Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്റ്റൈൽമന്നന് അപ്രതീക്ഷിത പിന്തുണയുമായി ഇളയ ദളപതിയും? രജനികാന്തിന്റെ രാഷ്ട്രീയത്തെ വിജയ് പിന്തുണച്ചാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പ്; ആത്മീയ രാഷ്ട്രീയം ചർച്ചയാക്കുന്ന രജനി ബിജെപിയുമായി കൂട്ടുകൂടില്ലെന്നും വ്യക്തം; ദ്രാവിഡ ചർച്ചയുമായി കമലും രജനിയും വിജയും ഒരുമിക്കുമെന്ന വിലയിരുത്തലും സജീവം; തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ രജനി എത്തുമ്പോൾ

സ്റ്റൈൽമന്നന് അപ്രതീക്ഷിത പിന്തുണയുമായി ഇളയ ദളപതിയും? രജനികാന്തിന്റെ രാഷ്ട്രീയത്തെ വിജയ് പിന്തുണച്ചാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പ്; ആത്മീയ രാഷ്ട്രീയം ചർച്ചയാക്കുന്ന രജനി ബിജെപിയുമായി കൂട്ടുകൂടില്ലെന്നും വ്യക്തം; ദ്രാവിഡ ചർച്ചയുമായി കമലും രജനിയും വിജയും ഒരുമിക്കുമെന്ന വിലയിരുത്തലും സജീവം; തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ രജനി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പാർട്ടി രൂപീകരിക്കുമെന്ന സൂപ്പർ താരം രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ തമിഴക രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുകയാണ്. 'ഭരണത്തിലും രാഷ്ട്രീയത്തിലും മാറ്റമുണ്ടാകും. ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല. തമിഴകത്തിന്റെ തലവര മാറ്റിയെഴുതാൻ സമയമായി'- രാഷ്ട്രീയ പാർട്ടി രൂപീകരണതീരുമാനം പ്രഖ്യാപിച്ച് രജനീകാന്തിന്റെ വാക്കുകൾ എത്തി കഴിഞ്ഞു. മുഖ്യമന്ത്രിയായി രജനികാന്ത് മത്സരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനപ്പുറം സൂപ്പർതാരം വിജയുടെ നിലപാടും അതിനിർണ്ണായകമാകും. രജനിക്ക് വിജയ് പിന്തുണ നൽകുമെന്ന സൂചന തമിഴകത്ത് സജീവമാണ്. ഏതായാലും ബിജെപിക്കൊപ്പം പോകില്ലെന്ന് രജനി ഏതാണ്ട് വ്യക്തമാക്കി കഴിഞ്ഞു.

ഇങ്ങനെ. പാർട്ടിയുടെ ഇൻ ചാർജ് തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവർക്കൊപ്പമാണ് രജനി മാധ്യമങ്ങളെ കണ്ടത്. ബിജെപി സംസ്ഥാന ബൗദ്ധിക വിഭാഗം നേതാവായിരുന്ന അർജുന മൂർത്തി ആർഎസ്എസ് പശ്ചാത്തലമുള്ളയാളാണ്; കോൺഗ്രസ് പാരമ്പര്യമുള്ളയാളാണു തമിഴരുവി മണിയൻ. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു 3 വർഷത്തിനു ശേഷമാണു രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങുന്നത്. ഏപ്രിൽ-മെയ്‌ മാസത്തിലാണു നിയമസഭാ തിരഞ്ഞെടുപ്പ്. അങ്ങനെ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും ആളുകളെ കൂടെ നിർത്തിയുള്ള പ്രഖ്യാപനം. എന്നാൽ രജനിക്ക് കരുത്ത് പകരാൻ മറ്റൊരു താരമുണ്ടാകുമെന്ന സൂചന സജീവമാണ്. വിജയ് ആകും അതെന്നാണ് പ്രതീക്ഷ. നേരത്തെ വിജയിന്റെ അച്ഛൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തി. ഇതിനെ വിജയ് എതിർത്തു. ഇതിന് കാരണം രജനിയോടുള്ള താൽപ്പര്യമാണെന്നാണ് ഉയരുന്ന വാദം.

എംജിആർ ഭരണമാണു രജനിയുടെ വാഗ്ദാനം. രാഷ്ട്രീയത്തിലേക്കുള്ള വഴിയും അതേ മാതൃകയിൽ തന്നെ. ആരാധക കൂട്ടായ്മയെ രാഷ്ട്രീയ യൂണിറ്റുകളാക്കി മാറ്റിയാണു എംജിആർ അണ്ണാഡിഎംകെ കെട്ടിപ്പടുത്തത്. 3 വർഷം മുൻപ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധക കൂട്ടായ്മ രജനി മക്കൾ മൻട്രമാക്കി. നിലവിൽ 1 ലക്ഷം യൂണിറ്റുകൾ. 16 ജില്ലകളിൽ എല്ലാ ബൂത്തിലും സാന്നിധ്യം. 10 ഇടത്ത് 60% ബൂത്തുകളിൽ അംഗങ്ങൾ. അടിത്തറ ഭദ്രമെന്നുറപ്പാക്കിതന്നെയാണു രജനിയുടെ രാഷ്ട്രീയ എൻട്രി. ഇതിനൊപ്പം വിജയ് ഫാൻസും കൂടി ചേർന്നാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പാണ് എന്ന വിലയിരുത്തൽ സജീവമാണ്. ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ഏറെ വെല്ലുവിളിയാകും രജനി-വിജയ് സഖ്യം. കമൽഹാസന്റെ പാർട്ടിയുടെ നിലപാടും നിർണ്ണായകമാകും. രജനിയും കമലും കൈകോർക്കാനും സാധ്യത ഏറെയാണ്.

രജനിക്ക് 20-25% വോട്ടുവരെ ഒറ്റയ്ക്കു നേടാനാകുമെന്നാണു മക്കൾ മൻട്രത്തിന്റെ സ്വകാര്യ സർവേയിൽ കണ്ടെത്തിയത്. മാറ്റത്തിന്റെ കാറ്റു വീശുന്നെന്ന പ്രതീതിയുണ്ടാക്കിയാൽ ഇതു 40% വരെ ആകാമെന്നാണു കണക്കുകൂട്ടൽ. ഇതിനൊപ്പം വിജയ് കൂടിയായാൽ എല്ലാം ശുഭകരമാകുമെന്നാണ് വിലയിരുത്തൽ. കരുണാനിധി, എംജിആർ, ജയലളിത എന്നിവരെപ്പോലെ സംസ്ഥാനത്തെ പ്രബല ജാതികൾക്കു പുറത്തു നിന്നുള്ളയാളാണ് രജനി. അതുകൊണ്ട് തന്നെ എല്ലാ ജാതിക്കാർക്കും സ്വീകാര്യനും. തമിഴ്‌നാട്ടിൽ പുരുഷന്മാരെക്കാൾ ഒന്നര കോടി സ്ത്രീ വോട്ടർമാർ. സിനിമാ ഇമേജ്, എംജിആറിനും ജയലളിതയ്ക്കും ശേഷം സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടാൻ സഹായിക്കും.

കേന്ദ്ര സർക്കാരിനോടും ബിജെപിയോടും ചേർന്നു നിൽക്കുന്ന രാഷ്ട്രീയം രജനിക്ക് പ്രതികൂല ഘടകമാണ്. ബിജെപിയുടെ രഹസ്യ ഏജന്റെന്ന ആരോപണം അതിശക്തവും. വിജയിന്റെ പിന്തുണ ഈ സാഹചര്യത്തിലാണ് അനിവാര്യമാകുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ ബിജെപി സമ്മർദമാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. ആത്മീയ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തെ ചിലർ ബിജെപിയോടു ചേർത്തുവായിക്കുന്നു. ഇതു മറികടക്കാൻ വിജയ് കൂടെയുണ്ടെങ്കിൽ സാധിക്കും. പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കൈക്കോർക്കാൻ തയാറാണെന്നു കമൽ വ്യക്തമാക്കിയിട്ടുണ്ട്. കമലിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്ന പാർട്ടികളുമായി മാത്രം സഖ്യമെന്നാണു പാർട്ടി നിലപാട്. രജനിയാകട്ടെ മുഖ്യമന്ത്രിയാകില്ലെന്നു പറഞ്ഞിട്ടുമുണ്ട്.

രജനിയെ തലൈവരാക്കി മൂന്നാം മുന്നണിയും സാധ്യതയാണ്. പിഎംകെ, ഡിഎംഡികെ ഉൾപ്പെടെ സ്വന്തമായി വോട്ടു ബാങ്കുള്ള കക്ഷികൾക്കു രജനിയുമായി കൈക്കോർക്കാൻ ആദർശ ഭാരം തടസ്സമല്ല. ഇതിനൊപ്പം വിജയ് മൺട്രവും കൂടെ കൂടിയാൽ തമിഴകത്തെ ചലിപ്പിക്കാനാകുമെന്നാണ് രജനി അരാധകരുടെ പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയം തമിഴ് മണ്ണിൽ വേരുറച്ച് അരനൂറ്റാണ്ടിനുശേഷം ആദ്യമായിട്ടാണു വലിയ ജനകീയ അടിത്തറയുള്ള ഒരാൾ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തുവരുന്നത്. കരുണാനിധിയോ ജയലളിതയോ പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളില്ലാത്ത ഇന്നത്തെ തമിഴക രാഷ്ട്രീയത്തിൽ രജനിക്കു മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണു പൊതുവിലയിരുത്തൽ.

തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ തയ്യാറാണെന്ന് രജനീകാന്ത് പറയുന്നു. തന്റെ രാഷ്ട്രീയ പാർട്ടി ജനുവരിയിൽ പ്രഖ്യാപിക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

'നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ നിശ്ചയമായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതി വിരുദ്ധവും ജാതി മത വിശ്വാസങ്ങൾക്ക് അതീതവുമായ മതനിരപേക്ഷ ആത്മീയ രാഷ്ട്രീയം ജനങ്ങൾക്ക് നൽകും. തീർച്ചയായും അത്ഭുതങ്ങൾ സംഭവിക്കും' - അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെയാണ് തമിഴർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാൻപോലും തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP