ത് (ശിവസേന), പ്രഹ്‌ളാദ് ജോഷി എന്നിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP