Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

ഇങ്ങനെ പോയാൽ ഉത്തർപ്രദേശിൽ കോൺഗ്രസ് സംപൂജ്യരാകും! നേതാക്കളുടെ മറുകണ്ടം ചാടൽ തുടരുന്നു; സമാജ് വാദി പാർട്ടിയിലേക്ക് ചാടാനൊരുങ്ങി രാജ് ബബ്ബാർ; പ്രിയങ്ക ഗാന്ധി നേരിട്ടു ഇടപെട്ടിട്ടും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാകുന്നു

ഇങ്ങനെ പോയാൽ ഉത്തർപ്രദേശിൽ കോൺഗ്രസ് സംപൂജ്യരാകും! നേതാക്കളുടെ മറുകണ്ടം ചാടൽ തുടരുന്നു; സമാജ് വാദി പാർട്ടിയിലേക്ക് ചാടാനൊരുങ്ങി രാജ് ബബ്ബാർ; പ്രിയങ്ക ഗാന്ധി നേരിട്ടു ഇടപെട്ടിട്ടും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർപ്രദേശിൽ തകർന്നടിഞ്ഞ കോൺഗ്രസ് ഇക്കുറി സംപൂജ്യരാകുമോ എന്ന ആശങ്കയിൽ. സഖ്യങ്ങളില്ലാതെ മത്സരിക്കാൻ ഇറങ്ങുന്ന കോൺഗ്രസ് വൻതോൽവിയെ അഭിമുഖീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമാജ് വാദി പാർട്ടിയും ബിജെപിയും തമ്മിലാണ് ഇവിടെ പോരാട്ടം നടക്കുന്നത്. ഇതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ മറുകണ്ടം ചാടലുകളും പാർട്ടിയെ തളർത്തുന്നത്.

ഉത്തർപ്രദേശിൽ കോൺഗ്രസിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് താരപ്രചാരക പട്ടികയിൽ നിന്ന് മറ്റൊരു മുതിർന്ന നേതാവ് കൂടി മറുകണ്ടം ചാടാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുൻ സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ സമാജ് വാദി പാർട്ടിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ട്. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവുമായി രാജ് ബബ്ബാർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 30 അംഗ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പുറത്ത് പോകുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാർ. രണ്ടു ദിവസം മുമ്പ് മുതിർന്ന നേതാവ് മുൻ കേന്ദ്ര മന്ത്രിയുമായ ആർപിഎൻ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി അടുത്ത ദിവസമാണ് ആർപിഎൻ സിങ് പാർട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് രാജ് ബബ്ബാറിന്റേയും എസ്‌പിയിലേക്കുള്ള ചാട്ടം.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുപി തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. 2009 നവംബറിൽ നടന്ന ഫിറോസാബാദ് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രാജ് ബബ്ബാർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം ഗസ്സിയാബാദിൽ നിന്നും ഫത്തേപൂർ സിക്രിയിൽ നിന്നും മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു. ഇതിനിടയിൽ 2015 മാർച്ച് മുതൽ 2020 നവംബർ വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 2016 മുതൽ 2019 വരെ രാജ് ബബ്ബാർ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനായിരുന്നു എന്നതാണ് പ്രധാനം.

നേരത്തെ ഉത്തരാഖണ്ഡിൽ നിന്നും കോൺഗ്രസിന് തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കിഷോർ ഉപാധ്യായ് ബിജെപിയിൽ ചേർന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പാർട്ടിക്ക് ഉണ്ടായ തിരിച്ചടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ് ബുധനാഴ്ച കിഷോർ ഉപാധ്യായിയെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയുമായും മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ ഇയാളെ നേരത്തെ തന്നെ സ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നീക്കം ചെയ്തിരുന്നു. നടപടികൾക്ക് പിന്നാലെയാണ് കിഷോർ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. തെഹ്രി മണ്ഡലത്തിൽ ഇത്തവണ ബിജെപി ടിക്കിറ്റിൽ മത്സരിക്കും.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ മൂന്ന് സ്ഥാനാർത്ഥി പട്ടികയിലും കിഷോർ ഉപാധ്യായ് ഇടംപിടിച്ചിരുന്നില്ല. ഇതോടെ ഇയാൾ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ഫലവത്തായിരുന്നില്ല.

ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക. രാംനഗറിൽ തുടർച്ചയായി മത്സരിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സീറ്റ് കോൺഗ്രസ് ഇത്തവണ മാറ്റിയിട്ടുണ്ട്. ലാല്കുവയിൽ നിന്നാണ് റാവത്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മറ്റു പ്രധാന നേതാക്കൾക്കും മണ്ഡലം മാറേണ്ടി വന്നിട്ടുണ്ട്.

രാംനഗർ മണ്ഡലത്തിൽ ഹരീഷ് റാവത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉത്തരാഖണ്ഡ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായ രഞ്ജിത് റാവത്ത് അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് നേതാക്കൾ തമ്മിലുള്ള ചേരിപ്പോരിനെ തുടർന്ന് പാർട്ടിക്കുള്ളിലെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മണ്ഡലങ്ങളിൽ മാറ്റം വരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP