Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വർഷത്തിനുള്ളിൽ തനിക്ക് മുഖ്യമന്ത്രി പദം നൽകുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിൽ മാത്രം ചർച്ചയെന്ന നിലപാടിൽ സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ ഭരണം അട്ടിമറിക്കാൻ കരുനീക്കുന്നത് ബിജെപി എന്നാവർത്തിച്ച് കോൺ​ഗ്രസ്; വിമത എംഎൽഎമാർ ഹരിയാന പൊലീസിന്റെ സംരക്ഷണയിലെന്നും ആരോപണം; അശോക് ​ഗെലോട്ട് വഞ്ചകനെന്നും രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി; കോൺ​ഗ്രസിൽ തമ്മിലടി തുടരുമ്പോൾ ശ്രദ്ധാപൂർവം ബിജെപിയും

ഒരു വർഷത്തിനുള്ളിൽ തനിക്ക് മുഖ്യമന്ത്രി പദം നൽകുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിൽ മാത്രം ചർച്ചയെന്ന നിലപാടിൽ സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ ഭരണം അട്ടിമറിക്കാൻ കരുനീക്കുന്നത് ബിജെപി എന്നാവർത്തിച്ച് കോൺ​ഗ്രസ്; വിമത എംഎൽഎമാർ ഹരിയാന പൊലീസിന്റെ സംരക്ഷണയിലെന്നും ആരോപണം; അശോക് ​ഗെലോട്ട് വഞ്ചകനെന്നും രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി; കോൺ​ഗ്രസിൽ തമ്മിലടി തുടരുമ്പോൾ ശ്രദ്ധാപൂർവം ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ഒരു വർഷത്തിനിടയിൽ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനം നൽകിയതിന് പിന്നാലെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി എന്ന് ആവർത്തിച്ച് കോൺ​ഗ്രസ്. ഹരിയാനയിലെ ബിജെപി സർക്കാരാണ് രാജസ്ഥാനിലെ കോൺ​ഗ്രസ് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് ആരോപിക്കുന്നു. സച്ചിൻ പൈലറ്റും സംഘവും ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്നതും അവരെ ചോദ്യം ചെയ്യാനെത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞതും ഇതിന് തെളിവാണെന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടുന്നു. ‘രാജസ്ഥാൻ പൊലീസിനേക്കാൾ ഹരിയാന പൊലീസിനെയാണോ സച്ചിൻ പൈലറ്റ് വിശ്വസിക്കുന്നത്? ഈ എംഎൽഎമാർ കോൺഗ്രസ് അംഗങ്ങളാണെങ്കിലും അവരിപ്പോൾ ഹരിയാന പൊലീസിന്റെ സംരക്ഷണത്തിലാണ്. ഓപ്പറേഷന് പിന്നിൽ ബിജെപിയാണ് എന്നതിന്റെ തെളിവാണ് ഇത്. അവരത് നിഷേധിക്കുന്നുമില്ല’, പവൻ ഖേര പറഞ്ഞു.

അടുത്ത ഒരു വർഷത്തിനുള്ളിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദവി തനിക്ക് നൽകാനുള്ള തീരുമാനം എടുത്ത ശേഷം മാത്രം താനുമായി കോൺ​ഗ്രസ് നേതൃത്വം ചർച്ച നടത്തിയാൽ മതിയെന്ന നിലപാടാണ് സച്ചിൻ പൈലറ്റിന്റേത്. തനിക്ക് മുഖ്യമന്ത്രിപദം പ്രഖ്യാപിക്കാത്തപക്ഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുൽ ഗാന്ധിയുമോ ചർച്ചയ്ക്കില്ലെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള ചർച്ചയിൽ പൈലറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോൺ​ഗ്രസ് നേതൃത്വം ആദ്യം പരസ്യമായി തന്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച പ്രഖ്യാപനം നടത്താതെ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് സച്ചിൻ സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം, ഹരിയാനയിലെ മനേസറിൽ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത് നാടകീയ രം​ഗങ്ങൾക്ക് കാരണമായിരുന്നു. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ‌ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

കോൺ​ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിഷേധിച്ചു. ഹരിയാനയിലെ സ്വകാര്യ റിസോർട്ടുകളിൽ ആർക്കു വേണമെങ്കിലും താമസിക്കാം, അതിനു പിന്നിൽ ഞങ്ങൾക്ക് പങ്കൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശോക് ​ഗെലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിനുള്ളത്.

അതേസമയം, സച്ചിൻ പൈലറ്റിനെ അനുനയിപ്പിച്ച് ഭരണം നിലനിർത്തുന്നതിനെക്കാൾ, രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നു എന്ന പ്രചാരണം നടത്താനാണ് കോൺ​ഗ്രസ് നേതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്. രാജസ്ഥാനിലെ കോൺ​ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി മഹാരാഷ്ട്രയിൽ നിന്നും 500കോടി രൂപ സമാഹരിച്ചതായി കഴിഞ്ഞ ദിവസം കോൺ​ഗ്രസ് ആരോപിച്ചിരുന്നു. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ മഹാരാഷ്ട്രയിലെ വ്യവസായികളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമായി ബിജെപി 500 കോടി രൂപ സമാഹരിച്ചു എന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ സച്ചിൻ സാവന്താണ് ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്.

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ 500 കോടി പിരിച്ചെടുത്തുവെന്ന വിവരം വിശ്വസ്ത കേന്ദ്രങ്ങളിൽനിന്നാണ് ലഭിച്ചിട്ടുള്ളത് എന്ന് സച്ചിൻ സാവന്ത് പറഞ്ഞു. ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചതെന്നും സച്ചിൻ സാവന്ത് പറഞ്ഞു.

ആദായനികുതി വകുപ്പിനെയും സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചും വൻതോതിൽ പണം ഒഴുക്കിയും രാജ്യത്തെ കോൺ​ഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് സച്ചിൻ സാവന്ത് ആരോപിക്കുന്നു. കർണാടകത്തിലെ കോൺഗ്രസ് -ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നിലും ഇത്തരം നീക്കങ്ങളാണ്. കർണാടക എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽ പൊലീസ് കസ്റ്റഡിയിലാണ് മുൻ സർക്കാരിന്റെ കാലത്ത് പാർപ്പിച്ചിരുന്നത്. മുതിർന്ന ബിജെപി മന്ത്രിയുടെ വീട്ടിൽ നടന്ന യോഗങ്ങൾ സംസ്ഥാനത്തെ ജനങ്ങൾ കണ്ടതാണ് എന്നും കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

രണ്ട് വിമത എംഎൽഎമാരെ പുറത്താക്കി കോൺ​ഗ്രസ്

അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് കോൺഗ്രസ് രണ്ട് എം‌എൽ‌എമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. രാജസ്ഥാനിലെ നിയമസഭാംഗങ്ങൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും പാർട്ടി ആവശ്യപ്പെട്ടു. വിമത എംഎൽഎമാരായ ഭൻവർലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

“കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്തിനെതിരെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും അന്വേഷണം ആരംഭിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് സംശയിക്കുന്നുവെങ്കിൽ ഉടനടി വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയും വേണം. കോൺഗ്രസ് എം‌എൽ‌എ ഭൻ‌വർ ലാൽ ശർമ, ബിജെപി നേതാവ് സഞ്ജയ് ജെയിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. എം‌എൽ‌എമാർക്ക് കൈക്കൂലി നൽകാൻ ആരാണ് കള്ളപ്പണം ഏർപ്പെടുത്തിയതെന്നും ആരാണ് കൈക്കൂലി നൽകിയതെന്നും അന്വേഷിക്കണമെന്നും” സുർജേവാല പറഞ്ഞു.

എഫ്ഐആറിൽ പ്രതികൾ അജ്ഞാതർ

സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്, വിമത കോൺഗ്രസ് എംഎൽഎ. ഭൻവർ ലാൽ ശർമ, സഞ്ജയ് ജെയിൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപിയെ കൂട്ടുപിടിച്ച് സർക്കാരിനെ വീഴ്‌ത്താൻ പദ്ധതിയിടുന്ന തരത്തിൽ മന്ത്രിയുമായും സഞ്ജയ് ജെയിനുമായും ശർമ സംസാരിക്കുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ സഞ്ജയ് ജെയിനെ അറസ്റ്റും ചെയ്തു. ഭൻവർ ലാൽ ശർമയെയും മറ്റൊരു വിമത എംഎൽഎ. വിശശ്വേന്ദ്ര സിങ്ങിനെയും കോൺഗ്രസ് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ വിശശ്വേന്ദ്ര സിങ്ങിന്റെ പേരു പരാമർശിക്കുന്നില്ല.

ഇന്ത്യൻ ശിക്ഷാനിയമം 124എ, 120ബി വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് എഫ്.ഐ.ആറുകളിലും പ്രതികളെ അജ്ഞാതർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ അജ്ഞാതരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും കോൺഗ്രസ് എംഎൽഎ. ഭൻവർലാൽ ശർമ, സഞ്ജയ് ജെയിൻ, ഗജേന്ദ്ര സിങ് എന്നിവരുടെ പേരുകൾ എഫ്.ഐ.ആറിൽ പരാമർശിക്കുന്നുണ്ട്.

രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മായാവതിയും

രാജസ്ഥാനിൽ ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിഎസ്‌പി അധ്യക്ഷ മായാവതി രംഗത്തെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്ചട്ടങ്ങൾ ലംഘിച്ച് ബിഎസ്‌പി എംഎൽഎമാരെ കോൺഗ്രസിൽ ചേർത്ത് രണ്ടാംതവണയും വഞ്ചിച്ചെന്ന് മായാവതി പറഞ്ഞു. ഫോൺ ചോർത്തിയതിലൂടെ ഗെലോട്ട് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യം ചെയ്‌തെന്ന് വ്യക്തമായി. രാജസ്ഥാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും അസ്ഥിരതയും ഗവർണർ മനസ്സിലാക്കണം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യണം. ജനാധിപത്യത്തിന്റെ നില വഷളക്കാൻ അനുവദിക്കരുത്'- മായാവതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബിഎസ്‌പി എംഎൽഎമാർക്ക് പണം കൊടുത്താണ് കോൺഗ്രസിൽ ചേർത്തതെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള രമേശ് മീണ എന്ന എംഎൽഎ വെളിപ്പെടുത്തിയിരുന്നു. ബിഎസ്‌പി ടിക്കറ്റിൽ മത്സരിച്ച്‌ ജയിച്ച രമേശ് മീണയടക്കമുള്ള ബിഎസ്‌പി എംഎൽഎമാർ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. പാർട്ടി എംഎൽഎമാരെ ഒന്നാകെ അടർത്തി കോൺഗ്രസിലെത്തിച്ചതുമുതൽ മായാവതി ഗലോട്ടിനും കോൺഗ്രസിനുമെതിരെ രൂക്ഷമായി വിമർശനം അഴിച്ചുവിട്ടിരുന്നു.

കരുക്കൾ നീക്കാൻ സമയം 21 വരെ

രാജസ്ഥാനിലെ ഭരണപ്രതിസന്ധി തുടരുന്നതിനിടെ സച്ചിൻ പൈലറ്റിന് പിടിവള്ളിയായത് ഹൈക്കോടതിയുടെ നിർദ്ദേശമാണ്. സച്ചിൻ പൈലറ്റിനും കൂടെയുള്ള 18 എംഎൽഎമാർക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാൻ സ്പീക്കർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ജൂലൈ 21 വൈകീട്ട് 5 വരെ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കറോട് നിർദ്ദേശിച്ചു. സച്ചിൻ പൈലറ്റിനെയും കൂടെയുള്ള 18 എംഎൽഎമാരെയും നിയമസഭയിൽനിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിൻ പൈലറ്റും 18 എംഎൽഎമാരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. തിങ്കളാഴ്‌ച്ച വീണ്ടും ഹർജിയിൽ വാദം കേൾക്കും. ഇന്നലെ വൈകുന്നേരം സ്പീക്കർ അന്തിമ തീരുമാനം എടുക്കാൻ ഇരിക്കവേയാണ് കോടതിയുടെ ഉത്തരവ് വന്നത്. ഇതോടെ തങ്ങളുടെ നീക്കങ്ങൾക്കും വിലപേശലിനും സച്ചിനും സംഘത്തിനും കൂടുതൽ സമയം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP